

ബ്രസീല്‍ - സെര്‍ബിയന്‍ തെരഞ്ഞെടുപ്പ് നല്‍കുന്ന പാഠം
അഡ്വ. ജി. സുഗുണന്‍
ലാറ്റിനമേരിക്കല്‍ രാജ്യങ്ങളില്‍ ഏറ്റവും വലിയ രാജ്യമായ ബ്രസീല്‍ തെക്കേ അമെരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ പകുതി വലിപ്പമുള്ളതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യവുമാണിത്. എ ഡി 1500 മുതല്‍ പോര്‍ച്ചുഗീസ് അധീനതയിലായിരുന്നു ബ്രസീല്‍. 1808ല്‍ പോര്‍ച്ചുഗലിലെ ജോണ്‍ ആറാമന്‍ രാജാവ് നെപ്പോളിയന്‍റെ ആക്രമണം ഭയന്ന് ബ്രസീലിലേക്ക് പലായനം ചെയ്ത് അവിടേക്ക് സര്‍ക്കാര്‍ മാറ്റി സ്ഥാപിച്ചു. 1821ല്‍ രാജകുടുംബം പോര്‍ച്ചുഗലിലേക്ക് മടങ്ങി. രാജകുമാരനായ പെഡ്രോ ഒന്നാമനായിരുന്നു ബ്രസീലിന്‍റെ ഭരണച്ചുമതല. 1821 സെപ്തംബര്‍ 7ന് പെഡ്രാ ഒന്നാമന്‍ ബ്രസീലിന്‍റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് ബ്രസീല്‍. കൃഷിയും വനങ്ങളുമാണ് ബ്രസീല്‍ സമ്പദ് ഘടനയുടെ അടിത്തറ. ജലവൈദ്യുത ഉത്പാദനത്തില്‍ ലോകത്ത് മുന്‍നിരയിലാണ് ബ്രസീലിന്‍റെ സ്ഥാനം. ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടെങ്കിലും 5 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യത്തിലാണ്. വികസിത - അവികസിത മേഖലകള്‍ തമ്മില്‍ ജീവിത നിലവാരത്തിലുള്ള അന്തരം ഭീമമാണ്. രാജ്യത്തിന്‍റെ വടക്കു കിഴക്കന്‍ മേഖല ദാരിദ്ര്യം കൊണ്ട് പൊറുതി മുട്ടുമ്പോള്‍ തെക്കന്‍ മേഖല സമ്പദ് സമൃദ്ധിയിലാണ്. ലോകത്തെ ഏറ്റവും വലിയ നദിയാണ് ബ്രസീലിലെ ആമസോണ്‍. 6,400 കിലോമീറ്ററാണ് ആമസോണിന്‍റെ നീളം കണക്കാക്കിയിട്ടുള്ളത്.
"ഫുട്‌ബോള്‍ കണ്‍ട്രി' എന്നാണ് ബ്രസീല്‍ അറിയപ്പെടുന്നത്. ദേശീയ പതാകയില്‍ ഫുട്‌ബോള്‍ ആലേഖനം ചെയ്തിട്ടുള്ള രാജ്യം. ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രതിഭാധനനായ ഫുട്‌ബോള്‍ കളിക്കാരന്‍ പെലെ ബ്രസീലിന്‍റെ സന്തതിയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യവുമാണ് ബ്രസീല്‍. 80 ദശലക്ഷം ഹെക്റ്റര്‍ സ്ഥലത്താണ് ഇവിടെ കരിമ്പ് കൃഷി ചെയ്യുന്നത്.
"യൂണിയന്‍ ഓഫ് സെര്‍ബിയ ആന്‍റ് മോണ്ടിനേഗ്രോ'യില്‍ നിന്ന് 2006ല്‍ മോണ്ടിനേഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതോടെയാണ് സെര്‍ബിയ സ്വതന്ത്ര രാജ്യമായത്. 2006ല്‍ ജനഹിത പരിശോധനയ്ക്ക് ശേഷം മോണ്ടിനേഗ്രോ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് സെര്‍ബിയയും സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. പഴയ യൂഗോസ്ലാവിയയില്‍ നിന്ന് വേര്‍പിരിഞ്ഞ രാജ്യങ്ങളിലൊന്നാണ് സെര്‍ബിയ. വടക്ക് ഹംഗറിയും കിഴക്ക് റൊമേനിയ, ബെല്‍ഗേരിയ എന്നീ രാജ്യങ്ങളും തെക്ക് മാസിഡോണിയയും, അല്‍ബേനിയയും, പടിഞ്ഞാറ് ഖുറൈശി, ബോസ്റ്റിയ ആന്‍റ് ഹെര്‍സഗോവിന, മോണ്ടിനെഗ്രോ എന്നീ രാജ്യങ്ങളുമാണ് സെര്‍ബിയയുടെ അതിര്‍ത്തികള്‍.
യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിലൊന്നായ ബെല്‍ഗ്രേഡാണ് സെര്‍ബിയയുടെ തലസ്ഥാനം. പഴയ യൂഗോസ്ലാവിയന്‍ റിപ്പബ്ലിക്കിലെ ഏറ്റവും പ്രധാനപ്പെട്ട നഗരം. ഡാന്യൂബ്, സാവ എന്നീ പ്രധാനപ്പെട്ട നദികളുമായി ബെല്‍ഗ്രേഡിന് അതിര്‍ത്തിയുണ്ട്.
ബ്രസീലിലെയും സെര്‍ബിയയിലെയും തെരഞ്ഞെടുപ്പുകള്‍ വലിയ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളിലെയും യുവതയും വിദ്യാർഥികളും വിവിധ വിഭാഗം ജനങ്ങളും ഈ തെരഞ്ഞെടുപ്പുകളില്‍ സജീവമായതാണ് കാരണം. അമെരിക്കന്‍ പിന്തുണയോടെ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ തീവ്ര വലതുപക്ഷവും, കോര്‍പ്പറേറ്റ് മാധ്യമങ്ങളും നടത്തിയ ശ്രമങ്ങളെ അതിജീവിച്ച് ബ്രസീല്‍ തൊഴിലാളി വര്‍ഗത്തിന്‍റെ വിജയ തുടര്‍ച്ച ഉണ്ടായിരിക്കുകയാണ്. വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവായ നിലവിലെ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല സില്‍വ ചരിത്ര വിജയത്തോടെ അധികാരത്തില്‍ തുടരും. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഉറ്റ തോഴനായ തീവ്ര വലതുപക്ഷ ലിബറല്‍ പാര്‍ട്ടി സ്ഥാനാർഥി ഫ്ലാവിയോ ബൊള്‍സൊനാരോയുടെ പരാജയം അമെരിക്കയ്ക്കും സാമ്രാജ്യത്വ രാജ്യങ്ങള്‍ക്കും കനത്ത പ്രഹരമായി.
ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രസീലും, ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്ന് രൂപീകരിച്ച ബ്രസീല്‍ ഓഫ് ഹോപ് ഫെഡറേഷന്‍ എന്ന വിശാല സഖ്യമാണ് ലുലയെ വിജയത്തിലേക്ക് നയിച്ചത്. പ്രതീക്ഷിച്ചതു പോലെ ജനവിധി മാനിക്കാന്‍ ഫ്ലാവിയോ ബൊള്‍സൊനാരോ തയാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുക അസാധ്യമാണെന്നും വോട്ടെടുപ്പ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 4 വര്‍ഷം മുമ്പ് ലുല പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരാജയപ്പെട്ട ഫ്ലാവിയോയുടെ പിതാവ് ജയ്ര്‍ ബോള്‍നാരോ കലാപം നടത്തി ജനവിധി അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് തടവിലാണ്. അധികാരത്തിലെത്തിയാല്‍ അച്ഛനെ ജയില്‍ മോചിതനാക്കുമെന്ന് ഫ്ലാവിയോ പ്രഖ്യാപിച്ചിരുന്നു.
പെര്‍നാംബൂക്കോയിലെ ദരിദ്ര കുടുംബത്തില്‍ ജനിച്ച ലുല 1970 കളിലാണ് രാഷ്‌ട്രീയത്തിലെത്തിയത്. യൂണയിന്‍ നേതാവായിരുന്നു തുടക്കം. 1980 ല്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. 2002ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി പ്രസിഡന്‍റ് പദവിയിലേക്ക്. 2006ല്‍ വീണ്ടും പദവിയിലെത്തി. 2018ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ ജയിലിലായി. അദ്ദേഹത്തെ ശിക്ഷിച്ച ജഡ്ജി പക്ഷാപാതമായി പെരുമാറിയെന്നതിന് തെളിവുകള്‍ പുറത്ത് വന്നതോടെ 580 ദിവസത്തിനു ശേഷം ജയില്‍ മോചിതനായി. 2022ല്‍ ജയ്ര്‍ ബുള്‍സൊനാരോയ്ക്ക് എതിരെ ജയം നേടി വീണ്ടും പ്രസിഡന്‍റ് പദവിയില്‍. ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ അട്ടിമറി, ഗൂഢാലോചന കേസില്‍ ജയ്ര്‍ ബുള്‍സൊനാരോയ്ക്ക് 27 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു.
ലുലയുടെ വിജയത്തെ ലോകനേതാക്കള്‍ സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലുലയ്ക്ക് ഹൃദ്യമായ അഭിനന്ദനം അറിയിച്ചു. ഇന്ത്യ ബ്രസീല്‍ നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യൂറോപ്യന്‍ രാജ്യമായ സെര്‍ബിയയില്‍ അലക്‌സാണ്ടര്‍ വൂചിച്ചിന്‍റെ (56) 12 വര്‍ഷം നീണ്ട ഭരണത്തിന് പ്രതിപക്ഷ വിദ്യാർഥി പ്രസ്ഥാനമായ ""സ്റ്റുഡന്‍റ് ലിസ്റ്റ്'' അന്ത്യം കുറിച്ചു. 2014 മുതല്‍ 3 വര്‍ഷം പ്രധാനമന്ത്രിയായും തുടര്‍ന്ന് പ്രസിഡന്‍റായും അധികാരത്തില്‍ തുടരുകയായിരുന്നു അലക്‌സാണ്ടര്‍. പ്രാഥമിക ഫലം അനുസരിച്ച് പാര്‍ലമെന്‍റിലെ 250 സീറ്രില്‍ 140 ഉം സ്റ്റുഡന്‍റ് ലിസ്റ്റ് നേടി. അലക്‌സാണ്ടറുടെ സെര്‍ബിയ്‌ല പ്രോഗ്രസീവ് പാര്‍ട്ടിയുടെ (എസ്എന്‍എസ്) നേതൃത്വത്തിലുള്ള സഖ്യം 103 സീറ്റിലൊതുങ്ങി. വിദ്യാർഥികള്‍ക്കു പുറമെ ആക്റ്റിവിസ്റ്റുകളും, പ്രൊഫഷണലുകളും, അക്കാദമിക് വിദഗ്ധരും, കലാകായിക പ്രതിഭകളും സ്റ്റുഡന്‍റ്‌സ് ലിസ്റ്റിനായി മത്സരിച്ചു.
പ്രസിഡന്‍റ് പദവി രാജിവച്ചാണ് അലക്‌സാണ്ടര്‍ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് ശക്തമാക്കിയത്. എസ്എന്‍എസ് സഖ്യത്തിന്‍റെ പ്രധാന സ്ഥാനാർഥിയായിരുന്നു അദ്ദേഹം. സ്പീക്കര്‍ അന ബ്രാനാബിച് ആണ് ആക്റ്റിങ് പ്രസിഡന്‍റ്. ഈ തെരഞ്ഞെടുപ്പ് പാര്‍ലമെന്‍റ് അംഗങ്ങളെയും പ്രധാനമന്ത്രിയെയും കണ്ടെത്താനാണ്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഡിസംബറിലാണ് നടക്കേണ്ടത്.
സ്റ്റുഡന്‍റ് ലിസ്റ്റ് മത്സരിച്ചത് പ്രധാനമന്ത്രി സ്ഥാനാർഥിയോ, ഔദ്യോഗിക നേതാവോ ഇല്ലാതെയായിരുന്നു. പ്രധാനമന്ത്രി ആരെന്ന് തീരുമാനിച്ചിട്ടില്ല. ഫിസിഷ്യനും പ്രൊഫസറുമായ ഇലിയ സൃഡനോവിചിനാണ് (56) സാധ്യത. ഭരണകൂടത്തെ താഴെയിറക്കാന്‍ സ്റ്റുഡന്‍റ് ലിസ്റ്റ് നടത്തിയത് 2 വര്‍ഷത്തോളം നീണ്ട അഴിമതി വിരുദ്ധ പ്രക്ഷോഭണങ്ങളായിരുന്നു. 2027 ഡിസംബറിലാണ് സെര്‍ബിയയില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നത്. അഴിമതി വിരുദ്ധ പ്രക്ഷോഭമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള പ്രധാന കാരണം. 2024 നവംബറില്‍ നോവിസാദ് നഗരത്തില്‍ റെയ്‌ല്‍വേ സ്റ്റേഷന്‍റെ മേല്‍ക്കൂര തകര്‍ന്ന് 16 പേര്‍ കൊല്ലപ്പെട്ടതോടെയാണവിടെ പ്രക്ഷോഭം തുടങ്ങിയത്. 2017 മുതല്‍ 2 തവണ പ്രസിഡന്‍റായ അലക്‌സാണ്ടര്‍ക്ക് ഭരണഘടന പ്രകാരം മൂന്നാമത് മത്സരിക്കാനാകില്ല. ഭരണം കൈവിടാതിരിക്കാനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായത്. പ്രധാനമന്ത്രി പദത്തിന് അവിടെ ടേം നിയന്ത്രണമില്ല.
14 വര്‍ഷത്തോളം അധികാരത്തിന്‍റെ കേന്ദ്രമായി നിലകൊണ്ട സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടിയെ പ്രതിപക്ഷത്തേക്ക് തള്ളിയ വിദ്യാർഥി മുന്നേറ്റത്തിന്‍റെ വിജയം രാജ്യത്തെ അധികാര ഘടനയോടുള്ള ജനങ്ങളുടെ അതൃപ്തിയുടെ പ്രകടനമാണ്. പ്രസിഡന്‍റ് അലക്‌സാണ്ടര്‍ വുചിച്ചിന്‍റെ സഖ്യം പരാജയം അംഗീകരിച്ചതോടെ, 2012 മുതല്‍ സെര്‍ബിയന്‍ രാഷ്‌ട്രീയത്തെ നിര്‍ണയാകമായി സ്വാധീനിച്ചിരുന്ന ഭരണകക്ഷി ആദ്യമായി പ്രതിപക്ഷത്തേക്ക് നീങ്ങുകയാണ്.
2012 മുതല്‍ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടി രാജ്യ രാഷ്‌ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ഭരണകൂടം, പാര്‍ലമെന്‍റ്, പ്രാദേശിക രാഷ്‌ട്രീയം എന്നിവിടങ്ങളിലെ ശക്തമായ സ്വാധീനവും വിവിധ കക്ഷികളുമായുള്ള സഖ്യങ്ങളും വുചിച്ചിന്‍റെ അധികാരത്തെ ഉറപ്പിച്ചു. എന്നാല്‍ ഈ സംവിധാനത്തില്‍ അധികാരം ഒരാളിലേക്കും ഒരു പാര്‍ട്ടിയിലേക്കും അമിതമായി കേന്ദ്രീകരിക്കപ്പെട്ടുവെന്ന വിമര്‍ശനം ശക്തമായിരുന്നു.
ദീര്‍ഘകാലം അധികാരത്തില്‍ തുടരുന്ന ഭരണകൂടത്തിനെതിരെ സംഘടിതമായ ജനകീയ പ്രതിഷേധം ഒരു ബദലായി മാറാമെന്നതാണ് സെര്‍ബിയയിലെ തെരഞ്ഞെടുപ്പ് വിജയം വ്യക്തമാക്കുന്നത്. യൂറോപ്പിലും ഓസ്‌ട്രേലിയയിലും ഏഷ്യയിലും എല്ലാമുള്ള പല രാജ്യങ്ങളിലും നടന്നുവരുന്ന യുവതയുടെ പ്രതിഷേധവും ശക്തമായ അതിന്‍റെ പ്രതിഫലനവും ആര്‍ക്കും കാണാം. ഇതിന്‍റെ ഭാഗം തന്നെയാണ് സെര്‍ബിയയില്‍ നടന്ന തെരഞ്ഞെടുപ്പിലെ വലിയ മാറ്റങ്ങളും.
ബ്രസീലിലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ ജനാധിപത്യ സ്ഥാപനങ്ങളുടെ പങ്ക് വീണ്ടും നിര്‍ണായകമായി ഉയര്‍ന്നു വന്നിരിക്കുകയാണ്. ലുലയുടെ വിജയം ജനാധിപത്യപരമായ അധികാര മാറ്റത്തിനുള്ള പിന്തുണയായി വ്യഖ്യാനിക്കപ്പെടുന്നു. ലുല തന്‍റെ പ്രചരണത്തില്‍ ബ്രസീലിന്‍റെ ദേശീയ പരമാധികാരത്തിന് വിദേശ ഇടപെടലുകളെ പ്രതിരോധിക്കുന്നതിന് പ്രാധാന്യം നല്‍കി. ബ്രിക്‌സ്, ജി 20 തുടങ്ങിയ വേദികളിലൂടെ വികസ്വര രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ലുലയുടെ സമീപനത്തിന് ഈ വിജയം കൂടുതല്‍ രാഷ്ട്രീയ പിന്തുണ നല്‍കും.
ലോകത്തൊട്ടാകെ ജെന്‍സികള്‍ പ്രക്ഷോഭരംഗത്ത് വന്നിരിക്കുകയാണ്. സെര്‍ബിയയില്‍ നടന്ന തെരഞ്ഞെടുപ്പ് ജെന്‍സി വിജയമെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ചെറുപ്പക്കാര്‍ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങുകയാണ്. യൂറോപ്പില്‍ മാത്രമല്ല, മറ്റ് ഭൂഖണ്ഡങ്ങളിലേക്കും ഇത് വ്യാപിക്കുന്നു. യുവതയുടെ പ്രക്ഷോഭം ഇന്ത്യയിലും നടന്നു കൊണ്ടിരിക്കുകയാണല്ലോ. സെര്‍ബിയയിലേയും, ബ്രസീലിലേയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്തായാലും എല്ലാ ഭരണാധികാരികള്‍ക്കുമുള്ള ചുവരെഴുത്താണെന്നതില്‍ സംശയമില്ല.