
ഗോപാലൻ വെണ്ടുവഴി
കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് "കോട്ടില്ലാ വക്കീലായ" കോതമംഗലം സ്വദേശി പി. കെ ഗോപാലൻ എന്ന ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് . ‘കേസുകൾ’അദ്ദേഹത്തിന് കേവലം സ്വന്തം കാര്യങ്ങൾ മാത്രം ആയിരുന്നില്ല. നാട്ടിലെ സാധാരണക്കാരായ ആളുകൾക്ക് നീതി ലഭിക്കണം എന്നാഗ്രഹിച്ച്, അവർക്ക് വേണ്ടി നിരന്തരം എറണാകുളത്തും, തിരുവനന്തപുരത്തും കോടതികളിൽ നിയമബിരുദത്തിന്‍റെ പിൻബലമില്ലാതെ ഹാജരാവുകയായിരുന്നു.
13 വർഷം മുമ്പ് തനിക്ക് തന്നെയുണ്ടായ ഒരു നീതി നിഷേധത്തിനെതിരെ ഉപഭോക്തൃ കോടതിയിൽ സ്വയം വാദിച്ച് ജയിച്ചതിൽ നിന്ന് പ്രചോദനം കൊണ്ടാണ് ഗോപാലൻ ഈ രംഗത്തേക്ക് കടന്നു വന്നത്. നിയമ പോരാട്ട രംഗത്ത് നിരവധി കേസുകളിൽ വിജയം നേടിയ ഗോപാലൻ വെണ്ടുവഴി, ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും ഒരു കേസിൽ പോലും തോറ്റിട്ടില്ലെന്നത് ശ്രദ്ധേയമാണ്.
ഗ്രന്ഥകാരൻ, വിവരാവകാശ പ്രവർത്തകൻ, ട്യൂഷൻ സെന്‍റർ അധ്യാപകൻ എന്നീ മേഖലകളിലും സജീവമാണ് ഗോപാലൻ. ഉപഭോക്‌തൃ ജാഗ്രതാ സമിതി, വിവരാവകാശ സമിതി, ശബരി റെയിൽ സമരസമിതി തുടങ്ങിയവയുടെ ഭാരവാഹിയെന്ന നിലയിലും പൊതുരംഗത്ത് പ്രവർത്തിക്കുന്നുണ്ട്.
കർഷകർ, സാധാരണ ഉപഭോക്താക്കൾ, അശരണർ, ഇൻഷുറൻസ് ഉപഭോക്താക്കൾ എന്നിവരുടെയൊക്കെ പരാതികളാണ് കൂടുതലും ഗോപാലൻ ഏറ്റെടുത്തത്. പാവപ്പെട്ടവർക്ക് താങ്ങാകാനാണ് അദ്ദേഹം ഉപഭോക്തൃ കോടതിയിലേക്ക് ചുവടുവെച്ചത്. നിയമത്തിന്‍റെ ആനുകൂല്യമുണ്ടെങ്കിലും തന്നെപ്പോലെയുള്ളവർ ഈ രംഗത്ത് കടന്നു വരുന്നില്ല എന്നും ഗോപാലൻ പറയുന്നു.
ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ സെമിനാറുകൾ രാജ്യത്തുടനീളം സംഘടിപ്പിക്കണമെന്നും, കോടതി നടപടികൾ ലളിതമാക്കണമെന്നും, എൻഫോഴ്സ്മെന്‍റ് മെക്കാനിസം കുറച്ചു കൂടി ബലപ്പെടുത്തണമെന്നും, കേസുകൾ അനന്തമായി നീളുന്നത് അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കണമെന്നും, കൺസ്യൂമർ കോടതികളിലേക്ക് തന്നെപ്പോലെയുള്ള നോൺ അഡ്വക്കേറ്റുമാർ ധാരാളമായി കടന്നു വരണമെന്നും ഗോപാലൻ വെണ്ടുവഴി പറഞ്ഞു.