
പോൾ ചാക്കോ തോപ്പിൽ സെമിനാർ നടത്തുന്നു
റീന വർഗീസ് കണ്ണിമല
"നിങ്ങൾ എന്താണ് പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് കുഞ്ഞുങ്ങൾ ഓർത്തിരിക്കില്ല. എന്നാൽ നിങ്ങൾ ആരാണെന്ന് അവർ ഓർക്കുന്നു."
കുഞ്ഞുങ്ങളുടെ മനസറിഞ്ഞ ലോക പ്രശസ്തനായ പാവ നിർമാതാവും ആനിമേറ്ററുമായ ജെയിംസ് മൗറി ഹെൻസന്‍റെ പ്രശസ്തമായ വാക്കുകൾ. മപ്പെറ്റ്സിന്‍റെ സ്രഷ്ടാവ് എന്ന നിലയിൽ ലോകമെമ്പാടും ശ്രദ്ധേയനായ നടനും ചലച്ചിത്ര നിർമാതാവും അഭിനേതാവും കൂടിയാണ് അദ്ദേഹം.
കുട്ടികളുടെ ഉള്ളറിഞ്ഞുള്ള ടിവി സീരീസുകളും സിനിമകളും ആയിരുന്നു അദ്ദേഹം ലോകത്തിനു നൽകിയ സംഭാവന. ഇളം മനസുകളെ പരുവപ്പെടുത്തുന്നതിൽ മുതിർന്നവരുടെ സ്വാഭാവിക പ്രതികരണങ്ങളും പെരുമാറ്റവും എത്രമേൽ സ്വാധീനിക്കും എന്ന് ആഴത്തിൽ പഠിച്ച കലാകാരനായിരുന്നു അദ്ദേഹം എന്ന് മേൽ കുറിച്ച അദ്ദേഹത്തിന്‍റെ വാക്കുകൾ സാക്ഷി.
ഇന്നിന്‍റെ തലമുറയ്ക്ക് വലിയൊരു പരിധി വരെ കിട്ടാക്കനി ആയതും ഈ അപൂർവ സൗഭാഗ്യം തന്നെ. ഈ അപൂർവ സൗഭാഗ്യത്തിനുടമയാണ് പോൾ ചാക്കോ തോപ്പിൽ എന്ന കൊച്ചു മിടുക്കൻ. തോപ്പിൽ ചാക്കോ പോളിന്‍റെയും ജെസിയുടെയും പോളു.
തെലുങ്കാന കാലോജി നാരായണ റാവു യൂണിവേഴ്സിറ്റി ഒഫ് ഹെൽത്ത് സയൻസസ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ എംബിബിഎസ് ഫൈനൽ പരീക്ഷയിൽ എല്ലാ സെമസ്റ്ററിലും ഡിസ്റ്റിങ്ഷനോടെ ഒന്നാം റാങ്ക് നേടി വിജയിച്ച എരുമേലിക്കാരൻ.
തെലുങ്കാനയിലെ ഗവണ്മെന്‍റ്/സ്വകാര്യ മേഖലകളിൽ ആകെയുള്ള 33 മെഡിക്കൽ കോളെജുകളിൽ നിന്നായി 5100 ഓളം എംബിബിഎസ് വിദ്യാർഥികളിൽ നിന്നാണ് പഴയ കൊരട്ടിക്കാരൻ പോൾ ചാക്കോ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
പോൾ ചാക്കോ കുടുംബാംഗങ്ങളോടൊപ്പം
അധ്യാപനം ഒരു ആശയായി ഉള്ളിലുറക്കി ആതുരസേവനത്തിൽ ശോഭിക്കുന്ന അമ്മ, ഏവിയേഷൻ മേഖലയിൽ ജോലി ചെയ്യുന്ന വായനാ ശീലവും വാക് ചാതുര്യവുമുള്ള അപ്പ... അവരുടെ കരുതലും മാർഗനിർദേശവുമാണ് പോളിന്‍റെ വിജയത്തിന് മൂലാധാരം. കേവലം മൂന്നു വയസുള്ളപ്പോൾ ബാത് റൂമിൽ ഒട്ടിച്ചു വച്ച മനുഷ്യ ശരീരത്തിന്‍റെ ആന്തരികാവയവങ്ങളുടെ ചിത്രം ഇപ്പോഴുമുണ്ട് ആ വീട്ടിൽ. അപ്പ പുസ്തകങ്ങൾ വായിക്കുമ്പോൾ മടിയിലിരുന്ന് അത് കണ്ടാസ്വദിച്ച ശൈശവമുണ്ട് പോളുവിന്. അപ്പയെ പോലെ വാക് ചാതുര്യം, അമ്മയെ പോലെ ആരോഗ്യ മേഖലയിൽ മിന്നുന്ന തിളക്കം. അപ്പയും അമ്മയും എന്താണോ അതിലും ഒരു പടി ഉയരത്തിൽ വളർച്ച.
തുടക്കത്തിൽ കുറിച്ച ജെയിംസ് മൗറി ഹെൻസന്‍റെ വാക്കുകൾ ഈ അപ്പയും അമ്മയും അറിഞ്ഞിരുന്നോ? അറിയില്ല. പക്ഷേ, ഒന്നുണ്ട്. അവർ തങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ അതു പ്രാവർത്തികമാക്കി. അതിനു കന്നിപ്പുത്രൻ നൽകിയ സമ്മാനമാണ് ഈ എംബിബിഎസ് ഒന്നാം റാങ്ക്.
"വായിക്കാനും കേൾക്കാനും പ്രായമായ കാലം മുതൽ എനിക്ക് അമ്മയുടെ നഴ്സിങ് കുറിപ്പുകളും മറ്റും വായിച്ചപ്പോൾ മനുഷ്യ ശരീരത്തെ കുറിച്ചുള്ള കാര്യങ്ങൾ അറിയാൻ ഹരമായി.ഹ്യൂമൻ ബോഡി, ഫിസിയോളജി ഒക്കെ കൂടുതൽ അടുത്തറിയാൻ ജിജ്ഞാസയുണ്ടായിരുന്നു കുഞ്ഞിലേ മുതൽ. അപ്പ ഏവിയേഷൻ മേഖലയിലാണ് വർക്ക് ചെയ്യുന്നത്. ഏവിയേഷനുമായി ബന്ധപ്പെട്ട മാസികകളൊക്കെ അപ്പ എന്നെ മടിയിലിരുത്തിക്കൊണ്ട് വായിക്കുന്ന ശീലമുണ്ടായിരുന്നു. ഇപ്പോഴും ഏറോപ്ലെയ്ൻ എനിക്കിഷ്ടമാണ്.' പോൾ പറഞ്ഞു തുടങ്ങി.
കേവലമൊരു പുസ്തകപ്പുഴുവല്ല പോൾ ചാക്കോ. നല്ലൊരു മോട്ടിവേഷണൽ സ്പീക്കറായ പോളിന് കുട്ടിക്കാലത്തു തന്നെ സെമിനാറുകൾ നയിച്ചു ശീലമുണ്ട്. ആ പക്വതയും വാക്കുകളിൽ നിറഞ്ഞു നിന്നു.
കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ വളർച്ചയുടെ കാരണമായി പോൾ കാണുന്നത് മാതാപിതാക്കൾ മക്കൾക്കു വേണ്ടി നീക്കി വയ്ക്കുന്ന സമയം ആണ്.
"കുട്ടികളുടെ ബഡ്ഡിങ്, ഫോമിങ് സമയത്ത് പേരന്‍റ്സ് മക്കളിൽ ഇൻവെസ്റ്റ് ചെയ്യുന്ന സമയം ആണ് കുട്ടികളുടെ വളർച്ചയ്ക്ക് കാരണം. ലോജിക്കൽ തിങ്കിങ്, ആപ്റ്റിറ്റ്യൂഡ് സ്കിൽസ് ഒക്കെ വികസിക്കുന്ന കാലമാണ് പത്തു വയസുവരെയുള്ള പ്രായം. പിന്നീട് അത് തുടരുന്നു. പന്ത്രണ്ടു വയസു മുതൽ പതിനഞ്ചു വയസു വരെയുള്ള കാലത്ത് ബ്രെയിൻ വികസിക്കുന്ന സമയം. ഇക്കാലത്താണ് ലോജിക്കൽ തിങ്കിങ് ഏറ്റവും കൂടുതൽ വികസിക്കുന്നത്. എത്ര വൈകി ഡ്യൂട്ടി കഴിഞ്ഞു വന്നാലും , ഡേ ഡ്യൂട്ടിയോ നൈറ്റ് ഡ്യൂട്ടിയോ എന്തു തന്നെയായാലും ഒരു രണ്ടു മൂന്നു മണിക്കൂർ ഞങ്ങൾ മക്കളുടെ കാര്യത്തിൽ അമ്മ ചിലവഴിച്ചിരുന്നു. അമ്മ എന്നിൽ ചിലവഴിച്ച സമയം ആണ് എന്‍റെ ശക്തി. അതിന്‍റെ ഇലമെന്‍റ്സും എസൻസുമാണ് എന്‍റെ ജീവിതത്തിന്‍റെ അവസാനം വരെയുണ്ടാകുക. ഫൗണ്ടേഷൻ ചെറു പ്രായത്തിൽ തന്നെ ഉണ്ടായിരിക്കണം. കുടുംബ കലഹങ്ങളും മറ്റും കുട്ടികളെ ട്രോമറ്റൈസ് ചെയ്യും. എല്ലാ ഡ്രഗ് അഡിക്റ്റിനും ഒരു ഫാമിലി പ്രോബ്ലം ഉണ്ടാകും. ചിലപ്പോൾ പണം കൂടിപ്പോയതിന്‍റെ പേരിൽ ആരും നിയന്ത്രിക്കാനില്ലാത്തതു മൂലം ലാവിഷ് സ്റ്റൈൽ ആയി പോകുന്നവരും ഉണ്ട്.
കുട്ടികളുടെ വളർച്ചയെ ഒരു കുക്കിങ് അവൻ എന്നാ പറയുന്നത്. കേക്ക് അവനിൽ കൃത്യമായ ടെംപറേച്ചറിൽ കൃത്യമായ സമയത്ത് ബേക്ക് ചെയ്യുക എന്നല്ലേ..അതാണ് കുട്ടികളുടെ വളർച്ചയിലും നടക്കുന്നത്."
പത്താം ക്ലാസ് വരെ അബുദാബി ഇന്ത്യൻ സ്കൂളിൽ. അപ്പോഴും നാടും നാട്ടിലെ വിദ്യാഭ്യാസവുമായിരുന്നു പോളിന്‍റെ സ്വപ്നം. അതിനായി കേരളത്തിലേയ്ക്ക്. കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിൽ നിന്ന് പ്ലസ് ടു വിൽ ഉന്നത വിജയം.
ഒപ്പം ബ്രില്യൻസ് കോളെജിന്‍റെ കോച്ചിങും കൂടിയായപ്പോൾ 2020ലെ നീറ്റ് പരീക്ഷയിൽ ആദ്യ തവണ തന്നെ ഉയർന്ന സ്കോർ നേടി ഓൾ ഇന്ത്യാ ക്വോട്ടായിലൂടെ ഹൈദരബാദിനടുത്തുള്ള ഗവണ്മെന്‍റ് മെഡിക്കൽ കോളെജിൽ പ്രവേശനം.
കേരളത്തിലെ കുട്ടികൾ ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേയ്ക്ക് ഒഴുകുമ്പോഴാണ് ഈ മിടുക്കൻ സ്വന്തം നാട്ടിൽ വിജയകവിത കുറിച്ചത്.
അബുദാബിയിൽ നിന്നും പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സ്വന്തം നാട്ടിലെ സെന്‍റ് ആന്‍റണീസ് പബ്ലിക് സ്കൂളിൽ മകന് പഠിക്കാൻ സാധിച്ചതു കൊണ്ടാണ് നീറ്റ് യുജി പരീക്ഷയെന്ന കടമ്പ വിജയകരമായി കടന്ന് ഒരു ഗവണ്മെന്‍റ് മെഡിക്കൽ കോളെജിൽ എംബിബിഎസ് പ്രവേശനം നേടാനായത് എന്ന് പറയുന്നു പോളിന്‍റെ പ്രിയപ്പെട്ട അപ്പ ചാക്കോ പോൾ. സെന്‍റ് ആന്‍റണീസിലെ പഠനവും ഒപ്പം ബ്രില്യൻസിന്‍റെ കോച്ചിങും തന്‍റെ പുത്രനെ ഒരു പാടു സഹായിച്ചു എന്നദ്ദേഹം അനുസ്മരിക്കുന്നു.
കേരളത്തിൽ വിദ്യാർഥി രാഷ്ട്രീയവും കത്തിക്കുത്തും കുട്ടികളുടെ ഭാവി തുലയ്ക്കുമ്പോൾ പൊതുവേ കേരളത്തിനു പുറത്ത് പഠിക്കാനായി വരുന്ന കുട്ടികളും പഠിപ്പിക്കാനായി വരുന്ന അധ്യാപകരുമാണുള്ളതെന്ന് ഈ പിതാവ് നിരീക്ഷിക്കുന്നു.
"കോളെജിന്‍റെ ടീച്ചിങ് ക്യാംപസ് വളരെ ശാന്തമായ അതി വിശാലമായ ഒരു പ്രദേശമാണ്. ഇവിടെ കുട്ടികൾക്ക് ഉഴപ്പാൻ സൗകര്യമില്ല. വിദ്യാർഥി യൂണിയനുകളില്ല. കേരളത്തിനു പുറത്തൊന്നും തന്നെ സ്റ്റുഡന്‍റ് പൊളിറ്റിക്കൽ ബോഡികളില്ല. ഇതൊന്നും അനുവദിക്കുകയുമില്ല. അതു കൊണ്ടു തന്നെ കത്തിക്കുത്ത്, കല്ലേറ്, ഇരുട്ടടി ഇവയൊന്നും ഇവിടെയില്ല. പഠിക്കുക...അതല്ലാതെ വേറൊന്നും വേണ്ട എന്നതാണ് നയം". ചാക്കോ പോൾ പറഞ്ഞു.നിലവിലെ വിദ്യാഭ്യാസത്തിൽ അധ്യാപനത്തിൽ വന്ന അപചയത്തെ കുറിച്ചും നാട്ടിൽ മകനു കിട്ടിയ നല്ല വിദ്യാഭ്യാസത്തെ കുറിച്ചും അദ്ദേഹം വാചാലനായി. "അബുദാബിയിൽ പഠിക്കവേ പോൾ ചാക്കോയ്ക്ക് അസ്വസ്ഥതകൾ നൽകിയ ഒരു അധ്യാപിക മൂലം കുട്ടിയുടെ പഠനവും അവന്‍റെ ടീനേജും സംഘർഷ ഭരിതമായിരുന്നത് ആ പിതാവ് മെട്രോ വാർത്തയോടു പങ്കു വച്ചു. കുട്ടികൾക്ക് നല്ല അധ്യാപകരെ കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം. നിർഭാഗ്യവശാൽ ഇന്ന് കേവലം അധ്യാപകത്തൊഴിലാളികൾ ആണ് ഭൂരിഭാഗവും. ലക്ഷങ്ങൾ കോഴ കൊടുത്ത് ജോലിയിൽ കയറുന്ന അധ്യാപകരിൽ പലരും അധ്യാപനം ഒരു കലയായി ഇല്ലാത്തവരാണ്."
"കഴിയുന്നത്ര കുട്ടികൾക്ക് നമ്മുടെ സാമീപ്യവും സ്നേഹവും നൽകുക. അത് കുട്ടികളെ ടെൻഷനില്ലാതെ വളരാൻ സഹായിക്കും. ടെൻഷനുകളില്ലാത്ത സാഹചര്യം കുട്ടികൾക്കു പ്രദാനം ചെയ്യുക എന്നതാണ് മക്കളോട് മാതാപിതാക്കൾക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം.കേരളത്തിലെ കുട്ടി രാഷ്ട്രീയം മറ്റെവിടെയുമില്ല. അതെടുത്തു കളഞ്ഞാൽ തന്നെ കേരളം നന്നാവും."ചാക്കോ പോൾ പറഞ്ഞു.
മത്സരിച്ചു പഠിക്കുന്നതിന് നല്ല സഹപാഠികളുടെ സാന്നിധ്യം ഏറ്റവും വലുതാണെന്നു കൂടി പല കുറി പോളും ഓർമിപ്പിക്കുന്നു. കൂട്ടുകാർ പഠനത്തിൽ ഉത്സുകരാകുന്നതു കാണുമ്പോൾ മടി മാറി ഉത്സാഹത്തോടെ പഠിക്കാനാകുന്നതാണ് വിജയത്തിന്‍റെ മറ്റൊരു രഹസ്യമെന്നും പോൾ പറയുന്നു..
ബ്രില്യന്‍റിലും സെന്‍റ് ആന്‍റണീസിലും മെഡിക്കൽ കോളെജിലും എല്ലാം നല്ല പിയർ ഗ്രൂപ്പിനെ കിട്ടിയത് വലിയ അനുഗ്രഹമായി ഈ മിടുക്കൻ കാണുന്നു.
ഒന്നാം റാങ്കിലേയ്ക്ക് എത്തിയതിനെ കുറിച്ചു ചോദിച്ചപ്പോൾ പോൾ പറഞ്ഞു:
"ആദ്യം തന്നെ പറയട്ടെ, എല്ലാം ദൈവാനുഗ്രഹം. ഞാനൊരു നൈറ്റ് ബേർഡാണ്. രാത്രി എട്ടു മുതൽ ഏകദേശം ഒരുമണി വരെയാണ് പഠിക്കാറ്. ചിലരൊക്കെ പറയും പോലെ അതിരാവിലെ ഉണരും, എക്സർസൈസ് ചെയ്യും അങ്ങനൊന്നുമില്ല. രാത്രിയിൽ പഠിച്ചാണ് ശീലം. പിന്നെ എത്ര മണിക്കൂർ പഠിച്ചു എന്നല്ല, എത്രത്തോളം ഏകാഗ്രതയോടെ പഠിച്ചു എന്നതാണ് കാര്യം. തികഞ്ഞ ഏകാഗ്രതയോടെ ഒരു മണിക്കൂർ പഠിക്കുന്നതാണ് പല ചിന്തകളോടെ കുറേ നേരം പഠിക്കുന്നതിനെക്കാൾ നല്ലത്. ആദ്യ രണ്ടു വർഷങ്ങളിൽ ഹ്യൂമൻ ബോഡിയുടെ ബേസിക് സയൻസ് ആണ് പഠിക്കുന്നത്. അത് നന്നായി പഠിച്ചെടുത്തു. അതു കൊണ്ട് മൂന്നും നാലും വർഷങ്ങൾ ഈസിയായിരുന്നു. '
നാട്ടിൽ പഠിക്കാനുള്ള ആശയോടെയാണ് പോൾ നീറ്റ് ഒക്കെ നല്ല നിലയിൽ എഴുതിയെടുത്തത്. എന്നാൽ ഹൈദരാബാദിൽ പഠിച്ച ആദ്യ വർഷം നാട്ടിൽ പഠിക്കാൻ കഴിയാത്ത വിഷമം പഠിച്ചു തീർക്കുകയായിരുന്നു ഈ പ്രതിഭ.
മക്കളുടെ കാര്യത്തിൽ തികച്ചും യാഥാസ്ഥിതികയാണ് കോരുത്തോടു സ്വദേശിനി കൂടിയായ അമ്മ ജെസി തോമസ്. ജെസി മെട്രോ വാർത്തയോട് പറഞ്ഞതിങ്ങനെ:
"മക്കൾ എന്നെക്കാൾ ഉയർന്ന നിലയിലാകണം എന്നു കരുതി ചെറുപ്പത്തിലേ തന്നെ മോൾഡ് ചെയ്തു. മൂന്നു നാലു വയസിലേ മനുഷ്യന്‍റെ ആന്തരികാവയവങ്ങളുടെ ചിത്രമൊക്കെ വീട്ടിൽ ഒട്ടിച്ചു വയ്ക്കുമായിരുന്നു. ആറാം ക്ലാസ് വരെ ഞാൻ കുട്ടികളെ പഠിപ്പിച്ചു. അധ്യാപികയാകാൻ ആശിച്ചു. അന്നത് പറ്റിയില്ല. പക്ഷേ, എന്‍റെ കുട്ടികളെ പഠിപ്പിക്കാനും ഇപ്പോൾ നഴ്സിങ് മേഖലയിൽ അധ്യാപികയാകാനും എനിക്കു സാധിച്ചു.
ഇപ്പോഴത്തെ പൊതു മനോഭാവമുണ്ടല്ലോ, കുട്ടികളെ തല്ലരുത്. അവര് അവരുടെ ഇഷ്ടം പോലെ പൊക്കോട്ടെ എന്നൊക്കെ. അതൊന്നും ഞാനനുവദിക്കില്ല. ചെറുപ്പത്തിൽ നാട്ടിൽ നിന്ന് വടി കൊണ്ടു വന്ന് അടി കൊടുത്തിട്ടുണ്ട്. അപ്പ മക്കളെ വഴക്കു പറയില്ല.'
പ്രാർഥനയിലും ദൈവവിശ്വാസത്തിലും ജീവിതം ഒരു വസന്തമാക്കുകയാണ് ഇപ്പോൾ പോളിന്‍റെ കുടുംബം. ജീവിതം സുരഭിലമാക്കുന്ന മക്കളെയോർത്ത് ദൈവത്തിനു നന്ദി പറയുകയാണവർ.