ഒടുവിലൊരു സസ്പെൻസ് ത്രില്ലർ

ഇക്കുറി പാർട്ടി 370ഉം എൻഡിഎ 400 കടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അതാണു പ്രതിപക്ഷ "ഇന്ത്യ മുന്നണി' തകർത്തിരിക്കുന്നത്
ഒടുവിലൊരു സസ്പെൻസ് ത്രില്ലർ

#ഇ.ആർ. വാരിയർ

എക്സിറ്റ് പോളുകൾ തെറ്റി. ബിജെപിക്ക് അതിഗംഭീര വിജയം പ്രവചിച്ചവരൊക്കെ അമ്പരന്നു നിൽക്കുകയാണ്. ബിജെപി ഒറ്റയ്ക്കു കേവല ഭൂരിപക്ഷത്തിൽ എത്തില്ലെന്നാണ് ഇന്നലെ രാത്രിയിലെ ലീഡ് നിലയും സൂചിപ്പിക്കുന്നത്. അങ്ങനെ വരുമ്പോൾ നരേന്ദ്ര മോദിയുടെ മൂന്നാം ടേം സഖ്യകക്ഷികളെ കൂടി ആശ്രയിച്ചാവും. ക്രൈസിസ് മാനെജ്മെന്‍റിൽ വിദഗ്ധരായ നേതാക്കളുള്ള ബിജെപിക്ക് അതൊരു വലിയ പ്രതിബന്ധമാവണമെന്നില്ല. പക്ഷേ, രാജ്യത്തു വീണ്ടും ഒറ്റ കക്ഷിക്ക് ഭൂരിപക്ഷമില്ലാതായിരിക്കുന്നു. കോൺഗ്രസിന്‍റെ സമ്പൂർണാധിപത്യത്തിലായിരുന്നു ഒരു കാലത്ത് രാജ്യം. പിന്നീട് ഏറെക്കാലം മുന്നണി ഭരണത്തിലായിരുന്ന ഇന്ത്യയിൽ വീണ്ടും ഒരു കക്ഷിക്കു ഭൂരിപക്ഷം ഉറപ്പാക്കിയത് നരേന്ദ്ര മോദിയായിരുന്നു. ഭൂരിപക്ഷത്തിനു വേണ്ട 273 സീറ്റ് കഴിഞ്ഞ രണ്ടു തവണയും ബിജെപിക്കു വിഷയമായില്ല. 2014ൽ പാർട്ടി 282 സീറ്റു നേടി. ബിജെപി ഒറ്റയ്ക്ക് കേന്ദ്രത്തിൽ ഭൂരിപക്ഷം നേടുന്നത് ചരിത്രത്തിൽ ആദ്യമായിരുന്നു. എന്‍ഡിഎയ്ക്ക് മൊത്തം 336 സീറ്റുണ്ടായിരുന്നു. 2019ൽ ബിജെപിയുടെ സീറ്റുകൾ 303ലും എൻഡിഎ 353ലും എത്തി. ഇക്കുറി പാർട്ടി 370ഉം എൻഡിഎ 400 കടക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. അതാണു പ്രതിപക്ഷ "ഇന്ത്യ മുന്നണി' തകർത്തിരിക്കുന്നത്. ഭരണത്തിലെത്താനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ പോലും കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളുടെ വിജയമാണിത്. ഇനി വരുന്ന സർക്കാരിനു ശക്തമായ പ്രതിപക്ഷത്തെ നേരിടേണ്ടിവരും എന്നതാണ് ഇതിനർഥം.

ബിജെപിയുടെ ഭരണം ഏകാധിപത്യത്തിലേക്കു പോകുന്നു എന്ന ആരോപണം ഈ തെരഞ്ഞെടുപ്പു കാലത്തെല്ലാം പ്രതിപക്ഷം സജീവമായി ഉയർത്തിയിരുന്നു‌ എന്നോർക്കണം. ഇരുനൂറിലേറെ സീറ്റുമായി ലോക്സഭയിലെത്തുന്ന ഇന്ത്യ മുന്നണി പാർട്ടികൾക്ക് ഒറ്റക്കെട്ടായി നിൽക്കാൻ കഴിയുമോ എന്നതാണു വരും നാളുകളിൽ അറിയാനുള്ളത്. അങ്ങനെയല്ലെങ്കിൽ ബിജെപിക്കു കാര്യങ്ങൾ വളരെ എളുപ്പമാവും. എതിർ പക്ഷത്തുനിന്ന് എംപിമാർ ബിജെപിയുടെ പക്ഷത്തേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതുവഴി കുറച്ചു കഴിയുമ്പോഴേക്കും ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷത്തിലെത്താം. കാലുമാറ്റവും ചാക്കിട്ടുപിടിത്തവും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ പുത്തരിയല്ലല്ലോ. അടുത്ത കാലത്ത് പല സംസ്ഥാനങ്ങളിലും ഇങ്ങനെ ഭരണം മാറിമറിഞ്ഞിട്ടുണ്ട്. എംപിമാരെ പാർട്ടിക്കൊപ്പം നിർത്തുന്നതിൽ രാഷ്‌ട്രീയ കക്ഷികൾ വിജയിച്ചാലേ ഏകകക്ഷി ഭരണത്തിലേക്കു കാര്യങ്ങൾ മാറുന്നതിനു സാധ്യതയില്ലാതാവൂ.

നേതാക്കളും ജനപ്രതിനിധികളും കൊഴിഞ്ഞുപോകുന്നതിൽ മുന്നിലാണ് കോൺഗ്രസ്. ആ ട്രെൻഡിനു തടയിടാൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും ഇനിയെങ്കിലും കഴിയുമോയെന്ന് അറിയാനിരിക്കുന്നു. മുന്നണി രാഷ്‌ട്രീയത്തിന്‍റെ അസ്ഥിരതയും പിടിവലികളും പലതവണ രാജ്യം കണ്ടിട്ടുണ്ട്. എന്നാൽ, അത്രയൊക്കെ അസ്ഥിരത ബിജെപി അധികാരത്തിലേറിയാൽ ഉണ്ടാവുമെന്ന് കരുതാനാവില്ല. 1991ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവെന്ന നിലയിൽ അധികാരത്തിലെത്തിയ നരസിംഹ റാവു അതിവിദഗ്ധമായാണ് കോൺഗ്രസിന്‍റെ സർക്കാരിനെ നയിച്ചത്. പ്രധാന കക്ഷിയുടെ പ്രധാന നേതാക്കളുടെ തന്ത്രപൂർവമായ നീക്കങ്ങൾ മുന്നണി ഭരണത്തിന്‍റെ അടിത്തറ ഉറപ്പിക്കാൻ സഹായകമാവും.

എന്തുകൊണ്ട് ബിജെപിയുടെ സീറ്റുകൾ കുറഞ്ഞു എന്നു പരിശോധിക്കുമ്പോൾ തെളിഞ്ഞുവരുന്നത് ഉത്തർപ്രദേശിലെ തകർച്ച തന്നെയാണ്. യുപിയാണ് അവരെ ഒറ്റയ്ക്ക് അധികാരത്തിലെത്തിച്ചത്. അവിടെ തളർന്നപ്പോൾ അടിപതറി. അയോധ്യയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായ ശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് പാർട്ടിക്കു ക്ഷീണം സംഭവിച്ചത് എന്നതാണു ശ്രദ്ധേയമായിട്ടുള്ളത്. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ പാർട്ടി തോറ്റു. വാരാണസിയിൽ ആദ്യ റൗണ്ടിൽ പിന്നിലായ മോദി തിരിച്ചുവന്ന് വിജയം ഉറപ്പിച്ചെങ്കിലും ഭൂരിപക്ഷം വലിയ തോതിൽ ഇടിഞ്ഞു. രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച സ്മൃതി ഇറാനിയുടെ അമേഠിയിലെ തോൽവി മറ്റൊരു വൻ പ്രഹരമാണ്. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടി കോൺഗ്രസുമായി ചേർന്ന് യുപിയിലെ ബിജെപിയെ ഞെട്ടിച്ചു എന്നുതന്നെ പറയാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റു കുറയുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇത്ര വലിയ പ്രഹരം ആരും കണക്കാക്കിയിരുന്നില്ല. എന്തുകൊണ്ട് യുപി ഇങ്ങനെയായി എന്ന ചർച്ച ബിജെപിയിൽ സജീവമായിട്ടുണ്ടാവും.

മഹാരാഷ്‌ട്രയാണു തിരിച്ചടി നേരിട്ട മറ്റൊരു പ്രധാന സംസ്ഥാനം. ഉദ്ധവ് താക്കറെയുടെ സർക്കാരിനെ വീഴ്ത്തി അവിടെ എന്‍ഡിഎ ഭരണം കൊണ്ടുവന്നതു ബിജെപിയാണ്. അതിന് ആദ്യം ശിവസേനയെ പിളർത്തി. അധികാരത്തിലേറിയ ശേഷം എന്‍സിപിയെയും പിളർത്തി. എന്നാൽ, ഇങ്ങനെയൊരു സർക്കാരുണ്ടാക്കിയത് ജനങ്ങൾക്കിടയിൽ പാർട്ടിയുടെ സ്വീകാര്യത കുറച്ചു എന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ജനങ്ങളുടെ കണ്ണിൽ യഥാർഥ ശിവസേനയും എന്‍സിപിയും ഉദ്ധവിന്‍റെയും ശരദ് പവാറിന്‍റെയും പാർട്ടികളാണ് എന്നാണു തെളിയുന്നത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്‍റെ എൻസിപിയും ഇനി ദുർബലമാവാതെ നോക്കേണ്ടതുണ്ട്. യുപി, മഹാരാഷ്‌ട്രാ തിരിച്ചടികൾക്കൊപ്പമാണ് പശ്ചിമ ബംഗാളിൽ പ്രതീക്ഷിച്ച ഒരു നേട്ടവും ഉണ്ടാക്കാൻ ബിജെപിക്കു കഴിയാതെ പോയത്.

ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ ചെറുത്തുനിൽപ്പും ധീരമായ പോരാട്ടവും തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ രാജ്യം കാണുകയാണ്. തൃണമുൽ കോൺഗ്രസിനെ പിന്തള്ളാൻ ബിജെപി പയറ്റാത്ത വിദ്യകളില്ല. മധ്യപ്രദേശിലും ഗുജറാത്തിലും ഛത്തിസ്ഗഡിലും ഡൽഹിയിലും തിരിച്ചടികൾ ഇല്ലാതെ സൂക്ഷിച്ചതാണ് ഇപ്പോഴത്തെ നിലയിലേക്കു പാർട്ടിയെ എത്തിച്ചത്. ജയിലിൽ നിന്നെത്തി പ്രചാരണം നയിച്ച അരവിന്ദ് കെജരിവാളിന് ഡൽഹിയിൽ എഎപിക്കു വേണ്ടി ഒന്നും ചെയ്യാനായില്ല. പഞ്ചാബിലും കൂടുതൽ സീറ്റുകൾ കോൺഗ്രസ് കൊണ്ടുപോയി. രാജ്യതലസ്ഥാനത്ത് കെജരിവാളിനെ മറികടന്നു എന്നത് അവിടെ ലഭിച്ച സീറ്റ് എണ്ണത്തെക്കാൾ ബിജെപിക്കു പ്രധാനമാണ്. കോൺഗ്രസ് ശക്തമായി തിരിച്ചുവന്നു എന്നു പറയുമ്പോൾ തന്നെ സർക്കാരുണ്ടാക്കാവുന്ന അവസ്ഥയിൽ ബിജെപിയെ നിലനിർത്തുന്നതും കോൺഗ്രസാണ് എന്നു പറയേണ്ടിവരും. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും തിരിച്ചുവരാനുള്ള ഒരു സ്ട്രാറ്റജിയും അവർക്കില്ല. പാർട്ടി ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലും മികച്ച പ്രകടനം കാഴ്ചവച്ചു എന്നും സമാധാനിക്കാനാവില്ല. ജെഡിഎസുമായി ചേർന്ന് കർണാടകയിലെ കൂടുതൽ സീറ്റുകളും ബിജെപി നേടി. തെലങ്കാനയിൽ ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ടു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയതാണു കോൺഗ്രസ്. തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഒരു തൂത്തുവാരൽ നടത്താൻ കോൺഗ്രസിനു കഴിഞ്ഞിരുന്നെങ്കിൽ രാജ്യത്തെ രാഷ്‌ട്രീയ ചിത്രം തന്നെ മാറിയേനേ. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും രേവന്ത് റെഡ്ഡിയും അവകാശപ്പെട്ട മികവ് ഈ സംസ്ഥാനങ്ങളിലെ വിജയത്തിനില്ല. അതേസമയം, രണ്ടിടത്തും നേടിയ സീറ്റുകൾ കോൺഗ്രസിന്‍റെ സീറ്റ് നില ഭേദപ്പെട്ടതാക്കി എന്നതു മറക്കാനുമാവില്ല. കഴിഞ്ഞ രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വൻ തകർച്ചയാണു കോൺഗ്രസ് നേരിട്ടത്. 2014ൽ 44 സീറ്റിലേക്ക് അവർ തകർന്നുവീണു. പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി. 2019ൽ നേടിയത് 52 സീറ്റ് മാത്രം. കോൺഗ്രസിന്‍റെ ഭാവി ഇനിയെന്താവുമെന്നു ചർച്ച ചെയ്തവരും ആശങ്കപ്പെട്ടവരും ഏറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും കനത്ത തോൽവി നേരിടുക കൂടി ചെയ്തതോടെ ഉത്തരേന്ത്യയിൽ നിന്ന് കോൺഗ്രസ് തൂത്തെറിയപ്പെടുന്നുവെന്ന് ഉറപ്പിച്ചവരുണ്ട്. നിരാശയുടെ പടുകുഴിയിൽ നിന്ന് പാർട്ടിയെ ഇത്രത്തോളം ഉയർത്തിക്കൊണ്ടുവരാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും കഴിഞ്ഞു എന്നത് ചെറിയ കാര്യമാണെന്ന് ആരും പറയില്ല. എന്നാൽ, ബിജെപിയെപ്പോലെ പടർന്നു പന്തലിച്ച ഒരു കക്ഷിയെ ഭരണത്തിൽ നിന്നു തൂത്തെറിയണമെങ്കിൽ തങ്ങളുടേതായ സംസ്ഥാനങ്ങളിൽ തകർപ്പൻ വിജയം തന്നെ കോൺഗ്രസിന് ആവശ്യമാണ്. അത്രയും എത്താനുള്ള കരുത്ത് ഇനിയും അവർ ആർജിക്കേണ്ടിയിരിക്കുന്നു.

യുപിയിൽ അഖിലേഷ് യാദവിന്‍റെ തിളക്കം ബിഹാറിൽ തേജസ്വി യാദവിന് ഉണ്ടായില്ല എന്നതാണ് ഇന്ത്യ മുന്നണിയെ ഭൂരിപക്ഷത്തിൽ നിന്ന് അകറ്റിയ മറ്റൊരു ഘടകം. തേജസ്വിയുടെ പ്രചാരണത്തിൽ മുന്നണി വലിയ പ്രതീക്ഷ വച്ചിരുന്നു. കഴിഞ്ഞ തവണത്തേതുപോലെയുള്ള ഒരു തൂത്തുവാരലിൽ നിന്ന് എൻഡിഎയെ തേജസ്വി തടഞ്ഞു എന്നതു യാഥാർഥ്യമാണ്. എന്നാൽ, കൂടുതൽ സീറ്റുകൾ എൻഡിഎ തന്നെ കരസ്ഥമാക്കി. ഇന്ത്യ മുന്നണിയുടെ രൂപവത്കരണത്തിനു മുൻകൈയെടുത്ത നേതാവായിരുന്നു നിതീഷ്കുമാർ. ബിജെപിയുമായുള്ള ബന്ധം വിടർത്തി പ്രതിപക്ഷ സഖ്യത്തിൽ ജെഡിയു ചേർന്ന ശേഷമായിരുന്നു അത്. പിന്നീട് നിതീഷിനെ മുന്നണിയിൽ പിടിച്ചുനിർത്താൻ കഴിയാതെപോയതിന് ഇന്ത്യ മുന്നണി വലിയ വില കൊടുക്കുകയാണ്. ഇന്ത്യ മുന്നണിയുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങൾ കുറെക്കൂടി നേരത്തേ തുടങ്ങേണ്ടതായിരുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. ഒന്നിച്ചാണ് എന്നു ജനങ്ങളെ ബോധ്യപ്പെടുത്തുന്ന പ്രവർത്തനങ്ങൾ വൈകിപ്പോയി എന്നതിൽ സംശയമില്ല.

Trending

No stories found.

Latest News

No stories found.