
# എം.ബി.സന്തോഷ്
മൂന്നര പതിറ്റാണ്ട് മുമ്പ് ഒരു ക്രിസ്മസ് വാരാന്ത്യത്തിൽ റിലീസായ, 44 ലക്ഷം രൂപ ചെലവിട്ടുനിർമിച്ച 'ചിത്രം' 3.9 കോടിരൂപ നേടി അക്കാലത്തെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമായി മാറിയപ്പോൾ അന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടവരിലൊരാൾ അതിന്റെ സംഗീത സംവിധായകൻ കണ്ണൂർ രാജൻകൂടിയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രത്തിലെ പാട്ടുകളെല്ലാം ഇന്നും സൂപ്പർഹിറ്റായി തുടരുകയാണ്. ആ സന്തോഷത്തിൽ കഴിയവെയാണ് ചിത്രം റിലീസായശേഷമുള്ള ആദ്യ ജനുവരിയിലെ അഭിമുഖം .
'ഏറ്റവും പ്രിയപ്പെട്ട ഗായകൻ' എന്ന ചോദ്യത്തിനുത്തരമായി കണ്ണൂർ രാജൻ പറഞ്ഞതിങ്ങനെയാണ്:'മലയാളത്തിൽ മൂന്നുഗായകരേയുള്ളൂ- യേശുദാസ് ഒന്നാമൻ, യേശുദാസ് രണ്ടാമൻ,യേശുദാസ് മൂന്നാമൻ.''ചിത്ര'ത്തിലെ ഒരു പാട്ടുപോലും പാടാൻ യേശുദാസ് ഇല്ലായിരുന്നു. യശഃശരീരനായ കണ്ണൂർ രാജന്റെ ആ അഭിപ്രായം ഇതുതന്നെയാണ് അന്നും ഇന്നും മലയാളിയുടേത്.
ആ യേശുദാസിനാണ് ഇന്ന് ശതാഭിഷേകം.84 വയസ് പൂർത്തിയാകുന്ന അദ്ദേഹം യുഎസിലെ ടെക്സസിലുള്ള ഡാലസിലെ വസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഫോർട്ട് കൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ 1940 ജനുവരി 10ന് സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയുംഎലിസബത്തിന്റെയും 7 മക്കളിൽ രണ്ടാമനും ആണ്മക്കളിൽ മൂത്തവനുമായിരുന്നു യേശുദാസ്.അച്ഛനാണ് ആദ്യഗുരു. 1949ൽ ഒമ്പതാം വയസ്സിൽ ആദ്യസംഗീത സമ്മാനം അദ്ദേഹത്തെ തേടിയെത്തി.
ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടി. 1958 മാർച്ചിൽ ആ യുവജനോത്സവത്തിൽ കിട്ടിയ ഗ്രേസ് മാർക്കിന്റെ ബലത്തിൽ അദ്ദേഹം എസ്എസ്എൽസി പാസായി.അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയത് പിന്നണി ഗായകനായ പി. ജയചന്ദ്രനാണ്.
ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയിൽ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ടു!പിന്നീട്, അദ്ദേഹത്തിന്റെ മുന്നിൽ ആകാശവാണിക്കാർക്ക് കാത്തുനിൽക്കേണ്ടിവന്നത് ചരിത്രം.ജീവിതത്തിന്റെ കയ്പ് അവിടെ അവസാനിച്ചില്ല.സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ല തങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞതായിരുന്നു അടുത്തത്.
യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ് ചെയ്തത് 1961 നവംബർ 14നാണ് . കെ. എസ്. ആന്റണി എന്ന സംവിധായകൻ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി.നിർമാതാവ് രാമന് നമ്പിയത്തിന്റെ താല്പര്യമായിരുന്നു അതിന് പിന്നിൽ. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു. ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോർഡിംഗ് നടന്നത്. എം. ബി. ശ്രീനിവാസനായിരുന്നു സംഗീതസംവിധായകൻ.
കേരളത്തിന്റെ ഗ്രാമീണ സംഗീതം തേടി എം. ബി. ശ്രീനിവാസന് വന്നപ്പോൾ രാമന് നമ്പിയത്ത് യേശുദാസിനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. മീശമുളയ്ക്കാത്ത പയ്യന്റെ സുന്ദരാലാപനം കേട്ട് തിരിച്ചുനിന്നുപോയ എംബിഎസ് ദക്ഷിണേന്ത്യന് സിനിമയിലെ ഏറ്റവും വലിയ കണ്ടുപിടിത്തം എന്നായിരുന്നു പ്രവചിച്ചത്. പത്ത് വര്ഷത്തേക്കെങ്കിലും ഇനി മറ്റൊരു ഗായകനെ തേടേണ്ടതില്ലെന്ന ഭരണി സ്റ്റുഡിയോയിലെ സൗണ്ട് എന്ജിനിയര് കോടീശ്വരറാവുവും പറഞ്ഞതോടെ മലയാള സിനിമാ സംഗീതത്തിൽ യുഗപ്പിറവി.യേശുദാസ് എന്ന വാസന്തമാരുതൻ ആഞ്ഞടിച്ചതോടെ അതുവരെ കാല്പനികഗായകരായി നിലനിന്നവരുൾപ്പെടെ അര ഡസനിലേറെ ഗായകരാണ് അപ്രസക്തരായത്.
അരുണാചലം സ്റ്റുഡിയോയിലെ ഒരു റെക്കോർഡിങ്. ഭാനു ഫിലിംസ് അവതരിപ്പിച്ച 'ശന്തിനിവാസ്' എന്ന തെലുഗു ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ഗാനറെക്കോർഡിംഗ് ആയിരുന്നു അത്.യേശുദാസിനെ ഗായകനായി നിശ്ചയിച്ചത് ഗാനരചയിതാവായ അഭയദേവിന്റെ നിർബന്ധം മൂലമായിരുന്നു.സംവിധായകന് വേറൊരു ഗായകനോടായിരുന്നു താത്പര്യം.ആ സംഗീത സംവിധായകന്റെ ഇടപെടൽ കാരണം സൗണ്ട് എൻജിനീയർ മൈക്ക് മുന്നിലോട്ടും പിന്നിലോട്ടുമെല്ലാം നീക്കിവച്ച് ഗായകനെ വല്ലാതെ ബുദ്ധിമുട്ടിച്ചു.ശരിയാവുന്നില്ലെന്ന് സൗണ്ട് എൻജിനീയർ വിധിച്ചു.എത്ര ബുദ്ധിമുട്ടിയാലും യേശുദാസിനെക്കൊണ്ട് പാടിച്ചാൽ മതിയെന്ന് അഭയദേവ് കർശന നിലപാടെടുത്തതോടെ മറ്റുള്ളവർക്ക് വഴങ്ങേണ്ടിവന്നു.
ഇവിടെ വിധിയുടെ മറ്റൊരു കളിയാട്ടം - വർഷങ്ങൾക്കുശേഷം അതേ സ്റ്റുഡിയോ യേശുദാസ് വിലയ്ക്കുവാങ്ങി.പഴയ സൗണ്ട് എൻജിനീയർ അപ്പോഴും അവിടെയുണ്ടായിരുന്നു.അദ്ദേഹത്തെ പറഞ്ഞുവിട്ടില്ലെന്നുമാത്രമല്ല, പ്രായത്തിന്റെ അവശത മൂലം വിരമിക്കാൻ സന്നദ്ധത അറിയിക്കും വരെ അവിടെ അദ്ദേഹം തുടരുകയും ചെയ്തു.
മുംബൈ ഷൺമുഖാനന്ദ ഹാളിൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരി.1970 ആണ് കാലം.ആ കച്ചേരിയിൽ പിൻപാട്ടുകാരനാണ് യേശുദാസ്.കച്ചേരിക്കിടെ ചെമ്പൈയെ ആദരിച്ച് പൊന്നാട അണിയിച്ചതും അതെടുത്ത് അദ്ദേഹം ശിഷ്യനായ യേശുദാസിന്റെ കഴുത്തിൽ അണിയിച്ചു.അതിനുശേഷം 'ഇനി ഇവൻപാടും' എന്നുപറഞ്ഞ് മുന്നിലേക്ക് പിടിച്ചിരുത്തി.അത് വലിയൊരു ഗുരുകാരുണ്യമായി യേശുദാസ് പിന്നീട് പലതവണ ഓർത്തെടുത്തിട്ടുണ്ട്.
തൃപ്പൂണിത്തുറ ആർഎൽ വി അക്കാഡമിയിൽ സംഗീതം പഠിക്കാൻ ചെന്നപ്പോൾ കിട്ടിയ ഏറ്റവും നല്ല കൂട്ടുകാരനായിരുന്നു ചേർത്തല ഗോവിന്ദൻകുട്ടി.ഒരു വീടിന്റെ കൊപ്ര ഉണക്കാനിടുന്ന മച്ച് രണ്ടു രൂപയ്ക്ക് വാടകയ്ക്കെടുത്ത് അവിടെ പായ വിരിച്ച് ഇരുവരും കിടന്നുറങ്ങിയ ദാരിദ്ര്യത്തിന്റെ കാലം.ആ സൗഹൃദം പിന്നീടൊരിക്കലും അവസാനിച്ചില്ല. എന്നും രാത്രി 9ന് ഗോവിന്ദൻകുട്ടിയെ ലോകത്തെവിടെയാണെങ്കിലും വിളിക്കുമെന്ന് വെളിപ്പെടുത്തിയത് യേശുദാസ് തന്നെയാണ്.പിന്നെ, ആർഎൽവിക്കാലം മുതലുള്ള വിശേഷങ്ങൾ പങ്കുവയ്ക്കും . തുടർന്ന് ഇരുവരുടെയും സംഗീതസദിര്.അങ്ങനെ പാടിവന്നപ്പോഴാണ് 'മാമാങ്കം പലകുറി കൊണ്ടാടി...' എന്ന പ്രശസ്തമായ പാട്ടിന്റെ രാഗം ആരോഗിയല്ലെന്നും ജയമനോഹരിയാണെന്നും ഇരുവരും തിരിച്ചറിഞ്ഞത്.അതുവരെ ആരോഗിയെന്നായിരുന്നു വിശ്വാസം.ആരോഹണത്തിൽ ആരോഗിയും അവരോഹണത്തിൽ ശ്രീരഞ്ജിനിയും ചേരുന്നതാണ് ജയമനോഹരി.
ജി.ദേവരാജനും ദക്ഷിണാമൂർത്തിയും സംഗീത സംവിധാന രംഗത്തു നിന്നു പിൻമാറിയ കാലത്ത് ഇനി പാടേണ്ടെന്ന ആലോചനയിലായിരുന്നു, യേശുദാസും. അപ്പോൾ പാടിയിരുന്ന പാട്ടുകൾ മനസ്സിനു തൃപ്തി തരുന്നതായിരുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. സംഗീതസംവിധായകൻ രവീന്ദ്രനാണ് ആ തീരുമാനം തിരുത്തിയത്.'ഹിസ് ഹൈനസ് അബ്ദുള്ള'യിലെ പാട്ടുകളൊരുക്കി രവീന്ദ്രൻ വിളിക്കുന്നു. പതിവുപോലെ യേശുദാസ് ഒഴിയാൻ നോക്കി. ട്യൂൺ കേട്ടിട്ട് ഇഷ്ടമായില്ലെങ്കിൽ പാടേണ്ടെന്നായി സംഗീതസംവിധായകൻ. 'പ്രമദ വനം വീണ്ടും..' കേട്ടതോടെ അങ്ങേയറ്റം പ്രൊഫഷണലായ യേശുദാസ് എന്ന ഗായകന് പാടാതിരിക്കാനായില്ല.
വടക്കുംനാഥനിലെ 'ഗംഗേ...' എന്ന ഗാനത്തിന്റെ തുടക്കത്തിൽ 18 സെക്കൻഡ് ഒറ്റശ്വാസത്തിൽ നീട്ടിപ്പാടുന്നത് മിക്സ് ചെയ്തു നീട്ടിയെടുത്തതാണെന്നും ഗാനമേളകളിൽ അത് അങ്ങനെ പാടി തൊണ്ട കീറരുതെന്നും പുതിയ ഗായകർക്ക് യേശുദാസ് മുന്നറിയിപ്പുനൽകിയിരുന്നു. 'ഗംഗേ...' എന്ന് ഇത്രയും നീട്ടേണ്ടതുണ്ടോയെന്നു യേശുദാസ് സംഗീതസംവിധായകൻ രവീന്ദ്രനോടു ചോദിച്ചു. 'ഗംഗ ഹിമാലയത്തിൽ നിന്നു നീണ്ടു പ്രവഹികയല്ലേ അപ്പോൾ ആലാപനവും അതുപോലെ വേണം'-ഇതായിരുന്നു മറുപടി. അതിലെ യുക്തി ഗായകനും ബോധ്യപ്പെട്ടു.ഒരു പാട്ടിന്റെ സംഗീതത്തിനു രൂപരേഖ ഒരുക്കിത്തന്നിട്ട് അതുമായി തന്നെ പറക്കാൻ അനുവദിക്കുകയായിരുന്നു രവീന്ദ്രനെന്ന് പല അഭിമുഖങ്ങളിലും യേശുദാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏതു പ്രായത്തിലുമുള്ള മലയാളിക്ക് പ്രണയവും വിരഹവുംസ്വപ്നവും സന്തോഷവും ദു:ഖവും ഭക്തിയും വിഭക്തിയും ഒക്കെ പൂർണമാകണമെങ്കിൽ ഇന്നും യേശുദാസിന്റെ സ്വരം വേണം.മലയാളിയുടെ വികാരങ്ങൾക്ക് പൂർണതനൽകുന്ന സ്വരതീർത്ഥമാണത്. ആ ഗാനഗംഗയിൽ മുങ്ങിനിവർന്ന് മലയാളി പരിശുദ്ധനാവുന്നു.പറഞ്ഞു പഴകിയതാണെങ്കിലും ആവർത്തിക്കാതിരിക്കാനാവില്ല:യേശുദാസിന്റെ കാലത്ത് ജീവിക്കാനായതിന്റെ പുണ്യം മലയാളി ആദരവോടെ ഉള്ളിലേറ്റുന്നു. ഇനിയും ആ ഗാനഗംഗ പ്രവഹിച്ചുകൊണ്ടേയിരിക്കട്ടെ...ആ നിത്യഹരിതഗായകന് ശതാഭിഷേക ആശംസകൾ.