അവിടെ ചൂട്, ഇവിടെ മഴ... ഒപ്പം ഇലക്‌ഷന്‍ ചൂടും

lok sabha election special story
അവിടെ ചൂട്, ഇവിടെ മഴ... ഒപ്പം ഇലക്‌ഷന്‍ ചൂടും

രാജ്യത്ത് കടുത്ത ചൂടായിരുന്നു കഴിഞ്ഞ കുറച്ചു നാളായി. ചൂടെന്ന് പറഞ്ഞാല്‍ അന്യായ ചൂട് തന്നെ. ഈ ചൂടത്തായിരുന്നു തെരഞ്ഞെടുപ്പു പ്രചരണം. വിയര്‍ത്തു കുളിച്ച സ്ഥാനാർഥികളും പ്രവര്‍ത്തകരും തളര്‍ന്ന് ഒരു പരുവമായി. രണ്ടാം ഘട്ടത്തോടെ തെക്കേ ഇന്ത്യയിലെ പ്രധാന പ്രദേശങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞു. അതോടെ രാഷ്‌ട്രീയച്ചൂടിന് ശമനമായി.

എന്നാല്‍ അന്തരീക്ഷ ചൂടിനെ തണുപ്പിച്ച് തെക്കേ ഇന്ത്യയില്‍ ശക്തമായ മഴ പെയ്യുകയാണ്. കൊടും ചൂടിന് വലിയ ശമനം ഉണ്ടായിരിക്കുന്നു. അതേസമയം വടക്കേ ഇന്ത്യയില്‍ ശക്തമായ ചൂട് തുടരുകയാണ്. വ്യാപകമായ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും തുടരുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ടത്തിലെ വോട്ടിങ് ഇന്നലെ നടന്നു.

വടക്കേ ഇന്ത്യയിലെ ചൂടും തെക്കേ ഇന്ത്യയിലെ തണുപ്പും രാഷ്‌ട്രീയത്തെ എങ്ങനെ ബാധിക്കുന്നു എന്നത് കൗതുകത്തോടെ നോക്കിക്കാണേണ്ടതു തന്നെയാണ്. ജൂണ്‍ നാലിനു വോട്ടെണ്ണല്‍ നടക്കുമ്പോള്‍ രാഷ്‌ട്രീയ കാലാവസ്ഥയുടെ നിജസ്ഥിതി അറിയാം.

തെരഞ്ഞെടുപ്പ് ചൂട് എന്നൊരു പ്രയോഗം തന്നെ രാഷ്‌ട്രീയ രംഗത്തുണ്ട്. അത് വോട്ടര്‍മാരിലെത്തിച്ച് വോട്ടിങ് ശതമാനം കൂട്ടാനാണ് ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും പരിശ്രമിക്കുക. അതിനായി എല്ലാ മാര്‍ഗങ്ങളും അവര്‍ പ്രയോഗിക്കും. ഒട്ടേറെ അടവുകള്‍ പുറത്തെടുക്കും. തെരഞ്ഞെടുപ്പ് ചൂടായി അതിനെ വ്യാഖ്യാനിക്കാം. അത് നടപ്പിലാകുന്ന സമയത്തെ അന്തരീക്ഷ ചൂടാണ് വിഷയം. അത് ശാരീരിക അവശതകള്‍ ഉണ്ടാക്കും. തെരഞ്ഞെടുപ്പ് ചൂടിനെ അത് അമര്‍ച്ച ചെയ്യും. ഇക്കുറി അങ്ങനെ ആരെല്ലാം അമര്‍ച്ച ചെയ്യപ്പെട്ടോ അവര്‍ സൂക്ഷിക്കണം. തെരഞ്ഞെടുപ്പ് ഫലം പ്രതികൂലമാകാം.

കാലാവസ്ഥാ പ്രവചനം നടത്തുന്നതിന് രാജ്യത്തു "മോസം ഭവനുകള്‍' അഥവാ കാലാവസ്ഥാ കേന്ദ്രങ്ങള്‍ നിലവിലുണ്ട്. രാഷ്‌ട്രീയ പ്രവചനം നടത്താന്‍ മാധ്യമങ്ങളും മറ്റു ചെറു സംഘങ്ങളും നമ്മുടെ രാജ്യത്ത് വ്യാപകമായുണ്ട്. മഴ പെയ്യുമോ, കാറ്റടിക്കുമോ, സമുദ്രത്തില്‍ ന്യൂനമര്‍ദം ഉണ്ടാകുമോ ഇല്ലയോ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നു.

തെരഞ്ഞെടുപ്പിന്‍റെ ഫലം എന്താകും എന്നുള്ളത് വ്യത്യസ്ത മേഖലകളില്‍ നിന്ന് സമൂഹം അറിയുന്നത് എക്‌സിറ്റ് പോളുകള്‍ക്ക് സമാനമായ അഭിപ്രായ സര്‍വെകളിലൂടെയാണ്. നിയമപരമായി എക്‌സിറ്റ് പോളുകള്‍ അവസാന ഘട്ട വോട്ടെടുപ്പിന് ശേഷം മാത്രമേ സാധിക്കൂ. ജൂണ്‍ ഒന്നിനു നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പിന് ശേഷം എക്‌സിറ്റ് പോളുകളുടെ ഒരു പ്രളയം തന്നെയുണ്ടാകും എന്നതില്‍ സംശയമില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മാധ്യമങ്ങളുടേയും സാമൂഹ്യ മാധ്യമങ്ങളുടേയും സ്വതന്ത്ര മാധ്യമങ്ങളുടേയും സ്വകാര്യ മാധ്യമങ്ങളുടേയും മറ്റം എണ്ണത്തില്‍ വലിയ വർധനയുണ്ടായിട്ടുണ്ട്. നിലവിലെ തെക്കേ ഇന്ത്യയിലെ സാഹചര്യം നോക്കുമ്പോള്‍ എക്‌സിറ്റ് പോളുകളോടൊപ്പം അതിശക്തമായ മഴ കേരളത്തെ പിടിച്ചു കുലുക്കുമോ എന്നുള്ള സംശയം ജനങ്ങള്‍ക്ക് ഇല്ലാതെയും ഇല്ല.

തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ചൂട് എല്ലാവര്‍ക്കും പ്രശ്‌നമാണ്. അതുപോലെ തിമിര്‍ത്തു പെയ്യുന്ന മഴയും സമാന രീതിയില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നു. രണ്ടായാലും പുറത്തിറങ്ങി സമാധാനത്തോടെ പ്രചാരണം നടത്താന്‍ കഴിയില്ല. രാജ്യത്ത് നിലവിലെ പ്രചരണ രീതി തന്നെ വല്ലാതെ മാറിയിട്ടുണ്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ മറ്റു സ്ഥലങ്ങളില്‍ കാണുന്നതു പോലെയുള്ള പ്രചാരണ രീതിയല്ല. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്കാണ് ഇവിടെ കൂടുതല്‍ പ്രാധാന്യം. ഇതിപ്പോള്‍ മറ്റിടങ്ങളിലേക്കും പടര്‍ന്നിരിക്കുകയാണ്. ആംആദ്മി പാര്‍ട്ടിയാണ് രാജ്യത്ത് ആദ്യമായി സാമൂഹ്യ മാധ്യമത്തിന്‍റെ സഹായത്താല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടത്. അവരുടെ വിജയം മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാത‌ൃകയാക്കിയിരിക്കുന്നു.

രാജ്യത്ത് മുന്‍ കാലങ്ങളില്‍ പൊതുതെരഞ്ഞെടുപ്പ് വേനല്‍ക്കാലത്ത് നടക്കാറുണ്ടെങ്കിലും, ഈ വര്‍ഷം കാലാവസ്ഥാ വകുപ്പ് ശരാശരിയേക്കാള്‍ ഉയര്‍ന്ന താപനിലയും തെരഞ്ഞെടുപ്പ് കാലയളവിലെ താപ തരംഗങ്ങളുടെ ഇരട്ടി എണ്ണവും പ്രവചിച്ചിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ബഹുജന സമ്മേളനങ്ങള്‍ സംബന്ധിച്ച് ഉപദേശവും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന താപനില മൂലം സംഭവിക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് ഉപദേശം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും നിരവധി പാര്‍ട്ടികള്‍ ഉയര്‍ന്ന താപനില ഒഴിവാക്കാനുള്ള പ്രചാരണ ഷെഡ്യൂളുകള്‍ തയാറാക്കിയിട്ടില്ല എന്നതാണ് സത്യം. അവര്‍ ചൂടിനെ വകവയ്ക്കാതെ പ്രചാരണ രംഗത്തുണ്ടായിരുന്നു.

ഉയര്‍ന്ന താപനില അപകടസാധ്യത സൃഷ്ടിക്കും എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. തെരഞ്ഞെടുപ്പ് സമയത്ത് നടക്കുന്ന രാഷ്‌ട്രീയ റാലികളില്‍ വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നത് സ്വാഭാവികം മാത്രം. ജനക്കൂട്ടത്തെ കൊണ്ടുവരിക എന്നത് തന്നെയാണ് ഓരോ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ലക്ഷ്യം. സാധാരണയായി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള താരപ്രചാരകരെ കേള്‍ക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്നു. ഇത്തരം ചൂടില്‍ നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടിനോടുള്ള പ്രതികരണമായി മനുഷ്യരുടെ ശരീരം തണുപ്പിക്കാന്‍ ഹൃദയം കൂടുതല്‍ കൂടുതല്‍ പമ്പ് ചെയ്യും. അതോടെ മനുഷ്യന്‍ വിയര്‍ക്കുന്നു, പെട്ടെന്ന് നിര്‍ജലീകരണം സംഭവിക്കുന്നു. അത്തരം സാഹചര്യങ്ങളില്‍ ഹൃദയം, ശ്വാസകോശം, വൃക്കകള്‍ എന്നിവ പരാജയപ്പെടാന്‍ തുടങ്ങുമെന്ന് വിദഗ്ധര്‍ പറയുന്നു.

പരമ്പരാഗത രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം കേരളത്തിലും ബംഗാളിലും മാത്രമാണ് ഇപ്പോള്‍ അതിശക്തമായി നടന്നിട്ടുള്ളത് എന്നാണ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. കൊടികളും പോസ്റ്ററുകളും ചുവരെഴുത്തുകളും റാലികളും ചെറുതും വലുതുമായ സമ്മേളനങ്ങളും കുടുംബ യോഗങ്ങളും കലാ ജാഥകളും മറ്റും മറ്റുമായി രണ്ടിടത്തും പ്രചരണം ശക്തം. എന്നാല്‍ മറ്റിടങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പ്രധാന സവിശേഷതയായി കാണാം. ചെറിയ ചെറിയ കൂട്ടായ്മയിലെ പ്രചരണവും മറ്റും മിക്കയിടത്തും നടക്കുന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളില്‍ മഴ ശക്തമായി പെയ്യുന്നതിലെ കൗതുകം ഒന്നു വേറെ തന്നെയാണ്. വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയതിന് ശേഷമാണ് അന്തരീക്ഷം തണുക്കുന്നത്. രാഷ്‌ട്രീയച്ചൂടിന് ശമനം ഉണ്ടാകുന്നതും വോട്ടെടുപ്പിനു ശേഷമാണല്ലോ എന്ന് വഴിപോക്കര്‍ സംസാരിക്കുന്നതില്‍ അദ്ഭുതപ്പെടാനുമില്ല.

വോട്ടിങ് ശതമാനം രാജ്യത്താകമാനം കുറയുന്നതിന് ചൂട് ഒരു കാരണമായിട്ടുണ്ട് എന്ന് ചിലര്‍ പറയുന്നു. ചൂടുകാറ്റ് ഒട്ടേറെ ജീവനുകള്‍ എടുത്തതും വാര്‍ത്തകളിലൂടെ നമ്മളൊക്കെ അറിഞ്ഞതാണ്. ശക്തമായ ചൂടിനെ അതിജീവിച്ച് പ്രചാരണ രംഗത്ത് പ്രവര്‍ത്തിച്ച രാഷ്‌ട്രീയ നേതൃത്വത്തെ സമ്മതിക്കാതെ നിവര്‍ത്തിയില്ല. ഒന്നാം ഘട്ടം മുതല്‍ അവസാനഘട്ടം വരെ പ്രചരണ രംഗത്ത് ശക്തമായി നിറഞ്ഞുനില്‍ക്കുന്ന നേതാക്കള്‍ ഒരു അദ്ഭുത പ്രതിഭാസമാണ്. ചൂടിനെ അതിജീവിച്ചു പ്രചരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. ""ഞാന്‍ ജീവശാസ്ത്രപരമായി ജനിച്ച ആളാണെന്നാണ് കരുതിയിരുന്നത്. അമ്മയുടെ മരണശേഷം, എന്‍റെ അനുഭവങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ദൈവമാണ് എന്നെ അയച്ചതെന്ന് ബോധ്യപ്പെട്ടു'' എന്നാണ് മോദി പറഞ്ഞത്. ഭൂമിയില്‍ മനുഷ്യരുടെ സേവനത്തിന് ഇറങ്ങിയതാണെന്ന് മോദി പറഞ്ഞതിലെ കൗതുകം ഇവിടെ ചേര്‍ത്തു വായിക്കാം.

മഴയായാലും ചൂടായാലും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചരണത്തിന് തടസമില്ലല്ലോ. എന്നാല്‍ കേരളത്തിലെയും ബംഗാളിലെയും സ്ഥിതി അങ്ങനെയല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർഥികള്‍ ഒരിക്കലെങ്കിലും വോട്ടര്‍മാരുടെ മുന്നിലൂടെ കൈകൂപ്പി നീങ്ങുക, വോട്ടുകള്‍ അഭ്യർഥിക്കുക എന്നുള്ളത് ഇവിടെ ഒരു പതിവായി മാറിയിരിക്കുന്നു. നിലവിലെ ചൂടില്‍ എല്ലാ ഘട്ടത്തിലും എത്തുവാന്‍ അമാനുഷിക ശക്തി തന്നെ വേണം. മഴ ശക്തമായി പെയ്ത് പ്രളയമാകുന്നിടത്ത് വേട്ടെടുപ്പ് കഴിഞ്ഞതാണ്. 4ന് വോട്ടെണ്ണുന്ന അവസരത്തില്‍ രാഷ്‌ട്രീയ പ്രളയമുണ്ടാകുമോ എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. അതില്‍ ആരെല്ലാം മുങ്ങിത്താഴുമെന്ന് അന്നറിയാം.

Trending

No stories found.

Latest News

No stories found.