കാട്ടിൽ കുടുങ്ങി, തണുത്ത് വിറങ്ങലിച്ച് ഒരു രാത്രി; രക്ഷകരായി വനംവകുപ്പ് | VIDEO
ആനകൾ വിഹരിക്കുന്ന കൊടുംകാടിനുള്ളിൽ വഴിതെറ്റി കുടുങ്ങിപ്പോയ മൂന്നു പേരെ രാവും പകലും നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ സുരക്ഷിതമായി വീട്ടിലെത്തിച്ചതിന്‍റെ ആശ്വാസത്തിലാണ് കുട്ടമ്പുഴയിവെ വനംവകുപ്പ് ഉദ്യോഗസ്ഥർ. ഡ്രോണുകൾ അടക്കം ഉപയോഗിച്ചു നടത്തിയ തെരച്ചിലാണ് ഒടുവിൽ ഫലം കണ്ടത്. പാറുക്കുട്ടി കുഞ്ഞ്, മായ ജയൻ, ഡാർലി സ്റ്റീഫൻ എന്നിവരാണ് പശുവിനെ തേടി കാട്ടിനുള്ളിൽ കയറി ഒടുവിൽ ദിശയറിയാതെ കുടുങ്ങിപ്പോയത്. ആനയെ കണ്ട് ഭയന്നോടിയതോടെയാണ് വഴി തെറ്റിയത്.
ഒരു രാത്രി മുഴുവൻ തണുത്തും വിറച്ചും ഭയന്നും പ്രാർഥനയോടെ വലിയൊരു പാറയ്ക്കു മേൽ കയറിയിരുന്നാണ് സമയം കഴിച്ചതെന്ന് മൂവരും പറയുന്നു. പശുവിനെ തേടി മൂവരും കാടുകയറി മണിക്കൂറുകൾക്കുള്ളിൽ തന്നെ കാണാതായ പശു നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നുവെന്നതാണ് മറ്റൊരു കൗതുകം. ഡിഎഫ്ഒ കുറ ശ്രീനിവാസ് ഐ.എഫ്.എസിന്‍റെയും കുട്ടമ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആർ. സഞ്ജീവ് കുമാറിന്‍റെയും നേതൃത്വത്തിൽ 50 പേരോളമാണ് രാവും പകലും നീണ്ടു നിന്ന തെരച്ചിൽ ദൗത്യത്തിൽ പങ്കാളികളായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും അടങ്ങുന്ന സംഘവും തെരച്ചിലിൽ പങ്കാളികളായി.
ബുധനാഴ്ച മുതൽ കാണാതായ പശുവിനെ തേടിയിറങ്ങിയതാണ് മൂന്നു പേരും. നടന്നു നടന്ന് വഴി തെറ്റി. തിരിച്ചു പോകാൻ കഴിയാതെ കാട്ടിനുള്ളിൽ തന്നെ കുടുങ്ങി. ഇടയ്ക്ക് ഒരു കാട്ടാനയെ കണ്ട് ഭയന്നു. അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. വനത്തിനുള്ളിൽ ആനയെ കണ്ട് ഭയന്നോടിയെന്നും ഉയരമുള്ളൊരു പാറക്കെട്ടിൽ ഇരിപ്പുണ്ടെന്നും മായ ഫോണിൽ വിളിച്ചു പറഞ്ഞ വിവരം മാത്രമേ വീട്ടുകാർക്കുണ്ടായിരുന്നുള്ളൂ. തിരിച്ചെത്തുമെന്ന് കരുതി ഏറെ നേരം കാത്തിരുന്നുവെങ്കിലും വൈകിയിട്ടും എത്താതായതോടെ ഫോറസ്റ്റ് ഓഫിസർമാരെ വിവരമറിയിച്ചു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഫയർ ഫോഴ്സും പൊലീസും സ്ഥലത്തെത്തി. 15 പേരടങ്ങുന്ന മൂന്നു ടീമുകൾ കാട്ടിനുള്ളിൽ പോയി പരിശോധിച്ചു. ഇടയ്ക്ക് ഡ്രോൺ ഉപയോഗിച്ചും തെരഞ്ഞു. മഞ്ഞും ഇരുട്ടും കനത്തതോടെ ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിൽ നിഷ്ഫലമായി. പിന്നീട് ഫോറസ്റ്റ് വാച്ചർമാരുടെ നേതൃത്വത്തിൽ 15 പേരടങ്ങുന്ന രണ്ട് സംഘവും 5 പേർ വീതമുള്ള രണ്ട് സംഘവുമായി വീണ്ടും കാട്ടിലേക്ക്. ഏറെ നേരം തെരഞ്ഞിട്ടും ഫലമുണ്ടായില്ല. മൂവരുടെയും ഫോണിൽ ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു. തെരച്ചിലിനായി കൊണ്ടു പോയ ടോർച്ചിലെ ചാർജ് തീർന്നു തുടങ്ങിയതോടെ മടങ്ങാതെ നിവൃത്തിയില്ലെന്നായി.
ഇടയ്ക്ക് തെരച്ചിൽ സംഘത്തിലെ ഒരാളെ നിരുപദ്രവകാരിയായ ചുരുട്ടയെന്ന പാമ്പ് കടിച്ചതും പ്രതിസന്ധിയായി. ഇയാളെയും കൂട്ടി വെളുപ്പിന് മൂന്നരയോടെ മൂന്നു സംഘങ്ങളും കാടിനു വെളിയിലെത്തി. ഒരു വലിയ സംഘം അപ്പോഴും കാടിനുള്ളിൽ തന്നെ തുടർന്നു. പിന്നീട് വെളുപ്പിന് ആറു മണിയോടെയാണ് തെരച്ചിൽ പുരനാരംഭിച്ചത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന തെരച്ചിലിനൊടുവിൽ അഞ്ച് കിലോമീറ്ററോളം ഉള്ളിലായി അറക്കമുത്തി എന്ന ഭാഗത്ത് നിന്ന് വലിയ പാറക്കെട്ടിനു മുകളിൽ ഇരുന്നിരുന്ന മൂന്നു പേരെയും കണ്ടെത്തി.
പൂയംകുട്ടി മെഡിസിനൽ പ്ലാന്‍റേഷൻ അത്തിക്കളത്തെ താമസക്കാരാണ് മൂന്നു പേരും. അഞ്ച് വർഷം മുൻപ് ഇതു പോലൊരാൾ കാട്ടിനുള്ളിൽ പോയി പിറ്റേ ദിവസം തിരിച്ചു വന്ന സംഭവമുണ്ടായിട്ടുണ്ട്.