ചീഫ് 'പൂച്ച' ഓഫ് ദ ക്യാബിനറ്റ്: പൊന്നുരുക്കുന്നിടത്ത് കാര്യമുള്ള പൂച്ച

ബ്രിട്ടനിലെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയാവസ്ഥകളെയും വിമര്‍ശിച്ച് നിരവധി ട്വീറ്റുകള്‍ ലാറിയുടെ അക്കൗണ്ടില്‍ തെളിയാറുണ്ട്
ചീഫ് 'പൂച്ച' ഓഫ് ദ ക്യാബിനറ്റ്: പൊന്നുരുക്കുന്നിടത്ത് കാര്യമുള്ള പൂച്ച
Updated on

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പോയവര്‍ഷം അവസാനം 10 ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയില്‍ ഉണ്ടായിരുന്നില്ല, അവധിയാഘോഷത്തിലായിരുന്നു. ആ കാലയളവില്‍ ട്വിറ്ററിലൊരു കുറിപ്പ് പ്രത്യക്ഷപ്പെട്ടു. ഡൗണിങ് സ്ട്രീറ്റില്‍ ഒരു മുഴുവന്‍സമയ താമസക്കാരനെ പൊതുജനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ അവധിയെ കളിയാക്കിയൊരു ട്വീറ്റ്. ലാറി ദ ക്യാറ്റ് എന്ന അക്കൗണ്ടില്‍ നിന്നായിരുന്നു ട്വീറ്റ്. ചീഫ് മൗസര്‍ ഓഫ് ദ ക്യാബിനറ്റ് എന്നാണ് ഈ അക്കൗണ്ട് ഉടമയുടെ ഔദ്യോഗിക വിശേഷണം, കഴിഞ്ഞ പത്തോളം വര്‍ഷമായി ബ്രിട്ടിഷ് പ്രധാനമന്ത്രിമാരുടെ ഒഫീഷ്യല്‍ പൂച്ച.

പൂച്ചയ്‌ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യമെന്നൊരു സംശയം തോന്നാം. എന്നാല്‍  ഭരണനിര്‍വഹണത്തിന്‍റെയും, രാഷ്ട്രീയത്തിന്‍റെയും പൊന്നുരുകുന്നിടത്ത് ലാറിപ്പൂച്ചയ്ക്ക് കാര്യമുണ്ട്. ബ്രിട്ടനിലെ രാഷ്ട്രീയക്കാരെയും രാഷ്ട്രീയാവസ്ഥകളെയും വിമര്‍ശിച്ച് നിരവധി ട്വീറ്റുകള്‍ ലാറിയുടെ അക്കൗണ്ടില്‍ തെളിയാറുണ്ട്.  ട്വിറ്ററില്‍ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് പതിനഞ്ച് വയസായ ഈ പൂച്ചയ്ക്ക്. 

ഡേവിഡ് കാമറൂണിന്‍റെ ഭരണകാലത്താണു ലാറി ഡൗണിങ് സ്ട്രീറ്റില്‍ എത്തുന്നത്. ഔദ്യോഗിക വസതിയുടെ വാതില്‍ക്കലൊരു എലി ഓടിനടന്നതു ചാനല്‍ ക്യാമറകള്‍ പകര്‍ത്തി. അതോടെ ചീഫ് മൗസര്‍ ഓഫ് ദ ക്യാബിനറ്റ് എന്ന പദവിയിലേക്ക് ലാറിയെ ദത്തെടുത്തു. പണ്ടു കാലം മുതലേ ഈ പദവിയിലേക്ക് പൂച്ചകളെ നിയമിക്കാറുണ്ടെങ്കിലും ചെറിയൊരു ഇടവേളയ്ക്കു ശേഷമായിരുന്നു ലാറിയുടെ രംഗപ്രവേശം.  

മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് സേവനത്തിലുണ്ടായിരുന്ന ഹംഫ്രി എന്ന പൂച്ചയാണ് ഇക്കൂട്ടത്തില്‍ മികച്ച സേവനത്തിനുള്ള പേരും പെരുമയും നേടിയത്. ടോണി ബ്ലയര്‍ സ്ഥാനമൊഴിയുന്ന കാലത്തു പ്രായാധിക്യം മൂലം ഹംഫ്രിയും വിരമിച്ചു. പിന്നീട് സിബില്‍ എന്ന പൂച്ച എത്തി. 2009ല്‍ സിബിലിന്‍റെ കാലം കഴിഞ്ഞതോടെ ഡൗണിങ് സ്ട്രീറ്റില്‍ ചീഫ് മൗസര്‍ പദവി ഒഴിഞ്ഞു കിടന്നു.

ബ്രിട്ടിഷ് പ്രധാനമന്ത്രിമാര്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോഴും, ക്യാമറാഫ്ളാഷുകള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുമ്പോഴും ലാറിയുണ്ടാകും. സാമൂഹിക മാധ്യമങ്ങളില്‍ ലാറിയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയതോടെ ധാരാളം ഫോളോവേഴ്‌സിനെയും കിട്ടി. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് തന്‍റെ ഫോളോവേഴ്സിന്‍റെ ചില ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കിയിരുന്നു. ഇതായിരുന്നു ആ മറുപടി, '' ഞാന്‍ ഒരിക്കലും ഋഷി സുനക്കിന്‍റെ പൂച്ചയല്ല. കാരണം ഞാനിവിടുത്തെ സ്ഥിരം താമസക്കാരനാണ്, രാഷ്ടീയക്കാര്‍ താല്‍ക്കാലിക അന്തേവാസികളും. ചിലര്‍ വളരെ കുറച്ചു കാലത്തേക്കു മാത്രമേ ഉണ്ടാവാറുള്ളൂ.''

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com