
കുമ്പനാട് (തിരുവല്ല): മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ പ്രവാസികളുള്ള കുമ്പനാട് എന്ന പ്രദേശത്തെപ്പറ്റി ബിബിസി ന്യൂസ് പ്രസിദ്ധീകരിച്ച വാർത്ത ആ നാടിനെ കരിവാരിത്തേക്കുന്നതാണെന്ന് ആരോപണം.
കേരളം വൈകാതെ വയോധികര് മാത്രം താമസിക്കുന്ന സംസ്ഥാനമായി മാറുമെന്ന ബിബിസി വാർത്തയ്ക്കെതിരെ വൻ പ്രതിഷേധമാണു നാട്ടുകാരും പഞ്ചായത്ത് അധികൃതരും ഉയർത്തുന്നത്. സോഷ്യൽ മീഡിയയിലും ഈ വാർത്ത വലിയ ചർച്ചയും വിവാദവുമായി. പത്തനംതിട്ട ജില്ലയിലെ കുമ്പനാടിനെ അടിസ്ഥാനമാക്കി തയാറാക്കിയ പ്രത്യേക ഫീച്ചർ ബിബിസി കഴിഞ്ഞ ദിവസമാണു പ്രസിദ്ധീകരിച്ചത്. എന്നാൽ ഇതിനെതിരെ കുമ്പനാട്ടുകാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
"കേരളം: ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യത്തെ ഒരു പ്രേത നഗരം' എന്ന പേരിലാണ് ബിബിസി വാർത്ത പ്രസിദ്ധീകരിച്ചത്. പണക്കാരായ മക്കൾ വലിയ വീടുകൾ നിർമിച്ച് പ്രായമായ മാതാപിതാക്കളെ തനിച്ചാക്കി വിദേശരാജ്യങ്ങളിലേക്ക് പോകുന്നുവെന്നും, പല വീടുകളും പൂട്ടിക്കിടക്കുന്നുവെന്നുമാണ് വാർത്തയിൽ പറയുന്നത്. സ്കൂളുകളിലൊന്നും കുട്ടികളില്ലെന്നും മിക്ക വീടുകളിലും കാവൽ നായ്ക്കളുടെ സ്ഥാനം സിസിടിവി ക്യാമറകൾ ഏറ്റെടുത്തെന്നും വാർത്തയിലുണ്ട്.
കുമ്പനാടും അതിനെ ചുറ്റിപ്പറ്റിയുള്ള അരഡസനോളം പച്ചപ്പുള്ള ഗ്രാമങ്ങളും 25,000ത്തോളം ആളുകൾ വസിക്കുന്നു. ഇവിടെയുള്ള 11,118 വീടുകളിൽ ഏകദേശം 15% പൂട്ടിക്കിടക്കുന്നത് ഉടമകൾ വിദേശത്തേക്ക് കുടിയേറുകയോ മക്കളോടൊപ്പം താമസിക്കുന്നതു കൊണ്ടോ ആണെന്ന് കോയിപ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വരയന്നൂർ വാർഡ് അംഗവുമായ സി.ജെ. ആശ സിജെ പറയുന്നു. 20 സ്കൂളുകളുണ്ടെങ്കിലും വിദ്യാർഥികൾ വളരെ കുറവാണ്.
"നമുക്ക് എന്തുചെയ്യാൻ കഴിയും? സ്കൂളുകളിൽ കുട്ടികളില്ലാത്ത സാഹചര്യമാണിവിടെ. നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ജനങ്ങളുടെ കുറവ് സ്കുളുകളെയും ബാധിച്ചിരിക്കുന്നു'- സ്കൂൾ പ്രിൻസിപ്പൽ ജയദേവി വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. വർഷങ്ങളായി കുമ്പനാട്ടിലെ സ്കൂളുകളിൽ വിദ്യാർത്ഥികളില്ലെന്നുള്ള അസാധാരണമായ സാഹചര്യം നിലനിൽക്കുന്നു. വിദ്യാർഥികളെ തേടി അധ്യാപകർക്ക് അലയേണ്ടി വരുന്നു. സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി വിദ്യാർഥികളെ സ്കൂളിൽ എത്തിക്കുന്ന അധ്യാപകർ പോലുമുണ്ട്- ബിബിസി പറയുന്നു.
ഒരു ആശുപത്രി, ഒരു സർക്കാർ ക്ലിനിക്ക്, 30ലധികം ഡയഗ്നോസ്റ്റിക് സെന്ററുകൾ, 3 വൃദ്ധസദനങ്ങൾ എന്നിവ നിലവിലുള്ള ജനസംഖ്യാ വൈചിത്ര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. അതേസമയം രണ്ട് ഡസനിലധികം ബാങ്കുകൾ ഇവിടെ പ്രവർത്തിക്കുന്നു. അര കിലോമീറ്റർ ഇടവിട്ട് ബാങ്കുകളുടെ ശാഖകൾ കാണാം- ബിബിസി ചൂണ്ടിക്കാട്ടി.
വാർധക്യം മാത്രമാണ് ഇവിടെ പ്രശ്നമെന്ന് കുമ്പനാട് വയോജന കേന്ദ്രം നടത്തുന്ന ഫാ. തോമസ് ജോൺ പറഞ്ഞു. മിക്ക കുട്ടികളും വിദേശത്താണ് താമസിക്കുന്നത്, വളരെ പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്ക് മാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ല- അദ്ദേഹം പറഞ്ഞു.
75 വർഷം പഴക്കമുള്ള ധർമഗിരി വൃദ്ധസദനത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ള 60 പേർ താമസിക്കുന്നു. കഴിഞ്ഞ വർഷം 31 പേർക്കാണ് പുതുതായി പ്രവേശനം ലഭിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം കെട്ടിടങ്ങളുണ്ട്. വെയിറ്റിങ് ലിസ്റ്റ് വളരുന്നു. 60 മുതിർന്നവരെ ഉൾക്കൊള്ളാൻ കഴിയുന്ന 30 മുറികളുള്ള പുതിയ കെട്ടിടം വരുന്നു. ഞങ്ങളോടൊപ്പം താമസിക്കുന്ന സ്ത്രീകളിൽ ഭൂരിഭാഗവും തട്ടിപ്പിന് ഇരകളാണ് അവരിൽ ചിലർ വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ടവരാണ്- ഹോം നടത്തിപ്പുകാരനായ ഫാ. കെ.എസ്. മാത്യൂസ് പറഞ്ഞു.
അടച്ചുറപ്പുള്ള വീടുകളായതിനാൽ ആക്രമണങ്ങൾ സംബന്ധിച്ച പരാതികൾ കുറവാണെന്നും, എന്നാൽ വഞ്ചനയെക്കുറിച്ച് മാത്രമാണ് തങ്ങൾക്ക് പരാതികൾ ലഭിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. വൃദ്ധർ അവരുടെ ബന്ധുക്കളിൽ നിന്നോ വീട്ടുജോലിക്കാരിൽ നിന്നോ വഞ്ചിക്കപ്പെടുന്നു, അവർ വ്യാജ ഒപ്പിട്ട് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നു- ലോക്കൽ പൊലീസ് സ്റ്റേഷൻ ചീഫ് ഇൻസ്പെക്റ്റർ വി. സജീഷ് കുമാർ പറഞ്ഞു.
പതിറ്റാണ്ടുകളായി ഇരുനില വീട്ടിൽ തനിച്ചാണ് 74 വയസുള്ള അന്നമ്മ ജേക്കബ് താമസിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന അവരുടെ ഭർത്താവ് 1980-കളുടെ തുടക്കത്തിൽ അന്തരിച്ചു. അവരുടെ 50 വയസ്സുള്ള മകൻ രണ്ട് പതിറ്റാണ്ടിലേറെയായി അബുദാബിയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഒരു മകൾ കുറച്ച് മൈലുകൾ അകലെയാണ് താമസിക്കുന്നത്, പക്ഷേ അവളുടെ ഭർത്താവ് മൂന്ന് പതിറ്റാണ്ടായി ദുബായിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു.
എന്നാൽ, താൻ അങ്ങനെ പറഞ്ഞില്ലെന്നും കുമ്പനാടിനെ ചെളി വാരിത്തേക്കുകയാണ് വാർത്തയിലൂടെ ബിബിസി ചെയ്തതെന്നും പഞ്ചായത്ത് പ്രസിഡന്റ് ആശ പറഞ്ഞു. അന്നമ്മ ജേക്കബ് എന്ന വയോവൃദ്ധയുടെ ചിത്രം വച്ച് നൽകിയ വാർത്തയോട് അവരും അവരുടെ മകനും ശക്തമായി വിയോജിച്ചു. സൗതിക് ബിശ്വാസ് എന്ന റിപ്പോർട്ടറാണ് ഫോട്ടൊഗ്രാഫറോടൊപ്പം കുമ്പനാട്ട് യാത്ര ചെയ്ത് റിപ്പോർട്ട് തയാറാക്കിയത്.
ബിബിസി പറയുന്ന അന്നമ്മ ജേക്കബിന്റെ കഥ:
""കുമ്പനാട്ടെ ചുവന്ന ടൈൽ പാകിയ ഇരുനില വീടിന്റെ ഉയരമുള്ള ഇരുമ്പ് ഗേറ്റിനുള്ളിൽ അന്നമ്മ ജേക്കബ് എന്ന 74കാരി ഒറ്റയ്ക്കു നിൽക്കുകയാണ്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്ന അന്നമ്മയുടെ ഭർത്താവ് 1980കളുടെ തുടക്കത്തിൽ അന്തരിച്ചു. അവരുടെ മകന് ഇപ്പോൾ 50 വയസായി. രണ്ട് പതിറ്റാണ്ടിലേറെയായി അബുദാബിയിലാണ് ജോലി ചെയ്യുന്നത്. താമസവും അവിടെത്തന്നെ. മകൾ കുറച്ചകലെയാണ് താമസിക്കുന്നുണ്ട്. മകളുടെ ഭർത്താവ് 3 പതിറ്റാണ്ടിലേറെയായി ദുബായിൽ ജോലി ചെയ്യുന്നു.
അന്നമ്മയുടെ വീടിന്റെ തൊട്ടടുത്ത വീടുകളിലൊന്നും താമസക്കാരില്ല. ഒരു അയൽക്കാരി ബഹ്റൈനിൽ നഴ്സാണ്. അവർ അവരുടെ വീട് പൂട്ടി മാതാപിതാക്കളെ ബഹ്റൈനിലേക്ക് കൊണ്ടുപോയി. മറ്റൊരാൾ ദുബായിലേക്ക് താമസം മാറ്റി. ആ വീട് ഒരു വൃദ്ധ ദമ്പതികൾക്ക് വാടകയ്ക്കു നൽകിയിരിക്കുന്നു.
അന്നമ്മയുടെ അയൽപക്കമെന്ന് പറയുന്നത് വിജനതയാണ്. മരച്ചീനി, വാഴ, തേക്ക് എന്നിവ സമൃദ്ധമായി നിൽക്കുന്ന ഭൂമികളുടെ നടുവിൽ വിശാലമായ മുറ്റങ്ങളുള്ള സുന്ദരമായ വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആ വീടുകളിലേക്കുള്ള വഴികളൊക്കെ ഉണങ്ങിയ ഇലകൾ വീണ് മൂടിക്കിടക്കുന്നു. വീടുകളുടെ പോർച്ചിൽ ഉപയോഗിക്കാതെ കിടക്കുന്ന കാറുകൾ പൊടിയിൽ മൂടിയിരിക്കുന്നു. കാവൽ നായ്ക്കളുടെ സ്ഥാനം സിസിടിവി ക്യാമറകളും ഏറ്റെടുത്തിരിക്കുന്നു.
ഇന്ത്യയിലെ അരാജകത്വവും തിരക്കേറിയതുമായ പട്ടണങ്ങളിൽ നിന്ന് വ്യത്യസ്തമായി കുമ്പനാട്ടെ പ്രദേശങ്ങൾ വിജനവും പകുതി മരിച്ചവയുമാണ്. നാട്ടുകാർ ഉപേക്ഷിച്ച പട്ടണം എന്നു വേണമെങ്കിൽ കുമ്പനാടിനെ വിശേഷിപ്പിക്കാം. അതേസമയം ജനങ്ങൾ മാത്രമാണ് ഇവിടെ കുറവുള്ളത്. വീടുകൾ ആളൊഴിഞ്ഞവയാണെങ്കിലും അവ സ്ഥിരമായി പെയിന്റ് ചെയ്തിടാൻ ഉടമസ്ഥർ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ ആ വീടുകൾ ഏത് ദിവസവും താമസക്കാരെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അവർ വരാറില്ലെന്നുള്ളതാണ് യാഥാർഥ്യം.
"ഞാനിവിടെ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഒറ്റപ്പെട്ട ജീവിതമാണ്. ഇപ്പോൾ എന്റെ ആരോഗ്യം പോലും ശരിയല്ല' - അന്നമ്മ ജേക്കബ് പറയുന്നു.
ഇതിനിടെ അന്നമ്മ ജേക്കബ് വിദേശയാത്ര നടത്തിയിരുന്നു. ഹൃദ്രോഗവും സന്ധിവേദനയും ഉണ്ടായിരുന്നിട്ടും മകനും കൊച്ചുമക്കൾക്കും ഒപ്പം ചിലവഴിക്കാൻ കഴിയുമല്ലോ എന്നോർത്താണ് അവർ അത് ചെയ്തത്. ജോർദാൻ, അബുദാബി, ദുബായ്, ഇസ്രായേൽ എന്നിവിടങ്ങളിൽ അവർ മക്കളോടൊപ്പം അവധിക്കാലം ചെലവഴിച്ച ശേഷം തിരിച്ചെത്തി.
അന്നമ്മ ജേക്കബിന്റെ പരവതാനി വിരിച്ച സ്വീകരണമുറിയിൽ ചിതറിക്കിടക്കുന്ന വസ്തുക്കൾ അവരുടെ വിദേശബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്നു. വിദേശത്തു നിന്ന് കൊണ്ടുവന്ന പാരസെറ്റമോൾ ഗുളികകൾ, പിസ്ത, കശുവണ്ടിപ്പരിപ്പ്, ചൈനയിൽ നിർമിച്ച പാത്രങ്ങളിൽ നിറച്ച മഞ്ഞ പേപ്പർ പൂക്കൾ എന്നിവയെല്ലാം അവിടെ കാണാം. ഇതിനിടയിൽ ഇറക്കുമതി ചെയ്ത ബോഡി വാഷിന്റെ ഒരു കുപ്പിയുമുണ്ട്.
ഒരാൾക്ക് മാത്രം ഒറ്റയ്ക്ക് താമസിക്കാൻ 12 മുറികളുള്ള ഒരു വീടിന്റെ ആവശ്യമെന്തായിരുന്നു? സ്വാഭാവികമായി ഈ ചോദ്യം ഉയർന്നപ്പോൾ അതിനുത്തരവും അന്നമ്മ ജേക്കബിന്റെ പക്കലുണ്ടായിരുന്നു. "ഇവിടെ എല്ലാവരും നിർമ്മിക്കുന്നത് വലിയ വീടുകൾ തന്നെയാണ്'. ശേഷം അവർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "അത് സ്റ്റാറ്റസിന്റെ പ്രശ്നം കൂടിയാണ്'.
അന്നമ്മ ജേക്കബിന്റെ വീട്ടുമുറ്റത്തെ ഫാമിൽ മരച്ചീനി, വാഴ, ഇഞ്ചി, ചേന, ചക്ക എന്നിവയൊക്കെ കൃഷി ചെയ്യുന്നുണ്ട്. ഈ ഫാമിൽ അവൾ ധാരാളം സമയം ചെലവഴിക്കുന്നുമുണ്ട്. ബാക്കിയുള്ള സമയത്ത് അവർ പ്രാർഥിക്കുകയും പത്രങ്ങൾ വായിക്കുകയും ചെയ്യും. വീടിനു പുറത്ത് ഒരു നായ്ക്കൂട് കാണാം. അതിനുള്ളിൽ ഡയാന എന്ന പേരിൽ ഒരു നായയെയും.
"ചില ദിവസങ്ങളിൽ എനിക്ക് സംസാരിക്കാൻ ഡയാന മാത്രമേ ഉണ്ടാകാറുള്ളൂ. എന്നെ മനസിലാക്കുന്ന ഒരേ ഒരാൾ അതു മാത്രമാണ്'- അന്നമ്മ ജേക്കബ് പറയുന്നു.
ആരോഗ്യം മോശമായ പ്രായം കൂടിയാണിത്. കൃഷിയിടത്തിൽ ജോലി ചെയ്താൽ പെട്ടെന്ന് തന്നെ ക്ഷീണതയാകും. അതുകൊണ്ടുതന്നെ തനിക്ക് ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്ന് അന്നമ്മ ജേക്കബ് പറയുന്നു. പുറത്തുനിന്ന് തൊഴിലാളികളെ വിളിക്കാമെന്നു വച്ചാൽ അവരുടെ വേതനം വലിയ പ്രതിസന്ധി തന്നെയാണ്. ദിവസക്കൂലിക്കാരനായ ഒരാൾക്ക് 1,000 രൂപ കൂലിയായി നൽകണം- അന്നമ്മ ജേക്കബ് ചൂണ്ടിക്കാട്ടുന്നു.