കുരുക്ഷേത്രത്തിലെ മണ്ണുമാന്തികൾ

ബാലറ്റ് യുദ്ധവും കൊട്ടിക്കലാശവും കഴിഞ്ഞ്, പോളിങ് ശതമാനവും വെളിപ്പെട്ടതോടെ യുദ്ധക്കളം പിശാചു ബാധിച്ച രക്തനിലംപോലെ കാണപ്പെട്ടു
കുരുക്ഷേത്രത്തിലെ മണ്ണുമാന്തികൾ

അങ്ങിനെ, ഹസ്തിനപുരത്തിന്‍റെ സിംഹാസനത്തിനു വേണ്ടി സ്ഥാനാർഥികൾ ഇൻഡോ- ആര്യൻ ഭൂമിയിലെ കരുക്ഷേത്ര മൈതാനത്ത് യുദ്ധത്തിനായി അണിനിരന്നു.

പച്ചവേഷക്കാരായ പാണ്ഡവരും താമരമാല്യധാരികളായ കത്തിവേഷക്കാരും ചുവന്നതാടിക്കാരായ കൗരവരും അസ്ത്രശസ്ത്രാദികൾ ധരിച്ച്, പതിനെട്ട് അക്ഷൗഹിണിപ്പടകളുമായി വിളങ്ങി. യക്ഷ- കിന്നര- ഗന്ധർവാദികളും ആതങ്കവാദികളും ഈ കാഴ്ച തൃക്കൺപാർക്കാൻ താരക റാണിമാരുമൊത്ത് മാനത്തെ വെള്ളിത്തേരിൽ ഉപവിഷ്ടരായി.

"വോറന്‍റിക്ക് ഗ്യാരണ്ടി' എന്നായിരുന്നു താമരസേനയുടെ ആപ്തവാക്യമെങ്കിൽ "ഗ്യാരണ്ടിക്ക് മറു ഗ്യാരണ്ടി' എന്നായിരുന്നു ഹരിതസേനയുടെ അടയാളഭാഷ്യം. "പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും' - അതായത്, "സംസർഗാ ഗുണാ ദോഷാ ഭവന്തുഃ' എന്ന മുദ്രാവാക്യം ചോന്ന താടിക്കാർ സ്വീകരിച്ചു.

യുദ്ധവിവരണം

ചൊവ്വാഴ്ച പുലർച്ചെ കാർത്തിക അമാവാസിനാളിൽ ചന്ദ്രക്കലയും അരിവാളും ചുറ്റികയും ജ്യേഷ്ഠനക്ഷത്രത്തിലേക്കു പ്രവേശിച്ച സമയത്ത് ബാലറ്റുയുദ്ധം ആരംഭിച്ചു. പാളയത്തിൽ പട തുടങ്ങിയ വിവരം ഇലക്ഷൻ അധികാരി പുലർകാലേ തന്നെ പാടി കുഴലൂതി ഔദ്യോഗികമായി പുറത്തുവിട്ടു. ഈ മുഹൂർത്തത്തിൽ പരശുരാമ ഭൂമിയായ കുരുക്ഷേത്രത്തിൽ റെഡ്, ഓറഞ്ച്, ഗ്രീൻ, യെല്ലോ അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ടു. ചാനൽക്കഴുകന്മാർ വാർത്തകൾക്കായി വാനിൽ വട്ടമിട്ടു പറന്നു. ലോക്കൽ ചെന്നായ്ക്കളും കുറുക്കന്മാരും ഓരിയിട്ടു. പാമ്പുകളും തേളുകളും എട്ടുകാലികളും അവരവരുടെ ഇടങ്ങളിൽ നിന്ന് പുറത്തുവന്നു. തെക്കു നിന്നും വടക്കോട്ട് ഒരു ഉഷ്ണതരംഗം രൂപംപൂണ്ടു.

ശംഖുമുഖം, വലിയതുറ, കോഴിക്കോട് മേഖലകളിൽ കടൽ പിൻവലിഞ്ഞു. ഭൂമണ്ഡലത്തിൽ ഇരുൾ പരന്നു. പശുക്കളും കിടാക്കളും മാനും മയിലും പക്ഷികളും പരിഭ്രാന്തരായി കാടുകളിലേക്കു ലക്ഷ്യമില്ലാതെ പ്രയാണം ചെയ്തു. സ്ത്രീകളും കുട്ടികളും വൃദ്ധരും വർഗീയ ഫാസിസ്റ്റുകളും സമാധാനകാംക്ഷികളായ ഭീരുക്കളും കാതും കണ്ണും പൊത്തി വീടുകളിലൊളിച്ചു. ആർപ്പും കിലുകിലാ ശബ്ദവും കൂക്കിവിളിയും മൈക്ക്, കൊമ്പ്, കുഴൽ എന്നിവയുടെ ഘോഷങ്ങളും കുതിരകളുടെയും കഴുതകളുടെയും ശബ്ദങ്ങളും ആനകളുടെ ചിന്നം വിളികളും വോട്ടിങ് യന്ത്രങ്ങളുടെ മൂളലും എങ്ങും മുഴങ്ങി.

മകൻ അച്ഛനെ കണ്ടില്ല!

പോരാട്ടം കൊടുമ്പിരികൊണ്ട മണ്ഡലങ്ങളിൽ ബന്ധുക്കൾ ശത്രുക്കളും ശത്രുക്കൾ ബന്ധുക്കളുമായി. മകൻ അച്ഛനെ കണ്ടില്ല, ചേട്ടൻ അനുജനെ കണ്ടില്ല, അമ്മാവൻ മരുമകനെ കണ്ടില്ല, മരുമകൻ അമ്മാവനെ കണ്ടില്ല, മരുമകൻ അമ്മായിയമ്മയെയും കണ്ടമട്ടു നടിച്ചില്ല.

ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത രീതിയിൽ പത്തൊമ്പതടവുകൾ പയറ്റിയ, നാണവും മാനവുമില്ലാത്ത യുദ്ധമാണ് നടന്നത്. ഒരു കസേരയ്ക്കു വേണ്ടി മകൻ അച്ഛനെയും സഹോദരൻ സഹോദരിയെയും തള്ളിപ്പറഞ്ഞു. പിതൃത്വവും മാതൃത്വവും ചോദ്യംചെയ്യപ്പെട്ടു. ചിലർ നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചുകളഞ്ഞപ്പോൾ ചില നികൃഷ്ടജീവികൾ പൊളിറ്റ്ബ്യൂറോയ്ക്ക് പിടികൊടുക്കാതെ ദേഹമാസകലം ഭസ്മംപൂശി, കാവിയുടുത്തു പിപ്പിടിവിദ്യ കാട്ടി കളംപിടിച്ചു.

മദ്യശാലകളിലും മണിമേടകളിലും രഹസ്യചർച്ചകൾ നടന്നു. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ നാടെങ്ങും ചോരക്കൊതി വർധിച്ചു. ബീഫും മട്ടനും ചിക്കനും ഡിമാൻഡ് കൂടി. കാളികൂളികൾ ആർപ്പുവിളി തുടങ്ങി. ഒരു നായാട്ടിന്‍റെ സുഖം നാട്ടുകാർക്ക് എപ്പോഴും ലഭിച്ചുകൊണ്ടിരുന്നു.

മഴുകൊണ്ട് വെട്ടേറ്റും ആനയുടെ ചവിട്ടേറ്റും കുതിരകൾ ദേഹത്തിൽ കയറിയും തേരിന്‍റെ ചക്രം കേറി മുറിഞ്ഞും യോദ്ധാക്കൾ അമ്മേ! അച്ഛാ! ചേട്ടാ! പൊന്നേ! അമ്മാവാ! ഇളയച്ഛാ! - തുടങ്ങിയ രീതികളിൽ നിലവിളിച്ചും യുദ്ധക്കളത്തെ എപ്പോഴും ആക്റ്റിവായി നിലനിർത്തി.

കൊട്ടിക്കലാശക്കാഴ്ചകൾ

യുദ്ധത്തിന്‍റെ കൊട്ടിക്കലാശത്തിനു മുന്നോടിയായി സ്ഥാനാർഥികളെ വാനോളമുയർത്താൻ ക്രെയ്‌നുകളും മണ്ണുമാന്തികളും യുദ്ധഭൂമിയിൽ അണിനിരന്നു. യന്ത്രക്കൈകളുടെ മുകളിൽക്കയറി ജൗളി വീശിക്കാട്ടിയും കൊടി പൊക്കിയും ആകാശ മേഘങ്ങളിലൂടെ ഗഗനചാരികളെപ്പോലെ വട്ടം കറങ്ങിയും ചെപ്പടിവിദ്യകൾ കാട്ടിയും അവറ്റകൾ അറമാദിച്ച്, ആഹാര, നീഹാരാദികളുടെയും പണത്തിന്‍റെയും പുളപ്പുതീർത്തു.

ഇവരുടെ ചരടിൽ തൂങ്ങിനടന്ന അനുചര വാനരവൃന്ദം പൂക്കാവടികളും പാൽക്കാവടികളും തലയിലേറ്റി ഒപ്പം തുള്ളിയുറഞ്ഞു രസിച്ചുപുളച്ചു. ഏവരും ഉള്ളിലേക്കു ചെലുത്തിയ ദ്രാവകവീര്യത്തിന്‍റെ കലാശക്കൊട്ടിൽ കുരുക്ഷേത്രത്തിലെ ഇലഞ്ഞിയും ഇലത്തിത്തറയും രാമനിലയവും രാവണനിലയവും വിറകൊണ്ടു. വാദ്യസംഘികളുടെ വീക്കൻ ചെണ്ടകൾക്ക് ഇതിനിടയിൽ നല്ല ഉഗ്രൻ വീക്കുകിട്ടി. തിമിലകളുടെ തല അടികൊണ്ട് പുളഞ്ഞു പൊളിഞ്ഞു. തുടർന്ന് ആചാരപരമായ തല്ലും കല്ലേറും ഭരണിപ്പാട്ടും അരങ്ങേറി.

ജൈവിക ഡിഎൻഎയും രാഷ്‌ട്രീയ ഡിഎൻഎയും ചേർത്തരച്ച കരിമരുന്നിന്‍റെ കരുത്തിൽ പകൽവെടിക്കെട്ടും നടന്നു. പിന്നീടായിരുന്നു അർധരാത്രിയിലെ കുട പിടിക്കലും കുടമാറ്റവും. തുടർന്ന് ക്രെയ്‌നുകളും മണ്ണുമാന്തികളും കരിമന്തികളും ഉപചാരം ചൊല്ലിപ്പിരിഞ്ഞു.

കൊട്ടിക്കലാശം കഴിഞ്ഞു മടങ്ങിയ രഥങ്ങളിലെ കൊടുവാളുകൾ, അഗർവാളുകൾ, പൊതുവാളുകൾ, കള്ള വീഡിയോകൾ, കുപ്പികൾ, കുപ്പിവളകൾ എന്നിവ ബ്രഹ്മപുരത്തും ഐവർമഠത്തിലും കൊണ്ടുപോയി ദഹിപ്പിച്ച് ഷോഡശ ക്രിയകൾ വിധിയാംവണ്ണം നടത്തി. അനന്തരം സ്ഥാനാർഥികളും പിണിയാളുകളും പടയാളികളും ആനമയിലൊട്ടകങ്ങളും ബുദ്ധിജീവികളും ചാനൽക്കഴുകന്മാരും തെല്ലൊന്നു വിശ്രമിക്കാൻ പോയി.

ആളൊഴിഞ്ഞ പടക്കളം

ബാലറ്റ് യുദ്ധവും കൊട്ടിക്കലാശവും കഴിഞ്ഞ്, പോളിങ് ശതമാനവും വെളിപ്പെട്ടതോടെ യുദ്ധക്കളം പിശാചു ബാധിച്ച രക്തനിലംപോലെ കാണപ്പെട്ടു. സ്ഥാനാർഥികളായ പടത്തലവന്മാരുടെ ഹൃദയങ്ങളിൽ ആശങ്ക കൂടുകെട്ടി. അവർ കൂടും കുടുക്കയുമെടുത്ത് ഗ്രാമങ്ങളിലെ മുന്തിരിത്തോപ്പുകളിലേക്ക് രാപ്പാർക്കാൻ പോയി. അവരുടെ കുട്ടിക്കുരങ്ങന്മാർ തീക്കൊള്ളി കൊണ്ടു തലചൊറിഞ്ഞും തീക്കനൽ വായിലിട്ടും സമയംപോക്കി. അന്തിമ ഫലം വരുന്നതുവരെ ഏത് അത്യാഗ്രഹിയും സത്യഗ്രഹിയും ജാവഡേക്കറും ജാഡവേടനും കാത്തിരിക്കണമല്ലോ.

എന്തായാലും പരശുരാമ കുരുക്ഷേത്ര ഭൂമിയിലെ യുദ്ധാനന്തര കാഴ്ചകൾ ഭീകരമായിരുന്നു. ഇന്നലെകളുടെ ചാവുനിലങ്ങളിൽ ബാലറ്റുയുദ്ധത്തിൽ അടിതെറ്റി വീണവർ നിരന്നു കിടന്നു. അസ്ഥികേശങ്ങൾ ചിതറി, ചോര ചാടി നനഞ്ഞ് അനേകായിരം ദേഹങ്ങൾ അവിടെ ചിതറിപ്പോയിരിക്കുന്നു. കുറുക്കനും കൊക്കും കാക്കയും കഴുകനും ഉത്തരംതാങ്ങുന്ന പല്ലികളും ബുദ്ധിജീവികളും അവിടെ അക്ഷമയോടെ വർത്തിക്കുന്നു.

ഗ്രേറ്റ് ഇന്ത്യൻ സർക്കസിനു ശേഷം ഹസ്തിനപുരി വാഴുന്നത് ആരായിരിക്കും? വീഴുന്നത് ആരായിരിക്കും? പശ്ചിമഘട്ടത്തിലെ നദികളുടെ അടിയൊഴുക്കുകൾ ഏതു ദിശയിലായിരിക്കും?

മഹാഭാരതത്തിന്‍റെ മറ്റാരു പേര് "ജയം' എന്നാണല്ലോ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com