തീവണ്ടിയുടെ ചുക്കാൻ പിടിച്ച്

ചൂളം വിളികള്‍ക്കിടയില്‍ താളം തെറ്റുന്ന വിശ്രമത്തിനൊടുവില്‍ ഓരോ ലോക്കോ പൈലറ്റിനുമുണ്ട്, ഇതുപോലെ ആരും അറിയാത്ത കഥകള്‍..
തീവണ്ടിയുടെ ചുക്കാൻ പിടിച്ച്

#അജീന പി എ

വലുതാകുമ്പോള്‍ ആരാകണമെന്ന ചോദ്യത്തിനു പൈലറ്റ് എന്ന മറുപടി നല്‍കാത്ത കുട്ടികള്‍ കുറവായിരിക്കും. എന്നാല്‍ ആദ്യമോഹത്തിന്‍റെ ഉയരങ്ങളിലേക്ക് എത്തുന്നവര്‍ വിരളവുമായിരിക്കും. ആ മോഹങ്ങള്‍ മാറി മറിഞ്ഞു വരാം. ഒടുവില്‍ ജീവിതസാഹചര്യങ്ങളുടെ തേരില്‍ മുമ്പോട്ടു നീങ്ങി ഔദ്യോഗിക ജോലിയുടെ വ്യത്യസ്ത തീരങ്ങളില്‍ എത്തും ഏറിയ പങ്കും. അത്തരം ഔദ്യോഗിക ഇടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം കൗതുകത്തോടെയാണു കാലം വീക്ഷിക്കാറുള്ളത്. എങ്കിലും ഇന്നു സ്ത്രീകള്‍ കൈയ്യൊപ്പ് ചാര്‍ത്താത്ത മേഖലകള്‍ വിരളം.

തീവണ്ടിയുടെ അമരത്ത്

ലോക്കോ പൈലറ്റ് ( Loco Pilot) എന്നു കേട്ടിട്ടുണ്ടോ. അത്ര സുപരിചിതമായിരിക്കില്ല. തീവണ്ടിയുടെ വളയം പിടിക്കുന്നയാള്‍ എന്നൊരു പര്യായം നല്‍കിയാല്‍ കുറച്ചു കൂടി പരിചിതമാകും. അടുത്തിടെ ആദ്യമായി സൗദിയില്‍ തീവണ്ടികളുടെ പൈലറ്റായി സ്ത്രീകളെ നിയമിച്ചുവെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. തീവണ്ടിയുടെ ചുക്കാന്‍ പിടിക്കുന്ന വനിതകള്‍ വളരെ ചുരുക്കമേയുള്ളൂ. കേരളത്തില്‍ വനിതാ ലോക്കോ പൈലറ്റുമാര്‍ പത്തില്‍ താഴെ മാത്രമേയുള്ളൂ. വളയിട്ട കൈകള്‍ വളയം പിടിച്ചുവെന്ന ക്ലീഷേ പ്രയോഗത്തെ മാറ്റിനിര്‍ത്തുന്നു. എല്ലാ വനിതാ കരങ്ങളേയും വളകളാല്‍ രേഖപ്പെടുത്തണമെന്ന് ആര്‍ക്കാണ് നിര്‍ബന്ധം. ഇതു കൊല്ലം (Kollam) സ്വദേശി ശ്രീജയുടെ (Sreeja) അനുഭവങ്ങളാണ്. ട്രെയ്ന്‍ എന്‍ജിനില്‍ യാത്രയുടെ ചുക്കാന്‍ പിടിച്ച വനിതയുടെ അനുഭവങ്ങള്‍.

ആയിരങ്ങളുടെ വിശ്വാസം നെഞ്ചിലേറ്റി

ഔദ്യോഗിക ജീവിതത്തില്‍ ശ്രീജയുടെ (Sreeja) ആദ്യവേഷം അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് (Assistant Loco Pilot) എന്നതായിരുന്നു. ട്രിച്ചിയിലും ചെന്നൈയിലുമായി നടന്ന 9 മാസത്തെ ട്രെയ്‌നിങ്ങിനു ശേഷമാണു ആദ്യമായി റൂട്ടില്‍ പോകുന്നത്. ബോഗിക്കുള്ളിലെ ആയിരങ്ങളുടെ വിശ്വാസത്തെ നെഞ്ചിലേറ്റി, തീവണ്ടിയുടെ അമരത്ത് നിയന്ത്രണം ഏറ്റെടുത്ത യാത്ര. ഈറോഡ് നിന്ന് തിരുപ്പൂർ (Erode to Tirupur) വരെയായിരുന്നു ആദ്യയാത്ര. കൃത്യസമയത്ത് എത്തിച്ചരാനുള്ള ഓട്ടപാച്ചിലില്‍ വ്യത്യസ്തമായ അനുഭൂതികളിലൂടെ ആദ്യയാത്ര കടന്നുപോയി. ഇന്ന് അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ് എന്നതില്‍ നിന്നും ലോക്കോ പൈലറ്റ് ഷണ്ടിംഗ് (Loco pilot shunting) എന്ന തസ്തികയിലേക്കു മാറി. സര്‍വ്വീസില്‍ കയറിട്ട് 19 വര്‍ഷം കഴിഞ്ഞു.

അറിയാത്ത കഥകൾ

ഒരു സാധാരണ മനുഷ്യന്‍റെ മാനസികനിലയെ തകര്‍ക്കാവുന്ന പല കാഴ്ചകള്‍ക്കും സാക്ഷിയാണ് ഓരോ ലോക്കോ പൈലറ്റ്‌സും (Loco pilot). പരിശീലന കാലഘട്ടത്തില്‍ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിക്കാനുള്ള കരുത്തു പകര്‍ന്നു നല്‍കുന്നുണ്ട്. എന്നാല്‍ ചില അനുഭവങ്ങള്‍ അറിഞ്ഞു തന്നെ അറിയേണ്ടി വരുന്നു. ഇരുപതു വയസോളം പ്രായം വരുന്ന ഒരു പയ്യന്‍ പാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നില്‍ നിന്നത് ഓര്‍മയുണ്ട്. തീവണ്ടി അടുത്തെത്തുമ്പോള്‍ മാറുമായിരിക്കും, തമാശ കാണിക്കുന്നതായിരിക്കും എന്നൊക്കെ കരുതി. എന്നാല്‍ അവന്‍ മാറിയില്ല. ആ ഓര്‍മ വിങ്ങലായി മനസിലുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ കവിതയില്‍ പറയുന്നതുപോലെ 'ആത്മഹത്യക്കും കൊലയ്ക്കുമിടയിലൂടാര്‍ത്ത നാദം പോലെയൊരു ജീവിതം'. ചൂളം വിളികള്‍ക്കിടയില്‍ താളം തെറ്റുന്ന വിശ്രമത്തിനൊടുവില്‍ ഓരോ ലോക്കോ പൈലറ്റിനുമുണ്ട്, ഇതുപോലെ ആരും അറിയാത്ത കഥകള്‍..

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com