
22കാരിയുടെ മൃതദേഹത്തിനൊപ്പം ജീവിച്ചത് 7 വർഷം!
ഫ്ലോറിഡ: പ്രണയവും ഭ്രാന്തും ദുരൂഹതയും എല്ലാം നിറഞ്ഞു നിൽക്കുന്നൊരു കഥയാണ്കാൾ ടാൻസ്ലറുടേത്. 22 വയസുള്ള എലീന ഡി ഹോയോസിനോടുള്ള പ്രണയത്താൽ അന്ധനായ ഡോക്റ്റർ 7 വർഷമാണ് അവരുടെ മൃതദേഹത്തിനൊപ്പം ജീവിച്ചത്. 1931ലാണ് സംഭവം ആരംഭിക്കുന്നത്. കീ വെസ്റ്റിലെ മറീൻ ആശുപത്രിയിൽ മാരകമായ ക്ഷയരോഗം ബാധിച്ച അവസ്ഥയിലാണ് എലീനയെ എത്തിച്ചത്. ആ സമയത്ത് അവിടത്തെ റേഡിയോളജിക് ടെക്നീഷ്യൻ ആയിരുന്നു കാൾ. ഓസ്ട്രിയക്കാരനായകാൾ വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായിരുന്നു.
പക്ഷേ കറുത്ത തലമുടിയുള്ള ഒരു പെൺകുട്ടിയാണ് തന്‍റെ ജീവിത സഖിയെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അതു കൊണ്ട് തന്നെ കുടുംബത്തിനോട് അകന്നായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. അവിചാരിതമായി എലീനയെ കണ്ടുമുട്ടിയപ്പോൾ തന്‍റെ കാത്തിരിപ്പ് വിഫലമായില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. എലീനയോട് ഇക്കാര്യം സംസാരിച്ചുവെങ്കിലും അസുഖബാധിതയായ പെൺകുട്ടി കാളിനോട് വലിയ താത്പര്യമൊന്നും കാണിച്ചില്ല. പക്ഷേ കാൾ പ്രണയത്തിൽ നിന്ന് പിന്മാറാൻ തയാറായിരുന്നില്ല. ആശുപത്രിയിൽ വച്ച് എലീനയെ സുഖപ്പെടുത്തുവാനായി പല അസാധാരണായ മാർഗങ്ങളും കാൾ സ്വീകരിച്ചു. ചിലപ്പോൾ അസാധാരണമായ മരുന്നുകൾ നൽകി. ചിലപ്പോൾ ഇലക്‌ട്രോണുകളും മറ്റും വച്ചുള്ള യന്ത്രങ്ങൾ കൊണ്ട് ചികിത്സിക്കാൻ ശ്രമിച്ചു. പക്ഷേ എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് 1931 ഒക്റ്റോബറിൽ എലീന മരിച്ചു.
എലീനയുടെ സംസ്കാരം കാൾ ഏറ്റെടുത്തു. ഒരു വലിയ ശവകുടീരം നിർമിച്ച് അതിന്‍റെ താക്കോൽ സ്വന്തം കൈയിൽ വച്ചു. രണ്ട് വർഷത്തോളം ശവകുടീരത്തിൽ എല്ലാ രാത്രിയിലും കാൾ എത്തി. എലീനക്കായി സമ്മാനങ്ങൾ സമർപ്പിച്ചു. അവൾ പുനർജനിക്കുമെന്ന വിശ്വാസത്തിൽ ഒരു ഫോൺ പോലും അതിനകത്ത് സൂക്ഷിച്ചു.
കാൾ എലീനയുടെ മൃതദേഹത്തിനൊപ്പമാണ് കഴിയുന്നതെന്ന വാർത്തകൾ അതിനിടെ പുറത്തു വന്നിരുന്നു. കാളിന്‍റെ സഹോദരി നേരിട്ടെത്തിയതോടെ ഇക്കാര്യം വ്യക്തമായി. 1933ൽ തന്നെ കാൾ എലീനയുടെ മൃതദേഹം തിരിച്ചെടുത്തിരുന്നു. പല തരം മെഴുകും സുഗന്ധതൈലങ്ങളും ചില്ലും എല്ലാം ഉപയോഗിച്ച് മൃതദേഹം ചീയാതെ സൂക്ഷിച്ചു. പാതി അഴുകിത്തുടങ്ങിയ മുഖം പ്ലാസ്റ്റർ ഉപയോഗിച്ച് പുനർനിർമിച്ചു. അവളുടെ മുടി ഉപയോഗിച്ച് ഒരു വിഗ്ഗുണ്ടാക്കി വച്ചു. നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചു. ആഭരണങ്ങൾ ധരിപ്പിച്ച് സ്വന്തം കിടക്കയിൽ തന്നെ കിടത്തി. എലീന തിരിച്ചു വരുമെന്നായിരുന്നു കാളിന്‍റെ വിശ്വാസം. അതിനായി വിമാനത്തിന്‍റെ ആകൃതിയിൽ ഒരു ലാബ് നിർമിച്ചു. അതിൽ എലീനയെ പറത്തി വിടുമെന്നും അന്തരീക്ഷത്തിൽ നിന്ന് ജീവൻ തിരിച്ച് അവളുടെ ശരീരത്തിൽ കയറുമെന്നുമായിരുന്നു കാൾ അവകാശപ്പെട്ടിരുന്നത്. വൈകാതെ കാൾ അറസ്റ്റിലായി. ശ്മശാനം കൊള്ളയടിച്ചുവെന്നായിരുന്നു അയാൾക്കു മേലുള്ള കുറ്റം. നിയമത്തിന്‍റെ പഴുതുകൾ അയാൾക്ക് ഗുണമായി മാറി. അതു മാത്രമല്ല സമൂഹം അയാളോട് സഹതാപത്തോടെ പെരുമാറാനും തുടങ്ങി. കാളിന്‍റെ അറസ്റ്റിനു പിന്നാലെ എലീനയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തു. ഞെട്ടിപ്പിക്കുന്ന വിധത്തിലുള്ള കൂട്ടിച്ചേർക്കലുകളാണ് ശരീരത്തിൽ കാൾ വരുത്തിയിരുന്നത്. എന്നാൽ ലൈംഗിക ദുരുപയോഗം നടന്നിട്ടില്ലെന്നും ഡോക്റ്റർമാർ കണ്ടെത്തി. പിന്നീട് നിരവധിപേരുടെ സാമിപ്യത്തിൽ എലീനയെ വീണ്ടും സംസ്കരിച്ചു. കാൾ വൈകാതെ ജയിൽ വിമോചിതനായി. 1952ൽ മരിക്കുന്നതു വരെയും എലീനയുടെ രൂപത്തിലുള്ള അത്രയും നീളവും വണ്ണവുമുള്ള ഒരു പാവയെ അദ്ദേഹം സ്വന്തം വീട്ടിൽ സൂക്ഷിച്ചിരുന്നു.