കൊച്ചി പഴയ കൊച്ചിയല്ല
ക്വാറന്‍റൈൻ | കെ.ആർ. പ്രമോദ്
കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല. അതു വിവിധ അധോലോക ദേശീയതകളുടെ കോൺഫഡറേഷനാണ്. ലോകഭൂപടത്തിലെ കറുത്ത അടയാളമാണ്. പ്രത്യക്ഷത്തിൽ നമ്മൾ അതു കാണുന്നില്ലെന്നു മാത്രം. കടവന്ത്രയും കലൂരും മട്ടാഞ്ചേരിയും ഫോർട്ടുകൊച്ചിയും ഓരോരോ സാമ്രാജ്യങ്ങളായി കേരളീയജീവിതത്തിന്‍റെ വിവിധ മേഖലകളിൽ അതിന്‍റെ നീരാളിക്കൈകൾ നീട്ടിക്കഴിഞ്ഞു. കേരളത്തിലാദ്യമായി കൊക്കെയ്‌ൻ കേസ് ഉത്ഭവിച്ചത് കടവന്ത്രയിലാണ്. മട്ടാഞ്ചേരിയെക്കുറിച്ച് നേരത്തെയും കഥകളുണ്ട്. ഇപ്പോൾ സജീവമായ ലഹരിമരുന്നു കേസുകളിൽ കൊച്ചി കേന്ദ്രമായിട്ടാണ് അന്വേഷണങ്ങൾ നടക്കുന്നത്. ഇപ്പോൾ വാർത്തകളിൽ നിറയുന്ന കേസുതന്നെ ഉദാഹരണം. അങ്ങനെയിരിക്കെ, അറബിക്കടലിന്‍റെ റാണിയായിരുന്ന കൊച്ചിയിപ്പോൾ റാണയുടെ നഗരം എന്ന ഖ്യാതികൂടി നേടിയിരിക്കുന്നു. മുംബൈ ഭീകരാക്രമണത്തിന്‍റെ നടത്തിപ്പുകാരിലൊരാളായ തഹാവൂർറാണയും അച്ചിയും കൊച്ചിയിൽ വന്നിരുന്നു എന്നാണല്ലോ ഇപ്പോഴത്തെ അപവാദം.
'ഇന്നത്തെ കൊച്ചു കൊച്ചി ഒരിക്കൽ വിശാല കൊച്ചിയാകും'
എന്നു പറഞ്ഞ സഹോദരനയ്യപ്പൻ ഉദ്ദേശിച്ചതുപോലെയാണു കാര്യങ്ങൾ നടക്കുന്നതെന്നു വേണമെങ്കിൽ ആശ്വസിക്കാം.
എന്തായാലും കൊച്ചി ഇപ്പോൾ പഴയ കൊച്ചിയല്ല. മദ്യവും മയക്കുമരുന്നുകളും നവവാണിഭങ്ങളും ഡിജെപാർട്ടികളും റാണമാരുടെ വരവുപോക്കുകളും സ്വതന്ത്ര ഗുണ്ടാസാമ്രാജ്യങ്ങളും എന്നിട്ടും നമ്മളെ അലോസരപ്പെടുത്തുന്നില്ല എന്നതാണ് ശ്രദ്ധേയം. നാഗരികമായ എല്ലാ ആസുരതകളെയും തലയിലേറ്റാൻ സമസ്തകേരളവും റെഡിയായിക്കഴിഞ്ഞു.
കൊച്ചി പഴയ കൊച്ചിയല്ല എന്നതിന്‍റെ പൊരുൾ കേരളം പഴയ കേരളമല്ല എന്നതു തന്നെയാണ്. പത്തു വർഷത്തിനകം കേരളം മുഴുവൻ കൊച്ചി പോലൊരു മഹാനഗരമാകുമെന്ന് കണക്കുകൾ പറയുന്നുണ്ടുതാനും. ബഷീർസ് ബുക്ക്സ്റ്റാൾ എറണാകുളത്തിരിക്കുന്ന സ്ഥിതിക്ക് ഐക്യകേരളത്തിന്‍റെ തലസ്ഥാനം എറണാകുളമാക്കണമെന്നായിരുന്നു അക്കാലത്ത് ബഷീർ തമാശയായി പറയാറുണ്ടായിരുന്നത്.
കൊച്ചിയിലെ നഗരവത്കരണം മലയാളിയുടെ ജീവിതവ്യസ്ഥകളെ എന്നനെയൊക്കെ സ്വാധീനിക്കുന്നു എന്നൊരു അന്വേഷണത്തിന് ഇന്ന് ഏറ്റെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിൽ കേരളത്തിലെ അർബൈനൈസേഷന്‍റെ സാമൂഹികാഘാതപഠനം ഈ ശ്രീമൂലസ്ഥാനത്തുനിന്നുതന്നെ ആരംഭിക്കണമെന്നേ പറയാനുള്ളൂ. ഇത്തരമൊന പഠനം നവകേരളത്തെ ഗ്രസിച്ചിരിക്കുന്ന നാനാവിധ ശാരീരികവും മാനസികവും ബുദ്ധിപരവുമായ രോഗങ്ങൾക്കുള്ള ഒരു ടെസ്റ്റ്ഡോസായി മാറിയെന്നിരിക്കാം.
പുതിയ തലമുറ ഏതുവിധമാണ് കേരളത്തിന്‍റെ അർബനൈസേഷനെ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. അവരെന്തായാലും നഗരവത്കരണത്തെ പേടിക്കുന്നില്ല. ചരിത്രത്തിന്‍റെ ഭാരവും ഗൃഹാതുരത്വ ഭാവവും അവർ പേറുന്നില്ല. 'ഗൃഹം' എന്ന കൺസപ്റ്റ് പോലുമരിൽ പലർക്കുമില്ല. 'വീണേടം വിഷ്ണുലാക'മെന്നു കരുതുന്ന ഇക്കൂട്ടർക്ക് ദേശഭക്തിയടക്കമുള്ള ഗതകാലമൂല്യങ്ങൾ വെറും തമാശയാണ്. ലഹരിയുടെ മായാലോകത്തെ അവർ സാദരം സ്വീകരിക്കുന്നത് വെറുതെയല്ല.
ഒരു നഗരം എവിടെത്തുടരുന്നു, എവിടെ അവസാനിക്കുന്നു? - ഈ ചോദ്യം പാറശാല മുതൽ ഗോകർണം വരെ നമ്മുടെയുള്ളിൽ അലയടിക്കുന്നുണ്ട്. നവകേരളത്തിന്‍റെ അനിവാര്യ അവലക്ഷണമായ നാഗരികത നമ്മുടെ പോയ്പ്പോയ നന്മകളെക്കുറിച്ചുള്ള ഓർമകളെ കൊണ്ടുവരുന്നു.
നഗരവത്കരണത്തിന്‍റെ ഭീതികളെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പാട്ട് 'നഗരമേ നന്ദി' എന്ന സിനിമയിലെ 'നഗരം, നഗരം മഹാസാഗരം.…' എന്നതാണെന്നു തോന്നുന്നു. പി. ഭാസ്കരനെഴുതി കെ.രാഘവൻ ഈണം നൽകി യേശുദാസ് പാടിയ ഗാനമാണിത്.
1967 ഒക്റ്റോബർ അഞ്ചിന് പുറത്തുവന്ന ഈ സിനിമയും ഗാനവും നഗരജീവിതത്തിന്‍റെ വൈരുധ്യങ്ങളും വൈജാത്യങ്ങളും ദൈന്യതയും ഭീകരതയും വൈരൂപ്യവുമെല്ലാം കാട്ടിത്തരുന്നു. അക്കാലത്ത് യുവാവായിരുന്ന യേശുദാസിന്‍റെ ശബ്ദത്തിൽ ഈ ഗാനം ഇപ്പോൾ കേൾക്കുമ്പോൾ വിഷാദമധുരമായ കാവ്യംതന്നെയായി പരിണമിക്കുന്നു.
ഈ പാട്ടിലെ വിഷയം മദ്രാസിലെ നഗരക്കാഴ്ചകളാണെങ്കിലും നമ്മുടെ ഏക മെട്രൊപ്പോലിറ്റൻസിറ്റിയായി ഭാവംമാറിയ കൊച്ചിയുടെ, കേരളത്തിന്‍റെ സിഗ്നേച്ചർസോംഗായി ഇപ്പോഴിതിനെ കണക്കാക്കണം.
എറണാകുളത്തേക്കുള്ള നാഗരികതയുടെ വരവ് മഹാകവി വൈലോപ്പിള്ളി നേരത്തേ കണ്ടറിഞ്ഞു. അദ്ദേഹത്തിന്‍റെ കലൂർ എന്ന ജന്മഗ്രാമം നഗരത്തിന്‍റെ പ്രധാനഭാഗമായി മാറുന്നത് അദ്ദേഹത്തിനു വേദന പകർന്നു.
ഇളംപ്രായത്തിൽ താൻ കണ്ട നാട്ടിൻപുറം നാൾതോറും നിറങ്ങളുടെയും നാദങ്ങളുടെയും ഗന്ധങ്ങളുടെയും നവംനവങ്ങളായ അത്ഭുതങ്ങൾ ഉദ്ഘാടനം ചെയ്യുന്ന, അമ്മയെപ്പോലെ സ്നേഹം നിറഞ്ഞ, കൊച്ചു ഗ്രാമമായിരുന്നു എന്ന് കവി ഓർമ്മിക്കുന്നു. അതിന്‍റെ മധുരസ്മരണകളാണ് തന്‍റെ കവിതയുടെ ഏറ്റവും ഈടുള്ള കൈമുതലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ്
'എന്‍റെ ഗ്രാമം' എന്ന കവിത പിറന്നത്. ഈ കവിത അദ്ദേഹം എഴുതിയത് ഏകദേശം മുക്കാൽ നൂറ്റാണ്ടുമുമ്പായിരുന്നു. അന്നൊക്കെ കലൂർ എന്ന ഗ്രാമത്തിന്‍റെ സൗമ്യമായ സൗന്ദര്യത്തിൽ അദ്ദേഹം എത്രമാത്രം സന്തോഷിച്ചിരുന്നു! എന്നാൽ നാഗരികതയുടെ പിടിയിൽവീണ ആ പ്രദേശത്തിന്‍റെ ഒരിടം മാലിന്യക്കൂമ്പാരവും വേറൊരിടം ശവപ്പറമ്പും മറ്റൊന്ന് യാചകകേന്ദ്രവും മറ്റൊരിടം വേശ്യാലയുമായി മാറിയിരിക്കുന്നെന്നും അദ്ദേഹം തിരിച്ചറിയുന്നു. ഇപ്പോഴവിടെ കാണുന്നത് കന്നുകാലികളെ അറുത്തിട്ട് തളംകെട്ടി കിടക്കുന്ന രക്തമാണ്. ഒരു ഗ്രാമത്തിന് നഗരം സംഭാവന ചെയ്തതാണ് ഇവയെല്ലാം. ഈ തിന്മകൾക്കൊപ്പം ഗ്രാമീണരുടെ ഭൗതികവും ആത്മീയവുമായ സമ്പത്തുകളെ ഗൂഢമായി കവർന്നെടുക്കുന്ന നാഗരികശക്തികൾ ഇവിടെയൊക്കെ ചുറ്റിത്തിരിയുന്നുണ്ടെന്നും അദ്ദേഹം സംശയിക്കുന്നു. എങ്കിലും പുതുമയുടെ നന്മകൾ ഈ നാടിനെ പുൽകും എന്നതന്നെ അദ്ദേഹം കരുതുന്നു.
നാടെല്ലാം നന്മകൾ വിളയിക്കുന്ന വിത്തും വിഘ്നങ്ങളെ കൊത്തിക്കളയുന്ന കൈക്കോട്ടും ഇനിയും മനുഷ്യർക്ക് ആവശ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ചങ്ങമ്പുഴയും ഇടപ്പള്ളിയുമൊക്കെ കാലാന്തരത്തിൽ ഈ നാഗരികതയുടെ വരവറിഞ്ഞിട്ടുണ്ട്. തന്‍റെ പ്രിയപ്പെട്ട കൃതിയായ 'രമണൻ' പ്രസിദ്ധീകരിക്കാൻ അലയുന്നകാലത്ത് ചങ്ങമ്പുഴയ്ക്ക് പല അനുഭവങ്ങളുമുണ്ടായി.
ഒരു കാലത്തെ യുവതലമുറയുടെ ബോയിലിങ് പോയിന്‍റും ഡിആർസിയും അളക്കുന്ന ലബോറട്ടറികളായി മഹാരാജാസ് കോളെജും ലോ കോളെജും സംസ്കൃത കോളെജുമൊക്കെ കണക്കാക്കപ്പെട്ടിരുന്നല്ലോ.
കൊച്ചി എന്ന ദേശത്തിന് നാലു മാനങ്ങളുണ്ട്. അതൊരു പഴയ നാട്ടുരാജ്യമാണ്, ഒരു രാജവംശമാണ്, സ്ഥലമാണ്, മലയാളിയുടെ മഹാനഗരമാണ്.
'കൊച്ചി കണ്ടവന് അച്ചി വേണ്ട' എന്ന ചൊല്ല് പണ്ടേ ഉണ്ടായിരുന്നു. ഇപ്പോൾ എറണാകുളംകാർക്കും ഈ ചൊല്ല് ബാധകം. എറണാകുളത്ത് കൊച്ചിയും കൊച്ചിയിൽ എറണാകുളവുമുണ്ടല്ലോ.
എന്തുകൊണ്ടാണ് കൊച്ചി കണ്ടവന് അച്ചി വേണ്ടാത്തത്? കൊച്ചിയിൽ ധാരാളം അച്ചിമാരുണ്ടായിരുന്നതുകൊണ്ടല്ലേ? കൊച്ചിയിലേക്ക് കപ്പലിൽവന്ന പോർട്ടുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും 'അച്ചിക്കോന്തന്മാരാ'യിരുന്നു എന്നാണോ ഇതിനർഥം? ഒരു പരിധിവരെ അതു ശരിയായിരിക്കാം. ഇക്കാര്യത്തിൽ വലിയ സന്മാർഗചിന്തയൊന്നും പുലർത്താതിരുന്ന പറങ്കികളും ലന്തക്കാരും അച്ചിമാർക്കുവേണ്ടി പവൻ ചെലവഴിക്കാൻ മടിയില്ലാത്തവരായിരുന്നു എന്നു കരുതണം. അക്കാലത്തെ രഹസ്യരോഗങ്ങളിൽ ഒന്നിന്‍റെ പേര് 'പറങ്കിപ്പുണ്ണ്' എന്നായിരുന്നു എന്നത് മറ്റൊരു സംഗതി.
മേൽപ്പുത്തൂരിന്‍റെ 'ഗോശ്രീനഗരവർണനം' എന്ന സംസ്കൃതഗ്രന്ഥത്തിൽ കൊച്ചിനഗരത്തിന്‍റെ വഴികളിലൂടെ, യുവാക്കളുടെ ഹൃദയങ്ങൾ കവർന്നു നടന്നുനീങ്ങുന്ന സുന്ദരിമാരെക്കുറിച്ചും വെള്ളക്കാരെക്കുറിച്ചും പറയുന്നുണ്ട്. കൊച്ചി പണ്ടേക്കു പണ്ടേ ഒരു ഗന്ധർവനഗരമായിരുന്നു എന്നതിന് മറ്റൊരുദാഹരണം ഉണ്ണുനീലിസന്ദേശമാണ്. 'കൊച്ചീലൊരച്ചിക്കു മീശവന്നു, സായിപ്പിന്‍റെ താടിക്കു തീപിടിച്ചു' എന്നൊരു നാടൻപാട്ട് മലബാറിലും കേട്ടിരുന്നു.
അടിമവ്യാപാരകാലത്ത് കൊച്ചിയിൽ നിന്ന് ധാരാളം യുവതികളെ മറുനാടുകളിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നതും പഴങ്കഥയാണ്.
പഴയ കഥകളിൽ വിടർന്നിരുന്ന കൊച്ചിയുടെ പുതിയ രൂപം നമ്മളെ ആശങ്കപ്പെടുത്തണം. ഭയപ്പെടുത്തണം. ചിന്തിപ്പിക്കണം.
ഇനി വൈകരുത്. എല്ലാവരും ചേർന്ന് കൊച്ചിയെ ആസുരമായ ലഹരികളിൽനിന്ന്, ഹിംസകളിൽനിന്ന്, നാഗരിക വിഷങ്ങളിൽനിന്ന് തിരിച്ചുപിടിക്കണം. അത് കേരളത്തിന്‍റെ ആവശ്യമാണ്. പുതിയ തലമുറയെ സ്നേഹിക്കുന്നവരുടെ ആവശ്യമാണ്.
Phone: 9447809631
Email: krpramod.com