
സമാധാനം കൊണ്ടുവരട്ടെ, ലിയോ പതിനാലാമന്‍
240 കോടി ക്രൈസ്തവരുടെ ഇടയനായി സ്ഥാനമേറ്റ പുതിയ മാർപാപ്പ ലിയോ പതിനാലാമനെ 2025 മേയ് 18 ഞായറാഴ്ച റോമിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചു കൂടിയ ജനങ്ങളും ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യയുടെ മികവിൽ ലോകം മുഴുവനും കണ്ടു.
71 രാജ്യങ്ങളിൽ നിന്നുള്ള 101 കർദിനാൾമാരുടെ പ്രാർഥനയുടെയും ധ്യാനത്തിന്‍റെയും അന്തരീക്ഷത്തിൽ നടന്ന കോൺക്ലേവിലാണ് അമേരിക്കക്കാരനായ 69 വയസുള്ള കർദിനാള്‍ റോബർട്ട് പ്രേവോയെ സഭയെ നയിക്കുന്നതിനായി മേയ് 8 ന് തെരഞ്ഞെടുത്തത്. നാലാമത്തെ വോട്ടെടുപ്പിലായിരുന്നു പാപ്പയെ തെരഞ്ഞെടുത്തതായി ഉറപ്പിക്കുന്ന വെള്ളപ്പപുക.
ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചുകൊണ്ട് മാർപാപ്പ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ തന്നെ കാത്തുനിന്ന പതിനായിരക്കണക്കിന് ജനങ്ങളെയും ലോകത്തെയും അനുഗ്രഹിച്ചു. പാരമ്പര്യമനുസരിച്ചുള്ള ചുവന്ന മേൽ വസ്ത്രങ്ങൾ ധരിച്ച് ബസിലിക്കയുടെ മട്ടുപ്പാവിൽ എത്തിയ പാപ്പ ഗുഡ് ഈവനിങ് എന്നു പറഞ്ഞുകൊണ്ട് വിശ്വാസികളെ അഭിസംബോധന ചെയ്തു. ബെനഡിക്റ്റ് 16-ാമൻ മാർപാപ്പ പ്രിയ സഹോദരീ, സഹോദരന്മാരെ എന്നും ജോൺപോൾ രണ്ടാമൻ ഈശോമിശിഹായ്ക്ക് സ്തുതി എന്നും പറഞ്ഞാണ് ആശിർവാദം തുടങ്ങിയതെങ്കിൽ പുതിയ മാർപാപ്പ സമാധാനം നിന്നോട് കൂടെ എന്നാണ് ആശംസിച്ചത്.
മരിയ ഭക്തിയിൽ ആഴത്തിൽ ജീവിക്കുന്ന അഗസ്തീനിയൻ സന്ന്യാസസഭയുടെ അംഗമാണ് പുതിയ ലിയോ പതിനാലാമൻ മാർപാപ്പ. തന്നെ വളർത്തിയ അഗസ്തീനിയൻ സഭയുമായുള്ള ബന്ധം തുറന്നു പ്രകടിപ്പിക്കാൻ ലിയോ പതിനാലാമന് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. 2023 ൽ കർദിനാളായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അഗസ്തീനിയൻ സഭ നൽകിയ കുരിശ് തന്നെയാണ് മാർപാപ്പ ആയപ്പോൾ അദ്ദേഹം ധരിച്ചത്.
ദൈവത്തിന്‍റെയും മനുഷ്യസഹോദരങ്ങളുടെയും വിനീത ശുശ്രൂഷകനാണു താനെന്ന് മുൻഗാമികളുടെ ജീവിതം തൊട്ടു കാണിച്ചുകൊണ്ട് ലിയോ പതിനാലാമൻ ഉറപ്പിക്കുന്നു. കർത്താവ് ഏൽപ്പിച്ച വലിയ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ തന്നോടൊപ്പം കർദിനാൾമാർ ഉണ്ടെന്നതാണ് തനിക്ക് ആശ്വാസകരം എന്ന് അദ്ദേഹം പറഞ്ഞു.
തന്‍റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ സമൂലമായ സമർപ്പണവും സ്വർഗീയ പിതാവിന്‍റെ ഭവനത്തിലേക്കുള്ള മടക്കയാത്രയുമെല്ലാം പതിനാലാമൻ അനുസ്മരിച്ചു.
ആധുനിക ലോകത്തോടൊപ്പം സഭയുണ്ട് എന്നതിനു തെളിവാണു പുതിയ പാപ്പാ. സാമൂഹ്യനീതിക്ക് വേണ്ടിയുള്ള സഭയുടെ പ്രതിബദ്ധതയാണ് കർദിനാളുമാരുമായി അദ്ദേഹം ആദ്യം നടത്തിയ സംഭാഷണത്തിൽ നിറഞ്ഞു നിന്നത്. റഷ്യൻ ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനോട് മാർപാപ്പയ്ക്ക് എത്ര സൈന്യമുണ്ട് എന്ന് ചോദിച്ച കഥയുണ്ട്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വയം മാർപാപ്പയാകാൻ ശ്രമിച്ചതായും അടുത്ത കാലത്തു നാം അറിഞ്ഞു. എന്നാൽ ഇവരെക്കാളെല്ലാം സ്വാധീനവും അധികാരവും നൂറ്റാണ്ടുകളായി ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാന്‍റെ അധിപതിക്കുണ്ട്. യുഎൻ അംഗമല്ലെങ്കിലും റോമിന്‍റെ അധിപതിക്ക് ലോകം മുഴുവൻ സ്വാധീനവും നയതന്ത്ര ബന്ധങ്ങളുമുണ്ട്. മാർപാപ്പയെ സ്വീകരിക്കാൻ ലോകരാഷ്ട്രങ്ങൾ തമ്മിൽ മത്സരമാണ്. പരിശുദ്ധ സിംഹാസനം എന്നാണ് പോപ്പിന്‍റെ ആസ്ഥാനത്തെക്കുറിച്ച് ബഹുമാനപൂർവം പറയുന്നത്. കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറയുകയും യൂറോപ്പിലെ പല പള്ളികളും അടയ്ക്കുകയും ചെയ്യുമ്പോഴും പോപ്പിന്‍റെ അധികാരവും സ്വാധീനവും വർധിക്കുകയാണ്.
ലിയോ പതിമൂന്നാമൻ രചിച്ച ‘റേരും നോവാരും’ എന്ന പ്രശസ്തമായ ചാക്രിക ലേഖനം വ്യവസായ വിപ്ലവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നെങ്കിൽ നിർമിത ബുദ്ധിയുടെ വികസനത്തിന്‍റെയും ഡിജിറ്റൽ വിപ്ലവത്തിന്‍റെയും ഈ കാലഘട്ടത്തിൽ കൃത്യമായ പ്രബോധനം നൽകാൻ സഭയ്ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ലിയോ പതിനാലാമൻ ഓർപ്പിക്കുന്നു.
2025 വിശുദ്ധ വർഷമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ധാരാളം പരിപാടികളിലാണ് പുതിയ പാപ്പാ പങ്കെടുക്കേണ്ടത്.
ഫ്രാൻസിസ് മാർപാപ്പയുടെ വലിയ ആഗ്രഹമായിരുന്ന ഇന്ത്യൻ സന്ദർശനം പുതിയ പാപ്പാ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുകൂടാതെ തുർക്കിയിലേക്കും കോൺസ്റ്റാന്‍റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കിസ് ബർത്തലോമ്യായോടൊപ്പം നിഖ്യാ സുന്നഹദോസിന്‍റെ 170-ാമത് വാർഷിക ആഘോഷത്തിൽ പങ്കെടുക്കാനും ഫ്രാൻസിസ് പാപ്പ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതും പുതിയ പാപ്പ നിർവഹിക്കുമോ എന്ന് ലോകം ഉറ്റു നോക്കുകയാണ്.
ക്രൈസ്തവരുടെ ആധ്യാത്മിക ജീവിതവും കാഴ്ചപ്പാടുകളും സംരക്ഷിക്കുന്നതോടൊപ്പം ലോകജനതയ്ക്ക് സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും ജീവിതം കാഴ്ചവയ്ക്കാൻ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് കഴിയുമെന്നാണ് ജോത്സ്യന്‍റെ വിശ്വാസം.