

2027ലെ വേൾഡ് സ്കിൽസ് ഏഷ്യയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ
ജയന്ത് ചൗധരി
കേന്ദ്ര മന്ത്രി
നമ്മുടെ രാജ്യവികസനത്തിൽ "സത്യമേവ ജയതേ' എന്നതിനുള്ള അതേ ശക്തി "ശ്രമേവ ജയതേ' എന്ന ആശയത്തിനുമുണ്ടെന്ന് 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടുണ്ട്. ലഖ്നൗവിൽ കഴിഞ്ഞ ദിവസം നടന്ന നൈപുണ്യ മേഖലയിലെ മികച്ച പരിശീലനാർഥികളെ ആദരിക്കുന്ന ബിരുദദാന ചടങ്ങായ അഞ്ചാമത് "കൗശൽ ദീക്ഷാന്ത് സമാരോഹ്' ഈ കാഴ്ചപ്പാടിനെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വേൾഡ് സ്കിൽസ് ഏഷ്യ- 2027ന് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി. കേവലം ഒരു വർഷം മുമ്പാണ് ഇന്ത്യ ആദ്യമായി വേൾഡ് സ്കിൽസ് ഏഷ്യയിൽ പങ്കെടുക്കാൻ ഒരു സംഘത്തെ അയച്ചത്. ഇപ്പോഴിതാ ആദ്യമായി ഒരു വേൾഡ് സ്കിൽസ് മത്സരം ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയുടെ നൈപുണ്യ വികസന മേഖല തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കുന്നതിനും ലോകം അത് ശ്രദ്ധിക്കുന്നുവെന്നതിനുമുള്ള തെളിവാണിത്.
ഇന്ത്യൻ സംസ്കാരം എക്കാലത്തും നിർമാതാക്കളെ ബഹുമാനിക്കുന്നു. നമ്മുടെ പണിശാലകളിലും ഫാക്റ്ററികളിലും നാം വിശ്വകർമ ഭഗവാനെ ആരാധിക്കുകയും നമ്മുടെ കരകൗശല വിദഗ്ധരുടെ നൈപുണ്യത്തിൽ അഭിമാനിക്കുകയും അവർ നിർമിക്കുന്ന വസ്തുക്കളെ ആഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പല കുടുംബങ്ങൾക്കും നൈപുണ്യ പരിശീലനമെന്നത് ഒരു രണ്ടാം തിരഞ്ഞെടുപ്പ് മാത്രമാണ്. മികച്ചൊരു സാങ്കേതിക യോഗ്യത തൊഴിലിലേക്കും തൊഴിൽപരമായ സംതൃപ്തിയിലേക്കും കൂടുതൽ നേരിട്ടുള്ള വഴി തുറന്നു നൽകുമെന്നിരിക്കെയും ബിരുദ പഠനത്തിനാണ് പലരും മുൻഗണന നൽകുന്നത്. ഒരു ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങുന്ന ഒരു യുവ ഇലക്ട്രീഷ്യനോ മെഷീനിസ്റ്റിനോ ഏതൊരു സർവകലാശാലയിലേതും പോലെ അന്തസാർന്ന ഒരു ബിരുദദാന ചടങ്ങ് അർഹിക്കുന്നുവെന്ന വിശ്വാസത്തിൽ നിന്നാണ് "കൗശൽ ദീക്ഷാന്ത് സമാരോഹ്' രൂപപ്പെട്ടത്. 2022ൽ വിശ്വകർമ ജയന്തി ദിനത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഈ ചടങ്ങ് സാങ്കേതിക വിദ്യാഭ്യാസത്തിന് വലിയ മൂല്യമുണ്ടെന്ന് തെളിയിച്ചു.
ഇത്തരം ബിരുദദാന ചടങ്ങുകൾ സാങ്കേതിക മേഖലയിലെ വിദ്യാർഥികൾക്ക് അവരുടെ യഥാർഥ മൂല്യത്തെക്കുറിച്ച് ആത്മവിശ്വാസം നൽകുന്നുവെങ്കിൽ ഒരു അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് അവരുടെ നൈപുണ്യത്തിന് ആഗോള തലത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന് രാജ്യത്തെ മുഴുവൻ ബോധ്യപ്പെടുത്തുന്നു. ഭാവി തലമുറയുടെ ഉറവിടം എവിടെ നിന്നുമാണെന്ന് ലഖ്നൗവിലെ ഇന്നലത്തെ ചടങ്ങ് കാണിച്ചുതന്നു. പശ്ചിമ ബംഗാളിലെ രാമകൃഷ്ണ മിഷൻ ബ്ലൈൻഡ് ബോയ്സ് അക്കാദമിയിലെ കാഴ്ചപരിമിതിയുള്ള മെറ്റൽ കട്ടിങ് ട്രെയ്നി അമിത് ബൈരാഗി, പുരിയിൽ നിന്നുള്ള മോട്ടോർ വെഹിക്കിൾ മെക്കാനിക് സുപ്രീതി മൊഹപത്ര, അലിഗഞ്ചിൽ താൻ ആദരിക്കപ്പെട്ട ഹാളിന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം പരിശീലനം നേടിയ ഇലക്ട്രോണിക്സ് മെക്കാനിക് ഷഹബാസ് ഖാൻ എന്നിവർ ആദരിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. മികച്ച വിജയം കൈവരിച്ച 52 പേരിൽ പകുതിയിലധികവും സ്ത്രീകളായിരുന്നു.
കൂടുതൽ തൊഴിലുടമകൾ നിർമിത ബുദ്ധി (എഐ) സ്വീകരിക്കുന്നതിനനുസരിച്ച് ഉയർന്ന നൈപുണ്യമുള്ള തൊഴിലാളികൾക്കുള്ള ആവശ്യകത വർധിക്കുന്നതായും അതേസമയം സമീപ വർഷങ്ങളിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തൊഴിൽ വിപണിയാണ് ഇന്നത്തെ ബിരുദധാരികൾ നേരിടുന്നതെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ 80 ശതമാനം ജീവനക്കാരും ആഴ്ചയിൽ പലതവണ എഐ ഉപയോഗിക്കുന്നുണ്ടെന്നും 41 ശതമാനം പേർ ഏതാണ്ട് ദിവസവും ഉപയോഗിക്കുന്നുണ്ടെന്നും എഡിപിയുടെ "പീപ്പിൾ അറ്റ് വർക്ക് 2026' കണ്ടെത്തി. ഇത് സർവെയിൽ പങ്കെടുത്ത എല്ലാ വിപണികളിലും വച്ച് ഏറ്റവും ഉയർന്ന നിരക്കാണ്, ഈ കാലഘട്ടത്തിൽ ഇന്ത്യയ്ക്ക് ഇത് സവിശേഷമായ ഒരു അവസരം നൽകുന്നു. നൈപുണ്യ വികസനത്തിന് എന്നത്തേക്കാളും പ്രാധാന്യമുണ്ടെന്ന് ഗവേഷണങ്ങളും വ്യക്തമാക്കുന്നു. 2030ഓടെ 17 കോടി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും നിലവിലുള്ള 9.2 കോടി തൊഴിലുകൾ നഷ്ടപ്പെടുമെന്നും വേൾഡ് ഇക്കണോമിക് ഫോറം കണക്കാക്കുന്നു. കൂടാതെ ഓരോ 100 തൊഴിലാളികളിലും 59 പേർക്ക് പരിശീലനം ആവശ്യമായി വരുമെന്നും സൂചിപ്പിക്കുന്നു.
എഐ കാരണം അമെരിക്കയിൽ ഏകദേശം 2 ലക്ഷം പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ഇതുവരെ ഏകദേശം 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ എഐ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് "ദി ഇക്കണോമിസ്റ്റ്' പ്രസിദ്ധീകരിച്ച പഠനം കണക്കാക്കുന്നത്. ഡാറ്റാ സെന്ററുകൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഇലക്ട്രീഷ്യൻമാർ, ടെക്നീഷ്യൻമാർ, ഇൻസ്റ്റാളർമാർ എന്നിവർക്കുള്ളതാണ് ഈ പുതിയ തൊഴിലുകളിൽ പലതും. നൈപുണ്യമുള്ള തൊഴിലാളികൾക്കുള്ള അവസരങ്ങളും ആവശ്യകതകളും എഐ സൃഷ്ടിക്കുന്നു. ഈ ലക്ഷ്യത്തോടെ കഴിഞ്ഞ വർഷത്തെ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി പിഎം- സേതു പദ്ധതിക്ക് തുടക്കം കുറിച്ചു. 1,000 ഐടിഐകളെ നവീകരിക്കുന്നതിനുള്ള 60,000 കോടി രൂപയുടെ പദ്ധതിയാണിത്. ഇത് ആസൂത്രണ ഘട്ടത്തിൽ നിന്ന് പ്രവർത്തന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഓരോന്നിലും ഒരു പ്രധാന വ്യവസായ പങ്കാളിയുള്ള 15 ക്ലസ്റ്ററുകളുടെ നിക്ഷേപ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. നമ്മുടെ സ്ഥാപനങ്ങൾ ഇതിനനുയോജ്യമായ വർക്ക്ഷോപ്പുകളും ലാബുകളും നിർമിക്കുകയും തൊഴിലുടമകൾക്ക് തങ്ങൾക്ക് ആവശ്യമുള്ള പ്രതിഭകളെ ഒരിടത്തു തന്നെ കണ്ടെത്താൻ സാധിക്കുകയും ചെയ്യും.
വേൾഡ് സ്കിൽസ് ഏഷ്യ പോലുള്ള മത്സരങ്ങൾ നൈപുണ്യ പരിശീലനാർഥികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും ആഗോള തലത്തിലേക്ക് തയാറെടുക്കാനും വേദിയൊരുക്കുന്നു. കഴിഞ്ഞ നവംബറിൽ തായ്പേയിൽ നടന്ന വേൾഡ് സ്കിൽസ് ഏഷ്യ മത്സരത്തിലെ അരങ്ങേറ്റത്തിൽ 29 രാജ്യങ്ങളിൽ എട്ടാം സ്ഥാനം നേടാൻ നമുക്ക് സാധിച്ചു. 2015ൽ സാവോ പോളോയിൽ വെച്ച് നടന്ന വേൾഡ് സ്കിൽസിൽ 29ാം സ്ഥാനത്തായിരുന്ന നമ്മൾ, ഈ സെപ്റ്റംബറിൽ ഷാങ്ഹായിൽ നടന്ന മത്സരത്തിൽ ആദ്യമായി മികച്ച 10 സ്ഥാനങ്ങളിൽ ഇടം നേടി. ഇത്തരം മത്സരങ്ങളുടെ മൂല്യം മെഡലുകളോ റാങ്കിങ്ങുകളോ കൊണ്ടു മാത്രം അളക്കാൻ കഴിയില്ല. അവ ചെലുത്തുന്ന സ്വാധീനം ആഴമേറിയതാണ്, ആളുകളിൽ പുതിയ അഭിലാഷങ്ങൾ വളർത്താനും അതിന് സാധിക്കുന്നു. ഒരു വ്യക്തി തനിക്ക് തൊട്ടടുത്ത് കാണുന്ന കാര്യങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. 1997ൽ 15കാരിയായ ഝുലൻ ഗോസ്വാമി ഈഡൻ ഗാർഡൻസിന്റെ ബൗണ്ടറിയിൽ നിന്ന് വനിതാ ലോകകപ്പ് ഫൈനൽ കണ്ടു. ഇന്ത്യയ്ക്കു വേണ്ടി കളിക്കണമെന്ന ഉറച്ച തീരുമാനത്തോടെയാണ് അവിടെ നിന്ന് അവർ മടങ്ങിയത്. പിന്നീട് വനിതാ ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായി അവർ മാറി. ഇന്ത്യാ സ്കിൽസ് നാഷണൽ കോമ്പറ്റീഷൻ 2025-26ന് ആതിഥേയത്വം വഹിച്ച ഗ്രേറ്റർ നോയിഡ ഇതുവരെ മത്സരാർഥികൾക്ക് മാത്രം കാണാൻ സാധിച്ചിരുന്ന ആ കാഴ്ചാനുഭവം ഇനി നിരവധി പേർക്ക് നൽകും. ഒരു മത്സരാർഥിയല്ലാത്ത, ഉത്തർപ്രദേശിൽ നിന്നുള്ള ഒരു പരിശീലനാർഥിക്ക് മത്സര വേദിയിലേക്ക് കടന്നുചെന്ന്, ഏഷ്യയിലെ ഏറ്റവും മികച്ച പ്രതിഭകൾ പ്രവർത്തിക്കുന്നത് തൊട്ടടുത്തുനിന്ന് കാണാനും അടുത്ത തവണ ആ വേദിയിൽ തനിക്കും എത്തണമെന്ന് ലക്ഷ്യമിടാനും സാധിക്കും.
വേൾഡ് സ്കിൽസ് ഏഷ്യയ്ക്കായുള്ള തയാറെടുപ്പുകൾ തൊഴിൽ നൈപുണ്യ പരീക്ഷകൾ, മൂല്യനിർണയം, പരിശീലന നിലവാരം എന്നിവയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകളെ അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ച് മെച്ചപ്പെടുത്താൻ അവസരമൊരുക്കുന്നു. ഏഷ്യയിലുടനീളമുള്ള സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താനും സഹകരിക്കാനും ഇന്ത്യൻ പരിശീലകർക്കും വ്യവസായ വിദഗ്ധർക്കും ഇതിലൂടെ സാധിക്കും. നൈപുണ്യം ആവശ്യമുള്ള തൊഴിലുകളെ സ്കൂൾ വിദ്യാർഥികളിലേക്കും കുടുംബങ്ങളിലേക്കും കൂടുതൽ അടുപ്പിക്കാനും ഈ മത്സരത്തിന് കഴിയും. സംസ്ഥാന, ദേശീയ തലങ്ങളിലുള്ള ഇന്ത്യാ സ്കിൽസ് മത്സരങ്ങൾ ഈ യാത്രയിലെ സുപ്രധാന ഘടകമാണ്. പ്രതിഭകളെ തിരിച്ചറിയാനും കഴിവുകൾ പരീക്ഷിക്കാനും സമ്മർദത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള അനുഭവം യുവ മത്സരാർഥികൾക്ക് നൽകാനും അവ വേദിയൊരുക്കുന്നു. ഇന്ത്യ സ്കിൽസ് 2026-27നോടുള്ള പ്രതികരണം യുവജനങ്ങളുടെ വലിയ ആവേശത്തെയാണ് കാണിക്കുന്നത്. ഇതിനകം 63 വ്യത്യസ്ത നൈപുണ്യ മേഖലകളിലായി 4.5 ലക്ഷത്തിലധികം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു.
നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം രൂപീകൃതമായതു മുതൽ ലോകോത്തര പ്രതിഭകളെ വാർത്തെടുക്കുന്നതിനുള്ള ചട്ടക്കൂടുകളും മാനദണ്ഡങ്ങളും സ്ഥാപനങ്ങളും ഈ വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയെ ആഗോള നൈപുണ്യ തലസ്ഥാനമാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണ് വേൾഡ് സ്കിൽസ് ഏഷ്യയുടെ ആതിഥേയത്വം. റോമൻ എഴുത്തുകാരൻ സെനക്ക എഴുതിയതുപോലെ ഈ പാത അത്ര എളുപ്പമല്ല: ""നോൺ എസ്റ്റ് അഡ് അസ്ട്രാ മോളിസ് ഇ ടെറിസ് വിയ'' (Non est ad astra mollis e terris via) ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേക്ക് എളുപ്പവഴിയില്ല. ഓരോ മെഡലിന് പിന്നിലും എളുപ്പവഴിക്ക് പകരം കഠിനാധ്വാനം തെരഞ്ഞെടുത്ത ഒരു പരിശീലനാർഥിയുണ്ട്. 2027ൽ ഏഷ്യ നമ്മുടെ പടിവാതിൽക്കൽ എത്തും, നൈപുണ്യമുള്ള കൈകളാൽ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ആ നക്ഷത്രങ്ങളെ ഇന്ത്യ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും.
(കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി, വിദ്യാഭ്യാസ സഹമന്ത്രിയാണ് ലേഖകൻ)