

ആരവല്ലി
FILE PHOTO
ജിബി സദാശിവൻ
ലോകത്തെ ഏറ്റവും പഴക്കമേറിയ പർവത ശൃംഖലകളിൽ ഒന്നാണ് ആരവല്ലി. ഡൽഹിക്ക് സമീപം ആരംഭിച്ച് തെക്കൻ ഹരിയാന, രാജസ്ഥാൻ എന്നിവയിലൂടെ കടന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ അവസാനിക്കുന്ന മലനിരകളാണ് ആരവല്ലി. തെക്കുപടിഞ്ഞാറൻ ദിശയിൽ 670 കിലോമീറ്ററോളം പരന്നു കിടക്കുകയാണിത്. വായു മലിനീകരണത്താൽ വലയുന്ന ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളുടെ ഹരിത ശ്വാസകോശം.
ആരവല്ലി മലനിരകൾ സംബന്ധിച്ച പുതിയ നിർവചനത്തിനായി കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച കമ്മിറ്റി സമർപ്പിച്ച ശുപാർശകൾ സുപ്രീം കോടതി അംഗീകരിച്ചതോടെയാണ് ഈ വിഷയം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. തറ നിരപ്പിൽ നിന്ന് നൂറു മീറ്ററോ അതിലേറെയോ ഉയർന്ന പ്രദേശങ്ങളെ ആരവല്ലി കുന്നുകളായും 500 മീറ്റർ പരിധിയിൽ വരുന്ന കുന്നുകളെ ആരവല്ലി പർവതനിരകളായും കണക്കാക്കുമെന്നായിരുന്നു പുതിയ നിർവചനം.
ആരവല്ലിയുടെ പ്രധാന മേഖലകൾ നൂറു മീറ്ററിൽ താഴെയാണ്. ഇത് സ്വകാര്യ കമ്പനികൾക്ക് ഖനനം നടത്താനും നിർമാണ പ്രവർത്തനങ്ങൾ യഥേഷ്ടം നടത്താനും വഴിയൊരുക്കുമെന്ന് ആരോപണമുയർന്നു. പിന്നെ കണ്ടത് സമാനതകളില്ലാത്ത പ്രക്ഷോഭമായിരുന്നു. പരിസ്ഥിതി പ്രവർത്തകരും കർഷകരും വിദ്യാർഥികളുമുൾപ്പെടെ രംഗത്തിറങ്ങി.
ആരവല്ലിയുടെ 90 ശതമാനവും സംരക്ഷിത മേഖലയുടെ പരിധിയിൽ വരുമെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര വനം പരിസ്‌ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് പലകുറി വ്യക്തമാക്കി. ആരവല്ലിയിൽ പുതിയ ഖനന ലൈസൻസ് അനുവദിക്കുന്നതിന് കേന്ദ്ര സർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി. എന്നിട്ടും പ്രക്ഷോഭം അണഞ്ഞില്ല. പുതിയ നിർവചനം ഏകീകൃത ശാസ്ത്രീയവുമായ ചട്ടക്കൂടാണെന്നും അത് ആരവല്ലിയെ ഒരു തരത്തിലും ദോഷകരമായി ബാധിക്കില്ലെന്നും കേന്ദ്രം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ആരവല്ലിയിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും പരിസ്‌ഥിതി സന്തുലിതാവസ്‌ഥയെ ബാധിക്കുമെന്ന തിരിച്ചറിവാകാം ഒരു പക്ഷെ പ്രക്ഷോഭം നയിക്കുന്നവരെ പിന്നോട്ട് മാറാൻ അനുവദിക്കാത്തതിന് പിന്നിൽ. ലക്ഷക്കണക്കിനു ആളുകളാണ് ആരവല്ലിയെ ആശ്രയിച്ചു കഴിയുന്നത്. കാർഷിക മേഖലയും ആവാസ വ്യവസ്‌ഥയും ഗോത്രവിഭാഗങ്ങളും ഇല്ലാതാകുമെന്ന ആശങ്ക ഗൗരവമായി തന്നെയാണ് കേന്ദ്ര സർക്കാർ കാണുന്നത്. ആരവല്ലിയെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറച്ച നിലപാട് എടുക്കുന്നുമുണ്ട്.
രാജസ്ഥാനെ ലോകത്തിന് പരിചയപ്പെടുത്തിയ സ്കോട്ട്‌ലൻഡുകാരനായ കേണൽ ജെയിംസ് ടോഡ് രണ്ട് നൂറ്റാണ്ട് മുമ്പ് ആരവല്ലിയെ വിശേഷിപ്പിച്ചത് ഇന്ത്യയുടെ അപനൈൻ എന്നാണ്. ഇറ്റലിയിലെ അപനൈൻ പർവതനിരകളോടാണ് ടോഡ് ആരവല്ലിയെ ഉപമിച്ചത്. ഈ വിശേഷണം ആരവല്ലിയുടെ ഗരിമ വിളിച്ചോതുന്നതായിരുന്നു. പശ്ചിമഘട്ടത്തിന്‍റെ തുടർച്ചയായി അദ്ദേഹം ആരവല്ലിയെ വിശേഷിപ്പിച്ചു.
ആരവല്ലി വെറുമൊരു മൺകൂനയല്ല, മറിച്ച് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ സംരക്ഷണ കവചമാണെന്ന് ടോഡിന്‍റെ വരികൾ നമ്മെ ഓർമിപ്പിക്കുന്നു. 1782ൽ ലണ്ടനിൽ ജനിച്ച ജെയിംസ് ടോഡ് 1799ലാണ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭാഗമായി ഇന്ത്യയിലെത്തുന്നത്. എന്നാൽ 1818ൽ പടിഞ്ഞാറൻ രാജ്പുത്താനയിലെ നാട്ടുരാജ്യങ്ങളുടെ ബ്രിട്ടീഷ് പൊളിറ്റിക്കൽ ഏജന്‍റായി നിയമിതനായതോടെയാണ് ടോഡിന്‍റെ ജീവിതം മാറിമറിഞ്ഞത്.
ഇന്നത്തെ രാജസ്ഥാനെ അക്കാലത്ത് രാജ്പുത്താന എന്നാണ് വിളിച്ചിരുന്നത്. വർഷങ്ങളോളം അദ്ദേഹം രാജ്പുത്തുകൾക്കിടയിൽ ജീവിച്ചു. അവരുടെ ചരിത്രവും ജീവിതവും പഠിച്ചു. 1829ലും 1832ലുമായി രണ്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച "അന്നൽസ് ആൻഡ് ആന്‍റിക്വിറ്റീസ് ഓഫ് രാജസ്ഥാൻ' എന്ന പുസ്തകമാണ് ലോകത്തിന് മുന്നിൽ രാജസ്ഥാനെ തുറന്നുകാട്ടിയത്.
ആരവല്ലി പർവതനിരകളുടെ ഭംഗിയിൽ ടോഡ് അങ്ങേയറ്റം വിസ്മയിച്ചിരുന്നു. പാലിയോസോയിക് കാലഘട്ടത്തിൽ രാജ്പുത്താന കടലിന്‍റി തീരത്ത് തലയുയർത്തി നിന്നിരുന്ന കൂറ്റൻ മലനിരകളുടെ അവശിഷ്ടങ്ങളാണ് ഇന്നത്തെ ആരവല്ലിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഥാർ മരുഭൂമി കൂടുതൽ കിഴക്കോട്ട് വ്യാപിക്കാതെ തടഞ്ഞുനിർത്തുന്ന ഒരു വൻ മതിലായി അദ്ദേഹം ആരവല്ലിയെ കണ്ടു. "ആരവല്ലി എന്ന ഈ മഹാമേരു ഇല്ലായിരുന്നെങ്കിൽ മധ്യ ഇന്ത്യ മുഴുവൻ മണലടിഞ്ഞ് പോകുമായിരുന്നു' എന്ന് അദ്ദേഹം കുറിച്ചു.
പർവതനിരകളിലെ വിടവുകളിലൂടെ മണൽക്കാറ്റുകൾ ഒഴുകിവരുന്നത് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭൂപ്രകൃതിയെ മരുവത്കരണത്തിൽനിന്ന് തടഞ്ഞുനിർത്തുന്നത് ആരവല്ലി കുന്നുകളാണ്. ഥാർ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റിനെയും ഇത് തടയുന്നു. ചമ്പൽ, സാബർമതി, ലൂനി നദികളിൽ നീരുറവ നിലനിർത്തുന്നതും ഈ മലനിരകളാണ്.
ആരവല്ലിയിലെ ഭൂഗർഭ സമ്പത്തിനെക്കുറിച്ചും ടോഡിന് വ്യക്തമായ അറിവുണ്ടായിരുന്നു. ഗ്രാനൈറ്റ്, ക്വാർട്സ് എന്നിവയാൽ സമ്പന്നമാണ് ഈ മലനിരകൾ. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ക്വാർട്സ് കല്ലുകൾ മേൽക്കൂരകളിൽ പതിക്കുമ്പോൾ ക്ഷേത്രങ്ങൾക്കും വീടുകൾക്കും ലഭിക്കുന്ന മനോഹാരിതയെ അദ്ദേഹം വർണ്ണിക്കുന്നുണ്ട്. മേവാർ സാമ്രാജ്യത്തിലെ വെള്ളി, ചെമ്പ് ഖനികളെക്കുറിച്ചും അദ്ദേഹം വിവരിക്കുന്നു. ടിൻ, മാണിക്യം, ക്രിസ്റ്റൽ തുടങ്ങി അമൂല്യമായ പല ധാതുക്കളും ഈ കുന്നുകളിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.
ബിജെപി സർക്കാരിന്‍റി കാലത്താണ് ഗ്രീൻ ആരവല്ലി പ്രസ്ഥാനം തുടങ്ങിയത്. 2014ൽ 24 റാംസർ സൈറ്റുകൾ ആരവല്ലി മേഖലയിലുണ്ടായിരുന്നിടത്ത് ഇപ്പോൾ 96 റാംസർ സൈറ്റുകളായെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടുന്നു. സംരക്ഷിത വനമേഖല, പരിസ്ഥിതിലോല മേഖല, കടുവാ സങ്കേതങ്ങൾ, നീർത്തടങ്ങൾ, ഇവയോടെല്ലാം ചേർന്നുനിൽക്കുന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിലെല്ലാം ഖനനം നിരോധിക്കുമെന്നും കേന്ദ്ര സർക്കാർ ഉറപ്പുനൽകുന്നു.
ആരവല്ലി മേഖലയിൽ 0.19 ശതമാനം ഭാഗത്തു മാത്രമാണ് ഇപ്പോൾ ഖനന ഇളവെന്നും ബാക്കിയെല്ലാം അതുപോലെ സംരക്ഷിക്കപ്പെടുമെന്നും വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് പറയുന്നു. എന്തുതന്നെയായാലും, ശൈത്യകാലത്ത് ഡൽഹിയുടെ അന്തരീക്ഷത്തെ വിഷമയമാക്കുന്ന കറുത്ത പുകയ്ക്കു മീതേ ഭീതിയുടെ പുതി യ കരിമ്പടം വല വിരിച്ചിരിക്കുകയാണ് ആരവല്ലി വിവാദം.