തിരുത്തിയെഴുതിയ കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ

ആശാ വർക്കർമാർ ശമ്പള വർധനവിനു വേണ്ടി തെരുവിൽ സമരത്തിനിറങ്ങുമ്പോൾ, പിഎസ്‌സി അംഗങ്ങൾക്കും സർക്കാർ അഭിഭാഷകർക്കും തലസ്ഥാനത്തെ പ്രത്യേക പ്രതിനിധിക്കും പ്രതിഫലം വർധിപ്പിക്കാനുള്ള തിരക്കിലാണ് കേരളം.
Kerala Chief Minister Pinarayi Vijayan ceremoniously rings the bell at the London Stock Exchange
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ആചാരപരമായി മണി മുഴക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ.File photo
Updated on

കായംകുളം കൊച്ചുണ്ണിയുടെ ഇംഗ്ലിഷ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന റോബിൻഹുഡ് പറ‍ഞ്ഞിട്ടുണ്ട്, ''അവരും എന്നെപ്പോലെ കള്ളൻമാർ തന്നെ, കിരീടം വച്ച കള്ളൻമാർ!''

അജയൻ

വടക്കൻ പാട്ടുകളിലെ ചന്തു ചതിയനായിരുന്നു. എം.ടി. വാസുദേവൻ നായരുടെ തൂലികത്തുമ്പിൽ വടക്കൻ വീരഗാഥ വിരിഞ്ഞപ്പോൾ, വിധിയാൽ ചതിക്കപ്പെട്ട ദുരന്ത നായകനായി ചന്തു. അതുപോലൊരു കഥയുടെ പുനർവ്യാഖ്യാനത്തിന്‍റെ തിരക്കിലാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. പണക്കാരന്‍റെ മുതൽ മോഷ്ടിച്ച് പാവങ്ങൾക്കു കൊടുത്ത കായംകുളം കൊച്ചുണ്ണിയുടെ കഥയാണ് പുനർവായിക്കപ്പെടുന്നത്. അധികമൊന്നുമില്ല, 'ചെറിയ' ഒരു മാറ്റം- പാവപ്പെട്ടവന്‍റെ കഞ്ഞിയിൽ കൈയിട്ടു വാരി പണക്കാരെ കൂടുതൽ പരിപോഷിപ്പിക്കുന്ന കൊച്ചുണ്ണിയുടെ 4കെ റീമാസ്റ്റേർഡ് വെർഷൻ!

കായംകുളം കൊച്ചുണ്ണിയുടെ ഇംഗ്ലിഷ് പതിപ്പെന്ന് വിശേഷിപ്പിക്കാവുന്ന റോബിൻഹുഡ് പറ‍ഞ്ഞിട്ടുണ്ട്, ''അവരും എന്നെപ്പോലെ കള്ളൻമാർ തന്നെ, കിരീടം വച്ച കള്ളൻമാർ!'' കിരീടവും ചെങ്കോലുമില്ലാത്ത കാലത്തെ ഭരണവർഗത്തിനും ചേരും റോബിൻഹുഡിന്‍റെ ഈ വിശേഷണം.

പിടിവിട്ട് പായുന്ന വിലക്കയറ്റം, കുത്തനെ കുറയുന്ന അവസരങ്ങൾ, കുടിശികയാകുന്ന ക്ഷേമ പെൻഷനുകൾ... സാധാരണക്കാരുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ സംസ്ഥാന സർക്കാർ അതിന്‍റെ തനിനിറം കാണിക്കുകയാണ്: പിഎസ്‌സി അംഗങ്ങൾക്കും സർക്കാർ അഭിഭാഷകർക്കും ശമ്പള വർധന, പോരാഞ്ഞ്, സംസ്ഥാനത്തിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുടെ യാത്രാബത്ത ഇരട്ടിയിലധികമാക്കാൻ ശുപാർശയും!

പിഎസ്‌സിയിൽ 21 അംഗങ്ങൾക്കാണ് 3.8 ലക്ഷം രൂപ മാസ ശമ്പളവും, ആറ് വർഷത്തെ സേവനത്തിനു ശേഷം വിരമിച്ചാൽ ഒരു ലക്ഷം രൂപ പെൻഷനും കിട്ടാൻ പോകുന്നത്. ഒറ്റപ്പെട്ട സംഭവമല്ല, ആവർത്തിക്കുന്ന പ്രക്രിയ തന്നെ. എൽഡിഎഫ് സർക്കാരിന്‍റെ രണ്ടാം ടേമിന്‍റെ മുഖമുദ്ര തന്നെയായി മാറിയിരിക്കുകയാണ്, അനാസ്ഥയെ ഔദ്യോഗിക നയമാക്കുന്ന ഈ പതിവ് നാടകം.

ഏതെങ്കിലും പിഎസ്‌സി അംഗത്തോടു ചോദിച്ചാൽ, ഉദാരതയുടെ കേദാരമാണീ രണ്ടാം പിണറായി സർക്കാർ എന്നു പറയും. ഏതാനും പിഎസ്‌സി അംഗങ്ങളുടെ ശമ്പളത്തിൽ ലക്ഷക്കണക്കിന് രൂപയുടെ വർധന വരുത്തിയ സംസ്ഥാന സർക്കാരിനു പക്ഷേ, ലക്ഷക്കണക്കായ ആശാ വർക്കർമാരുടെ കാര്യത്തിൽ ഈ ഉദാരത കാണിക്കാനാവുന്നില്ല. സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ നെടുന്തൂണുകളായ ആശാ വർക്കർമാർ 7,500 രൂപ എന്ന പ്രതിമാസ ഓണറേറിയത്തിൽ ചെറിയൊരു വർധനയും, ഇത്രയും കാലം കുടിശികയായ തുകയും മാത്രമാണ് ചോദിച്ചിട്ടുള്ളത്.

പക്ഷേ, തൊഴിലാളി വർഗ പ്രസ്ഥാനം പുതിയ മൂലമന്ത്രം സ്വീകരിച്ചിരിക്കുകയാണെന്നു വേണം കരുതാൻ- ഉദ്യോഗസ്ഥവൃന്ദത്തിലെ മേധാവികളുടെ സുഖലോലുപത ഉറപ്പാക്കിയാൽ മതി, സാദാ കാലാൾപ്പടയെക്കുറിച്ചു ചിന്തിക്കാൻ എന്തിനു സമയം കളയണം! അല്ലെങ്കിൽ തന്നെ, വെയിലത്തിറങ്ങി വിയർക്കുന്നവരോടല്ല, എസിയിലിരുന്ന് സുഖിക്കുന്നവരോടാണ് ഈ സർക്കാരിനു മമത കൂടുതൽ. പ്രസ്ഥാനത്തെ പടുത്തുയർത്തിയ മുഷ്ടികളെ സൗകര്യപൂർവം മറക്കുന്ന നയങ്ങൾ എഴുതിയുണ്ടാക്കുന്നവർക്കാണ് മുൻഗണന.

ക്ഷേമ പെൻഷൻ 1,600 രൂപയിൽ നിന്ന് 2.500 രൂപയാക്കുമെന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഉള്ള തുക തന്നെ ഇപ്പോൾ കുടിശികയായി. പക്ഷേ, പിഎസ്‌സി അംഗങ്ങൾക്കു വാരിക്കോരി കൊടുക്കാനും, ആറ് ലക്ഷം ചോദിച്ച പ്രത്യേക പ്രതിനിധിക്ക് പതിനൊന്ന് ലക്ഷം കൊടുക്കാനും സർക്കാരിനു സാമ്പത്തിക പ്രതിസന്ധിയില്ല. പിഎസ്‌സി അംഗമാകാൻ പിഎസ്‌സി പരീക്ഷ പാസാവണ്ട, പാർട്ടി ശുപാർശ മതി. ആജീവനാന്ത പെൻഷൻ സഹിതമാണ് നിയമനം. അപ്പോഴും അവശൻമാർ ആർത്തൻമാർ ആലംബഹീനൻമാർ, അവരുടെ സങ്കടമാര‍റിയാൻ!

കേരളത്തിലെ ബൂർഷ്വാ ഇടതുപക്ഷത്തിന് ചരിത്രം ഒരു അസൗകര്യമാണ്. വായ്പയെടുത്ത പണം മാത്രം മൂലധനമാക്കിയ കിഫ്ബി എന്ന വികസന 'അദ്ഭുതം' തന്നെ നോക്കൂ. അതുവഴി നിർമിച്ച റോഡുകളിൽ നിന്ന് ടോൾ പിരിച്ചുവേണമത്രെ ഇനി ബാധ്യത തീർക്കാൻ! അതെ, വികസനത്തിന് ഒരു വില കൊടുക്കേണ്ടതുണ്ട്, വലിയ വില! ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണി മുഴക്കാൻ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെക്കാൾ യോഗ്യനായി ആരിരിക്കുന്നു!

ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതിനെതിരേ ഘോരഘോരം പ്രസംഗിച്ച ഒരു സംസ്ഥാന സെക്രട്ടറിയുണ്ടായിരുന്നു കേരളത്തിലെ സിപിഎമ്മിന്- അതിശയമെന്നു പറയട്ടെ, അദ്ദേഹത്തിന്‍റെ പേരും പിണറായി വിജയൻ എന്നു തന്നെയായിരുന്നു. സാരമില്ല, കൂട്ടുത്തരവാദിത്വം പോലെ തന്നെ കാലഘട്ടത്തിന്‍റെ ആവശ്യമത്രേ കൂട്ട സ്മൃതിഭ്രംശവും!

കാൾ മാർക്സ് എന്ന ആചാര്യൻ യുഗങ്ങൾക്കു മുൻപേ പ്രവചിച്ചതിൽ അദ്ഭുതമില്ല: ''പൂർണനായ മനുഷ്യന് വിശക്കുന്നവന്‍റെ ആവശ്യങ്ങൾ മനസിലാകില്ല''. അതെ, കാശുള്ളവന് ഇല്ലാത്തവന്‍റെ ബുദ്ധിമുട്ട് മനസിലാകില്ല എന്നു തന്നെ. സർവസൗകര്യങ്ങളോടെ ഭരണം നടത്തുന്നവർക്കും അങ്ങനെ തന്നെ. എന്നിട്ടും തെരുവുകളിൽ ഇപ്പോഴും മുഴങ്ങിക്കേൾക്കുന്നുണ്ട്, അടിച്ചമർത്തപ്പെട്ടവരുടെ സർക്കാരിനെക്കുറിച്ചുള്ള വാഴ്ത്തുപാട്ടുകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com