അങ്ങനെ, കേരള സർക്കാർ നടപ്പിലാക്കുന്ന സെന്‍റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോമിന്‍റെ (സിഒഇഎം) പ്രാരംഭ പ്രവർത്തനങ്ങൾക്കു തുടക്കമായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേരള ഡെവലപ്‌മെന്‍റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോ ടെക്‌നോളജിയുടെ ശാസ്ത്രീയ മാർഗനിർദേശത്തോടെയാണ് ഈ കേന്ദ്രം പ്രവർത്തിക്കുക.
ബാക്റ്റീരിയയും വൈറസും ഫംഗസും ഉള്‍പ്പെടുന്ന സൂക്ഷ്മജീവികളുടെ കൂട്ടമാണ് മൈക്രോബയോം അഥവാ സൂക്ഷ്മാണു വ്യവസ്ഥ . മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ പുതിയ കാലയളവിൽ പ്രധാന ഗവേഷണവിഷയമാണ്. മനുഷ്യശരീരത്തിലുള്ള മിക്കവാറും എല്ലാ അവയവങ്ങളിലും ഇവ കാണപ്പെടുന്നു. വന്‍കുടലിലാണ് ഏറ്റവും അധികവും വ്യത്യസ്തങ്ങളുമായ സൂക്ഷ്മാണുക്കള്‍ വസിക്കുന്നത്. ഇതാണ് ഗട്ട് മൈക്രോബയോം . രോഗികളിൽ മാത്രമല്ല, ആരോഗ്യമുള്ളവരിലും ഇവ സ്വാധീനം ചെലുത്തുന്നു.
ശാസ്ത്രം മനുഷ്യന്‍റെ രക്ഷകനോ ശിക്ഷകനോ എന്ന ചോദ്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അതുപോലെ, സൂക്ഷ്മാണുക്കളെ മനുഷ്യരുടെ മിത്രങ്ങളെന്നും ശത്രുക്കളെന്നും തിരിക്കാം. അണുബാധ ഉണ്ടാക്കുന്ന ചുരുക്കം ചിലതിനെ മാറ്റിനിര്‍ത്തിയാല്‍ ബാക്കി സൂക്ഷ്മാണുക്കളെല്ലാം മനുഷ്യന്‍റെ മിത്രങ്ങളാണ്. മിത്രങ്ങളായ ബാക്റ്റീരിയകള്‍ പ്രോബയോട്ട്ക്സ് എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ പ്രധാനമായവ ലാക്റ്റോബാസില്ലസ്, ബൈഫിടോബാക്റ്റീരിയ എന്നീ ഇനങ്ങളില്‍ പെട്ടവയാണ്. മനുഷ്യശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം, രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കല്‍, സാംക്രമിക രോഗങ്ങളില്‍ നിന്നുള്ള പ്രതിരോധം, കുടലില്‍ ഉണ്ടാകുന്ന കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങളില്‍ നിന്നുള്ള മോചനം, പൊണ്ണത്തടിക്കും ജീവിതശൈലീരോഗങ്ങള്‍ക്കും എതിരായ പ്രവര്‍ത്തനം തുടങ്ങിയവയില്‍ മിത്രങ്ങളായ ബാക്റ്റീരിയകളുടെ സ്വാധീനം വലുതാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സമ്പുഷ്ടമായ മൈക്രോബയോട്ട ഉണ്ടാകേണ്ടത് ആരോഗ്യമുള്ള മനുഷ്യശരീരത്തിന് അത്യാന്താപേക്ഷിതമാണ്.
ഗര്‍ഭസ്ഥശിശുക്കളുടെ ഉദരത്തില്‍ ബാക്റ്റീരിയകള്‍ ഉണ്ടാകാറില്ല. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുട്ടികളില്‍ ബാക്റ്റീരിയല്‍ ഫ്ലോറ ശക്തവും സമ്പുഷ്ടവുമായിരിക്കും. ഇത് കുടലിലുള്ള കോര്‍ മൈക്രോ ബയോട്ടയായി മാറുകയും മനുഷ്യന്‍റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും പിന്നീട് വരുന്ന അണുബാധയെ തടയുവാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിനെ അതിജീവിച്ച് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോഴാണ് രോഗങ്ങളുടെ പിടിയിൽ അകപ്പെടുന്നത്. നവജാത ശിശുക്കളില്‍ സൂക്ഷ്മാണുക്കളുടെ മറ്റൊരു പ്രധാന ഉറവിടം അമ്മയുടെ മുലപ്പാലിലൂടെയാണ്. ഇവയും കോര്‍ മൈക്രോബയോട്ടയുടെ ഗണത്തില്‍പ്പെടും. കുട്ടികളുടെ ആരോഗ്യ പരിപാലനത്തില്‍ മുലപ്പാലിനുള്ള പങ്കാണ് ഇത് ഉറപ്പിക്കുന്നത്. ജനനം കഴിഞ്ഞ് സൂക്ഷ്മാണുക്കള്‍ ഉള്ളില്‍ വീണ്ടും എത്തുന്നത് ഭക്ഷണത്തിലൂടെയാണ് .
അവയവമാറ്റം പോലെ ശരീരത്തിലെ നല്ല ബാക്റ്റീരിയകളെ മാറ്റിവയ്ക്കുന്ന "മൈക്രോബിയല്‍ ട്രാന്‍സ്പ്ലാന്‍റ് ' അഥവാ "ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്‍റ്' പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ഉതകുന്നതാണെന്ന് പുതിയകാലപഠനങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തില്‍ തന്നെ ഫീക്കല്‍ മൈക്രോബയോട്ട ട്രാന്‍സ്പ്ലാന്‍റ് വിജയകരമായി പരീക്ഷിച്ചിട്ടുള്ളത് ഈ ഗവേഷണത്തിന്‍റെ പ്രസക്തി വർധിപ്പിക്കുകയാണ്. പരിസ്ഥിതി മലിനീകരണത്തിന് എതിരെയും കാര്‍ഷിക, മത്സ്യോത്പാദന മേഖലകളിലും സൂക്ഷ്മാണുക്കളെ ശാസ്ത്രീയമായി ഉപയോഗിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യവിഷബാധ, സൂക്ഷ്മാണു ബാധ, ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നിവ മൈക്രോബയോമിനെ ബാധിക്കുകയും "ഇന്‍റസ്റ്റൈനല്‍ ഡിസ്ബയോസിസ്' എന്ന അസുഖാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു. നാരുകളാണ് ബാക്റ്റീരിയയുടെ പ്രധാന ഊര്‍ജ്ജ ഉറവിടം. അതിനാല്‍ നാരുകള്‍ ഏറെയുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും നല്ല ബാക്റ്റീരിയകള്‍ വളരുവാന്‍ സഹായിക്കുന്നു. പല ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാന ഉറവിടം കുടലിലെ ബാക്റ്റീരിയകളാണ്. അലര്‍ജി, നാഡീവ്യൂഹ രോഗങ്ങള്‍, സാംക്രമിക രോഗങ്ങള്‍, കാന്‍സര്‍ മുതലായ മാരക രോഗങ്ങള്‍ ചികിത്സിക്കാന്‍ ശ്രമിക്കുമ്പോള്‍ ആരോഗ്യവിദഗ്ധര്‍ മൈക്രോബയോമിനെയാണ് പരിഗണിക്കുന്നത്. സന്തുലിത ഗട്ട് മൈക്രോബയോം നിലനിര്‍ത്തുന്നതിന് ഉപവാസം, യോഗാ എന്നിവയിലൂടെ കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വർദ്ധിച്ചുവരുന്ന രോഗാതുരത, വാർദ്ധക്യകാല രോഗങ്ങൾ, വാർധക്യ രോഗങ്ങളുടെ പ്രതിരോധം, മനുഷ്യ പ്രതിരോധശേഷി വർധിപ്പിക്കൽ എന്നിവ മൈക്രോബയോം ഗവേഷണ മേഖലയിൽ ഉൾപ്പെടും.
അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ശാസ്ത്രമേഖല ആകാംക്ഷാ പൂർവം വീക്ഷിക്കുന്ന മൈക്രോബയോം ഗവേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്‍റെ പ്രതീകമാണ് സിഒഇഎം എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സെന്‍റർ. കഴക്കൂട്ടത്തെ ആർജിസിബി- കിൻഫ്ര ക്യാംപസിൽ താത്കാലികമായി സ്ഥാപിച്ചിരിക്കുന്ന സിഒഇഎമ്മിൽ മൈക്രോബയോളജി, ജീനോമിക്‌സ്, ബയോഇൻഫർമാറ്റിക്‌സ് എന്നിവയ്ക്കായി സമർപ്പിത ലബോറട്ടറികളുണ്ട്.
കൊവിഡിന് ശേഷമാണ് മൈക്രോബയോം ഗവേഷണം ലോകമാകെ കൂടുതൽ പ്രാധാന്യം നേടിയത്. മനുഷ്യൻ, മൃഗങ്ങൾ, സസ്യങ്ങൾ, ജലജീവികൾ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട സൂക്ഷ്മജീവികളുടെ പ്രധാന മേഖലകളിലെ ഗവേഷണത്തിനും സംരംഭകത്വത്തിനുമുള്ള ആഗോള കേന്ദ്രമായി സിഒഇഎം പ്രവർത്തിക്കും. വൈവിധ്യമാർന്ന മൈക്രോഫ്ലോറയുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനായി മൈക്രോബയോമിനായി സമർപ്പിച്ചിരിക്കുന്ന ഈ സ്ഥാപനം രാജ്യത്ത് ആദ്യത്തേതാണെന്നതിൽ തീർച്ചയായും മലയാളിക്ക് അഭിമാനിക്കാം.
നൂതന സീക്വൻസിങ് സാങ്കേതികവിദ്യകൾ, ബിഗ് ഡാറ്റ അനാലിസിസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി രാജ്യത്തെ ജനസംഖ്യയിലുടനീളം മൈക്രോബയോമിന്‍റെ സ്പേഷ്യോ- ടെംപറൽ മാപ്പിങ് സൃഷ്ടിക്കാൻ സിഒഇഎം ഉദ്ദേശിക്കുന്നു. തുടക്കത്തിൽ, ഗട്ട് മൈക്രോബയോട്ട ട്രാൻസ്പ്ലാന്‍റേഷൻ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശീയ ഗോത്രവർഗക്കാർ, സെന്‍റനറിൻസ്, ചില രോഗാവസ്ഥകളുള്ളവർ എന്നിവർക്ക് ഊന്നൽ നൽകും. കുടൽ മൈക്രോബയോട്ട ട്രാൻസ്പ്ലാന്‍റേഷൻ അടിസ്ഥാനമാക്കിയുള്ള ചികിത്സകൾ വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൈക്രോബയോട്ടയുടെ സംരക്ഷണം, പരമ്പരാഗത പുളിപ്പിച്ച ഭക്ഷണങ്ങളുടെ പ്രോത്സാഹനം, തദ്ദേശീയ പ്രോബയോട്ടിക്കുകളുടെ വികസനം, പ്രയോജനകരമായ മൈക്രോബിയൽ കൺസോർഷ്യങ്ങൾ, ഒരു മൈക്രോബിയൽ കൾച്ചർ ശേഖരണ കേന്ദ്രം സ്ഥാപിക്കൽ എന്നിവയും സിഒഇഎം ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു.
തിരുവനന്തപുരം തോന്നക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കിലാണ് സ്ഥിരം കേന്ദ്രം സ്ഥാപിക്കുക. സംസ്ഥാനത്ത് ഒരു മികച്ച "മൈക്രോബയോം വ്യവസായം' രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ സംരംഭകരെ പിന്തുണയ്ക്കുന്നതിനായി വിവിധ സർവകലാശാലകൾ, അനുബന്ധ മേഖലയിലെ സ്റ്റാർട്ടപ്പ് പ്രോഗ്രാമുകൾ എന്നിവയുടെ ശൃംഖലയ്ക്കുള്ള ഒരു വേദിയായും കേന്ദ്രം പ്രവർത്തിക്കും. അഞ്ച് വർഷത്തിൽ 500 കോടി രൂപയാണ് സിഒഇഎംന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 50 കോടി ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. 5 കോടി രൂപയാണ് മൈക്രോബയോം സെന്‍റർ ഓഫ് എക്‌സലൻസിന്‍റെ പ്രാരംഭ ചെലവുകൾക്കായി നീക്കിവെച്ചിട്ടുത്. കേരളം മമൈക്രോബയോം ഗവേഷണത്തിലും മുമ്പേ പറക്കുകയാണ്, രാജ്യത്തിന് മാതൃകയായി.