

ഇടുക്കി ഡാം
file photo
ക്വാറന്‍റൈൻ| കെ. ആർ. പ്രമോദ്
9447809631
ഇടുക്കി ഒരു മിടുക്കിയാണ്! ഞങ്ങൾ ഹൈസ്കൂളിൽ പഠിക്കുന്ന കാലം. ഇടുക്കി അണക്കെട്ടിന്‍റെ ജോലികൾ നടക്കുകയാണ്. ഡാമിന്‍റെ പണി തീരാറായെന്നും അത് ഉദ്ഘാടനം ചെയ്യാൻ സാക്ഷാൽ ഇന്ദിര ഗാന്ധി എത്തുമെന്നുമുള്ള വാർത്ത ഞങ്ങളും കേട്ടു.
അപ്പോഴേക്കും പല സ്കൂളുകളിൽ നിന്നും കുട്ടികളെ ഡാം സൈറ്റ് കാണിക്കാൻ കൊണ്ടുപോയിത്തുടങ്ങിയിരുന്നു. സ്വകാര്യ ബസുകൾ മാത്രമല്ല, ആനവണ്ടികൾ പോലും സർക്കാർ ഈ യാത്രകൾക്കായി അനുവദിച്ചു നൽകുകയുണ്ടായി.
അതോടെ, ഇടുക്കിയിൽ പോകണമെന്ന ഞങ്ങളുടെ ആഗ്രഹത്തിന് ചൂടുപിടിച്ചു. ഒടുവിൽ ഹെഡ്മാസ്റ്റുറുടെ മുമ്പിൽ നിവേദനം എത്തി. ഭാഗ്യവശാൽ അദ്ദേഹം ഈ ആവശ്യം അംഗീകരിച്ചു.
അങ്ങനെ ആ സുദിനം വന്നു.
"നാളെ നമ്മളെല്ലാവരും ഇടുക്കിയിലേക്ക് പോവുകയാണ്. അവിടെ അണക്കെട്ട് പണിതു തീരാറായി." - ഒരു ദിവസം രാവിലെ ക്ലാസ്ടീച്ചർ പറഞ്ഞു.
ഇടുക്കിലേക്ക് യാത്ര പോകുന്നുവെന്നു കേട്ടപ്പോൾ എല്ലാവർക്കും സന്തോഷം! വിരസമായ സ്കൂൾ ദിനങ്ങളിൽ നിന്ന് രക്ഷപെടാൻ ഈ ദുനിയാവിലെ ഏതു കോണിലേക്കും പോകാൻ സന്നദ്ധരായിരുന്നു ഞങ്ങൾ.
അടുത്ത പട്ടണത്തിൽ നിന്ന് ഒരു ചെറിയ ബസ് ദിവസവും രണ്ടുവട്ടം ഇടുക്കിയിലേക്ക് സർവീസ് നടത്തുന്നുണ്ട്. നീളം കുറവായതിനാൽ 'ചെണ്ടമുറിയൻ' എന്നറിയപ്പെട്ടിരുന്ന ആ ബസാണ് ഞങ്ങൾക്കായി ഇടപാടു ചെയ്തിരുന്നത്.
മലയിലൂടെ ഒരു തീർഥയാത്ര
പിറ്റേന്ന് പ്രഭാതം. ചെണ്ടമുറിയൻ ബസ് സ്കൂളിന്‍റെ കവാടത്തിൽ കൃത്യസമയത്തെത്തി. കാറ്റടിക്കാതിരിക്കാൻ നരച്ച പടുതയിട്ട ജനാലകളും ചകിരി നിറച്ച സീറ്റുകളുമുള്ള ആ പഴയ ബസ് ഒരു സ്വർഗവിമാനമാണെന്ന് ഞങ്ങൾ കരുതി. നിരത്തുകളിൽ ആധുനിക ടൂറിസ്റ്റുബസുകളും കാറുകളും അധികമില്ലാതിരുന്ന കാലമായിരുന്നല്ലോ അത്.
സ്കൂൾമുറ്റത്തുനിന്നു ബസ് നീങ്ങിയപ്പോൾ ആർപ്പുവിളികളുയർന്നു. ചിലർ ഹെഡ്മാസ്റ്റർക്കും ഇടുക്കിപദ്ധതിക്കും 'ജയ് 'വിളിച്ചു. വളവുകളും കയറ്റങ്ങളും പിന്നിട്ട് ശകടം മുന്നേറി. ആഘോഷങ്ങൾക്കു ചൂടുപകരാൻ ക്ലാസ്ടീച്ചർ ഇടുക്കിയിലെ കൊലുമ്പന്‍റെ ചരിത്രവും കുറവൻ - കുറത്തി മലകളുടെ കഥയും പറഞ്ഞു. അതിനുശേഷം അദ്ദേഹം പാടിയ ഒരു ഗാനത്തിലെ ചില വരികൾ ഇപ്പോഴും ഓർമവരുന്നു. അക്കാലത്ത് ഏത്രാ മാസികയിൽ വന്ന ഇടുക്കിയെക്കുറിച്ചുള്ള ഒരു പാട്ടായിരുന്നു അത്.
"കുറവനും കുറത്തിയും
കൈകൾകോർക്കുന്നൊരു നാളിൽ,
ഇരുട്ടിന്‍റെ കരിമ്പടം
അഴിഞ്ഞുപോകുന്നൊരു നാളിൽ
മനുഷ്യാദ്ധ്വാനത്തിന്‍റെ
പൊന്നിൻപുലരിവിടരുമൊരു നാളിൽ
വെളിച്ചത്തെ പുൽകീടുകയെന്‍റെ
കേരളമേ! കേരളമേ! കേരളമേ!
കേരനിരയെങ്ങും നിറയുന്നൊരാരാമമേ!" - ഈ പാട്ടിന്‍റെ അലകൾ അടങ്ങും മുമ്പ് ഞങ്ങളുടെ ബസ് മൂലമറ്റം റോഡിലേക്കു പ്രവേശിച്ചു. ഈ റോഡ് മറ്റു പാതകളെക്കാൾ വീതികൂട്ടി ടാർ ചെയ്തിരുന്നു. ഡാം നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കമ്പനികളുടെ വലിയ വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും സഞ്ചരിക്കാൻ വേണ്ടിയായിരുന്നു ഈ വിധം പാതകൾ ഒരുക്കപ്പെട്ടത്. അക്കാലത്തെ പ്രധാന രാജപാതയായ എംസി റോഡിനുപോലും ഇത്ര വീതിയുണ്ടായിരുന്നില്ല. ഈ വഴിയിലൂടെ ഞങ്ങളുടെ ചെണ്ടമുറിയൻ വണ്ടി ചീറിപ്പാഞ്ഞപ്പോൾ കാടുകളും മേടുകളും കുറവൻ - കുറത്തി മലകളും കാണാനുള്ള വെമ്പലിൽ ഞങ്ങൾ സസന്തോഷം ഇളകിമറിഞ്ഞു.
അധ്വാനികളുടെ അത്ഭുതലോകം
മൂലമറ്റവും നാടുകാണിയും പിന്നിട്ട് ഞങ്ങൾ ഡാം സൈറ്റിലേക്ക് പ്രവേശിച്ചു. അതൊരു അത്ഭുതലോകമായിരുന്നു. ചുവന്ന മൺകൂനകളും കരിങ്കല്ലുകൂമ്പാരങ്ങളും പലവിധ യന്ത്രഭാഗങ്ങളും നിറഞ്ഞ പ്രദേശം. അവിടുത്തെ മൺറോഡുകളിലൂടെ നൂറുകണക്കിന് മനുഷ്യർ വെയിലിൽ കുളിച്ച് മണ്ണും കല്ലും ചുമക്കുന്നുണ്ടായിരുന്നു. തലയിൽ തൊപ്പിധരിച്ച, പാന്‍റ്സും ഷർട്ടുമിട്ട കനേഡിയൻ എൻജിനിയർമാരും നാട്ടുകാരായ സൂപ്പർവെസർമാരും ഇവർക്കിടയിലുടെ നാലുപാടും സഞ്ചരിച്ച് നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്ത മണ്ണുമാന്തിയന്ത്രങ്ങളും ക്രെയ്നുകളും ഗുഹാജീവികളായ രാക്ഷസന്മാരെപ്പോലെ തലകുലുക്കി അട്ടഹസിക്കുന്നതും വലിയ മല്ലന്മാരായ കനേഡിയൻ ജീപ്പുകളും ഉടുമ്പുകളെപ്പോലെയുള്ള ലോറികളും അങ്ങുമിങ്ങും മണ്ടിനടക്കുന്നതും വേറൊരു കാഴ്ചയായിരുന്നു. അകലെ മലകളിൽ വെടിമുഴങ്ങുമ്പോൾ കല്ലുകൾ ഇളകി വീണുകൊണ്ടിരുന്നു. ആ പാറകൾ കോരിയെടുക്കുന്നതിനും ഇടിച്ച് മെറ്റൽച്ചീളുകളാക്കുന്നതിനും വേറെ യന്ത്രാസുരന്മാർകാത്തുനിൽക്കുന്നുണ്ടായിരുന്നു.
വിവിധ സൈസുകളിൽ തയാറാക്കിയ മെറ്റലുകളും അരിച്ചെടുത്ത മണലും 'കൺവേയർ ബെൽറ്റുകൾ' വഴി സംഭരണസ്ഥാനത്ത് എത്തുന്നതും അവിടെനിന്നും വേറൊരു വിഭാഗം കൺവേയർ ബെൽറ്റുകൾ ഇവയെ 'കൂളിംഗ് പ്ലാന്‍റ്'എന്നറിയപ്പെടുന്ന ഒരറയിലേയ്ക്ക് കൊണ്ടുപോയി കഴുകി തണുപ്പിക്കുന്നതും എൻജിനീയർമാർ ഞങ്ങൾക്ക് കാണിച്ചു തന്നു.തണുപ്പിച്ച മെറ്റലും മണലും 'ബാച്ചിങ് പ്ലാന്‍റി'ലെത്തുകയും അവിടെ വച്ച് സിമന്‍റൂം തണുപ്പിച്ച വെള്ളവും ചേർത്ത് കോൺക്രീറ്റാക്കി വലിയ ബക്കറ്റുകളിൽ വീഴ്ത്തുന്നതും മറ്റൊരു അത്ഭുതക്കാഴ്ചയായി.
ഈ കോൺക്രീറ്റ് നിറച്ച ബക്കറ്റുകൾ പൊക്കിയെടുത്ത് 'കേബിൾ വേ' എന്ന സംവിധാനം വഴി അണക്കെട്ടുകളിൽ കൃത്യസ്ഥാനത്ത് ഇറക്കിക്കൊടുക്കുന്നതായിരുന്നു മറ്റൊരു രസകരമായ സംഗതി. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു വേണ്ട കോൺക്രീറ്റിനാവശ്യമായ മെറ്റലും മണലും കുറവൻമലയിലെ പാറ പൊട്ടിച്ചാണ് ഉണ്ടാക്കുന്നതെന്ന അറിവും പുതുമയായിരുന്നു.
ഇടുക്കി പദ്ധതിയുടെ അനുഗ്രഹവഴികൾ
ഇടുക്കി പദ്ധതി അന്നും ഇന്നും ഒരു അദ്ഭുതമാണ്. ഇപ്പോഴും അത് നമ്മുടെ കാമധേനു തന്നെ. ഇടുക്കിഡാം മൂലം വൈദ്യുതി മാത്രമല്ല നാട്ടിലേക്ക് ഒഴുകിയെത്തിയത്. വേറെയും ഗുണങ്ങളുണ്ടായി. മലങ്കര അണക്കെട്ട് വഴി ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളവും ജലസേചനവും പദ്ധതി ഉറപ്പാക്കി.
തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയും നേര്യമംഗലം-ചെറുതോണി റോഡും തുറക്കുന്നതിനും ഇതു കാരണമായി. കേരളത്തിന്‍റെ ഭൂപ്രകൃതിയെ മാത്രമല്ല, സാമൂഹിക-സാമ്പത്തിക ഘടനയെയും പദ്ധതി സ്വാധീനിച്ചു. നിർമാണഘട്ടത്തിൽ തൊഴിലാളികളുടെ വരവ് പുതിയ സമൂഹങ്ങളുടെ രൂപീകരണത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥകളുടെ വികാസത്തിനും പുതിയ ഗ്രാമങ്ങളുടെ പിറവിക്കും സഹായിച്ചു. വൈദ്യുതിയുടെ സ്ഥിര ലഭ്യത വ്യാവസായിക വളർച്ചയ്ക്കും സാമ്പത്തിക പുരോഗതിക്കും പ്രേരകമായി.
'വൈദ്യുതി മിച്ചം' എന്ന മിഥ്യ
അതൊക്കെ ശരിയാണെങ്കിലും ഇടുക്കിക്കു ശേഷം എന്തെന്ന് ആരും ചിന്തിച്ചില്ലെന്നതാണ് സത്യം. ഇടുക്കി പദ്ധതിക്ക് ശേഷം നമ്മൾ ആലസ്യത്തിലാണ്ടു എന്ന കാര്യം പറയാതെ വയ്യ. നമ്മുടെ മുൻവിധികളെയും തൊഴിൽ സംസ്കാരത്തെയും താൻപോരിമകളെയും അവഗണിച്ചുകൊണ്ട് എങ്ങനെയോ ഒരു വലിയ ഡാം പണിതുയർത്തിയെങ്കിലും അതിനുശേഷം ഒന്നും ചെയ്യാൻ ആർക്കും ധൈര്യമുണ്ടായില്ല.
ഇടുക്കി പദ്ധതിക്കു ശേഷം, വൈദ്യുതിസുരക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് സർക്കാർ വ്യവസായങ്ങളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയുണ്ടായി. ഒട്ടേറെ വ്യവസായസ്ഥാപനങ്ങൾ ആദ്യഘട്ടത്തിൽ ഇവിടെ വരികയും ചെയ്തു. വൈദ്യുതി മിച്ചമായി എന്ന പ്രചരണമുണ്ടായി. അധികമായി വന്ന വൈദ്യുതി അന്ന് തമിഴ്നാടിന് യൂണിറ്റിന് എട്ട് പൈസ നിരക്കില്‍ വില്‍ക്കുകയും ചെയ്തു. പക്ഷെ, പിന്നീട് കണക്കുകൂട്ടലുകൾ തെറ്റി. വ്യവസായങ്ങൾ ഇല്ലാതായി. കാലാസ്ഥയും മാറിമറിഞ്ഞു. വൈദ്യുതി തികയാതായി.
ഇടുക്കി പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിൽ ഇടുക്കി സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതി ഉണ്ടാകുമെന്ന് കേട്ടിരുന്നു. ഈ പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഒന്നാംഘട്ട പാരിസ്ഥിതിക അനുമതി ലഭിച്ചെങ്കിലും പിന്നെ ഒരു നീക്കവും ഉണ്ടായതായി അറിവില്ല.ഇടുക്കി പദ്ധതിനിർമാണത്തിന് പ്രേരകശക്തിയായി മാറി .അന്നത്തെ വൈദ്യുതി മന്ത്രി എം.എൻ. ഗോവിന്ദൻ നായരെയും നമ്മൾ മറന്നു.
ഇടുക്കി ഡാം എന്നാലെന്തു കുന്തമാണ്?
'ചിരപരിചിതത്വം' എന്ന ദോഷം മലയാളികൾക്കും ഉണ്ട്. അതുകൊണ്ടാണ് നമ്മൾ സ്ഥിരം കണ്ടുകൊണ്ടിരിക്കുന്ന വിലയേറിയ സാധനങ്ങൾ നിസ്സാരങ്ങളാണെന്ന് നമ്മൾക്കു തോന്നുന്നത്. അതിനുദാഹരണമാണ് ഇടുക്കി പദ്ധതി. ഇടുക്കിപദ്ധതിയെന്നാൽ 'ഇടുക്കി', 'ചെറുതോണി','കുളമാവ്' എന്നിങ്ങനെ മൂന്ന് അണക്കെട്ടുകൾക്കു പുറമേ കല്ലാർ, ഇരട്ടയാർ എന്നീ ചെറിയ ഡാമുകൾ കൂടി ചേർന്നാണെന്ന് പലർക്കും ഇപ്പോഴുമറിയില്ല.
ഇടുക്കി ആർച്ച്ഡാമിന് ഷട്ടർ ഇല്ലെങ്കിലും ഡാം തുറക്കുമെന്ന വാർത്തയറിഞ്ഞ് ചില പത്രക്കാർ പോലും ആർച്ച്ഡാമിന്‍റെ സമീപം പോയി ഫോട്ടോയെടുക്കാൻ നിന്നു മുഷിഞ്ഞ കഥയുണ്ട്. ഇടുക്കിയിലെ ആർച്ച്ഡാമല്ല, ചെറുതോണി ഡാമാണ് ആവശ്യംവരുമ്പോൾ തുറക്കുന്നതെന്ന് അവരും അറിഞ്ഞില്ല.
ക്യാനഡയുടെയും ഫ്രാൻസിന്‍റെയും സഹായത്തോടെ നിർമിച്ച, ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച്ഡാമിൽ നിന്ന് 44 കിലോമീറ്റർ അകലെയുള്ള മൂലമറ്റത്താണ് 780 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള പദ്ധതിയുടെ ഊർജോത്പാദനകേന്ദ്രമെന്നും നാടുകാണി മലയുടെ മുകളിൽനിന്ന് 750 മീറ്റർ അടിയിലുള്ള ഈ ഭൂഗർഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതാണെന്നും അതിനു മുകളിൽ റബർത്തോട്ടമാണെന്നും നമ്മൾ ഓർക്കാറില്ല.
ഇനിയൊരു ഇടുക്കി പദ്ധതി നമുക്ക് ഉണ്ടാക്കാനാവില്ലെന്ന കാര്യവും ആരും ഗൗനിക്കുന്നില്ല. ഇടുക്കി ഡാമിന്‍റെ പിന്നിലെ പ്രയത്നകഥയും ആർക്കും അറിയേണ്ടതില്ല. മുല്ലപ്പെരിയാർ നിറയുമ്പോഴോ, പവർകട്ട് വരുമ്പോഴോ മാത്രമാണ് നമ്മൾ ഇടുക്കി ഡാമിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത്.
ഇതുവല്ലതും നടക്കുമോ?
പണ്ടും ഇതു തന്നെയായിരുന്നു അവസ്ഥ. കാനേഡിയൻ സഹായത്തോടെയുള്ളെ ഇടുക്കി പദ്ധതിയെക്കുറിച്ചൊക്കെ പത്രങ്ങളിങ്ങളിലും റേഡിയോയിലും വാർത്തകൾ വരുമ്പോഴൊക്കെ "ഇതു വല്ലതും നടക്കാൻപോകുന്ന കാര്യമാണോ?" - എന്നാണ് നാട്ടുകാർ ചോദിച്ചിരുന്നത്. അതുകൊണ്ടുതന്നെ സമരങ്ങളടക്കമുള്ള അനേകം തടസങ്ങൾ പദ്ധതിമേഖലയിൽ സ്ഥിരം സംഭവമായി. അടിയന്തരാവസ്ഥ വന്നതോടെയാണ് വെറുതെയുള്ള സമരങ്ങളും മറ്റും അവസാനിച്ചത്.
തടാകം നീന്തി കടന്നുപോയ ആനകൾ
ഇടുക്കി പദ്ധതി മുമ്പോട്ടു വെയ്ക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്? ഈ സന്ദർഭത്തിലും ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നില്ല. പുതിയകാലത്തെ ഊർജപ്രതിന്ധിയും ഇടുക്കിയിലെ പാരിസ്ഥിതിക പ്രശ്നങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കും ഒരു പിടിയുമില്ലെന്നത് സാഹചര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇടുക്കി ജലശയം രൂപപ്പെട്ടതോടെ അവിടെ നിന്നു രക്ഷപെട്ട അവസാനത്തെ ആനയെക്കറിച്ച് ഓർത്തുപോകുന്നു. ഈ ആനയോടൊപ്പം എത്രയെത്ര ജന്തുജാലങ്ങൾ മറഞ്ഞുപോയി! ഇപ്പോൾ ഇടുക്കി കലക്റ്ററേറ്റ് നിലകൊള്ളുന്ന സ്ഥലം ആനകളുടെ വിഹാര രംഗമായിരുന്നു. അയ്യപ്പൻകോവിൽ എന്ന ഗ്രാമം തന്നെ ഇല്ലാതായെന്നതും ഓർക്കണം.
ഇടുക്കി പദ്ധതിയിലൂടെ മൂലമറ്റവും പൈനാവും ചെറുതോണിയും വളർന്നപ്പോൾ കാട് നശിച്ചതും ആനത്താരകൾ മുറിഞ്ഞു പോയതും മറ്റു ചില തിരിച്ചടികളാണ്. പക്ഷെ, ഇതൊന്നും ആരും ചർച്ച ചെയ്തില്ല. ഇടുക്കി പദ്ധതി നിർമിക്കുമ്പോൾ പരിസ്ഥിതി എന്ന വാക്കുപോലും രൂപപ്പെട്ടിരുന്നോയെന്ന് സംശയം.
ഇടുക്കി അടിസ്ഥാനമാക്കി ഇനിയെങ്കിലും ഇത്തരം പരിസ്ഥിതിപഠനങ്ങൾ ആവശ്യമാണ്. പക്ഷെ, രാഷ്ട്രീയക്കാരും മതപുരോഹിതരും മറ്റുമൊക്കെ ഗാഡ്ഗിലിനോടു പോലും എതിർപ്പു കാട്ടുമ്പോൾ സർക്കാരുകളും അവർക്ക് വഴങ്ങിപ്പോകുന്നു.
ഇടുക്കി ഉയർത്തുന്ന ചോദ്യങ്ങൾ
ഇടുക്കിഡാമിന്‍റെ അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഡാമിന്‍റെ പ്രതലത്തിൽ ലേസർ ഷോ ഉണ്ടാകുമെന്നാണ് വാർത്തകൾ പറയുന്നത്. അതു നല്ല കാര്യം തന്നെ. പക്ഷെ, ഈ പദ്ധതിയെ ആസ്പദമാക്കിയുള്ള ചില ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.
* ഒരു പുതിയ ജലനയം, വാട്ടർ മാനെജ്മെന്‍റ്, വൈദ്യുതി ഉപയോഗം എന്നീ ചിന്തകളിലേക്ക് ഇനിയെങ്കിലും ആലോചനകൾ എത്തേണ്ടതില്ലേ?
* വനവൽത്കരണ പദ്ധതികളിലൂടെയും ജൈവവൈവിധ്യ സംരക്ഷണ ശ്രമങ്ങളിലൂടെയും അണക്കെട്ടിന്‍റെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവോ?
* സാമൂഹിക വികസനത്തിനും പ്രകൃതിസംരക്ഷണത്തിനും ഇടയിലുള്ള സന്തുലിതാവസ്ഥ ഇടുക്കി പോലുള്ള പ്രദേശങ്ങളിൽ പാലിച്ചുവോ? വികസനത്തിന്‍റെയും കൃഷിയുടെയും പേരുപറഞ്ഞുകൊണ്ട് ഈ മേഖലകളിൽ നടന്നുവരുന്ന കൈയേറ്റങ്ങളം വന്യമൃഗവേട്ടയും തടയാൻ എന്തൊക്കെയാണ് സർക്കാരുകൾ ചെയ്തത്?
ഇതിനൊന്നും ഉത്തരമുണ്ടാകില്ല.
ഇടുക്കി മൊത്തം ഒരു വോട്ടുബാങ്കാണല്ലോ.