LK Advani
LK AdvaniFile photo

ആ രഥയാത്രകളുടെ ഓർമയ്ക്ക്...

രാമജന്മഭൂമി എന്ന വിഷയം ഉത്തരേന്ത്യയുടെ ആകെ വികാരമാക്കി വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് 1990ൽ എൽ.കെ. അഡ്വാനി നേതൃത്വം നൽകിയ രാമ രഥയാത്ര ആയിരുന്നു

പ്രത്യേക ലേഖകൻ

അയോധ്യയിൽ രാമക്ഷേത്രം എന്ന ബിജെപിയുടെ എക്കാലത്തെയും വലിയ വാഗ്ദാനം സാക്ഷാത്കരിക്കപ്പെട്ടു. തൊട്ടു പിന്നാലെ, ആ ലക്ഷ്യത്തിലേക്കുരുണ്ട തേരിന്‍റെ സാരഥിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം നൽകിക്കൊണ്ട് ബിജെപി സർക്കാർ ആദരവർപ്പിക്കുകയും ചെയ്യുന്നു. രാമജന്മഭൂമി എന്ന വിഷയം ഉത്തരേന്ത്യയുടെ ആകെ വികാരമാക്കി വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത് 1990ൽ എൽ.കെ. അഡ്വാനി നേതൃത്വം നൽകിയ രാമ രഥയാത്ര ആയിരുന്നു. ആ വികാരത്തെ വോട്ടാക്കി മാറ്റാനുള്ള തന്ത്രങ്ങൾ ബിജെപി എന്ന പുതുയുഗ പൊളിറ്റിക്കൽ പാർട്ടിയുടെ ആവനാഴിയിൽ സമൃദ്ധവുമായിരുന്നു.

അധികാരം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഇന്ത്യൻ പാർലമെന്‍റിൽ കോൺഗ്രസ് അനുഭവിച്ചു വന്ന അപ്രമാദിത്വമാണ് ആ രഥയാത്രയിലൂടെ അഡ്വാനി അവസാനിപ്പിക്കുന്നത്. തുടർന്ന് അഞ്ച് വട്ടം ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം കിട്ടിയെങ്കിലും, ഉപപ്രധാനമന്ത്രി സ്ഥാനത്തെക്കാൾ വലുതൊന്നും ഒരിക്കലും അദ്ദേഹത്തെ തേടിയെത്തിയില്ല. ഒടുവിൽ, രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയിൽനിന്ന് അനാരോഗ്യം കാരണം വിട്ടുനിൽക്കേണ്ടി വന്ന ജനസംഘത്തിന്‍റെ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിർന്ന നേതാവിന്, ആ നിലയ്ക്ക് അർഹിച്ച അംഗീകാരമാണ് അദ്ദേഹത്തിന്‍റെ പാർട്ടി നയിക്കുന്ന സർക്കാർ ഭാരത രത്ന ബഹുമതിയിലൂടെ ഇപ്പോൾ നൽകിയിരിക്കുന്നത്.

എൽ.കെ. അഡ്വാനിയുടെ രാമ രഥയാത്ര. ഭാര്യ കമല അഡ്വാനി സമീപം. കൈയിൽ മൈക്കുമായി നരേന്ദ്ര മോദി.
എൽ.കെ. അഡ്വാനിയുടെ രാമ രഥയാത്ര. ഭാര്യ കമല അഡ്വാനി സമീപം. കൈയിൽ മൈക്കുമായി നരേന്ദ്ര മോദി.

ഭാരത രത്ന എല്ലാ വർഷവും പ്രഖ്യാപിക്കണമെന്നു പോലും നിർബന്ധമില്ലാത്തിടത്താണ് ഈ വർഷം രണ്ടു പേർക്ക് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്, അതും രണ്ടു സമയത്തായി. ബിഹാർ മുൻ മുഖ്യമന്ത്രിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കർപ്പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആർജെഡിയുമായുള്ള കൂട്ടുവെട്ടി ബിജെപി സഖ്യത്തിലെത്തി. രാഷ്‌ട്രീയത്തിൽ യാദൃച്ഛികതകൾക്കു പ്രസക്തിയില്ലല്ലോ! അഡ്വാനിക്കുള്ള ഭാരത രത്ന അതിനൊപ്പം പ്രഖ്യാപിക്കാതെ കാത്തിരുന്നത്, എതിരാളികൾക്ക് ബിജെപിയുടെ ഉത്തരാധുനിക രാഷ്‌ട്രീയത്തിൽ നിന്നുള്ള മറ്റൊരു പാഠം.

ഇഴചേർന്ന ചരിത്രം

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്‍റെ ചരിത്രവും എൽ.കെ. അഡ്വാനി ജീവചരിത്രവും വേർതിരിച്ചെടുക്കാനാവാത്ത വിധം ഇഴചേർന്നു കിടക്കുന്നതാണ്. ഇന്നത്തെ പാക്കിസ്ഥാന്‍റെ ഭാഗമായ കറാച്ചിയിൽ 1927 നവംബർ എട്ടിനാണ് അഡ്വാനിയുടെ ജനനം. 1942ൽ കറാച്ചിയിലെ സെന്‍റ് പാട്രിക്‌'സ് സ്കൂളിൽ പഠനം പൂർത്തിയാക്ക‌ുന്ന സമയത്ത് ആർഎസ്എസിൽ ചേർന്നു. ക്വിറ്റ് ഇന്ത്യ സമര കാലത്ത് ഹൈദരാബാദിൽ കോളെജ് വിദ്യാഭ്യാസം. തുടർന്ന് കുറച്ചു കാലം കറാച്ചിയിൽ സ്കൂൾ അധ്യാപകനായും സേവനമനുഷ്ഠിച്ചു.

1947ൽ ഇന്ത്യ വിഭജന കാലത്താണ് പാക്കിസ്ഥാനിലെ സിന്ധ് വിട്ട് ഇന്ത്യയിലെ ഡൽഹിയിലേക്കുള്ള മാറ്റം. അപ്പോഴും ആർഎസ്എസിന്‍റെ കറാച്ചി ബ്രാഞ്ചിന്‍റെ സെക്രട്ടറിയായിരുന്നു. ശ്യാമ പ്രസാദ് മുഖർജി സ്ഥാപിച്ച ഭാരതീയ ജനസംഘത്തിന്‍റെ ഭാഗമാകുന്നത് 1951ൽ. അടൽ ബിഹാരി വാജ്‌പേയി സഹായിക്കാൻ സംഘടന അദ്ദേഹത്തെ നിയോഗിക്കുന്നത് 1957ൽ. പിന്നാലെ ഡൽഹിയിലെ ജനസംഘത്തിന്‍റെ സെക്രട്ടറി. ആ കാലഘട്ടത്തിലാണ് ജനസംഘത്തിന്‍റെ മുഖപത്രം ഓർഗനൈസറിൽ അസിസ്റ്റന്‍റ് എഡിറ്ററാകുന്നത്.

പാർലമെന്‍ററി രാഷ്‌ട്രീയം

1970ലാണ് എൽ.കെ. അഡ്വാനി ആദ്യമായി പാർലമെന്‍റിലെത്തുന്നത്, രാജ്യസഭാംഗമായി. രണ്ടു വർഷം കൂടി കഴിഞ്ഞ് ഭാരതീയ ജനസംഘത്തിന്‍റെ (ബിജെഎസ്) പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.

അടിയന്തരാവസ്ഥക്കാലത്ത് ബംഗളൂരുവിൽ വച്ച് അറസ്റ്റിലായി ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള തെരഞ്ഞെടുപ്പിനു മുൻപ് ജനസംഖം ജനതാ പാർട്ടിയിൽ ലയിച്ചു. തുടർന്നു വന്ന മൊറാർജി ദേശായി മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി.

1980ൽ ബിജെപി രൂപീകരിക്കുന്നതിൽ വാജ്പേയിക്കും നിർണായക പങ്ക് വഹിച്ചു. ആദ്യം പാർട്ടി ജനറൽ സെക്രട്ടറിയായും പിന്നീട് മൂന്ന് വട്ടം പാർട്ടി പ്രസിഡന്‍റായും പ്രവർത്തിച്ചു. ഇതിനിടെ രാജ്യസഭയിൽ ഒരു വട്ടവും ലോക്‌സഭയിൽ രണ്ടു വട്ടവും പ്രതിപക്ഷേ നേതാവ്.

ബിജെപിയുടെ നട്ടെല്ല്

എ.ബി. വാജ്പേയിയും എൽ.കെ. അഡ്വാനിയും.
എ.ബി. വാജ്പേയിയും എൽ.കെ. അഡ്വാനിയും.

ഇന്ദിര ഗാന്ധി വധിക്കപ്പെട്ട ശേഷം 1984ൽ നടന്ന പൊതു തെരഞ്ഞെടുപ്പിലെ സഹതാപ തരംഗത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ബിജെപിക്ക് കിട്ടിയത് വെറും രണ്ട് സീറ്റ്. ഇതിനു ശേഷമാണ് അഡ്വാനിയുടെ നേതൃത്വത്തിൽ ജനസംഘത്തിന്‍റെ ഹിന്ദുത്വ ആശയങ്ങൾ ബിജെപി കൂടുതലായി സ്വാംശീകരിക്കുന്നതും പ്രവർത്തനം ആ മാർഗത്തിൽ കേന്ദ്രീകരിക്കുന്നതും. വിശ്വഹിന്ദു പരിഷത് ആരംഭിച്ച രാമദജന്മഭൂമി പ്രക്ഷോഭത്തിന്‍റെ രാഷ്‌ട്രീയ മുഖമായി ബിജെപി മാറുന്നതും അഡ്വാനിയുടെ നേതൃത്വത്തിലാണ്. തുടർന്നിങ്ങോട്ട് ബിജെപി നേടിയ വളർച്ച അമ്പരപ്പിക്കുന്ന വേഗത്തിലായിരുന്നു. 1984ലെ രണ്ട് സീറ്റിൽ നിന്ന് 1989ലെ തെരഞ്ഞെടുപ്പിൽ 86 സീറ്റിലേക്ക് പാർട്ടി കുതിച്ചു കയറി.

1991ലെ തെരഞ്ഞെടുപ്പോടെ പാർലമെന്‍റിലെ രണ്ടാമത്തെ വലിയ പാർട്ടിയായി മാറി ബിജെപി. തൊട്ടടുത്ത വർഷം ആധുനിക ഇന്ത്യയുടെ രാഷ്‌ട്രീയ ചിത്രം തന്നെ മാറ്റിവരച്ചുകൊണ്ട് കർസേവകർ അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തു. പ്രകോപനപരമായ പ്രസംഗത്തിന്‍റെ പേരിൽ അഡ്വാനി അന്നു കേസിൽ പ്രതിയായി. പക്ഷേ, പള്ളി പൊളിക്കൽ ആസൂത്രിതമായിരുന്നില്ല എന്നു നിരീക്ഷിച്ച പ്രത്യേക സിബിഐ കോടതി 2020ൽ അഡ്വാനി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കി.

കൈയെത്തും ദൂരത്തെ കസേര

എൽ.കെ. അഡ്വാനിയും മൻമോഹൻ സിങ്ങും.
എൽ.കെ. അഡ്വാനിയും മൻമോഹൻ സിങ്ങും.

ഹവാല കേസിൽ ആരോപണ വിധേയനായതിനെത്തുടർന്ന് 1996ലെ തെരഞ്ഞെടുപ്പിൽ എൽ.കെ. അഡ്വാനി മത്സരിച്ചില്ല (അധികം വൈകാതെ ആ കേസിലും കുറ്റവിമുക്തനായി). ആ തെരഞ്ഞെടുപ്പിനു ശേഷം രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് എ.ബി. വാജ്പേയി. 13 ദിവസം മാത്രമായിരുന്നു ആ സർക്കാരിന്‍റെ ആയുസ്.

1998ലെ തെരഞ്ഞെടുപ്പോടെ വാജ്പേയി വീണ്ടും പ്രധാനമന്ത്രി, ആഭ്യന്തര വകുപ്പ് അഡ്വാനിക്ക്. ഇക്കുറി 13 മാസമായിരുന്നു മന്ത്രിസഭയുടെ ആയുസ്. 1999ലെ തെരഞ്ഞെടുപ്പിലാണ് ബിജെപി മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുന്നതും വാജ്പേയി മന്ത്രിസഭ അഞ്ച് വർഷം തികച്ച് ഭരിക്കുന്നതും. അഡ്വാനി വീണ്ടും ആഭ്യന്തര മന്ത്രിയായി, 2002ൽ ഉപപ്രധാനമന്ത്രിയും.

അഡ്വാനി ആദ്യമായി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്വയം ഉയർത്തിക്കാട്ടുന്നത് ഈ മന്ത്രിസഭയുടെ കാലാവധിക്കു ശേഷം മാത്രമാണ്. പാർട്ടിയിൽ പൊതുസ്വീകാര്യത ലഭിച്ചില്ലെങ്കിലും, വാജ്പേയിയും രാജ്‌നാഥ് സിങ്ങും ഉൾപ്പെടെയുള്ളവരുടെ പരസ്യ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ, തുടർന്നു നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് നയിച്ച യുപിഎയാണ് അധികാരത്തിലെത്തിയത്.

പാർട്ടിയുടെ പരിണാമങ്ങൾ

നരേന്ദ്ര മോദിയും എൽ.കെ. അഡ്വാനിയും.
നരേന്ദ്ര മോദിയും എൽ.കെ. അഡ്വാനിയും.

രണ്ടാം യുപിഎ സർക്കാരിന്‍റ കാലഘട്ടത്തിൽ ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രങ്ങൾ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും കീഴിൽ മോഡേണിസത്തിൽ നിന്നു പോസ്റ്റ് മോഡേണിസത്തിലേക്കുള്ള പരിവർത്തനത്തിലായിരുന്നു. അഡ്വാനിയെപ്പോലെ സംഘാടന ശേഷിയും ബുദ്ധികൂർമതയമുള്ളൊരു രാഷ്‌ട്രീയക്കാരനു പോലും ഇടമില്ലാത്ത വിധം പാർട്ടിയുടെ മേൽത്തട്ടിൽ പ്രായോഗിക പരിണാമങ്ങൾ സംഭവിച്ചു. രാഷ്‌ട്രപതി തെരഞ്ഞെടുപ്പുകൾ വരെ പാർലമെന്‍ററി രാഷ്‌ട്രീയത്തിലെ നിർണായക കരുനീക്കങ്ങളുടെ അനുരണനങ്ങളായി മാറി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തിൽ, ഈ കാലഘട്ടത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന രാജ്യതന്ത്രജ്ഞനാണ് എൽ.കെ. അഡ്വാനി. എന്നാൽ, അഡ്വാനിയുടെ തന്ത്രജ്ഞത പ്രത്യക്ഷത്തിൽ പ്രവർത്തിച്ചത് സ്വന്തം സ്ഥാനലബ്ധികളിലായിരുന്നില്ല, മറിച്ച്, എ.ബി. വാജ്പേയിയുടെയും നരേന്ദ്ര മോദിയുടെയും പ്രധാനമന്ത്രി പദങ്ങളിലായിരുന്നു എന്നത് കാലം കാത്തുവച്ച കൗതുകം. പക്ഷേ, രാമക്ഷേത്ര പ്രസ്ഥാനത്തിന്‍റെ മുന്നണിയിൽ പ്രവർത്തിച്ചവരെ അവഗണിച്ചെന്ന വിമർശനങ്ങൾ, അഡ്വാനിക്കു നൽകുന്ന ഭാരത രത്നയിലൂടെ പ്രതിരോധിക്കാൻ മോദിക്കു കഴിയും.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com