ഖേലോ ഇന്ത്യ ഓരോ താരത്തിന്‍റെയും യാത്രയെ അനുഗമിക്കുമ്പോള്‍

വിശാലമായ ഖേലോ ഇന്ത്യ ഗെയിംസ് ചട്ടക്കൂടിലേക്ക് കെഐഎസ്ജി വികസിപ്പിച്ചതോടെ, അടിസ്ഥാനതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതു കൂടുതല്‍ കരുത്താര്‍ജിച്ചു
Khelo India follows the journey of each athlete
ഖേലോ ഇന്ത്യ ഓരോ താരത്തിന്‍റെയും യാത്രയെ അനുഗമിക്കുമ്പോള്‍
Updated on

ഡോ. മന്‍സുഖ് മാണ്ഡവ്യ

കേന്ദ്ര യുവജനകാര്യ- കായിക മന്ത്രി

ഏഴുവര്‍ഷം മുമ്പ്, 2018ല്‍ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസ് (കെഐഎസ്ജി) ആരംഭിച്ച്, നാമൊരു മുന്നേറ്റത്തിനു തിരികൊളുത്തി. ഇന്ന്, നാം എത്രദൂരം എത്തിയെന്നു നോക്കുമ്പോള്‍, നാം നേടിയ മെഡലുകളുടെ എണ്ണത്തില്‍ മാത്രമല്ല, ഖേലോ ഇന്ത്യ നമ്മുടെ രാജ്യത്തെ കായികഘടനയെ പരിവര്‍ത്തനം ചെയ്ത രീതിയിലും എനിക്ക് ഏറെ അഭിമാനമുണ്ട്. ഖേലോ ഇന്ത്യയുടെ ലക്ഷ്യം ഒരിക്കലും മെഡലുകള്‍ നേടുക എന്നതിലുപരി രാജ്യവ്യാപകമായി കായിക രംഗത്തിന്‍റെ മുന്നേറ്റത്തിനു തിരികൊളുത്തുക എന്നതായിരുന്നു; ഓരോ കുട്ടിക്കും കളിക്കാനും സമഗ്രമായ വികസനത്തിനും അവസരമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കുക എന്നതായിരുന്നു. ഇന്ന്, ഈ പ്രസ്ഥാനം ഖേലോ ഇന്ത്യ ഗെയിംസിന്‍റെ 16 പതിപ്പുകളിലായി വ്യാപിച്ച ബഹുമുഖ ദേശീയ പരിപാടിയായി പരിണമിച്ചു. യുവപ്രതിഭകളെ പരിപോഷിപ്പിക്കുന്ന, ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പടുക്കുന്ന, കായികരംഗത്തെ ഉള്‍ക്കൊള്ളല്‍ പ്രോത്സാഹിപ്പിക്കുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ കരുത്തുറ്റ കായിക രാഷ്‌ട്രമായി മാറുക എന്ന ഇന്ത്യയുടെ ഉത്കൃഷ്ട ലക്ഷ്യത്തിന് ഇത് അടിത്തറ പാകുന്നു.

ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസിന്‍റെ ആദ്യ പതിപ്പ് രാജ്യത്തിന്‍റെ അടിസ്ഥാനതല കായിക വിപ്ലവത്തിനു പുതിയ മാനമേകി. സ്‌കൂള്‍തല മത്സരങ്ങളിലെ അപാരമായ സാധ്യതകള്‍ തിരിച്ചറിഞ്ഞ്, സ്‌കൂളുകള്‍ തമ്മിലുള്ള മത്സരങ്ങളില്‍നിന്നു ദേശീയ- അന്തര്‍ദേശീയ കായിക മത്സരങ്ങളിലേക്കു മാറുന്നതിനായി യുവകായിക താരങ്ങള്‍ക്കു ഘടനാപരമായ പാത കെട്ടിപ്പടുത്തു. വര്‍ഷങ്ങളായി ഈ സംരംഭം ആയിരക്കണക്കിനു കായിക താരങ്ങളെ തിരിച്ചറിഞ്ഞു വളര്‍ത്തിയെടുത്തു. അവരില്‍ ചിലര്‍ ഒളിംപിക്‌സിലും ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഖേല്‍രത്‌ന പുരസ്‌കാര ജേതാവായ മനു ഭാക്കര്‍ ഈ സംവിധാനത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്‌കൂള്‍ ഗെയിംസില്‍ നിന്നു സര്‍വകലാശാല ഗെയിംസിലേക്കു വന്ന അവര്‍ തുടര്‍ന്ന്, പാരിസ് ഒളിംപിക്‌സില്‍ ഇരട്ട വെങ്കല മെഡല്‍ ജേതാവായി.

വിശാലമായ ഖേലോ ഇന്ത്യ ഗെയിംസ് ചട്ടക്കൂടിലേക്ക് കെഐഎസ്ജി വികസിപ്പിച്ചതോടെ, അടിസ്ഥാനതലത്തില്‍ പ്രതിഭകളെ കണ്ടെത്തുന്നതു കൂടുതല്‍ കരുത്താര്‍ജിച്ചു. പരുവപ്പെടുത്തിയെടുക്കേണ്ട പ്രതിഭകളുടെ കേന്ദ്രങ്ങളായി സ്‌കൂളുകള്‍ തുടരുന്നു. കൂടാതെ, ഈ യുവ കായിക താരങ്ങള്‍ക്കു ലോകോത്തര പരിശീലനം, അടിസ്ഥാന സൗകര്യങ്ങള്‍, തങ്ങളുടെ കഴിവു പ്രദര്‍ശിപ്പിക്കാനുള്ള അവസരം എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഖേലോ ഇന്ത്യ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഇന്ന്, ഖേലോ ഇന്ത്യയില്‍ നിന്നുള്ള സ്‌കൂള്‍- സര്‍വകലാശാലാ തല ജേതാക്കള്‍ ഉയര്‍ന്ന തലങ്ങളില്‍ മെഡലുകള്‍ നേടുന്നു. ഇത് ഈ പദ്ധതിയുടെ ഫലപ്രാപ്തിയുടെ തെളിവാണ്.

ഇതുവരെ ഖേലോ ഇന്ത്യ ഗെയിംസിന്‍റെ 16 പതിപ്പുകളാണു നടത്തിയത്. അതില്‍ ആറു യൂത്ത് ഗെയിംസ്, നാലു സര്‍വകലാശാല ഗെയിംസ്, അഞ്ചു ശീതകാല ഗെയിംസ്, ഒരു പാരാ ഗെയിംസ് എന്നിവ ഉള്‍പ്പെടുന്നു. ഓരോ പതിപ്പും ഇന്ത്യയുടെ കായിക ഭൂപ്രകൃതിയില്‍ പുതിയ തലങ്ങള്‍ അടയാളപ്പെടുത്തി.

സ്‌കൂള്‍ ഗെയിമുകളും തുടര്‍ന്നുള്ള യൂത്ത് ഗെയിമുകളും ഇപ്പോള്‍ യുവ കായിക താരങ്ങള്‍ക്കുള്ള പ്രധാന മത്സരമായും ഇന്ത്യയുടെ ഭാവി ഒളിംപ്യന്മാരെ കണ്ടെത്തുന്ന നിര്‍ണായക പരിപാടിയായും മാറിയിരിക്കുന്നു. ഈ വിപുലീകരണം വിവിധ തലങ്ങളിലുള്ള മത്സരങ്ങളില്‍ കായിക താരങ്ങള്‍ക്കു തടസമില്ലാത്ത പരിവര്‍ത്തനം ഉറപ്പാക്കിയിട്ടുണ്ട്. ഇത് ഇന്ത്യയുടെ കായികരംഗത്തെ കുതിപ്പിനു കരുത്തേകുന്നു.

കായിക താരങ്ങളെ തിരിച്ചറിയല്‍ എന്നതിനപ്പുറത്തേക്കുള്ള ഒന്നായി ഖേലോ ഇന്ത്യ വികസിച്ചു. കോര്‍പ്പറേറ്റുകള്‍, സംസ്ഥാന ഗവണ്മെന്‍റുകള്‍, സ്വകാര്യ അക്കാദമികള്‍, അടിസ്ഥാന സംഘടനകള്‍ എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളെ ഖേലോ ഇന്ത്യ ഇപ്പോള്‍ ഉള്‍ക്കൊള്ളുന്നു. സ്‌പോണ്‍സര്‍ഷിപ്പുകള്‍, അടിസ്ഥാനസൗകര്യ പദ്ധതികള്‍, കായികതാരങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശക പരിപാടികള്‍ എന്നിവയിലൂടെ കോര്‍പ്പറേഷനുകള്‍ കായിക വികസനത്തില്‍ നിക്ഷേപം നടത്തിയതോടെ സ്വകാര്യ മേഖലയുടെ പങ്കു ഗണ്യമായി വളര്‍ന്നു. ഗവണ്‍മെന്‍റ്, ദേശീയ കായിക ഫെഡറേഷനുകള്‍ (എൻഎസ്എഫ്), കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ എന്നിവയുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷ്യബോധമുള്ള പിന്തുണ ഉറപ്പാക്കി, കായികരംഗത്തെ കോര്‍പ്പറേറ്റ് ഇടപെടല്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് ""ഒരു കോര്‍പ്പറേറ്റ്, ഒരു സ്പോര്‍ട്സ്'' സംരംഭം അവതരിപ്പിക്കുന്നത്.

പ്രാദേശിക കായിക മുന്‍ഗണനകളെ അടിസ്ഥാനമാക്കി ഖേലോ ഇന്ത്യ കേന്ദ്രങ്ങള്‍ (കെഐസി) നിര്‍ദേശിക്കാന്‍ സംസ്ഥാന ഗവണ്മെന്‍റുകളും മുന്‍കൈയെടുത്തിട്ടുണ്ട്. ഇതു പ്രാദേശിക ആവശ്യകതകള്‍ക്കനുസൃതമായി കായികവികസനത്തെ കൂട്ടിയിണക്കുന്നു. കൂടാതെ, രാജ്യത്തിന്‍റെ വിവിധ മേഖലകളിലായി ഒളിംപിക് പരിശീലന കേന്ദ്രങ്ങള്‍ (ഒടിസി) സ്ഥാപിക്കാനും പദ്ധതിയുണ്ട്. പാരാ- സ്‌പോര്‍ട്‌സ്, തദ്ദേശീയ കായിക വിനോദങ്ങള്‍ എന്നിവയുള്‍പ്പെടെ മികച്ച രീതിയില്‍ കായിക താരങ്ങള്‍ക്കു പരിശീലനം നല്‍കുന്നതിന്, മികച്ച പ്രകടനത്തിനു സജ്ജമാക്കുന്ന ലോകോത്തര നിലവാരമുള്ള ഈ കേന്ദ്രങ്ങള്‍ പദ്ധതിയിടുന്നു. കൂടാതെ അത്യാധുനിക കായിക അടിസ്ഥാന സൗകര്യങ്ങള്‍, കായികശാസ്ത്രം, കായിക ചികിത്സ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ സജ്ജീകരിക്കും. മുന്‍ഗണനാ കായിക ഇനങ്ങളില്‍ താരങ്ങള്‍ക്കു പിന്തുണ നല്‍കുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള പരിശീലന പരിപാടികള്‍ നല്‍കുന്നതിനു സംസ്ഥാനതലത്തില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ (എസ്‌സിഇഒ) സ്ഥാപിക്കും.

ഏവരെയും ഉള്‍ക്കൊള്ളിക്കുക എന്നതാണു ഖേലോ ഇന്ത്യയുടെ ആധാരശില. കൂടാതെ "പ്രവര്‍ത്തനങ്ങളിലൂടെ വനിതകള്‍ക്കു പ്രചോദനമേകി കായികരംഗത്തെ നാഴികക്കല്ലുകള്‍ക്കുള്ള' (അസ്മിത) ലീഗുകള്‍ പോലുള്ള സംരംഭങ്ങള്‍ കായികരംഗത്തു സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. 2021ല്‍ തുടക്കമിട്ട അസ്മിത 880ലധികം മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതു മീരാബായ് ചാനുവിനെപ്പോലുള്ള ഒളിംപിക് മെഡല്‍ ജേതാക്കള്‍ ഉള്‍പ്പെടെ ലക്ഷത്തിലധികം വനിതാ കായിക താരങ്ങള്‍ക്കു കരുത്തായി.

ഗ്രാമീണ ഇന്ത്യയിലെയും ചെറിയ നഗരങ്ങളിലെയും കായിക താരങ്ങള്‍ക്കു പലപ്പോഴും അധിക പിന്തുണ ആവശ്യമാണ്. സാമ്പത്തിക പരിമിതികള്‍ കാരണം പ്രതിഭകള്‍ പിന്തള്ളപ്പെടുന്നില്ലെന്നു ഖേലോ ഇന്ത്യയിലൂടെ ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഖേലോ ഇന്ത്യയ്ക്കു കീഴിലുള്ള വനിതാ ഫുട്‌ബോള്‍ ലീഗുകള്‍ അരുണാചല്‍ പ്രദേശിലെ മോണിഗോങ് പോലുള്ള വിദൂരമേഖലകളില്‍പ്പോലും എത്തിയിട്ടുണ്ട്. മുമ്പ്, കായിക പ്രവര്‍ത്തനങ്ങള്‍ ഒന്നും സംഘടിപ്പിക്കാത്ത പ്രദേശങ്ങളില്‍ കായിക പങ്കാളിത്തം വളര്‍ത്താനും ഇതു സഹായകമായി.

പാരാ- അത്‌ലറ്റുകള്‍ക്ക്, ഖേലോ ഇന്ത്യ പാരാഗെയിംസ് സമഗ്ര വേദിയൊരുക്കിയിട്ടുണ്ട്. നിരവധി കായിക താരങ്ങള്‍ ഇപ്പോള്‍ പാരാലിംപിക്‌സ് പോലുള്ള ആഗോള കായിക പരിപാടികള്‍ക്കു യോഗ്യത നേടുന്നു. കൂടാതെ, യോഗാസനം, മല്ലഖാമ്പ്, കളരിപ്പയറ്റ്, താങ്-ത, ഗട്ക തുടങ്ങിയ തദ്ദേശീയ കായിക ഇനങ്ങളെ ഈ സംരംഭം സജീവമായി പ്രോത്സാഹിപ്പിക്കുകയും, ഖേലോ ഇന്ത്യ യൂത്ത്- സര്‍വകലാശാല ഗെയിംസുമായി സംയോജിപ്പിച്ച്, അവയുടെ സംരക്ഷണവും വളര്‍ച്ചയും ഉറപ്പാക്കുകയും ചെയ്യുന്നു. തദ്ദേശീയ കായിക ഇനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, ലോക ചാംപ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുകയും അന്താരാഷ്‌ട്രതല കായിക പരിപാടികളില്‍ അവയെ ഉള്‍പ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ, കബഡി, ഖോ-ഖോ തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങള്‍ക്കായി ഇന്ത്യ ആസ്ഥാനമായുള്ള അന്താരാഷ്‌ട്ര ഫെഡറേഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തും.

പരിശീലന ഘടന കൂടുതല്‍ പ്രൊഫഷണല്‍ രീതിയിലാക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള ആയിരത്തിലധികം ഖേലോ ഇന്ത്യ കേന്ദ്രങ്ങളില്‍ മാര്‍ഗനിര്‍ദേശകരായി മുന്‍കാലങ്ങളില്‍ ചാമ്പ്യന്മാരായ കായികതാരങ്ങളെ കൊണ്ടുവരുന്നതും ഞങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, പട്യാലയിലെ ദേശീയ കായിക സ്ഥാപനത്തിലെ സൗജന്യ അംഗീകൃത പരിശീലനങ്ങളിലൂടെ, ഈ മുന്‍ അന്താരാഷ്‌ട്ര, ദേശീയ കായിക താരങ്ങള്‍ ഇപ്പോള്‍ ഇന്ത്യയുടെ പരിശീലക ആവാസവ്യവസ്ഥയ്ക്കു സംഭാവനയേകുന്നു. അവരുടെ അനുഭവപരിചയവും വൈദഗ്ധ്യവും വരും തലമുറകള്‍ക്കു മുതല്‍ക്കൂട്ടാകുകയും ചെയ്യുന്നു.

ഇന്ത്യ മുന്നോട്ടുപോകുമ്പോള്‍, ഖേലോ ഇന്ത്യ പ്രസ്ഥാനം വെറുമൊരു കായിക വികസന പരിപാടി എന്നതിലുപരിയായി മാറുകയാണ്. 2036ല്‍ ഒളിംപിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനും മികച്ച 10 കായിക രാജ്യങ്ങളില്‍ ഒന്നാകുകയും ചെയ്യുക എന്ന രാജ്യത്തിന്‍റെ ദീര്‍ഘകാല ലക്ഷ്യവുമായി പൊരുത്തപ്പെടുന്ന തന്ത്രപ്രധാന സംരംഭമാണിത്. അന്താരാഷ്‌ട്ര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുക എന്നത് ഈ കാഴ്ചപ്പാടിന്‍റെ നിര്‍ണായക വശമാണ്. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്കുള്ള ലേലത്തില്‍ ദേശീയ കായിക ഫെഡറേഷനുകളെ പിന്തുണയ്ക്കുന്നതിനും പ്രധാന ആഗോള കായിക മത്സരങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്.

നാം 2036ലേക്കു നോക്കുമ്പോള്‍, ഖേലോ ഇന്ത്യയുടെ സ്വാധീനം കണക്കാക്കുന്നത്, നേടിയ മെഡലുകളുടെ അടിസ്ഥാനത്തില്‍ മാത്രമല്ല, അതു സ്പര്‍ശിച്ച ദശലക്ഷക്കണക്കിനു ജീവിതങ്ങളെയും, അതു വളര്‍ത്തിയെടുത്ത അടിത്തട്ടിലെ വിപ്ലവത്തെയും, ഇന്ത്യന്‍ സമൂഹത്തില്‍ അതുള്‍ച്ചേര്‍ത്ത കായിക- ശാരീരികക്ഷമതാ സംസ്‌കാരത്തെയും കൂടി അടിസ്ഥാനമാക്കിയാകും. തുടര്‍ച്ചയായ നിക്ഷേപം, സഹകരണം, നവീകരണം എന്നിവയിലൂടെ, കായിക രംഗത്ത് ആഗോള ശക്തികേന്ദ്രമാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാനുള്ള പാതയിലാണ് ഇന്ത്യ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com