കാർണിയോളൻ തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം

മേയ് 20 അന്താരാഷ്‌ട്ര തേനീച്ച ദിനം. ഇതോടനുബന്ധിച്ച് മെട്രൊ വാർത്ത പ്രതിനിധി തയാറാക്കിയ പരമ്പരയുടെ ഒന്നാം ഭാഗം.
കാർണിയോളൻ തേനീച്ചകൾ പഠിപ്പിക്കുന്ന പാഠം

# റീന വർഗീസ് കണ്ണിമല

''തേനീച്ചകളെ നോക്കി അവയെ അനുകരിക്കുക...''

കഠിനാധ്വാനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന കാർണിയോളൻ തേനീച്ചകളെക്കുറിച്ച് തദ്ദേശമായ സ്ലോവേനിയൻ ജനതയുടെ പഴമൊഴിയാണിത്. ഇപ്പോഴത്തെ പടിഞ്ഞാറൻ സ്ലോവേനിയയിലെ കാർണിയോള ജില്ലയുടെ പേരിലാണ് ഈ തേനീച്ചകൾ അറിയപ്പെടുന്നത്. ആദ്യമൊക്കെ, ഇവയെ ബാൾക്കൻ ഉപദ്വീപിൽ ഉടനീളവും അങ്ങു വടക്കു സ്ഥിതിചെയ്യുന്ന കാർപ്പാത്തിയൻ പർവതങ്ങൾ വരെയുള്ള പ്രദേശത്തും മാത്രമാണ് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ, ഇന്ന് തേനീച്ചവളർത്തലുകാരുടെ ഇഷ്ടയിനമായതോടെ കാർണിയോളൻ തേനീച്ചയുടെ പ്രശസ്തി കടലു കടന്നിരിക്കുന്നു.

കാർണിയോളൻ തേനീച്ചയ്ക്ക് ഇത്ര പ്രശസ്തി നേടിക്കൊടുത്തിരിക്കുന്നത് എന്താണ്? ഒന്നാന്തരം തേൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിനു പുറമേ ഇവ രോഗത്തോടും തണുത്ത കാലാവസ്ഥയോടും അങ്ങേയറ്റം പ്രതിരോധശേഷിയുള്ളവയാണ്. അതുപോലെ ഇക്കൂട്ടർ ശാന്തസ്വഭാവികളും അക്രമവാസന ഇല്ലാത്തവയുമാണ്.

മറ്റു തേനീച്ചകളെക്കാൾ നേരത്തേ തന്നെ ഉണരുകയും കൂട്ടിൽനിന്നു പുറത്തുപോയി ജോലി തുടങ്ങുകയും ചെയ്യുന്ന ഈ ഈച്ചകൾക്ക് ഈയൊറ്റ കാരണത്താൽ തന്നെ തേൻ ഉത്പാദനത്തിനായി കൂടുതൽ പൂന്തേൻ - വളരെ ദൂരെനിന്നുള്ളതുപോലും - കൂട്ടിൽ എത്തിക്കുന്നതിനുള്ള സമയം കിട്ടുന്നു. ഇതാണ് കാർണിയോളൻ തേനീച്ചയെ മറ്റു തേനീച്ചകളിൽ നിന്നു വ്യത്യസ്തരാക്കുന്നത്.

'തേനീച്ചവളർത്തലുകാരുടെ ഒരു ജനത'

തേനീച്ചവളർത്തലുകാരുടെ ഒരു ജനത എന്ന് സ്ലോവേനിയക്കാരെ വിളിച്ചത് മറ്റാരുമല്ല, സ്ലോവേനിയയിലെ ഒരു ജീവശാസ്ത്രജ്ഞനായ യാനെസ് ഗ്രിഗൊറിയാണ്.

എട്ടാം നൂറ്റാണ്ടിൽത്തന്നെ സ്ലോവേനിയക്കാർ സമർഥരായ തേനീച്ച വളർത്തലുകാരെന്ന പേരിൽ പ്രശസ്തരായിരുന്നു. അന്നുമുതൽ 1800-കൾ വരെയുള്ള കാലഘട്ടത്തിൽ അവരുടെ തേനീച്ചക്കൂടുകൾ മരങ്ങളുടെ പൊള്ളയായ തായ്ത്തടികൾ കൊണ്ട് ഉണ്ടാക്കിയവ ആയിരുന്നു. ചില സ്ലോവേനിയൻ പ്രദേശങ്ങളിൽ ഈ കൂടുകൾ അറിയപ്പെട്ടിരുന്നത് കൊരീറ്റ അഥവാ തൊട്ടികൾ എന്നാണ്. പിന്നീട് , 15ാം നൂറ്റാണ്ടിനോടടുത്ത് തടിമില്ലുകളുടെ ആഗമനത്തോടെ പഴയ മരത്തൊട്ടികൾ, പലകകൾകൊണ്ടു നിർമിച്ച കൂടുകൾക്കു വഴിമാറാൻ തുടങ്ങി. ഈ കൂടുകളുടെ ദീർഘചതുരാകൃതി നിമിത്തം തമാശരൂപേണ ഇവയെ ട്രൂഗെ അഥവാ ശവപ്പെട്ടി എന്നു അക്കാലത്ത് വിളിച്ചിരുന്നു.

തേൻ, മെഴുക് എന്നിവയ്ക്കുള്ള ആവശ്യം ഏറിവരികയും തേനീച്ചവളർത്തൽ വളരെ സാമ്പത്തിക പ്രാധാന്യം കൈവരിക്കുകയും ചെയ്തു. സ്ലോവേനിയൻ ഭരണാധികാരികൾപോലും ഇതിൽ താൽപര്യമെടുക്കുകയും തേനീച്ചവളർത്തലിൽ ഏർപ്പെടുന്നതിനുള്ള കുത്തകാവകാശം തങ്ങൾക്ക് ഇഷ്ടപ്പെട്ട ചില വ്യക്തികൾക്കു നൽകുകയും ചെയ്തിരുന്നു. കാരണം മെഴുകുതിരി ഉത്പാദിപ്പിക്കുന്നതിനു മെഴുക് ആവശ്യമായിരുന്നു, പ്രത്യേകിച്ചും പള്ളികളിലും സന്ന്യാസി മഠങ്ങളിലും ഉപയോഗിക്കുന്നതിന്. കൂടാതെ ഭക്ഷണസാധനങ്ങളിൽ മധുരത്തിനായി ചേർക്കാൻ അക്കാലത്തു ലഭ്യമായ ഏക വസ്തു തേൻ ആയിരുന്നു. 1500-കളിൽ കാർഷിക വിളയെന്ന നിലയിലുള്ള ബക്ക്വീറ്റിന്‍റെ ആഗമനം തേനീച്ചകൾക്ക് ഒരു ശരത്കാല ഭക്ഷ്യകലവറ തുറന്നു. തൽഫലമായി തേൻ ഉത്പാദനം പിന്നെയും കുതിച്ചുയർന്നു. അധികം താമസിയാതെ, കാർണിയോളയിൽനിന്നു തേനും മെഴുകും വലിയ തോതിൽ കയറ്റുമതി ചെയ്യാൻ തുടങ്ങി. 1600-കളുടെ മധ്യത്തോടെ കാർണിയോള, വർഷം തോറും ഓസ്ട്രിയയിലെ സാൽസ്ബർഗിലേക്കു മാത്രമായി “ആയിരക്കണക്കിന് ക്വിന്‍റൽ”തേൻ കയറ്റി അയച്ചിരുന്നു എന്നു 17-ാം നൂറ്റാണ്ടിലെ ഒരു കാർണിയോളൻ പണ്ഡിതനായ വാർവാസോർ റിപ്പോർട്ടു ചെയ്യുകയുണ്ടായി.

1770-ൽ, ചക്രവർത്തിനി മരിയ തെരേസ അപ്പർ കാർണിയോളയിലെ ഒരു തദ്ദേശവാസിയായ ആന്‍റൺ യാൻഷായെ, ഓസ്ട്രിയയിലെ വിയന്നയിൽ തേനീച്ചവളർത്തൽ പരിശീലിപ്പിക്കുന്നതിനു പുതുതായി സ്ഥാപിച്ച പരിശീലന സ്കൂളിലേക്ക് ആദ്യത്തെ അധ്യാപകനായി നിയമിക്കുകയുണ്ടായി. 1800-കളുടെ അവസാനത്തോടെ, പ്രതികൂലസാഹചര്യങ്ങളെ ചെറുത്തുനിൽക്കാൻ കഴിവുള്ള കാർണിയോളൻ തേനീച്ചകൾക്ക് പല പ്രദേശങ്ങളിലുമുള്ള തേനീച്ചവളർത്തലുകാരുടെ ആവശ്യങ്ങൾക്കൊത്ത് ഉയരാൻ കഴിയുമെന്നു തേനീച്ച ഗവേഷകർ തിരിച്ചറിഞ്ഞു. ഈ കാലഘട്ടത്തിലാണ് കാർണിയോളൻ തേനീച്ചകൾക്ക് ഈ പേരു ലഭിച്ചതും ഇവ ലോകമൊട്ടാകെ വ്യാപിക്കാൻ തുടങ്ങിയതും. വാസ്തവത്തിൽ, 20-ാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തോടെ കാർണിയോളയിൽനിന്ന്, “ചരക്കുതീവണ്ടികൾ നിറയെ തേനീച്ചക്കൂടുകൾ”മറ്റു സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കാൻ തുടങ്ങിയിരുന്നു, കാർണിയോളൻ തേനീച്ചയുടെ ഒരു കുടുംബം അടങ്ങിയതായിരുന്നു ഓരോ കൂടും.

ഇതേ കാലഘട്ടത്തിൽത്തന്നെയാണ് പലകകൾകൊണ്ടുള്ള പരമ്പരാഗത തേനീച്ചക്കൂടിന് ക്രാൻയിക്ക് അഥവാ “കാർണിയോളൻ തേനീച്ചക്കൂട്”എന്ന പേരു കിട്ടിയത്. ഇന്ന് സ്ലോവേനിയയിൽ 7,000-ലേറെ തേനീച്ചവളർത്തലുകാർ 1,60,000-ത്തിലധികം തേനീച്ചക്കൂടുകൾ പരിപാലിക്കുന്നു. റഡോവ്ല്യട്സ പട്ടണത്തിൽ, സ്ലോവേനിയയിലെ തേനീച്ചവളർത്തലിന്‍റെ ചരിത്രത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒരു പ്രത്യേക തേനീച്ചവളർത്തൽ മ്യൂസിയം പോലുമുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com