
കേരളപ്പിറവി ഇപ്രാവശ്യം വിവാദം കൊണ്ട് നിറയുകയാണ്. കോടികൾ ചെലവിട്ട് നടത്തുന്ന "കേരളീയം' പരിപാടിയാണ് അതിന്റെ കാതൽ.
"കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര' എന്നാണല്ലോ കവിവചനം. നമ്മുടെ അഭിമാനബോധത്തെ ഉത്തേജിപ്പിക്കാനുതകുന്ന ഉൾപ്രേരണ. അതാണ് നമ്മൾ പിൻപറ്റിയിരുന്നതും. ആ ബോധമാണ് കേരളപ്പിറവിയുടെ വൈവിധ്യമാർന്ന ആഘോഷ പരിപാടികളിൽ ആവേശപൂർവം പങ്കെടുക്കുന്നതിന് നമ്മെ പ്രേരിപ്പിച്ചിട്ടുള്ളതും. അങ്ങനെ സൃഷ്ടിക്കപ്പെട്ട അഭിമാന മുഹൂർത്തങ്ങളുടെ ആകെത്തുകയാണ് യഥാർഥത്തിൽ കേരളീയം.
പിറവിക്കു ശേഷം നാം മുന്നോട്ടുവച്ച ചുവടുകൾ, വികസന ക്ഷേമ പ്രവർത്തനങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹ്യ പരിഷ്കരണ രംഗത്തെ വിപ്ലവകരമായ കുതിപ്പ്, ആരോഗ്യമുള്ള സമൂഹമായി രൂപപ്പെടാൻ ആവിഷ്കരിച്ച് അടിത്തറയിട്ട പദ്ധതികൾ, ഇവ ചരിത്രത്താളുകളിൽ കോറിയിട്ട മായിക്കാനാവാത്ത മുദ്രകൾ... ഇതെല്ലാം കൂടി സമജ്ജസമായി സമ്മേളിക്കുമ്പോൾ കേരളീയമായി. അത് ഇന്നലെകൾ സമ്മാനിച്ച അഭിമാന അടിത്തറയും മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദകശക്തിയുമാണ്.
എന്നാൽ വിവാദം ആ കേരളീയത്തെ ചുറ്റിപ്പറ്റിയല്ല. കേരളീയമെന്ന പേരിൽ നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന മാമാങ്കത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കൊടും ധൂർത്തിന്റെ പര്യായമായി മാറുന്ന ഇത്തരമൊരു പദ്ധതി വിവാദത്തിൽ അകപ്പെട്ടില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
കേരളീയത്തിന്റെ തിരശീല ഉയർത്തിയ ദിവസം തന്നെയാണ് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്വന്തം കർമഫലവും സ്വയം കൃതാനർഥവുമല്ലാതെ മറ്റെന്താണ്? ഇങ്ങനെ ബുദ്ധിമുട്ടുന്ന ഒരു സർക്കാർ കോടികൾ ചെലവിട്ട് ഇങ്ങനെ ഒരു ദുർവ്യയത്തിന് ശ്രമിക്കുന്നതിന്റെ സാംഗത്യമാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചെലവുകൾക്ക് അനുവദിച്ചതു തന്നെ 27 കോടി രൂപ. അത് നൽകാൻ തക്കവിധം ഖജനാവ് സുഭിക്ഷമായിരുന്നതു കൊണ്ട് കിഫ്ബിയിൽ നിന്ന് കടമെടുത്താണ് നൽകിയത്! ആഘോഷത്തിന് പറ്റിയ അവസ്ഥ എന്ന സ്വയം വിളംബരം!
കേരളത്തിന്റെ വികസന നേട്ടങ്ങളും ക്ഷേമപ്രവർത്തനങ്ങളും ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യമാണ് കേരളീയത്തിനുള്ളതെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളും നിർത്തിവച്ചിട്ടാണ് പരിപാടിയുടെ സംഘാടനം എന്ന വസ്തുത പകൽപോലെ നിലനിൽക്കുന്നു. അപ്പോൾ അവകാശവാദത്തിലെ വൈരുധ്യവും പാപ്പരത്വവും ആർക്കാണ് ബോധ്യപ്പെടാത്തത്.
വികസനക്ഷേമ പ്രവർത്തന രംഗത്ത് കേരളം മുമ്പ് കൈവരിച്ച നേട്ടങ്ങൾ ഇല്ലാതാക്കുകയും പിറകോട്ട് വലിക്കുകയും ചെയ്തതാണ് ഈ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ആകെത്തുക എന്ന് വർത്തമാനകാല സംഭവങ്ങൾ അക്കമിട്ടു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും കോടികളുടെ കടബാധ്യത. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40,000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത്. ആറ് ഡിഎയും ശമ്പള പരിഷ്ക്കരണ കുടിശികയും നല്‍കാനുണ്ട്. പെന്ഷന് പരിഷ്ക്കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. മാസങ്ങളായി സാമൂഹിക സുരക്ഷാ പെന്ഷന് മുടങ്ങി. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം നല്കാനില്ല. ഉച്ചക്കഞ്ഞി മൂലം ഉണ്ടാകുന്ന കടബാധ്യത ഭയന്ന് 500ഓളം അധ്യാപകരാണ് സ്ഥാനക്കയറ്റം വേണ്ടെന്ന് എഴുതിനല്‍കിയത്. കെഎസ്ആര്‍ടിസിയില്‍ ശമ്പളമോ മൂന്ന് മാസമായി പെന്‍ഷനോ നല്‍കിയിട്ടില്ല. 5 മാസമായിട്ടും നെല്ല് സംഭരണത്തിന്റെ പണം വിതരണം ചെയ്തില്ല. കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത പണം ഇതുവരെ നല്‍കിയിട്ടില്ല. 3,000 കോടിയിലധികം രൂപയുടെ ബാധ്യതയിലെത്തി നില്‍ക്കുകയാണ് സപ്ലൈകോ.
അഴിമതിയുടെ കേന്ദ്രമായി കെഎസ്ഇബി മാറി. 1957 മുതല്‍ 2016 വരെ കെഎസ്ഇബിയുടെ കടം 1,083 കോടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ 7 വര്‍ഷം കൊണ്ട് 40,000 കോടിയുടെ ബാധ്യതയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയതോടെ 1,500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളര്‍ പദ്ധതിയിലും 50,000 കോടിയോളം രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടായി. ഇതൊന്നും പോരാഞ്ഞ് കേരളീയത്തിന്റെ രണ്ടാം നാൾ യൂണിറ്റിന് 20 പൈസ വർധിപ്പിച്ച് വൈദ്യുത ചാര്‍ജ് വീണ്ടും കൂട്ടി. 531 കോടി രൂപയുടെ വർധനവാണ് ഇതുവഴി അടിച്ചേൽപ്പിച്ചിരിക്കുന്നത്. എന്നിട്ട് ഇത് ഇരുട്ടടിയല്ലെന്നും സാധാരണക്കാരനെ ബാധിക്കില്ലെന്നുമുള്ള വിശദീകരണവും! ഇത് എത്രാമത്തെ വർധനവാണെന്ന് ബോർഡിനു പോലും നിശ്ചയമില്ല. കുറ്റം പറയരുതല്ലോ, ഇതു മാത്രമല്ല ഭൂനികുതിയും വെള്ളക്കരവും കെട്ടിട നിർമാണ ഫീസും എന്ന് വേണ്ട എല്ലാം നേരത്തേ തന്നെ കൂട്ടിയിട്ടുണ്ട്.
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് പൂര്‍ണമായും തകര്‍ന്നു. ഒഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ട രണ്ടാം ഗഡു 3 മാസം കഴിഞ്ഞിട്ടും നല്‍കിയില്ല. ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയില്‍ 7 മാസം കൊണ്ട് നല്‍കിയത് 17 കോടി മാത്രം. കേരളീയത്തിന് വേണ്ടി 27 കോടി നല്കാന് ശേഷിയുള്ള സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വീട് നിർമിക്കാനുള്ള ലൈഫ് പദ്ധതിക്ക് വേണ്ടി 2.5 ശതമാനം പണം മാത്രമാണ് നല്‍കിയത്. ഗുണഭോക്തൃ പട്ടികയില്‍ 9 ലക്ഷം പേര് വീടിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് ഈ ബെഡാ ധൂര്‍ത്ത്!
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും പണം നല്‍കുന്നില്ല. കാരുണ്യ പദ്ധതിയില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് കോടികളാണ് നല്‍കാനുള്ളത്. ഒരു ആശുപത്രിയും ഇപ്പോള്‍ കാരുണ്യ കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല.
കരുവന്നൂര്‍, കണ്ടല അടക്കം നിരവധി സഹകരണ ബാങ്കുകൾ തകര്‍ത്തു. നിക്ഷേപകരെ സംരക്ഷിച്ച് കൊള്ളക്കാരെ തുറങ്കിലടയ്ക്കേണ്ട സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടിലാണ്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്കീമില്‍ നിന്നും പണം അനുവദിച്ച് നിക്ഷേപകരെ സംരക്ഷിക്കാന്‍ തയാറാകുന്നില്ല.
5 ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല. അതിന് താഴെയുള്ള ചെക്കുകള്‍ക്കും പണം നല്‍കുന്നില്ല. പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ 28 കോടി നല്‍കണമെന്ന് പൊലീസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നതായാണ് ഒടുവിൽ വെളിപ്പെട്ടിരിക്കുന്നത്. കുടിശിക കാരണം ഇന്ധനം കിട്ടാതെ പല സ്റ്റേഷനുകളിലും പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല.
ഇതിനെല്ലാം പുറമെയാണ് അഴിമതി അലങ്കാരമായി ഈ സര്‍ക്കാര്‍ കൊണ്ടുനടക്കുന്നത്. അഴിമതി ആരോപണങ്ങൾക്ക് അടിവരയിടുന്ന കാര്യങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷനെപ്പറ്റിയുള്ളത്. മഹാമാരിയുടെ കാലത്ത് ആയിരക്കണക്കിന് കോടി രൂപയുടെ പര്‍ച്ചേസ് നടത്തി പിപിഇ കിറ്റ്, മാസ്ക്, ഗ്ലൗസ്, തെര്‍മോമീറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയവ 100 മുതല്‍ 300 ശതമാനം വരെ ഇരട്ടി മാര്‍ക്കറ്റ് വിലയ്ക്ക് വാങ്ങി എന്ന ആരോപണങ്ങള്‍ക്കു പുറമേയാണിത്.
ഇപ്പോള്‍ വന്നിരിക്കുന്ന സിആന്‍ഡ് എജിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1,610 ബാച്ച് മരുന്നുകള്‍ കാലാവധി സംബന്ധിച്ച നിബന്ധനകള്‍ പാലിക്കാത്തതാണ് എന്നാണ്. 75 ശതമാനം കാലാവധി വേണമെന്നാണ് നിബന്ധന. 4 വര്‍ഷത്തേയ്ക്ക് കാലാവധിയുള്ള ഒരു മരുന്ന് കോര്‍പ്പറേഷന്റെ കൈയില്‍ കിട്ടുമ്പോള്‍ കുറഞ്ഞത് 3 വര്‍ഷത്തേക്കെങ്കിലും പിന്നീട് കാലാവധി വേണം. അപ്പോഴേ കാലാവധി തീരും മുമ്പ് ആളുകള്‍ക്ക് വിതരണം നടത്താന്‍ കഴിയൂ. അങ്ങനെയല്ല ചെയ്യുന്നതെങ്കില്‍ തിരിച്ചുകൊടുത്ത് പിഴ ഈടാക്കി പണം തിരികെ പിടിക്കണം. അങ്ങനെ ചെയ്തിട്ടേയില്ല. മാത്രവുമല്ല 26 ആശുപത്രികളില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തിരിക്കുകയാണ്. നിലവാരമില്ലാത്തതിനാല്‍ വിതരണം മരവിപ്പിച്ച മരുന്നുകള്‍ 483 ആശുപത്രികളില്‍ വിതരണം ചെയ്തു. 148 ആശുപത്രികളിലേക്ക് വിതരണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട മരുന്നുകള്‍ നല്കി. കാലാവധി കഴിഞ്ഞ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളിലൂടെ സാധാരണക്കാര്‍ക്ക് നല്‍കിയത് മെഡിക്കല്‍ സർവീസസ് കോര്‍പ്പറേഷനാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കാലവധി പൂര്‍ത്തിയായ മരുന്നുകള്‍ വില്ക്കാന് പറ്റില്ല. നിയമമനുസരിച്ച് നശിപ്പിച്ചു കളയണം. എന്നാൽ ആ മരുന്നുകള്‍ യഥാർഥ മാര്‍ക്കറ്റ് വിലയുടെ 10 മുതല്‍ 20 ശതമാനം മാത്രം നൽകി വാങ്ങി വില്‍ക്കുകയാണ്. ബാക്കി 80 ശതമാനം കോഴയായി കൊള്ളയടിക്കപ്പെടുന്നു .
കാലാവധി കഴിഞ്ഞാല്‍ മരുന്നുകളുടെ കോംബിനേഷന്‍ മാറും. അത് ജീവഹാനിക്കു പോലും ഇടയാക്കും. അല്ലെങ്കില്‍ പ്രധാന അവയവങ്ങളെ ബാധിക്കാം. സാധാരണക്കാരായ രോഗികള്‍ക്ക് ജീവഹാനി വരുത്തിപ്പോലും അഴിമതി നടത്തി പണം പിടുങ്ങുന്ന രീതിയാണ് മെഡിക്കല്‍ സർവീസസ് കോര്പ്പറേഷന് നടത്തിയിരിക്കുന്നത്.
54,049 ബാച്ച് മരുന്നുകളില്‍ ആകെ പരിശേധിച്ചത് 8,700 ബാച്ച് മാത്രം. അതില്‍ 44 ഇനം മരുന്നുകള്‍ക്ക് ഒരു ഗുണനിലവാര പരിശോധനയും ഇതുവരെ നടത്തിയിട്ടില്ല. 14 വിതരണക്കാരുടെ മരുന്നു പരിശോധിച്ചതേയില്ല. പരിശോധിക്കാതെ ഏതു ചാത്തന് മരുന്നും കൊടുക്കുന്ന സ്ഥിതിയാണ്. പല പര്‍ച്ചേസുകള്‍ക്കും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമൊക്കെ അപ്രൂവല്‍ കൊടുത്തിട്ടുള്ളതാണ്.
സിവില്‍ സപ്ലൈസില്‍ സാധനങ്ങളില്ല. 2 മാസമായി സപ്ലൈക്കോയുടെ ഇ- ടെന്‍ഡറില്‍ ഒരു കമ്പനിയും പങ്കെടുത്തിട്ടില്ല. അവര്‍ക്ക് പണം കൊടുക്കാനുണ്ട്. മെയ്, ജുണ്, ജൂലൈ മാസങ്ങളില്‍ കൊടുക്കാനുള്ളത് 621 കോടി രൂപ. ഓഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ കൂടിയാകുമ്പോള്‍ ഏകദേശം 1,500 കോടി രൂപ കൊടുക്കാനുണ്ട്. ഇതുമൂലം അരി, പലവ്യജ്ഞനങ്ങള് ഒന്നും സപ്ലൈക്കോ ഔട്ട്ലെറ്റുകളില് ഇല്ല. 13 പ്രധാന ആവശ്യ സാധനങ്ങള്‍ക്കാണ് സബ്സിഡിയുള്ളത്. 13 സാധനങ്ങളുടെ ടെന്‍ഡറാണ് 2 മാസമായി നടക്കാത്തത്. ഇതുമൂലം സാധാരണക്കാര്‍ തീ വിലയ്ക്ക് സാധനങ്ങൾ വാങ്ങേണ്ട ദുർഗതിയിൽ എത്തപ്പെട്ടിരിക്കുന്നു. ഏകദേശം 3,000 കോടി രൂപയുടെ ബാധ്യതയിലാണ് സപ്ലൈകോ. കെഎസ്ആര്‍ടിസി പോലെ സപ്ലൈക്കോയും ഏറ്റവും അപകടകരമായ ഒരു സ്ഥിതിയിലേക്ക് കൂപ്പുകുത്തുകയാണ്. മാർക്കറ്റിൽ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുമ്പോൾ ഇടപെടേണ്ട കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഭിമാനകരമായ ഒരു പൊതുമേഖലാ സ്ഥാപനം കൂടി ഊർധശ്വാസം വലിക്കുന്നു.
ഭയാനകമായ ധന പ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം ആഘോഷിക്കുന്നത്. ഇതാണോ സർക്കാരിന്റെ മുൻഗണന?
പച്ചയായ ഈ യാഥാർഥ്യങ്ങൾ മുഖത്തേക്ക് വിരൽ ചൂണ്ടുമ്പോൾ താരസാന്നിധ്യം കൊണ്ട് കണ്ണഞ്ചിപ്പിച്ച് അതിനെ മറികടക്കാമെന്നാണ് സർക്കാർ കരുതുന്നത്. എന്നാൽ സാമ്പത്തിക വിലക്കും കുടിശിക കുന്നുകൂടിയതും കാരണം മരുന്നു പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടിലായ പാവങ്ങളുടെ കണ്ണിൽനിന്ന് പൊടിയുന്ന ചുടു കണ്ണീരിന്റെ തീക്ഷ്ണത ആ മായാവലയത്തിൽ ലഘൂകരിക്കപ്പെടില്ല.
"കർഷകൻ കാലു ചേറിൽ വയ്ക്കുന്നതു കൊണ്ടാണ് നമ്മൾ കൈ ചോറിൽ വയ്ക്കുന്നത് '. മഹാനടൻ മമ്മൂട്ടിയുടെ അടുത്തകാലത്ത് വൈറലായ പഞ്ച് ഡയലോഗ് ആണിത്. ജനസമാന്യത്തിന്റെ പൊതുവികാരം പ്രകടിപ്പിച്ചതിന്റെ പ്രതിഫലനം. അതുകൊണ്ടു തന്നെ അത് അഭിനന്ദനം അർഹിക്കുന്നു.
ആ കർഷകൻ പണ്ടമടക്കം പണയപ്പെടുത്തിയും കഠിനാധ്വാനം ചെയ്തും വിളയിച്ച നെല്ലിന്റെ വില ഇപ്പോഴും കിട്ടിയിട്ടില്ലെന്ന വസ്തുത നിലനിൽക്കുമ്പോൾ അതു കൊടുത്തിട്ടു പോരേ ഈ കേരളീയം എന്ന് ഉദ്ഘാടനവേദിയിൽ ഒരു ആത്മഗതമെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുകയാണ്.
ഇതിനേക്കാളൊക്കെ രസം കേരളീയത്തിന്റെ പരസ്യ ബോർഡിലെ പരസ്യവാചകമാണ്. "നിങ്ങള്‍ക്കൊപ്പം ഞാനും' എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിയില്‍ എഴുതിവച്ചിരിക്കുന്നത്. "എല്ലാം ശരിയാകും' എന്നതിനു ശേഷമുള്ള സൂത്രവാക്യം. 40ലധികം സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലും 1,000 പൊലീസുകാരുടെ സുരക്ഷയിലും സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാകുന്നത്!
സാമ്പത്തിക പ്രതിസന്ധി കാരണം മുണ്ട് മുറുക്കി ഉടുക്കണമെന്ന ധനമന്ത്രിയുടെ ആവർത്തിച്ചുള്ള ആഹ്വാനമനുസരിച്ച് മുറുക്കിയുടുത്ത് വയറിൽ പാട് വീണ സാധാരണക്കാരന് മുന്നിൽ ഈ ധൂർത്തും ദുർവ്യയവും എന്തു സന്ദേശമാണ് നൽകുക. ആഘോഷത്തിനും ഒരു അവസരവും അന്തരീക്ഷവുമൊക്കെയുണ്ട്. അല്ലാതെ ഏതു സന്ദർഭത്തിലും എവിടെയും നടത്താവുന്നതല്ല ആഘോഷങ്ങൾ. അതിനു വേണ്ടത് ഔചിത്യമാണ്. അതില്ലാതെ ചെയ്യുന്നതെന്തും സമ്മാനിക്കുക അഭിമാനമല്ല, അപമാനമാണ്. അതുകൊണ്ടാണ് കേരളീയവും ആ ഗണത്തിൽ സ്ഥാനം ഉറപ്പിക്കുന്നത്.