ആരാണ് ലിയാരിയെ വിറപ്പിച്ച റഹ്‌മാന്‍? എന്തുകൊണ്ട് ബോളിവുഡില്‍ തരംഗമാകുന്നു..!

റഹ്‌മാന്‍റെ കുപ്രസിദ്ധിയുടെ കഥകള്‍ പാക്കിസ്ഥാനിലെ ലിയാരിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സെല്ലുലോയിഡിലേക്കും എത്തിയിരിക്കുന്നു
lyari king rehman dakait story

റഹ്‌മാന്‍ ദകൈത്ത്, അക്ഷയ് ഖന്ന

Updated on

ആന്‍റണി ഷെലിൻ

യഥാര്‍ഥ ജീവിതത്തിലെയും അധോലോകത്തിലെയും കഥാപാത്രങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ആദിത്യ ധറിന്‍റെ 'ധുരന്ധര്‍' എന്ന സിനിമ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല, പാക്കിസ്ഥാനിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അക്ഷയ് ഖന്ന ജീവന്‍ നല്‍കിയ പാക്കിസ്ഥാന്‍ ഗുണ്ടാത്തലവൻ റഹ്‌മാന്‍ ദകൈത്താണ്. ചിത്രത്തില്‍ അക്ഷയ് ഖന്ന പ്രത്യക്ഷപ്പെടുന്ന ഒരു നൃത്ത രംഗം ഇതിനോടകം വൈറലുമായി കഴിഞ്ഞു. ചിത്രത്തില്‍ അക്ഷയ് ഖന്നയുടെ സ്‌ക്രീന്‍ പ്രസന്‍സ് അപാരമാണ്. ഒരു ഗംഭീര തിരിച്ചുവരവാണ് താരം ധുരന്ധറിലൂടെ നടത്തിയിരിക്കുന്നത്. ധുരന്ധറിലൂടെ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണു പാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു ചെറു പട്ടണമായ ലിയാരി. ലിയാരി ഏറെക്കുറെ ഭരിച്ചിരുന്നത് റഹ്‌മാന്‍ ദകൈത്താണ്. ലിയാരി ഭരിച്ചിരുന്ന കാലത്തെ റഹ്‌മാന്‍റെ യഥാര്‍ഥ പ്രവൃത്തികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ധുരന്ധറില്‍ കാണിച്ചിരിക്കുന്നത് വളരെ നിസാരമാണെന്നാണ് റഹ്‌മാന്‍റെ കഥ അറിയുന്നവര്‍ പറയുന്നത്.

ലിയാരി, കറാച്ചിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണ്. 1700കളില്‍ സിന്ധി മത്സ്യത്തൊഴിലാളികളും ബലൂച് നാടോടികളും വസിച്ചിരുന്ന ഒരു വാസസ്ഥലമായിരുന്നു അത്. യഥാര്‍ഥത്തില്‍ കറാച്ചി രൂപപ്പെടുന്നതിനു മുമ്പുള്ളതാണ് ലിയാരി. കാലക്രമേണ മറ്റ് സാമൂഹിക ഗ്രൂപ്പുകളും ഏകദേശം 9 ലക്ഷം വരുന്ന ലിയാരിയിലെ ജനസംഖ്യയുടെ ഭാഗമായി മാറി.

ചരിത്രപരമായി, നഗരാസൂത്രണത്തിന്‍റെയും മറ്റ് സൗകര്യങ്ങളുടെയും കാര്യത്തില്‍ ഈ പട്ടണം അവഗണനയ്ക്ക് വിധേയമായിട്ടുണ്ട്. ദാരിദ്ര്യവും വികസനമില്ലായ്മയും അതിനെ കുറ്റകൃത്യങ്ങളുടെ വിളനിലമാക്കി മാറ്റി. ലിയാരി പിന്നീട് ഗുണ്ടാസംഘങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ചു. രസകരമെന്നു പറയട്ടെ, "ലിയാരി' എന്ന പേര് "ലിയാര്‍' എന്ന ശ്മശാനത്തില്‍ നിന്നാണ് വന്നത്. അത് ശ്മശാനങ്ങളില്‍ വളരുന്ന ഒരു മരമാണ്. ഈ പ്രദേശത്ത് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്ന കാലത്ത് നിരവധി ശവക്കുഴികള്‍ ഉണ്ടായിട്ടുണ്ട്. ലിയാരിയുടെ ഈ ലോകത്താണ് റഹ്‌മാന്‍ ദകൈത്ത് ജനിച്ചത്.

റഹ്‌മാന്‍ ദകൈത്തിന്‍റെ ഉദയം

1975ല്‍ മുഹമ്മദ് ദാദലിനും ഖദീജ ബീബിക്കും ഒരു മകന്‍ ജനിച്ചു. അവര്‍ മകന് സര്‍ദാര്‍ അബ്ദുള്‍ റഹ്‌മാന്‍ ബലൂച് എന്ന് പേരിട്ടു. ആ കുട്ടി കൗമാരപ്രായത്തില്‍ തന്നെ മയക്കുമരുന്ന് വില്‍പ്പന ആരംഭിച്ചു.പതിമൂന്നാം വയസില്‍ റഹ്‌മാന്‍ ഒരാളെ കുത്തി. രണ്ട് വര്‍ഷത്തിന് ശേഷം, സ്വന്തം അമ്മയെ റഹ്‌മാന്‍ കൊലപ്പെടുത്തിയതായി പറയപ്പെടുന്നു. മാതൃഹത്യയെക്കുറിച്ചുള്ള കിംവദന്തികള്‍ ശരിയാണെങ്കിലും അല്ലെങ്കിലും, റഹ്‌മാന്‍റെ കുപ്രസിദ്ധി ഉയര്‍ന്നുവന്നു. അദ്ദേഹത്തിന്‍റെ കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിന് റഹ്‌മാന്‍ ദകൈത്ത് എന്ന പേര് ചാർത്തിക്കൊടുത്തത്. അക്ഷയ് ഖന്ന ധുരന്ധറില്‍ പറയുന്ന ഒരു ഡയലോഗുണ്ട്;

"റഹ്‌മാന്‍ ദകൈത്ത് കി ദി ഹുയി മൗത് ബഡി കസൈനുമാ ഹോതി ഹേ.' (കൊള്ളക്കാരനായ റഹ്‌മാന്‍ മരണം നല്‍കുന്നത് കശാപ്പുകാരനെ പോലെയാണ്).

ഈ ഡയലോഗ് റഹ്‌മാന്‍റെ ക്രൂരത എത്രത്തോളമുണ്ടെന്നു ബോധ്യപ്പെടുത്തുന്നു.

പാക്കിസ്ഥാന്‍ പത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂണിലെ "കിംഗ്ഡം ഒഫ് ഫിയര്‍' എന്ന ലേഖനം അനുസരിച്ച് റഹ്‌മാന്‍ 21 വയസ്സുള്ളപ്പോള്‍ ഒരു ഗുണ്ടാസംഘത്തെ നയിച്ചിരുന്നു എന്നാണ്. കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് കള്ളക്കടത്ത്, നിയമവിരുദ്ധ ആയുധ വില്‍പ്പന തുടങ്ങിയ കാര്യങ്ങളില്‍ റഹ്‌മാന്‍ ഏര്‍പ്പെട്ടിരുന്നു.

റഹ്‌മാന്‍ ശക്തിയാര്‍ജിച്ച 2000കള്‍

1990കളുടെ അവസാനത്തോടെ, ഹാജി ലാലുവിന്‍റെ ലിയാരി ആസ്ഥാനമായുള്ള ക്രൈം സിന്‍ഡിക്കേറ്റില്‍ റഹ്‌മാന്‍ ചേര്‍ന്നു. ഗുണ്ടാ സംസ്‌കാരത്തിന് പേരുകേട്ട ലിയാരി റഹ്‌മാന്‍റെ അധോലോക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറി. 2001ല്‍ ഹാജി ലാലു അറസ്റ്റിലായപ്പോള്‍, റഹ്‌മാന്‍ അധോലോക സംഘത്തിന്‍റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. 2001നും 2009നും ഇടയില്‍ റഹ്‌മാന്‍ ദകൈത്ത് പാക്കിസ്ഥാനിലെ ഏറ്റവും ഭയപ്പെടുന്ന ഗുണ്ടാ നേതാക്കളില്‍ ഒരാളായി മാറി. 2000കളില്‍ മയക്കുമരുന്ന്, കൊള്ളയടിക്കല്‍, ആയുധക്കടത്ത് എന്നിവ ലിയാരിയില്‍ തഴച്ചുവളര്‍ന്നു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പിപിപി) രാഷ്‌ട്രീയ രക്ഷാകര്‍തൃത്വം ക്രിമിനല്‍ ശൃംഖലകള്‍ക്ക് തണലേകി.

രാഷ്‌ട്രീയത്തിലേക്ക്

ഭയന്ന് ലിയാരിയെ ഭരിക്കുന്നതില്‍ റഹ്‌മാന് താത്പര്യമില്ലായിരുന്നു. അങ്ങനെ അദ്ദേഹം രാഷ്‌ട്രീയത്തിലേക്കു കടന്നു. മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്‍റ് അന്തരിച്ച സുല്‍ഫിക്കര്‍ അലി ഭൂട്ടോയും പിന്നീട് അദ്ദേഹത്തിന്‍റെ മകള്‍ അന്തരിച്ച ബേനസീര്‍ ഭൂട്ടോയും സ്ഥാപിച്ച പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഒരു ശക്തികേന്ദ്രമായിരുന്നു ലിയാരി. മുന്‍ ആഭ്യന്തര മന്ത്രി സുല്‍ഫിക്കര്‍ മിര്‍സയ്ക്കൊപ്പവും ബേനസീര്‍ ഭൂട്ടോയ്‌ക്കൊപ്പവും റഹ്‌മാന്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവും പാക്കിസ്ഥാന്‍ പ്രസിഡന്‍റുമായ ആസിഫ് അലി സര്‍ദാരിക്ക് റഹ്‌മാന്‍റെ സംഘത്തില്‍ നിന്നുള്ളവരാണെന്ന് കരുതപ്പെടുന്ന തോക്കുധാരികളുടെ കാവല്‍ ഉണ്ടായിരുന്നെന്നും പറയപ്പെടുന്നു.

ലിയാരിയിലെ രാഷ്‌ട്രീയ, ഭരണപരമായ ശൂന്യതയാണ് റഹ്‌മാന്‍റെ അധികാരത്തിലേക്കുള്ള ഉയര്‍ച്ചയ്ക്ക് കാരണമായത്. രാഷ്‌ട്രീയ നേതാക്കള്‍ ലിയാരിയെ അവഗണിച്ചു. തല്‍ഫലമായി, റഹ്‌മാന്‍ ദകൈത്തിനെപ്പോലുള്ളവര്‍ ആ വിടവ് നികത്തി. ലിയാരിയില്‍ തൊഴിലില്ലായ്മ അന്നും ഇന്നും ഒരു വലിയ പ്രശ്‌നമാണ്. പ്രദേശത്തെ വികസനമില്ലായ്മയും ദാരിദ്ര്യവും റഹ്‌മാനെപ്പോലുള്ളവരെ പ്രാദേശികതലത്തിലുള്ള അധികാര കേന്ദ്രങ്ങളാക്കി മാറ്റി.

പ്രബല കക്ഷിയുമായുള്ള ബന്ധം റഹ്‌മാനെ അധികാരക്കൊതിയനാക്കി. കൂടുതല്‍ അധികാരം അദ്ദേഹം ആഗ്രഹിച്ചു. എതിരാളികളായ സംഘവുമായുള്ള ബന്ധം റഹ്‌മാന്‍ പുനഃസ്ഥാപിക്കുകയും 2008ല്‍ പീപ്പിള്‍സ് അമാന്‍ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പീപ്പിള്‍സ് അമാന്‍ കമ്മിറ്റി തുടക്കത്തില്‍ പിപിപിയുടെ സഖ്യകക്ഷിയായി കാണപ്പെട്ടു. റഹ്‌മാന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് വരെ കിംവദന്തികള്‍ ഉണ്ടായിരുന്നു.

അസ്‌ലം ഖാന്‍ ശക്തിയാര്‍ജിക്കുന്നു

പാക്കിസ്ഥാന്‍റെ " ഡേര്‍ട്ടി ഹാരി' എന്ന് വിശേഷിപ്പിക്കുന്ന ചൗധരി അസ്‌ലം ഖാന്‍ ഒരു ശക്തിയായി ഉയര്‍ന്നുവന്നത് 2000 കാലഘട്ടത്തിലാണ്. 1980കളില്‍ സിന്ധ് പൊലീസില്‍ ചേര്‍ന്ന അസ്‌ലമാണു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റിനെയും ലിയാരി ടാസ്‌ക് ഫോഴ്‌സിനെയും നയിച്ചിരുന്നത്. അസ്‌ലം ഗുണ്ടാസംഘങ്ങള്‍ക്കും താലിബാനുമെതിരേ ശക്തമായ നടപടി സ്വീകരിച്ചു. 2009ല്‍ "വ്യാജ ഏറ്റുമുട്ടല്‍' എന്ന് വ്യാപകമായി പറയപ്പെടുന്ന ഒരു ഓപ്പറേഷനില്‍ അസ്‌ലം റഹ്‌മാന്‍ ദകൈത്തിനെ കൊലപ്പെടുത്തി. ധുരന്ധറിലെ സഞ്ജയ് ദത്തിന്‍റെ കഥാപാത്രം അസ്‌ലമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുന്നു.

വ്യാജ ഏറ്റുമുട്ടല്‍

2009 ഓഗസ്റ്റില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ റഹ്‌മാന്‍ വെടിയേറ്റ് മരിച്ചു. റഹ്‌മാനെ മൂന്നടി അകലത്തില്‍ നിന്നാണ് വെടിവച്ചതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറ്റുമുട്ടലുകളില്‍ ആളുകള്‍ മരിക്കുന്നത് അങ്ങനെയല്ല. പിപിപിയുമായി അടുത്ത വൃത്തങ്ങള്‍ ആരോപിക്കുന്നത് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം റഹ്‌മാനെ പുറത്താക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നാണ്.

മറ്റൊരു സിദ്ധാന്തവുമുണ്ട്. ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതില്‍ റഹ്‌മാന്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപണമുണ്ട്. അദ്ദേഹത്തിന്‍റെ കൊലപാതകം ഒരു കരാര്‍ പാളിപ്പോയതിന്‍റെ ഫലമായിരുന്നു. റഹ്‌മാന്‍ ദകൈത് 34 വര്‍ഷം ജീവിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്‍റെ കുപ്രസിദ്ധിയുടെ കഥകള്‍ ലിയാരിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നു. ഇപ്പോള്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സെല്ലുലോയിഡിലേക്ക് എത്തിയിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com