

തൊഴിൽ നിയമാവലി, സമഗ്ര വളർച്ചയിലേക്കുള്ള ചുവടുവയ്പ്പ്
ചന്ദ്രജിത് ബാനർജി
രാജ്യ പുരോഗതിയുടെ അടിസ്ഥാന ഘടകങ്ങളാണു ഭൂമിയും തൊഴിലാളികളും. ഭൂമി അടിസ്ഥാന സൗകര്യങ്ങളെയും വ്യാവസായിക വികസനത്തെയും മുന്നോട്ടു നയിക്കുന്നമ്പോൾ തൊഴിൽ ശക്തിയാകട്ടെ ഉത്പാദനക്ഷമതയെയും എല്ലാവരെയും എല്ലായിടത്തെയും ഉൾക്കൊള്ളിക്കലിനെ പ്രോത്സാഹിപ്പിക്കുന്നു. മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നതാണ് ഇന്ത്യയുടെ പുതിയ തൊഴിൽ കോഡുകൾ. തൊഴിൽ മേഖലയിൽ വ്യക്തത, സ്ഥിരത, സമത്വം എന്നിവ ഉറപ്പാക്കുന്ന 29 നിയമങ്ങളെ ആധുനികവും ഏകീകൃതവുമായ ഒരു ചട്ടക്കൂടിലേക്കു സമന്വയിപ്പിക്കുകയാണ് തൊഴിൽ നിയമാവലി.
തൊഴിലാളികൾക്ക് ഉറപ്പുള്ള സാമൂഹ്യ സുരക്ഷ, സുരക്ഷിതമായ തൊഴിലിടങ്ങൾ, ഔദ്യോഗിക ആനുകൂല്യങ്ങളിലേക്കുള്ള വിപുലമായ പ്രവേശനം എന്നിവ ഈ കോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഒപ്പം ബിസിനസ് സ്ഥാപനങ്ങൾക്ക് ലളിതമായ അനുവർത്തനം, തൊഴിൽശക്തി പരിപാലനത്തിലെ ലളിതമായ സമീപനം, മത്സരാധിഷ്ഠിതമായ എല്ലാ മേഖലകളിലും തുല്യ അവസരങ്ങൾ എന്നിവയും പ്രദാനം ചെയ്യും. ആത്യന്തികമായ ഗുണഫലങ്ങൾ നിർവഹണത്തിന്‍റെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെങ്കിലും, 21-ാം നൂറ്റാണ്ട് മുന്നോട്ടുവയ്ക്കുന്ന സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങളുമായി ഇന്ത്യൻ തൊഴിൽ വിപണിയെ കൂട്ടിയോജിപ്പിക്കുന്നതിൽ സുപ്രധാന ചുവടുവയ്പ്പാണ് ഈ കോഡുകൾ.
ജയ്പൂരിലെ വിതരണ സേവനങ്ങൾ മുതൽ സാനന്ദിലെ സാങ്കേതികാധിഷ്ഠിത തൊഴിലുകളും ഗോഹട്ടിയിലെ നിർമാണ പ്രവർത്തനങ്ങളും വരെ വൈവിധ്യമാർന്ന മേഖലകളിലുടനീളം ഇന്ത്യയിലെ തൊഴിലാളികൾ പൊതുവായ ഒരു ആഗ്രഹം പങ്കിടുന്നു: സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ, ന്യായമായ വേതനം, ചലനാത്മകവും വിശ്വസനീയവുമായ സാമൂഹിക സുരക്ഷ എന്നിവയിലേക്കുള്ള പ്രവേശനം എന്നിവയാണവ. ഫാക്റ്ററികളിലോ കൃഷിയിടങ്ങളിലോ പ്ലാറ്റ്‌ഫോം അധിഷ്ഠിത സേവനങ്ങളിലോ അടക്കം ഏത് മേഖലയിൽ ജോലി ചെയ്യുന്നവരായാലും വരുമാന സ്ഥിരത, പ്രവചനാത്മകമായ സാമൂഹിക സംരക്ഷണം, ജോലിയിലെ അന്തസ് എന്നീ മൂന്നു പ്രധാന കാര്യങ്ങളിൽ ഉറപ്പുകൾ തേടുന്നു. ഈ അഭിലാഷങ്ങളെ യാഥാർഥ്യമാക്കുക, തുല്യതയുടെയും സംരക്ഷണത്തിന്‍റെയും തത്വങ്ങൾ തൊഴിൽ മേഖലയിലുടനീളം ഉൾക്കൊണ്ടിട്ടുണ്ടെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യയുടെ നാലു തൊഴിൽ കോഡുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പരിരക്ഷയുടെ വികാസമാണ് പരിഷ്‌കാരങ്ങളുടെ കാതൽ. ഇന്ത്യയിലെ തൊഴിൽ ശക്തിയിൽ സുപ്രധാന പങ്കുവഹിക്കുന്ന ദശലക്ഷക്കണക്കിന് അസംഘടിത, ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് പുതിയ ചട്ടക്കൂടിന് കീഴിൽ ഔദ്യോഗിക അംഗീകാരവും അവകാശങ്ങളും ലഭിക്കും. പ്രൊവിഡന്‍റ് ഫണ്ട്, ആരോഗ്യ ഇൻഷ്വറൻസ്, പ്രസവാനുകൂല്യങ്ങൾ എന്നിവയ്ക്കുള്ള വ്യവസ്ഥകൾ ഇനി ഔപചാരിക മേഖലയിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുന്നില്ല. മറിച്ചു ചരിത്രപരമായി അവഗണന നേരിട്ട വിഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുന്നു. ഈ പരിവർത്തനം ദുർബലരായ തൊഴിലാളികൾക്കുള്ള സുരക്ഷാ വലയത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, ഒട്ടനവധി സംരംഭങ്ങളെ തൊഴിലുകൾ ഔപചാരികമാക്കാൻ പ്രോത്സാഹിപ്പിക്കുകയും അതുവഴി സാമൂഹിക സംരക്ഷണത്തിന്‍റെ സമഗ്ര അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്നു.
സാമൂഹിക സുരക്ഷാ കോഡ് 2020, ഗിഗ്, പ്ലാറ്റ്‌ഫോം, അസംഘടിത മേഖലകളിലെ തൊഴിലാളി സമൂഹത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും അവർക്കായി പ്രത്യേക സാമൂഹിക സുരക്ഷാ ഫണ്ടുകൾ രൂപീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അനുവദിക്കുകയും ചെയ്യുന്നു. അഗ്രഗേറ്റർമാർ വിറ്റുവരവിന്‍റെ 1-2 ശതമാനം സംഭാവന ചെയ്യേണ്ടതുണ്ട്, ഇത് പേഔട്ടുകളുടെ അഞ്ചു ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികളുടെ ആനുകൂല്യങ്ങൾക്കു ധനസഹായം നൽകുന്നതിനുള്ള ഒരു പ്രായോഗിക മാർഗം കൂടിയാണിത്. ആധാർ അധിഷ്ഠിത രജിസ്ട്രേഷൻ ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ഇ-ശ്രം പോർട്ടലിൽ 31 കോടിയിലധികം തൊഴിലാളികൾ അംഗങ്ങളായി ചേർന്നുകഴിഞ്ഞു. തൊഴിലെടുക്കുന്നത് എവിടെയായാലും ആരോഗ്യ ഇൻഷ്വറൻസ്, പ്രസവാവധി സഹായം, വാർധക്യ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുടെ ചലനാത്മകത സാധ്യമാക്കുന്ന ഒരു പോർട്ടബിൾ യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) തൊഴിലാളികൾക്ക് ലഭിക്കുന്നു. ഫലത്തിൽ, ഇ-ശ്രം രജിസ്ട്രി ഇന്ത്യയിലെ അനൗപചാരിക തൊഴിലാളികളുടെ ആദ്യ ദേശീയ ഡേറ്റാ ബേസാണ് - സമഗ്രമായ വളർച്ചയ്ക്കും ദുരന്ത പ്രതിരോധത്തിനും വേണ്ടിയുള്ള അനിവാര്യമായ ഒരു ചുവടുവയ്പ്പാണിത്.
സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കുകയും സമ്മതത്തോടെയും സുരക്ഷാ മുൻകരുതലുകളോടെയും വനിതകൾക്ക്, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യാൻ സൗകര്യമൊരുക്കുകയും ചെയ്യുന്ന തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ കോഡ് (Occupational Safety, Health and Working Conditions Code) പരിവർത്തനാത്മകമാണ്. വിട്ടുവീഴ്ചയില്ലാത്ത സുരക്ഷ നിലനിർത്തിക്കൊണ്ടു വനിതകൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ കൂടുതൽ വിപുലമാക്കുന്നു. ശിക്ഷയ്ക്കു പകരം മുൻകൂട്ടിയുള്ള പ്രതിരോധത്തിന്‍റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് അപകടസാധ്യത അടിസ്ഥാനമാക്കിയുള്ളതും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ മാറ്റത്തിലേക്ക് ചുവടുവച്ചുകൊണ്ട്, ലൈസൻസിങ്, പരിശോധന സംവിധാനങ്ങളെ ഒഎച്ച്എസ് കോഡ് യുക്തിസഹമാക്കുന്നു. അതേസമയം വേതന കോഡ്, സമസ്ത മേഖലകളിലും മിനിമം വേതനത്തിനും സമയബന്ധിതമായ ശമ്പള വിതരണത്തിനുമുള്ള ചട്ടക്കൂടിനെ സാർവത്രികമാക്കുന്നു.
തർക്ക പരിഹാരത്തിനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാമൂഹികമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് ശ്രമിക്കുന്നു. തർക്കങ്ങൾ രൂക്ഷമാകുന്നതിന് മുമ്പ് തന്നെ മധ്യസ്ഥത, ചർച്ചകൾ, അനുരഞ്ജനം എന്നിവയടക്കമുള്ള സമീപനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, കൂടുതൽ സ്ഥിരതയാർന്ന വ്യാവസായിക അന്തരീക്ഷം സൃഷ്ടിക്കപ്പെടും. കൂടാതെ, വൻകിട സംരംഭങ്ങളിലെ ട്രേഡ് യൂണിയൻ അംഗീകാരത്തെയും സ്റ്റാൻഡിങ് ഓർഡറുകളെയും സംബന്ധിച്ച ലളിതമായ ചട്ടങ്ങൾ തൊഴിലുടമ-തൊഴിലാളി ബന്ധത്തിൽ സുതാര്യതയും പ്രവചനാത്മകതയും മെച്ചപ്പെടുത്തും വിധമാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
സംരംഭങ്ങളെ, പ്രത്യേകിച്ച് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ) സംബന്ധിച്ചടത്തോളം തൊഴിൽ നിയമങ്ങൾ എന്നാൽ ലളിതമായ അനുവർത്തനമെന്നാണ് അർഥം: അടിസ്ഥാന നിർവചനങ്ങൾ, രജിസ്റ്ററുകൾ, ഡിജിറ്റൽ ഫയലിങ്ങുകൾ എന്നിവ കഴിയുന്നത്ര ലളിതമായിരിക്കുകയും വ്യക്തമായിരിക്കുകയും ചെയ്യുന്നതാണ് ഏറ്റവും അഭികാമ്യമായ സാഹചര്യം. 2021–22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 83.6 ബില്യൺ ഡോളറിലെത്തി. 2024–25 സാമ്പത്തിക വർഷത്തിൽ 81 ബില്യൺ ഡോളറായി തുടർന്നു. തൊഴിൽ പരിഷ്‌കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ വിപ്ലവകരമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കിയ സമയമായിരുന്നു ഇത്. 2021-22 സാമ്പത്തിക വർഷത്തിൽ ഏകദേശം 13 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കേന്ദ്ര സർക്കാർ നടത്തിയത്. സ്ഥാപന നയം, ഡിജിറ്റൽ പരിഷ്‌കാരങ്ങൾ, രാജ്യമെമ്പാടും ബിസിനസ് സുഗമമാക്കുന്നതിന് പ്രോത്സാഹനം എന്നിവയിലൂടെ ഇന്ത്യയെ ആകർഷകമായ നിക്ഷേപ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനും ഒട്ടേറെ സുപ്രധാന പരിഷ്‌കാരങ്ങളും കൊണ്ടുവന്നു. ഇതേ കാലയളവിൽ വേഗം കൈവരിച്ച നിർമാണ മേഖലയിലെ പരിഷ്‌കാരങ്ങൾ, സെമികണ്ടക്റ്റർ വ്യവസായം, കൽക്കരി ഊർജം, ധാതു മേഖല എന്നിവയുടെ ശാക്തീകരണം തുടങ്ങിയവ മത്സരാധിഷ്ഠിതമായ ആഗോള വിപണിയിൽ രാജ്യത്തിന്‍റെ സ്ഥാനം ബലപ്പെടുത്തുന്നതിന് കൂടുതൽ സഹായകമായി.
എന്നിരുന്നാലും, നിയമങ്ങൾ പാസാക്കുന്നത് ശരിയായ ദിശയിലുള്ള പ്രയാണത്തിന്‍റെ തുടക്കം മാത്രമേ ആകുന്നുള്ളൂ. തൊഴിൽ രംഗം കൺകറന്‍റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമായതിനാൽ, നിയമങ്ങളും ചട്ടങ്ങളും രൂപപ്പെടുത്താനും വിജ്ഞാപനം ചെയ്യാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരമുണ്ട്. മിക്ക സംസ്ഥാനങ്ങളും നാലു കോഡുകൾ പ്രകാരം കരടു ചട്ടങ്ങൾ തയാറാക്കിയിട്ടുണ്ടെങ്കിലും, അന്തിമ വിജ്ഞാപനങ്ങളുടെ വേഗത അസമമായി തുടരുന്നു. "ഒരു രാഷ്ട്രം, ഒരു തൊഴിൽ നിയമ ചട്ടക്കൂട്' എന്ന ദർശനം യാഥാർഥ്യമാകുന്നതിന്, കേന്ദ്രവും സംസ്ഥാനങ്ങളും കൈകോർത്ത് അതിവേഗം നീങ്ങേണ്ടത് അനിവാര്യമാണ്.
മുൻഗണനകൾ നിർണായകം
ആദ്യം, അസംഘടിത തൊഴിലാളികളുടെ പരിരക്ഷ സംബന്ധിച്ച ചട്ടങ്ങൾ പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അഗ്രഗേറ്റർമാർക്കുള്ള സംഭാവന നിരക്കുകൾ വിജ്ഞാപനം ചെയ്യുക, സുതാര്യമായ എൻറോൾമെന്‍റ്, ആനുകൂല്യ വിതരണ സംവിധാനങ്ങൾ സ്ഥാപിക്കുക, ഉത്തരവാദിത്തം ഉറപ്പാക്കുന്നതിന് പൊതു ഡാഷ്‌ബോർഡുകൾ സൃഷ്ടിക്കുക എന്നിവ പ്രധാനമാണ്. പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കുള്ള സിംഗപ്പുരിന്‍റെ സെൻട്രൽ പ്രൊവിഡന്‍റ് ഫണ്ട് (സിപിഎഫ്) പോലുള്ള അന്താരാഷ്ട്ര മാതൃകകൾക്കു വിലപ്പെട്ട പാഠങ്ങൾ പകർന്നു നൽകാൻ കഴിയും.
രണ്ടാമതായി, ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ അടിസ്ഥാന അവകാശങ്ങളാക്കി പരിവർത്തനം ചെയ്യേണ്ടതുണ്ട്. ഇ-ശ്രം, ഇപിഎഫ്ഒ, ഇഎസ്ഐസി ഡേറ്റാ ബേസുകൾ എന്നിവയുമായി ബന്ധിപ്പിക്കുകവഴി, തൊഴിലാളികൾ പോകുന്നിടത്തെല്ലാം ആനുകൂല്യങ്ങൾ അവരെ തേടിയെത്തും. ഒഴിവാക്കലിനായല്ല, പോർട്ടബിലിറ്റി അഥവാ ചലനാത്മകതയ്ക്കായി ആധാർ ഉപയോഗിക്കണം.
മൂന്നാമതായി, അവബോധവും കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്നതാണ്. കോഡുകൾ മനസിലാക്കാൻ എംഎസ്എംഇകൾക്ക് ഹെൽപ്പ്-ഡെസ്കുകളും ലളിതമായ ഗൈഡുകളും ആവശ്യമാണ്. തൊഴിലാളികൾക്ക് ബഹുഭാഷാ ഹെൽപ്പ് ലൈനുകളും അടിസ്ഥാന പിന്തുണയും വേണം. സർക്കാർ, വ്യവസായ സ്ഥാപനങ്ങൾ, യൂണിയനുകൾ എന്നിവയുടെ സംയുക്ത പ്രവർത്തനം കടലാസിലെ അവകാശങ്ങൾ കരഗതമായ ആനുകൂല്യങ്ങളായി മാറുന്നുവെന്ന് ഉറപ്പാക്കാൻ സഹായിക്കും.
വിശ്വാസ്യതയാണ് ഈ പരിഷ്‌കരണത്തിന്‍റെ കാതൽ. തൊഴിൽ സുരക്ഷയും ന്യായമായ വേതനവും ലഭിക്കുമെന്നും എവിടെ ആയാലും സാമൂഹിക സുരക്ഷ തൊഴിലാളിയെ പിന്തുടരുമെന്നും എല്ലാവർക്കും അനുഭവേദ്യമാകുന്ന തരത്തിൽ നടപടികൾ ലളിതമായിരിക്കുമെന്നും ഉറപ്പാക്കേണ്ടതുണ്ട്. ഈ ഘടന കെട്ടിപ്പടുത്ത സർക്കാർ അഭിനന്ദനം അർഹിക്കുന്നു. വേഗം, സുതാര്യത, സഹകരണം എന്നിവയുടെ പിന്തുണയോടെ നടപ്പിലാക്കുകയാണെങ്കിൽ, തൊഴിൽ കോഡുകൾ ഇന്ത്യയുടെ വളർച്ചാ അധ്യായത്തിന്‍റെ ഭാവിയുടെ അടിത്തറയായി മാറും.
ഇന്ത്യയുടെ വളർച്ചാ അധ്യായത്തിന്‍റെ ഭാവി നങ്കൂരമായി മാറുന്ന തൊഴിൽ കോഡുകൾ - ബിസിനസ് മേഖലയ്ക്ക് മത്സരശേഷി, തൊഴിലാളികൾക്ക് മാന്യമായ ജോലി, നിക്ഷേപകർക്ക് പ്രവചനാത്മകമായ ബിസിനസ് അന്തരീക്ഷം എന്നിവ പ്രദാനം ചെയ്യും. അതുതന്നെയാണു വികസിത ഭാരതമെന്ന ദർശനത്തിന്‍റെ ആത്മാവ് കൂടിയായ, എല്ലാപേരെയും ഉൾപ്പെടുത്തിയുള്ള എല്ലായിടത്തും എത്തിച്ചേരുന്ന വളർച്ചയും എല്ലാ തൊഴിലാളികളിലേക്കും എത്തിച്ചേരുന്ന സമൃദ്ധിയും.
(കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഡയറക്റ്റർ ജനറലാണ് ലേഖകൻ.)