കുമാരപ്പിള്ള സാർ ഒരു നിർമിതബുദ്ധിയാണ്!
(ഞങ്ങളുടെ ദേശത്തെ ആസ്ഥാന ബുദ്ധിജീവിയും താത്വികാവലോകന വിശാരദനുമാണ് കുമാരപിള്ള സാർ. വിമാനം പോലെയാണ് അദ്ദേഹത്തിന്‍റെ ബുദ്ധി എന്നാണ് നാട്ടിലെ സംസാരം. അതിരാവിലെ അദ്ദേഹം നടക്കാനിറങ്ങും. അപ്പോഴാണ് ഞങ്ങൾ, ചെറുപ്പക്കാരുടെ ചോദ്യങ്ങൾക്ക് മൂപ്പർ താത്വികമായ മറുപടികൾ നൽകുന്നത്. ഇന്നലെയും പുതിയ സംശയങ്ങളുമായി ഞങ്ങൾ അദ്ദേഹത്തെ അനുഗമിച്ചു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്ന നിർമിതബുദ്ധി നാട്ടിൽ സോഷ്യലിസം കൊണ്ടുവരുമെന്ന പുതിയ തിയറിയായിരുന്നു സംസാര വിഷയം.)
കുമാരപിള്ള സാർ: "എന്തുണ്ട് വിശേഷങ്ങൾ? നാട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ?'
ഞങ്ങൾ: "ഒരു പ്രശ്നവുമില്ല, സർ! നാട്ടിൽ തേനും പാലും ഒഴുകുന്നുണ്ട്. മഴ യഥേഷ്ടം പെയ്യുന്നുണ്ട്. പശുക്കൾ നല്ലതുപോലെ പാൽ തരുന്നു. സൂര്യൻ കൃത്യമായി കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നുണ്ട്.'
സാർ: "പിന്നെന്താണ് പ്രശ്നം?'
ഞങ്ങൾ: "അതല്ല സർ! നിർമിതബുദ്ധി എന്ന "എഐ' നടപ്പിലായാൽ നാട്ടിൽ സോഷ്യലിസം വിടരുമെന്ന് നമ്മുടെ നേതാവ് കഴിഞ്ഞദിവസം പ്രസംഗിച്ചതാണ് ഞങ്ങളെ ചിന്താധീനരാക്കുന്നത്.'
സാർ: "അതൊന്നുമോർത്ത് നിങ്ങൾ പേടിക്കേണ്ട! സോഷ്യലിസം പ്രകൃതിയുടെ വിളിയാണ്. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുക തന്നെ ചെയ്യും.'
ഞങ്ങൾ: "കട്ടൻ കാപ്പിയുടെയും പരിപ്പുവടയുടെയും കാലമല്ലല്ലോ ഇത്! ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും സോഷ്യൽ മീഡിയയും സൈബർസർപ്പങ്ങളും നിറഞ്ഞ പുതിയലോകം വന്നുകഴിഞ്ഞു. ഈ ഭീകരമായ ദശാസന്ധിയിൽ എന്തു ചെയ്യണമെന്ന് ഒരുപിടിയുമില്ലാതെ ഞങ്ങൾ നിൽക്കുമ്പോഴാണ് നേതാവിന്‍റെ സുവിശേഷ പ്രസംഗം. ഇതോടെ കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയെന്ന നിലയിലാണ് അണികൾ.'
പുതിയ നൂറ്റാണ്ടിലെ ചോദ്യം
കുമാരപിള്ള സാർ ഇതുകേട്ട് ഒരുനിമിഷം അന്തവും കുന്തവുമില്ലാതെ ചിന്തിച്ചുനിന്നു. ഒടുവിൽ ഒരു വിധത്തിൽ പുഞ്ചിരി വരുത്തി, പരിഭ്രമം പുറത്തു കാട്ടാതെ മൂപ്പർ പറഞ്ഞു: "അമ്പട! ഉഗ്രൻ സംശയമാണല്ലോ ചോദിക്കുന്നത്! ഒരു നൂറുവർഷം മുമ്പോട്ടു ചിന്തിച്ചാൽ മാത്രമേ ഇതിന് ഉത്തരം പറയാൻ സാധിക്കുകയുള്ളൂ! ഒരു താത്വിക പണ്ഡിതൻ എന്നനിലയിൽ ഈ ചോദ്യം എനിക്കൊരു കീറാമുട്ടിയാണ്. ഇതിനു മുമ്പ് ഒരു നേതാവും അഭിമുഖീകരിച്ചിട്ടില്ലാത്ത വെല്ലുവിളിയും ദാർശനിക സമസ്യയുമാണിത്!"
ഞങ്ങൾ: "സാറേ! ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നത് നിസാര സംഗതിയല്ല. അത് നാടിനെ സമൂലം മാറ്റിമറിക്കും. നമ്മുടെ തത്വശാസ്ത്ര ഗ്രന്ഥങ്ങളെയും പഞ്ചനക്ഷത്ര സ്മാരകങ്ങളെയും രസീതു കുറ്റിയെയും അറബിക്കടലിലെറിയും. നമ്മുടെ കഞ്ഞികുടി മുട്ടും!'
സാർ (ഞെട്ടൽ മറച്ച്): "വെറുതെ പേടിപ്പിക്കാതെ! എഐ സാങ്കേതികവിദ്യ വളർന്നാൽ അത് സോഷ്യലിസത്തിലേക്കുള്ള യാത്രയായിരിക്കും'.
ഞങ്ങൾ: "ഇനിയുള്ള കാലത്ത് ഇത്തരം തള്ളലുകളൊന്നും ഏശുകയില്ല. സോഷ്യലിസവും നിർമിതബുദ്ധിയും മോരും മുതിരയും പോലെയല്ലേ? കടലും കടലാടിയും പോലയല്ലേ? ഗാന്ധിയും ഗണ്ടിയും പോലെയല്ലേ?'
സാർ: "നിങ്ങൾക്കെന്തറിയാം, കുട്ടികളെ! മോരും മുതിരയും ഒരുമിച്ചു കലർത്തുന്നതാണ് പ്രാക്റ്റിക്കൽ കോയിലേഷൻ പൊളിറ്റിക്സ്. അതൊരു വശ്യതന്ത്രമാണ്. വേശ്യാതന്ത്രമാണ്.'
ഞങ്ങൾ: "ട്രാക്റ്ററും കംപ്യൂട്ടറും നിർമിതബുദ്ധിയുമൊക്കെ മുതലാളിത്തത്തിന്‍റെ ഉപകരണങ്ങളല്ലേ? സോഷ്യലിസവുമായി അതിനെന്തു ബന്ധം?'
സാർ: "പറയാം! നിർമിതബുദ്ധിയും യന്ത്രമനുഷ്യനുമൊക്കെ ഇപ്പോൾ മുതലാളിത്തത്തിന്‍റെ കൈയിലാണ്. പക്ഷെ, ഇത് വിവിധ തലങ്ങളിൽ ഉപയോഗിക്കപ്പെടുമ്പോൾ മനുഷ്യാധ്വാനശേഷി അറുപതു ശതമാനം കുറയും. അപ്പോൾ അധ്വാനിക്കുന്ന വർഗത്തിന് അധ്വാനമില്ലാതാകും. എഐയാണ് അധ്വാനിക്കുന്നത്. ഇതോടെ കമ്പോളത്തിലെ ക്രയവിക്രയ ശേഷിയിലും അറുപതു ശതമാനത്തിന്‍റെ കുറവു വരും. മുതലാളിയുടെ ഉത്പന്നങ്ങൾ വാങ്ങാൻ ആളില്ലാതാകും.'
ഞങ്ങൾ: "സമ്മതിച്ചു, അതുകൊണ്ട് തൊഴിലാളികൾക്ക് എന്തു കിട്ടാനാണ്?'
സാർ: "സ്വത്ത് വാങ്ങാൻ ആളില്ലാതാകുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയല്ല, സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുകയാണ് ചെയ്യുക!'
ഞങ്ങൾ: "ഉഗ്രൻ തമാശ! ഇതാണോ വൈരുധ്യാത്മക ഭൗതിക അദ്വൈത വാദം?'
സാർ: "മണ്ട മണ്ഡൂകങ്ങളേ! നിങ്ങൾ ചിന്തിച്ചുനോക്കുവിൻ! ഇങ്ങനെ സമ്പന്നനും അതിസമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയുമ്പോൾ അത് മൗലികമായ മാറ്റത്തിനു കാരണമാകും. ഈ സാഹചര്യത്തെയാണ് മാർക്സ് സമ്പത്തിന്‍റെ വിഭജനമെന്നു പറഞ്ഞത്. അതാണ് സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ അടിസ്ഥാനം. അങ്ങനെയാണ് എഐയുടെ വളർച്ച സോഷ്യലിസത്തിലേക്കുള്ള പ്രയാണമായിത്തീരുന്നത്. ഇതാണ് ശരിയായ നവോത്ഥാനയാത്ര.'
ഞങ്ങൾ: "ഉഗ്രൻ! പുതിയ തലമുറയ്ക്കും സമൂഹത്തിനും കൊടുക്കാനുള്ള നല്ല മറുപടി! നമ്മുടെ പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിസന്ധി തീർന്നു. ഞങ്ങൾക്കിനി തലയുയർത്തി നടക്കാം!"
സാർ: "ഞാൻ പറഞ്ഞതുപോലെ വേണം മറ്റുള്ളവരോടു നിങ്ങളും പറയാൻ. എന്‍റെ കാലംകഴിഞ്ഞ് നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞോ!'
ഞങ്ങൾ: "സാർ എങ്ങനെ ഇക്കാര്യങ്ങൾ പഠിച്ചെടുത്തു? സാറിനെ കണ്ടാൽ ഇത്ര ബുദ്ധിമാനാണെന്ന് തോന്നുകയില്ല!'
സാർ' "ഞാനിതൊക്കെ നമ്മുടെ ബുദ്ധിജീവികളോട് ചോദിച്ച് എഴുതിയെടുത്തതാണ്. പുതിയ കാലത്ത് പിടിച്ചുനിൽക്കേണ്ടേ? കുടുംബശ്രീയുടെ അപ്പവും കെ റെയ്‌ലും പോലെ നിസാരമല്ല സംഗതികൾ!'
"വാഴക്കുല'യും നിർമിതബുദ്ധിയും
ഞങ്ങൾ: "എഐ സാങ്കേതികവിദ്യ ആശുപത്രികളിൽ നടപ്പാക്കിയിൽ ഡോക്റ്റർമാരും കൃഷിയിടത്തിൽ നടപ്പാക്കിയാൽ കർഷകരും ഫാക്റ്ററികളിൽ നടപ്പാക്കിയാൽ മുതലാളിമാരും ദാരിദ്ര്യവാസികളായിപ്പോകുമല്ലോ?!'
സാർ: "സ്വാഭാവികം! നിർമിത ബുദ്ധിയുടെ വൈഭവം നമ്മൾ ചിന്തിക്കുന്നതിലും അപ്പുറത്താണ്. ഭാവിയിൽ നമ്മുടെ മൊബൈൽ ഫോണിലൂടെ മികച്ച ചികിത്സ നേടാം! ലക്ഷക്കണക്കിന് സർജന്മാരുടെ അനുഭവപരിചയം തലച്ചോറിൽ ശേഖരിച്ചിട്ടുള്ള ഒരു യന്ത്രമനുഷ്യന് ഏതു ശസ്ത്രക്രിയയും വളരെ എളുപ്പമായി ഒരു തുള്ളി രക്തം പോലും വീഴ്ത്താതെ ചെയ്യാം! ഒരു തുള്ളി വിയർപ്പു പരിശോധിച്ച് ഈ റോബോട്ട് നമ്മുടെ അസുഖം കണ്ടെത്തിയെന്നിരിക്കും. ആയിരം കർഷകരുടെ അറിവുകൾ നേടിയ യന്ത്രമനുഷ്യനെ നമുക്ക് വിലയ്ക്കുവാങ്ങാൻ കഴിഞ്ഞേക്കും! നമ്മുടെ വിപ്ലവ ചൈനാക്കാർ പുല്ലുപോലെയല്ലേ, "ഡീപ്സീക്ക്' എന്ന എഐ സംവിധാനം കുറഞ്ഞചെലവിൽ നിർമിച്ച് അമെരിക്കയെപ്പോലും ഞെട്ടിച്ചത്!'
ഞങ്ങൾ: "മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണെന്ന് നമ്മുടെ പരമാചാര്യൻ പറഞ്ഞത് എത്ര ശരിയാണ്!'
സാർ: "മാറ്റം വളരെ വേഗത്തിലായിരിക്കും. സമൂഹം മുഴുവൻ മാറും. ഇപ്പോഴത്തെ മുതലാളിമാരും ഡോക്റ്റർമാരും കർഷകരുമൊക്കെ ഒടുവിൽ തൊഴിലാളിവർഗത്തോടൊപ്പം ചേരികളിൽ പഴങ്കഞ്ഞി കുടിച്ച് ഏകോദര സഹോദരങ്ങളെപ്പോലെ കഴിയും! അപ്പോൾ ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്കും കെ. ദാമോദരന്‍റെ പാട്ടബാക്കിക്കും ഒന്നും പ്രസക്തിയില്ലാതാകും.'
ഞങ്ങൾ: "നമ്മുടെ പാർട്ടി മാത്രം അന്നുമുണ്ടാകും! സൂര്യനസ്തമിക്കാത്ത സോഷ്യലിസ്റ്റു ലോകമായിരിക്കുമല്ലോ നിലനിൽക്കുക!'
സാർ: "ഇതിനു ചിലപ്പോൾ നൂറോ ഇരുന്നൂറോ വർഷങ്ങളെടുക്കും. സാമൂഹികപരിവർത്തനം എന്നുപറഞ്ഞാൽ ചുട്ട അപ്പംപോലെ കിട്ടുന്നതാണെന്നു വിചാരിക്കേണ്ട!'
ഞങ്ങൾ: "പക്ഷെ, പത്തുനൂറു വർഷം കഴിയുമ്പോൾ കേരളം ഉണ്ടാകുമോ?'
സാർ: "അതു നോക്കേണ്ട. നമ്മുടെ കാലംവരെ നമ്മൾ പിടിച്ചുനിന്നാൽ പോരേ? നമുക്കു ശേഷം പ്രളയം വന്നാൽ നമുക്കെന്തു ചേതം?'
ഞങ്ങൾ: "പുരയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കു മേലേ തോണി!'
സാർ: "അല്ലെങ്കിലും ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജസിന് സാമന്യബുദ്ധിയോ വിവേകമോ ഇല്ല. എല്ലാം ആർട്ടിഫിഷ്യലാണ്. നമ്മൾ ഫീഡ് ചെയ്തു കൊടുക്കുന്നത് തത്ത പോലെ പറയും! ചെയ്യും! അത്രയേയുള്ളൂ!'
ഞങ്ങൾ: "അപ്പോൾ, നമ്മളെപ്പോലെ തന്നെ!'
സാർ (ചിരിക്കുന്നു): "കറക്റ്റ്! കറക്റ്റ്! നിങ്ങളെപ്പോലെ ഞാനുമൊരു ആർട്ടിഫിഷ്യൽ ബുദ്ധിക്കാരനാണെടോ!'.
(9447809631)