

അന്താരാഷ്ട്ര ചലച്ചിത്ര മേള
അശുതോഷ് ഗോവാരിക്കർ
പ്രിയ ചലച്ചിത്ര മേള ആസ്വാദകരേ,
ഗോവയിൽ 57ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേള ആരംഭിക്കുമ്പോൾ ഈ വർഷത്തെ മേളയുടെ വിസ്മയകരമായ വൈവിധ്യവും വിപുലതയും ഔദ്യോഗിക കാറ്റലോഗിലൂടെ നിങ്ങൾക്ക് പരിചയപ്പെടാം. 267 പേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കാറ്റലോഗ് നിങ്ങളെ കാത്തിരിക്കുന്ന ചലച്ചിത്രാനുഭവങ്ങളുടെ വഴികാട്ടിയാണ്. തുടക്കത്തിലെ രണ്ട് പേജുകളിലെ പ്രധാന വിശേഷങ്ങൾ വരാനിരിക്കുന്ന അനുഭവങ്ങളുടെ ഒരു ദ്രുത ചിത്രം നൽകുന്നു.
ഗോവയിൽ നാം ഒത്തുചേരുമ്പോൾ, നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന ചില അനുഭവങ്ങൾ പങ്കുവയ്ക്കട്ടെ.
ഈ വർഷത്തെ കേന്ദ്ര പ്രമേയം ""അതിരുകളില്ലാത്ത കഥകൾ'' (Stories Without Borders) എന്നതാണ്. ചിന്തിച്ചു നോക്കൂ. ആയിരക്കണക്കിന് കിലോമീറ്റർ അകലെ, നിങ്ങൾക്ക് മനസിലാകാത്ത ഭാഷയിൽ നിർമിച്ച ഒരു സിനിമയ്ക്കു പോലും നിങ്ങളെ ചിരിപ്പിക്കാനും വികാരഭരിതരാക്കാനും കഴിയും. സിനിമയുടെ അവസാന ക്രെഡിറ്റുകൾ കഴിഞ്ഞിട്ടും ഏറെ നേരം നിങ്ങളെ ചിന്തിപ്പിച്ചേക്കാം. സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന രാജ്യത്തെയോ സംസ്കാരത്തെയോ ജനങ്ങളെയോ കുറിച്ച് നിങ്ങൾക്ക് അധികമൊന്നും അറിയില്ലായിരിക്കാം. എന്നിട്ടും അവരുടെ കഥകളിൽ നിങ്ങൾക്ക് പരിചിതമായ എന്തെങ്കിലും കണ്ടെത്താനാകും.
അകലെയുള്ള ലോകങ്ങളെ കൂടുതൽ അടുത്തെത്തിക്കാനും അപരിചിതമായവയെ അത്ര അകലെയല്ലെന്ന് തോന്നിപ്പിക്കാനും സിനിമയ്ക്ക് എക്കാലത്തും കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്ക് സംസാരിക്കാനറിയാത്ത ഭാഷയിലെ ഒരു സിനിമ കാണുമ്പോഴും അതിലെ കഥാപാത്രങ്ങളോടും അവരുടെ വികാരങ്ങളോടും അനുഭവങ്ങളോടും ബന്ധപ്പെടാൻ കഴിയുമ്പോൾ, അത്ഭുതകരമായ എന്തോ സംഭവിക്കുന്നു. അപരിചിതമായ ലോകങ്ങൾ തമ്മിലുള്ള അകലം കുറയാൻ തുടങ്ങുന്നു. നമ്മുടെ ഭാഷകളും സംസ്കാരങ്ങളും അനുഭവങ്ങളും വ്യത്യസ്തമായിരിക്കാമെങ്കിലും, നമ്മെ മനുഷ്യരാക്കുന്ന വികാരങ്ങൾ പലപ്പോഴും ഒരേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് ഇത് ഓർമിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അതാണ് അതിരുകളില്ലാത്ത കഥകൾ എന്ന പ്രമേയത്തിന്റെ സത്ത.
ഈ ആശയം അനുഭവിച്ചറിയാൻ ഈ വർഷത്തെ ചലച്ചിത്ര തിരഞ്ഞെടുപ്പ് നിരവധി വഴികൾ തുറന്നു നൽകുന്നു. ആദ്യത്തെ അതിർത്തി ഭൂമിശാസ്ത്രപരമാണ്. 86 രാജ്യങ്ങളിൽ നിന്നുള്ള 159 അന്താരാഷ്ട്ര സിനിമകളാണ് ഈ വർഷം മേള ഒരുമിച്ചു കൊണ്ടുവരുന്നത്. സ്പെയിൻ ആദരണീയ രാജ്യമായി ശ്രദ്ധാകേന്ദ്രമാകുമ്പോൾ, റഷ്യ പങ്കാളി രാജ്യമായി ചേരുന്നു.
അടുത്ത അതിർത്തി ഭാഷാപരവും സാംസ്കാരികവുമാണ്. നമുക്കു പരിചിതമായ ഭാഷകൾക്കും പ്രദേശങ്ങൾക്കും അപ്പുറം ഇന്ത്യൻ സിനിമയിൽ കണ്ടെത്താൻ ഏറെ കാര്യങ്ങളുണ്ട്. ഈ വർഷത്തെ ഇന്ത്യൻ പനോരമയിൽ 18 ഇന്ത്യൻ ഭാഷകളിലായി 76 സിനിമകൾ ഉൾപ്പെടുന്നു. ലഡാഖ്, ഗോവ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള സിനിമകളുൾപ്പെടെ രാജ്യത്തിന്റെ ചലച്ചിത്ര വൈവിധ്യം ഈ വിഭാഗം അവതരിപ്പിക്കുന്നു.
മൂന്നാമത്തെ അതിർത്തി കാലമാണ്. ഒരു ചലച്ചിത്ര മേള സമകാലിക സിനിമകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. എന്നാൽ മികച്ച സിനിമകൾക്കു കാലാവധി നിശ്ചയിക്കാനാവില്ല. ഈ വർഷം ജന്മശതാബ്ദി ആഘോഷിക്കുന്ന വിഖ്യാത ചലച്ചിത്രകാരൻ ആൻഡ്രെ വാജ്ദയ്ക്ക് ആദരമർപ്പിക്കുന്നു. ഇന്ത്യൻ സിനിമയുടെ കാര്യത്തിൽ, നമ്മുടെ സിനിമയെ രൂപപ്പെടുത്തിയ എട്ട് കലാകാരന്മാരുടെ ജന്മശതാബ്ദികളും നാം ആഘോഷിക്കുന്നു. അഭിനേതാക്കളായ പ്രേം നസീർ, സൂര്യകാന്ത് മന്ധാരെ, രാജ് കുമാർ, ഉത്തം കുമാർ, സംവിധായകൻ ശക്തി സാമന്ത, സംഗീത സംവിധായകരായ ഒ.പി. നയ്യാർ, രവി എന്നിവരാണവർ. ഹിന്ദി, ബംഗാളി, മറാത്തി, മലയാളം സിനിമകളിലായി വ്യാപിച്ചുകിടക്കുന്നതാണ് ഇവരുടെ സംഭാവനകൾ. ഈ ശ്രദ്ധാഞ്ജലിയുടെ ഭാഗമായി പ്രദർശിപ്പിക്കുന്ന സിനിമകളിൽ സാധി മാനസേ, തുലാഭാരം, വക്ത്, കശ്മീർ കി കലി, ചോരംഗീ, എന്നിവ ഉൾപ്പെടുന്നു.
21 സിനിമകൾ ഉൾപ്പെടുത്തി ബ്രിക്സ് സിനിമകൾക്കും പ്രത്യേക ശ്രദ്ധ നൽകും. കൂടാതെ, ആനിമേഷൻ, സിനിമകളെക്കുറിച്ചുള്ള സിനിമകൾ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും അവതരിപ്പിക്കും.
ചലച്ചിത്ര മേളയും അതിന് ആതിഥേയത്വം വഹിക്കുന്ന നഗരവും തമ്മിലുള്ള അതിർത്തിയുണ്ട്. ഈ വർഷം പനാജി, പോർവോറിം, മർഗാവോ, പോണ്ട എന്നിവിടങ്ങളിലായി 13 വേദികളിൽ പ്രദർശനങ്ങൾ നടക്കുന്നു. ഗോവയിലുടനീളമുള്ള പ്രേക്ഷകരിലേക്ക് ചലച്ചിത്ര മേള കൂടുതൽ അടുത്തെത്തുകയാണ്.
ഒരു ചെറിയ അഭ്യർഥന കൂടിയുണ്ട്. സാധാരണയായി നിങ്ങൾ തെരഞ്ഞെടുക്കാത്ത ഒരു സിനിമയെങ്കിലും കാണുക. നിങ്ങൾക്ക് മനസിലാകാത്ത ഭാഷയിലുള്ള സിനിമയോ, ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത രാജ്യത്തുനിന്നുള്ള സിനിമയോ, ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ചലച്ചിത്രകാരന്റെ സിനിമയോ കാണുക. സബ് ടൈറ്റിലുകൾ അതിന്റെ ജോലി ചെയ്യട്ടെ. നമ്മൾ തമ്മിലുള്ള അതിരുകൾ ചിലപ്പോൾ സങ്കൽപ്പിക്കുന്നത്ര വലുതല്ലെന്ന് നിങ്ങൾ തിരിച്ചറിയും.
വ്യക്തിപരമായ ഒരു സന്തോഷം കൂടി പങ്കുവയ്ക്കട്ടെ. എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായ ലഗാൻ അതിന്റെ 25ാം വാർഷികം ആഘോഷിക്കുന്ന ഈ പതിപ്പിൽ പ്രത്യേക പ്രദർശന വിഭാഗത്തിൽ ഇടം നേടിയിരിക്കുന്നു.
എന്നാൽ ഈ മേള നമ്മൾ കാണുന്ന സിനിമകളെക്കുറിച്ച് മാത്രമല്ല. സിനിമയുടെ ഭാവിയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന ആളുകളെക്കുറിച്ചും കഥകൾ കൂടുതൽ ദൂരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന അവസരങ്ങളെക്കുറിച്ചും കൂടിയാണ്. വളർന്നുവരുന്ന പ്രതിഭകളെ പരിപോഷിപ്പിക്കാനും, സർഗാത്മക സഹകരണം പ്രോത്സാഹിപ്പിക്കാനും, ചലച്ചിത്ര നിർമാണ മേഖലയിലെ സംവിധാനത്തെ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ഈ മേളയിലുണ്ട്.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെയും ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷന്റെയും സംരംഭമായ ക്രിയേറ്റീവ് മൈൻഡ്സ് ഒഫ് ടുമോറോ (CMOT) ആദ്യം പരിചയപ്പെടാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 യുവപ്രതിഭകൾക്ക് ഇതു പോലൊരു അന്താരാഷ്ട്ര വേദിയിൽ ചലച്ചിത്രനിർമാണത്തിലെ 13 വ്യത്യസ്ത മേഖലകളിൽ അവരുടെ സർഗാത്മക കഴിവുകൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്നതായി സങ്കൽപ്പിച്ചു നോക്കൂ. അതാണ് CMOT സാധ്യമാക്കുന്നത്.
മുമ്പ് ഫിലിം ബസാർ എന്നറിയപ്പെട്ടിരുന്ന വേവ്സ് ഫിലിം ബസാർ മറ്റൊരു സംരംഭമാണ്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രകാരന്മാരും നിർമാതാക്കളും നിക്ഷേപകരും വിതരണക്കാരും ഒത്തുചേരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കിൽ, അതറിയാനുള്ള ഇടം ഇതാണ്.
ആശയങ്ങൾക്ക് സഹപ്രവർത്തകരെ കണ്ടെത്താനും, ചലച്ചിത്ര പദ്ധതികൾക്ക് സാധ്യതയുള്ള പങ്കാളികളെ കണ്ടെത്താനും, പുതിയ സാധ്യതകളിലേക്കുള്ള വാതിലുകൾ തുറക്കാനും സംഭാഷണങ്ങൾ സഹായിക്കുന്ന ഇടമാണ് ബസാർ. സഹനിർമാണ അവസരങ്ങൾ, വ്യവസായ മേഖലയുമായുള്ള ഇടപെടലുകൾ, വിജ്ഞാന സെഷനുകൾ തുടങ്ങി ചലച്ചിത്ര നിർമാണത്തിൽ ആദ്യ ചുവടു വയ്ക്കുന്നവർക്കും വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ കണ്ടെത്താൻ ഏറെ കാര്യങ്ങളുണ്ട്.
പ്രശസ്ത പോളിഷ് ചലച്ചിത്രകാരൻ പാവൽ പാവ്ലിക്കോവ്സ്കി സംവിധാനം ചെയ്ത ഫാദർ ലാൻഡ് ആണ് ഈ വർഷത്തെ മേളയുടെ ഉദ്ഘാടന ചിത്രം. 1949ലെ യുദ്ധാനന്തര ജർമനിയിൽ പശ്ചാത്തലമാക്കിയിരിക്കുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ നൊബേൽ സമ്മാന ജേതാവായ ജർമൻ എഴുത്തുകാരൻ തോമസ് മാനും അദ്ദേഹത്തിന്റെ മകൾ എറിക്കയും വിഭജിക്കപ്പെട്ട ജർമനിയിലൂടെ നടത്തുന്ന യാത്രയെ പിന്തുടരുന്നു. അവരുടെ യാത്രയിലൂടെ, ഭൂതകാലവുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഒരു രാജ്യത്തെ മാത്രമല്ല, ചരിത്രം, ഓർമകൾ, സ്വന്തം അസ്തിത്വ ബോധം എന്നിവയിലൂടെ കടന്നുപോകുന്ന അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെയും സിനിമ പരിശോധിക്കുന്നു. സിംഗപ്പുർ ചലച്ചിത്രകാരൻ ആന്റണി ചെൻ സംവിധാനം ചെയ്ത വി ആർ ഓൾ സ്ട്രെയ്ഞ്ചേഴ്സ് ആണ് മേളയുടെ സമാപന ചിത്രം.
നിങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കാനോ, ഈ കത്ത് ഒരു ചെറു ചലച്ചിത്രമേളാ കാറ്റലോഗായി കണ്ട് ഔപചാരികമായി തള്ളിക്കളയാനുള്ള സാഹചര്യം സൃഷ്ടിക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ, അവസാനമായി ഒരു ചിന്ത നിങ്ങളുമായി പങ്കുവയ്ക്കട്ടെ. സുഹൃത്തേ, 57ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള നിങ്ങളെ കടന്നുപോകാൻ അനുവദിക്കരുത്. അതിൽ പങ്കെടുത്തില്ലെന്ന ഖേദത്തോടെ അടുത്ത 365 ദിവസങ്ങൾ ചെലവഴിക്കേണ്ടി വരരുത്. നിങ്ങളുടെ പദ്ധതികൾ തയാറാക്കൂ, ഗോവയിൽ ഞങ്ങളോടൊപ്പം ചേരൂ, ചക്രവാളവും കടൽത്തീരവും സിനിമയും നിറഞ്ഞ ഈ അന്തരീക്ഷത്തിൽ നമുക്ക് ഒരുമിച്ച് മറക്കാനാവാത്ത ഓർമകൾ സൃഷ്ടിക്കാം!
(57ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഡയറക്റ്ററാണ് ലേഖകൻ)