ജ്യോത്സ്യൻ
പഴയ ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നത് ദൈവം ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചു. അതിനുശേഷം 6 ദിവസക്കാലം ദൈവം സൃഷ്ടിയുടെ പ്രവർത്തനത്തിലായിരുന്നു. അവസാനമാണ് തന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചത്. അവർക്ക് വെള്ളത്തിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാൽക്കാലികളുടെയും ഭൂമി മുഴുവന്‍റെയും ഭൂമിയിലിഴയുന്ന സർവ ജീവന്‍റെയും മേൽ ആധിപത്യം ഉണ്ടായിരിക്കുമെന്ന് ദൈവം പറഞ്ഞു. അവനു വേണ്ടി ഏദൻ തോട്ടം തയാറാക്കി. തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിക്കാൻ അനുവദിച്ചു. എന്നാൽ, നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍റെ ഫലം തിന്നരുത്. തിന്നുന്ന ദിവസം നീ മരിക്കുമെന്ന് ദൈവം അരുൾ ചെയ്തു. മനുഷ്യൻ ഏകനായിരിക്കുന്നത് നന്നല്ല എന്ന് കണ്ട ദൈവം അവനെ ഉറക്കി കെടുത്തി, അവന്‍റെ വാരിയെല്ലിൽ നിന്ന് സ്ത്രീക്ക് രൂപം നൽകി. അങ്ങിനെ അവന്‍റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവുമായി നരനിൽ നിന്ന് നാരി രൂപം കൊണ്ടു. മനുഷ്യൻ മാതാപിതാക്കളെ വിട്ട്, ഭാര്യയോട് ചേരുമെന്നും അവർ ഒറ്റ ശരീരമായി തീരുമെന്നും ദൈവം അരുളി.
എന്നാൽ ദൈവം മുന്നറിയിപ്പ് നൽകിയ തോട്ടത്തിന് നടുക്കുള്ള വിലക്കുള്ള കായ ഭക്ഷിച്ചതോടു കൂടി ദൈവശിക്ഷ അവർക്ക് വന്നു. അന്നു മുതൽ, ഗർഭം ധരിച്ച് വേദനയോടു കൂടി കുഞ്ഞുങ്ങളെ പ്രസവിക്കാനും ജീവിതകാലം മുഴുവൻ പീഡിപ്പിക്കപ്പെടാനുമുള്ള ശാപം സ്ത്രീക്ക് വന്നു ചേർന്നു. ഇന്നും അതു തുടരുന്നു.
സിനിമാ ലോകം വളരെ ആകർഷണീയമാണ്. തങ്ങളുടെ അഭിനയ കഴിവുകൾ ജനമധ്യത്തിൽ എത്തിക്കാനും അതുവഴി പ്രശസ്തിയും സമ്പത്തും നേടാനും കഴിയും. പ്രശസ്തരും അപ്രശസ്തരുമായ പല സ്ത്രീകൾക്കും അപമാനം സഹിക്കേണ്ടി വരുന്നുവെന്നും പീഡിപ്പിക്കപ്പെടാൻ തയാറായില്ലെങ്കിൽ ഈ സിനിമ ഏദൻതോട്ടത്തിൽ നിന്ന് വലിച്ചെറിയപ്പെടുമെന്നുമുള്ള ധാരാളം പരാതികൾ 235 പേജുള്ള 2019ൽ കേരള സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ജസ്റ്റിസ് ഹേമ കമ്മറ്റി വിവരിക്കുന്നുണ്ട്.
5 വർഷം കഴിഞ്ഞപ്പോഴാണ് റിപ്പോർട്ടിന്‍റെ പ്രധാന ഭാഗങ്ങൾ ഒന്നൊന്നായി പുറത്തു വരുന്നത്. രാത്രി കാലങ്ങളിൽ ഉറങ്ങാൻ സമ്മതിക്കാതെ മുറിയുടെ വാതിലുകൾ മുട്ടി തുറക്കാൻ ശ്രമിക്കുന്നവരും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ യാതൊരു സൗകര്യങ്ങളില്ലാത്ത ഷൂട്ടിങ് സ്ഥലങ്ങളിൽ കഴിയേണ്ടി വന്നതും കഴുകനെ പോലെ കൂടെയുള്ള നടന്മാർ വേട്ടയാടുന്നതും ഹേമ കമ്മറ്റി റിപ്പോർട്ടിലൂടെ ഒഴുകി വന്നു. ലൈംഗിക അഡ്ജസ്റ്റ്മെന്‍റും കോംപ്രമൈസും ചെയ്യാത്തവർക്ക് സിനിമ ലോകത്ത് പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നുവെന്നും ഹേമ കമ്മറ്റി വിശദീകരിക്കുന്നു. പ്രമുഖരായ പല നടന്മാരും ഈ കഴുകന്മാരുടെ ലിസ്റ്റിലുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്.
ഹേമ കമ്മറ്റിക്ക് മുന്നിൽ മൊഴി നൽകിയ ഏതെങ്കിലും വനിത പരാതിയുമായി മുന്നോട്ട് വന്നാൽ ഉചിതമായ നടപടി എടുക്കുകയും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഏത് ഉന്നതരായാലും ശിക്ഷിക്കപ്പെടണം എന്ന കർക്കശമായ നിലപാട് എടുക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പലതിനും സ്വകാര്യത ഉള്ളതിനാൽ അത് പൂർണമായി പുറത്തു വിടരുതെന്ന കത്ത് ജസ്റ്റിസ് ഹേമ തന്നെ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഒന്നും പുറത്തുവിടാൻ കഴിയില്ലെന്നാണ് വിവരാവകാശ കമ്മിഷന്‍റെയും നിലപാട്. ഹേമ കമ്മറ്റി നിർദേശങ്ങളും പരിഹാര നടപടികളും പ്രത്യേകമായി നൽകിയിട്ടില്ലാത്തതിനാൽ പുറത്തുവിടേണ്ടതേത്, ഒളിച്ചു വയ്ക്കേണ്ടതേത് എന്നിവ റിപ്പോർട്ടിൽ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് റിപ്പോർട്ട് പൂർണമായും പുറത്തുവിടാൻ കഴിയില്ലെന്ന് വിവരാവകാശ കമ്മിഷൻ ചെയർമാൻ ആയിരുന്ന വിൻസന്‍റ് എം. പോൾ ഉത്തരവിട്ടത്.
വളരെ സെൻസിറ്റീവായ സ്വഭാവം ഹേമ കമ്മിഷൻ റിപ്പോർട്ടിനുള്ളതു കൊണ്ട് സ്വാഭാവികമായും കോടതി തന്നെയാണ് ഉചിതമായ തീരുമാനം എടുക്കേണ്ടത്. രാഷ്‌ട്രീയപ്രേരിതമായി പ്രതിപക്ഷം ഉൾപ്പെടെയുള്ള പലരും സർക്കാർ നിലപാടിനെ ശക്തമായി എതിർക്കുന്നുണ്ട്. എന്നാൽ നിശ്ചയദാർഢ്യത്തോടെ ശക്തമായി മുന്നോട്ടുപോകുന്ന മുഖ്യമന്ത്രി അതിനൊന്നും വില കല്പിക്കുമെന്ന് തോന്നുന്നില്ല. ഈ സാഹചര്യത്തിൽ ജ്യോത്സന് ചില സന്ദേഹങ്ങളുണ്ട്.
ഇത്തരം പീഡനങ്ങൾ സിനിമാലോകത്ത് മാത്രമേയുള്ളോ? ചരിത്രത്തിന്‍റെ താളുകൾ മറിച്ചു നോക്കുമ്പോൾ സിനിമാ മേഖലയെക്കാൾ പാവനവും അച്ചടക്കവുമുള്ള പല മേഖലകളിൽ നിന്ന് ഇതിനേക്കാൾ അധികം പീഡന പരാതികൾ ഉയർന്നിട്ടുണ്ട്.
ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ബലി അർപ്പിക്കുന്ന പ്രധാനപ്പെട്ട വിശുദ്ധ സ്ഥലമാണ് അൾത്താര. പുരോഹിതന്മാരോടൊപ്പം അൾത്താരാ ശുശ്രൂഷകളിൽ പങ്കെടുക്കുന്ന ബാലികാബാലന്മാരും ഇവിടെ പീഡിപ്പിക്കപ്പെട്ടു എന്ന സത്യം പുറത്തുവന്നപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും പിന്നീട് ഫ്രാൻസിസ് മാർപാപ്പയും ലോക ജനതയോട് മാപ്പ് ചോദിച്ചു. ബ്രഹ്മചര്യം ജീവിത വാഗ്ദാനമായി എടുത്തിട്ടുള്ള പുരോഹിതന്മാർക്ക് പോലും ലൈംഗികമായ തെറ്റുകൾ പറ്റുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു. ക്രൈസ്തവ പുരോഹിതന്മാർ മാത്രമല്ല, മറ്റ് മതങ്ങളിലെ പുരോഹിതന്മാരും ലൈംഗികതയ്ക്ക് അടിമപ്പെടുന്ന വാർത്തകൾ നാം എപ്പോഴും കേൾക്കുന്നു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന യേശു വചനം അന്വർഥമാകുകയാണ് ഇപ്പോൾ.
ഇന്ത്യയിലെ നീതിന്യായ പീഠത്തിലെ രണ്ട് ചീഫ് ജസ്റ്റിസുമാർക്കെതിരേയും ഇത്തരം പരാതികൾ ഉണ്ടായിട്ടുണ്ട്. സർവകലാശാലകളിൽ ഡോക്റ്ററേറ്റിന് പഠിക്കുന്ന പല വിദ്യാർഥിനികൾക്കും തങ്ങളുടെ ഗൈഡുകളുടെ പരിധിവിട്ട പെരുമാറ്റം ദുഃസഹമായി തീർന്നിട്ടുണ്ട്. വിദ്യാർഥികൾ ഗൈഡുകളുമായി സഹകരിച്ചില്ലെങ്കിൽ ഡോക്റ്ററേറ്റ് ലഭിക്കില്ല എന്നതാണ് അവസ്ഥ. ഡോക്റ്റർമാർ ചികിത്സിക്കുന്ന രോഗിയെയും കൂടെ നിൽക്കുന്നവരെയും പീഡിപ്പിച്ച പല സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഒരുകാലത്ത് സമൂഹത്തിൽ ഏറ്റവും കൂടുതൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നവരാണ് എയർ ഹോസ്റ്റസുമാരും നഴ്സുമാരും. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ ഇതിനെയെല്ലാം നേരിടാൻ അവർക്ക് കഴിഞ്ഞു.
ഇപ്പോൾ രാജ്യത്തെ നടുക്കിയ കൊൽക്കത്തയിലെ പീഡന കൊലപാതകം അതിക്രൂരവും നിന്ദ്യവും പൈശാചികവുമാണ്. ആതുരശുശ്രൂഷ ചെയ്യുന്നവർക്ക് പോലും സംരക്ഷണമില്ല എന്നത് രാജ്യത്തിന് തന്നെ അപമാനമാണ്.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പല ശക്തമായ നിയമനിർമാണങ്ങളും നടന്നിട്ടുണ്ട്. ഒരു സ്ത്രീ ലൈംഗിക പീഡന പരാതി നൽകിയാൽ അത് മുഖവിലയ്ക്കെടുത്ത് കർശനമായി ശിക്ഷിക്കേണ്ട നിയമങ്ങൾ പാർലമെന്‍റിൽ പാസാക്കിയിട്ടുണ്ട്. ഇത് ദുരുപയോഗപ്പെടുത്തുമോ എന്ന ചോദ്യം അന്ന് ഉയർന്നപ്പോൾ, സ്വന്തം ആത്മാഭിമാനത്തിന് വില കൊടുക്കുന്ന ഒരു സ്ത്രീയും അത്തരത്തിൽ ഒരു കള്ളക്കേസ് കൊടുക്കില്ല എന്നായിരുന്നു അന്നത്തെ നിലപാട്. സമയബന്ധിതമായി ലൈംഗിക കുറ്റക്കാരെ ശിക്ഷിക്കാൻ പല പ്രത്യേക കോടതികളുമുണ്ട്.
പലപ്പോഴും ബലഹീനരാണ് പീഡനത്തിന് ഇരയാകുന്നത്. ആ ബലഹീനതയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാൻ നമ്മുടെ സഹോദരിമാർക്കും പെൺമക്കൾക്കും കഴിയണം. തങ്ങളുടെ മാനവും പവിത്രതയും നശിപ്പിക്കാൻ വരുന്നവരെ തന്‍റെടത്തോടെ കൈയൂക്ക് കൊണ്ട് തന്നെ നേരിടേണ്ടി വരും. ഇതിനുള്ള പരിഹാരം അതു മാത്രമാണ്.
കാപ്പി കുടിക്കുന്നതു പോലെയാണ് അമെരിക്കയിൽ സ്ത്രീപീഡനം എന്ന് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ പറഞ്ഞ പ്രസ്താവന പിന്തുടരേണ്ട. അദേഹം ഹൃദയനൈർമല്യം കൊണ്ട് ഒരു തമാശ പറഞ്ഞതായി കണ്ടാൽ മതി.
കാടടച്ചു വെടിവയ്ക്കുന്നതിനു പകരം സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ ജോലി ചെയ്യാൻ കഴിയുന്ന സാഹചര്യം നാട്ടിൽ ഉണ്ടാവണം. സ്ത്രീകൾ നമ്മുടെ അമ്മ, സഹോദരി, ഭാര്യ, മകൾ, കാമുകി എല്ലാമാണ്. അവരെ ആദരിക്കുകയും ബഹുമാനിക്കുകയും വേണം. തെറ്റ് ചെയ്തവരെ യാതൊരു ദാക്ഷിണ്യവും കൂടാതെ ശിക്ഷിക്കണം എന്നാണ് ജ്യോത്സ്യന്‍റെ നിലപാട്.