ഇന്ത്യൻ സ്വതന്ത്ര സിനിമയുടെയും ആഗോള സർഗാത്മക ശൃംഖലയുടെയും സംഗമം

പുതിയ സാധ്യതകൾ കണ്ടെത്താൻ "വേവ്‌സ് ഫിലിം ബസാർ'
"Waves Film Bazaar" to discover new possibilities

പുതിയ സാധ്യതകൾ കണ്ടെത്താൻ "വേവ്‌സ് ഫിലിം ബസാർ'

social media

Updated on

പ്രത്യേക ലേഖകൻ

മാറിക്കൊണ്ടിരിക്കുന്ന ആഗോള മാധ്യമ- വിനോദ മേഖലയിൽ ഉള്ളടക്കത്തിനു നൽകുന്ന പ്രാധാന്യത്തെപ്പോലെ നിര്‍ണായകമായി മാറുകയാണ് അർഥപൂര്‍ണമായ സഹകരണങ്ങൾ ഉറപ്പാക്കുന്ന വേദികളും. ഇന്ത്യൻ ചലച്ചിത്രത്തിന്‍റെ തനതു കഥാഖ്യാനങ്ങളെ അന്താരാഷ്‌ട്ര സർഗാത്മക- സാങ്കേതിക പങ്കാളികളുമായി ബന്ധിപ്പിക്കുന്ന പ്രേരകശക്തിയായി വേവ്‌സ് ഫിലിം ബസാർ സഹനിര്‍മാണ വിപണി ഉയർന്നു വന്നിട്ടുണ്ട്.

ആഗോള സഹകരണവും സാങ്കേതിക വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ വേവ്‌സ് വേദി സഹായകമായതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലയാള സ്വതന്ത്ര ചിത്രമായ "കൊതിയൻ: ഫിഷേഴ്‌സ് ഓഫ് മെൻ'. വേവ്‌സ് ഫിലിം ബസാറിലെ സഹനിര്‍മാണ വിപണിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഈ ചലച്ചിത്രം വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവർത്തകരെയും സംവിധായകരെയും സാമ്പത്തിക - സാങ്കേതിക പങ്കാളികളെയും ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട പ്രത്യേക പദ്ധതിയുടെ ഭാഗമായിരുന്നു.

കേവലമൊരു ആശയാവതരണ വേദിയെന്നതിലുപരി ചർച്ചകൾക്കും പുതിയ കണ്ടെത്തലുകൾക്കും ദീർഘകാല സഹകരണങ്ങൾക്കുമായി ചിട്ടപ്പെടുത്തിയ അവസരങ്ങളാണ് ഈ സഹനിര്‍മാണ വിപണിയിലൂടെ ഒരുക്കിയത്. ഈ വ്യവസ്ഥിതിയിലൂടെയാണ് "കൊതിയൻ' എന്ന ചിത്രത്തിന്‍റെ വ്യത്യസ്ത കഥാഖ്യാനവും ദൃശ്യാവിഷ്കാരവും അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രം ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ടാം സമ്മാനം കരസ്ഥമാക്കിയത് മൗലികതയ്ക്കും നവീനതയ്ക്കും വേവ്‌സ് നൽകുന്ന മുൻഗണനയെ അടിവരയിടുന്നു.

വേവ്‌സ് ഫിലിം ബസാറിലെ ആശയവിനിമയങ്ങൾ ലണ്ടൻ ആസ്ഥാനമായ "എലമെന്‍റ്സ്- വിഎഫ്എക്‌സ്' എന്ന വിഷ്വൽ എഫക്റ്റ്സ് സ്റ്റുഡിയോയുമായി സഹകരണത്തിലേക്ക് നയിച്ചുവെന്നതാണ് ഏറെ പ്രധാനം. ഈ പങ്കാളിത്തം കേവലം വ്യാപ്തിയും പകിട്ടും ലക്ഷ്യമിട്ടായിരുന്നില്ല. സാങ്കേതികവിദ്യ കഥാഖ്യാനത്തിനു മാറ്റുകൂട്ടുന്ന പശ്ചാത്തലത്തില്‍ അതിന് കരുത്തുപകരുന്ന സർഗാത്മക പങ്കാളിത്തത്തിനാണ് വേവ്‌സ് പ്രാധാന്യം നൽകിയത്.

ഈ കൂട്ടുകെട്ടിലൂടെ സിനിമയുടെ സ്വാഭാവിക ശൈലിക്ക് ഇണങ്ങുന്ന നൂതന വിഎഫ്എക്സ് രീതികൾ പരീക്ഷിക്കാൻ ചലച്ചിത്ര പ്രവർത്തകർക്ക് സാധിച്ചു. ഇന്ത്യൻ സ്വതന്ത്ര സിനിമയും ആഗോള സർഗാത്മക അടിസ്ഥാന സൗകര്യങ്ങളും തമ്മിലെ പാലമായി വേവ്‌സ് നിലകൊള്ളുന്നുവെന്നതിന് ഈ സഹകരണം തെളിവാണ്. ചെറിയ ചലച്ചിത്ര പദ്ധതികള്‍ക്ക് സാധാരണ ലഭിക്കാത്ത സവിശേഷ സാങ്കേതിക വൈദഗ്ധ്യം ഇതോടെ ലഭ്യമായി.

വേവ്‌സ് ഫിലിം ബസാറിലെ അനുഭവങ്ങളും പരസ്പര സഹകരണത്തിന് ലഭിക്കുന്ന അവസരങ്ങളും സിനിമയുടെ അന്താരാഷ്‌ട്ര സാധ്യതകൾ വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഗോള സഹനിര്‍മാണ ശൃംഖലകളിൽ ഇടം നേടാനും അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലേക്കും വിപണികളിലേക്കും വഴിതുറക്കാനും ഈ വേദി വഴിയൊരുക്കി.

സഹകരണത്തിലൂടെയും നൂതനാശയങ്ങളിലൂടെയും സ്ഥാപനപരമായ പിന്തുണയിലൂടെയും പ്രാദേശിക കഥകൾക്ക് ആഗോള സ്വീകാര്യത നേടിക്കൊടുക്കുകയെന്ന വേവ്‌സ് ഫിലിം ബസാറിന്‍റെ ലക്ഷ്യത്തെയാണ് "കൊതിയന്‍' എന്ന ചിത്രത്തിന്‍റെ യാത്ര പ്രതിഫലിപ്പിക്കുന്നത്. കഥാകൃത്തുക്കളെയും സാങ്കേതിക പരിഹാരങ്ങൾ നൽകുന്നവരെയും ഒരേ കുടക്കീഴിൽ കൊണ്ടുവന്ന് അന്താരാഷ്‌ട്ര സർഗ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ സ്ഥാനം വേവ്‌സ് ശക്തിപ്പെടുത്തുന്നു.

സർഗാത്മക കൈമാറ്റ വേദിയായി വളരുന്ന വേവ്‌സ് സ്വതന്ത്ര ശബ്ദങ്ങളെ ശാക്തീകരിക്കുകയും അതിരുകൾക്കപ്പുറത്തെ പങ്കാളിത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേവലമൊരു ചടങ്ങിലുപരി വിനോദ മേഖലയുടെ സുസ്ഥിര വളർച്ചയെ സഹായിക്കുന്ന സംവിധാനമായി വേവ്‌സ് മാറിക്കഴിഞ്ഞു. ഈ അർഥത്തിൽ വേവ്‌സ് ഫിലിം ബസാർ കേവലം സിനിമകൾ പ്രദർശിപ്പിക്കുകയല്ല, മറിച്ച് ആശയങ്ങൾക്ക് സഞ്ചരിക്കാനും പുതിയ സാധ്യതകൾ കണ്ടെത്താനും വഴികളൊരുക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com