വെളിച്ചമാകേണ്ടവർ ഇരുട്ടു നിറയ്ക്കരുത്

പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകർന്നു നൽകേണ്ട അധ്യാപകർ എതിർ സാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്
 We have seen teachers, who are supposed to instill a sense of value in the new generation, become the opposite witness.

പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകർന്നു നൽകേണ്ട അധ്യാപകർ എതിർ സാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്

Updated on

അഡ്വ. ചാർളി പോൾ

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തിലെ വാചകം ഇങ്ങനെയാണ്: ""ഒരു ഡോക്റ്റർക്ക് വീഴ്ച വന്നാൽ ഒരു രോഗി മരിച്ചേക്കാം, ഒരു എൻജിനീയർക്ക് വീഴ്ച വന്നാൽ ഒരു പാലമോ കെട്ടിടമോ തകർന്നു കുറച്ചുപേർ മരിച്ചേക്കാം, എന്നാൽ ഒരു അധ്യാപകന് വീഴ്ച വന്നാൽ ഒരു തലമുറയാണ് നശിക്കുക''.

കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്‍റർ) മൂന്ന് അധ്യാപകികമാരെ ലഹരി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ കേരളം അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു. പുതിയ തലമുറയ്ക്ക് മൂല്യാവബോധം പകർന്നു നൽകേണ്ട അധ്യാപകർ എതിർ സാക്ഷ്യമായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ആർക്കും പൊറുക്കാനാവാത്ത വീഴ്ചയാണ് ആ അധ്യാപകർക്ക് സംഭവിച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ കേരളയിൽ (എസ്എസ്കെ) സ്പെഷലിസ്റ്റ് എജ്യുക്കേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലാണ് ആ അധ്യാപകർ ജോലി ചെയ്തിരുന്നത്. അവരെ മൂന്നു പേരെയും സർവീസിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിട്ടിരിക്കുന്നു.

അധ്യാപക പരിശീലനം, പ്രൈമറി സ്കൂളുകൾക്ക് അക്കാദമിക പിന്തുണ എന്നിവ നൽകുന്ന അധ്യാപകരായ കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനി കെ. കാവ്യ, മരുതോങ്കര സ്വദേശിനി കാഞ്ഞിര കുന്നുമ്മൽ കീർത്തന, ആവള കുട്ടോത്ത് വലിയപറമ്പിൽ നീഷ്മ എന്നവരെയാണ് ലഹരി കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത് . ഇവരെ കൂടാതെ പ്രദേശത്തെ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ജിജിൻ കുര്യാക്കോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനിയും പ്രതികൾ ഉണ്ടാകാം. കണ്ണികൾ ഏറെയുണ്ടാകാം. അറസ്റ്റ് തുടരുകയാണ്.

മാരക രാസലഹരിയായ എംഡിഎംഎയുടെ ലക്ഷങ്ങൾ വരുന്ന ഇടപാടുപണം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ വിനിമയം ചെയ്യപ്പെട്ടതായിട്ടാണ് പൊലീസ് കണ്ടെത്തിയത്. എംഡിഎംഎയുടെ കേരളത്തിലെയും വിദേശത്തെയും മൊത്തക്കച്ചവടക്കാരുമായി ഇവർക്ക് ബന്ധം ഉണ്ടെന്നാണ് അനുമാനം. കോഴിക്കോട് വടകരയിൽ രണ്ട് ഗ്രാം എംഡിഎംഎ യുമായി പിടിയിലായ സഫ്‌വാൻ എന്ന യുവാവിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് ഇവരിലേക്കെത്തിയത്. അറു മാസമായി ലഹരി മാഫിയയ്ക്ക് വേണ്ടി ഇവർ പണം സ്വീകരിക്കുന്നതായി പൊലീസ് പറയുന്നു. ഇവർ ആദ്യം മംഗളൂരു സ്വദേശിയായ സുഹൃത്ത് നല്കിയ എംഡിഎംഎ ഉപയോഗിക്കുകയും പിന്നീട് വിൽപനക്കാരായി മാറുകയുമാണ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി ഇടപാടുകാരെ കണ്ടെത്തുകയായിക്കുന്നു. നിരവധി യുവാക്കളും വിദ്യാർഥികളും ലഹരി ഇടപാടിൽ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് കരുതുന്നു. അധ്യാപക സമൂഹത്തിനാകെ വലിയ മാനക്കേടാണ് ഇവർ സൃഷ്‌ടിച്ചിരിക്കുന്നത്.

എംഡിഎംഎയുടെ ആവശ്യക്കാർ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നു. പണം ലഭിച്ചാൽ ഫോണിൽ ലൊക്കേഷൻ അയച്ചു കൊടുക്കും. ഇവിടെ മറ്റൊരാൾ ലഹരി കൈമാറും. ഇങ്ങനെ കീർത്തനയുടെ അക്കൗണ്ടിൽ എത്തിയ പണം പിന്നീട് മറ്റുള്ളവരുടെ അക്കൗണ്ടിലേക്ക് പോയതായി അന്വേഷണത്തിൽ കണ്ടെത്തി. ലഹരി മാഫിയയുടെയും ആവശ്യക്കാരുടെയും ഇടയിലെ കണ്ണിയായി ഇവർ പ്രവർത്തിച്ചതായിട്ടാണ് വ്യക്തമാകുന്നത്. ഇവർ മൂവരും സമൂഹത്തിൽ ബഹുമാന്യ പദവിയുള്ള അധ്യാപകരാണെന്ന വസ്തുത ആരിലും അന്ധാളിപ്പുണ്ടാക്കും.

ലഹരിക്കെതിരേ നാട്ടിലെ സ്കൂളുകളിൽ ബോധവത്കരണ ക്ലാസുകൾക്കും സൂംബാ ഡാൻസിനും നേതൃത്വം നൽകുന്ന കായിക അധ്യാപികയാണ് കീർത്തന. യോഗാ ക്ലാസും ഇവർ നടത്തിയിരുന്നു എന്നതാണു വിചിത്രം. മൂന്നാമതായി അറസ്റ്റ് ചെയ്യപ്പെട്ട നീഷ്‌മ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളയാളാണ്. സമൂഹത്തിന്‍റെ വിവിധ തലങ്ങളിൽ വിദ്യാഭ്യാസവും വിലയും നിലയും ഉള്ള അധ്യാപകർ, ഡോക്റ്റർമാർ എന്നിവരെയൊക്കെയാണ് ലഹരി മാഫിയ വളരെ ആസൂത്രിതമായി അവരുടെ കണ്ണികളായി മാറ്റുന്നത്. സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ ലഹരി മാഫിയ അവരുടെ വേരുകൾ ആഴ്ത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്. "ഓപ്പറേഷൻ തൂഫാൻ' അതിശക്തമായി ലഹരിയുടെ തായ്‌വേര് അറുത്തു മാറ്റാനുള്ള പോരാട്ടം തുടരണം. എല്ലാ കണ്ണികളിലേക്കും അന്വേഷണം എത്തിച്ചേരട്ടെ.

ഒരിക്കലും ഒരു അധ്യാപകൻ ലഹരി വിൽപ്പന ശൃംഖലയിൽ ഉണ്ടാകുമെന്ന് ആരും കരുതാറില്ല. ആ വിശ്വാസവും ഇവിടെ തകർന്നു തരിപ്പണമായി. അധ്യാപകൻ സർവ ഗുണങ്ങളുടെയും വിളനിലമായിരിക്കണം എന്നാണ് ഭാരതീയ സങ്കല്പം.

"തൈത്തരീയ ഉപനിഷത്തിൽ' അധ്യാപകൻ ദൈവത്തിന്‍റെ പ്രതീകമാണ്. "കഠോപനിഷത്തിന്റെ' കാഴ്ചപ്പാട് അനുസരിച്ച് ഗുരു ദൈവത്തിന്‍റെ പ്രകാശ വാഹകനാണ്. ആർഷമായ അനുശാസനങ്ങളിൽ അത്യന്തം ശ്രദ്ധേയങ്ങളാണ് "മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യ ദേവോ ഭവ' എന്നിവ. ഇവയിൽ ആദ്യത്തെ രണ്ടെണ്ണം സൃഷ്ടിപരവും ഒടുവിലത്തേത് പുഷ്ടിപരവുമാണ്. ഇവ മൂന്നും ഒരു അധ്യാപകനിൽ സമന്വയിക്കണം. നിത്യ നന്മകളുടെ ഉറവിടമാകണം അധ്യാപകർ. അറിവും ആത്മബോധവും കൊണ്ട് സമൂഹത്തെ മുന്നിൽ നിന്ന് നയിക്കാൻ കെൽപ്പുള്ളവരാകണം അധ്യാപകർ. ഒരു രാജ്യത്തിന്‍റെ ഭാവി ഭാഗധേയം നിർണയിക്കപ്പെടുന്നത് ക്ലാസ് മുറികളിലൂടെയാണ്. അവിടെ മൂല്യശോഷണവും കർമശോഷണവും ധർമശോഷണവും സംഭവിച്ചു കൂടാ.

ജീൻ സൈബിലസ് എന്ന തത്വചിന്തകൻ പറയുന്നു; "അധ്യാപകൻ തലമുറകളുടെ ശില്പിയാണ്'. വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം കേവലം വിജ്ഞാന വിനിമയവും വിജ്ഞാനമാർജിക്കലും അല്ല , മറിച്ച് മൂല്യബോധം പുതുതലമുറയ്ക്ക് പകർന്നു നൽകി, നല്ലൊരു തലമുറയെ വാർത്തെടുക്കലാണ്. നന്നായി ജീവിക്കേണ്ടത് എങ്ങനെയാണെന്ന് പഠിപ്പിക്കേണ്ട വരും ജീവിച്ചു കാണിക്കേണ്ടവരുമാണ് അധ്യാപകർ. ഏറ്റവും മൂല്യമുള്ള സത്പ്രവൃത്തി ആയിട്ടാണ് അധ്യാപനത്തെ കാണുന്നത്.

സത്യത്തിലേക്കുള്ള വഴികാട്ടിയും ചൂണ്ടുപലകയും ആകണം അധ്യാപകർ. സാമൂഹ്യപ്രതിബദ്ധതയും സന്മാർഗ ബോധവുമുള്ള പൗരസമൂഹത്തെ സൃഷ്ടിച്ചെടുക്കാനുള്ള ദൗത്യം മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും ഉണ്ട്. അധ്യാപകരുടെ വ്യക്തിത്വം, സ്വഭാവ സവിശേഷതകൾ, ജീവിതവിശുദ്ധി, വിജ്ഞാനം, അർപ്പണബോധം, ആത്മാർഥത, പ്രതിബദ്ധത, ധാർമികത, പൗരബോധം എന്നിവയെല്ലാം കുട്ടികളെ സ്വാധീനിക്കും. പാഠ്യപദ്ധതികൾക്കും പാഠപുസ്തകങ്ങൾക്കും അപ്പുറത്തേക്ക് ഇറങ്ങിച്ചെന്ന് ജീവിതമൂല്യങ്ങൾ കുട്ടികൾക്ക് പകർന്നു നൽകാൻ അധ്യാപകർക്ക് കടമയുണ്ട്. അധ്യാപകരുടെ നൈതികത കൈവിട്ടുകളഞ്ഞാൽ പൊതു സമൂഹത്തിൽ സംഭവിക്കാവുന്ന ദുരന്തമായി അത് മാറും. വിദ്യാഭ്യാസ രംഗത്തെ മൂല്യബോധത്തിന് ആഘാതം ഏൽപ്പിക്കുന്ന ഒന്നും ഇനിമേൽ സംഭവിക്കാതിരിക്കട്ടെ.

logo
Metro Vaartha
www.metrovaartha.com