സുദൃഢ വിശ്വാസത്തിന്‍റെ 1,000 വര്‍ഷങ്ങള്‍

സോമനാഥ ക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിയ ലേഖനം
Somnath Temple in Gujarat

സോമനാഥ ക്ഷേത്രം,പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated on

"സോമനാഥ്' എന്ന വാക്കു തന്നെ നമ്മുടെ ഹൃദയങ്ങളിലും മനസുകളിലും അഭിമാനത്തിന്‍റെ വികാരം ഉണര്‍ത്തുന്ന ഒന്നാണ്. ഇന്ത്യയുടെ ആത്മാവിന്‍റെ ശാശ്വതമായ പ്രഖ്യാപനമാണിത്. ഗുജറാത്തിലെ പ്രഭാസ് പാടണ്‍ എന്ന സ്ഥലത്ത്, ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്താണു മഹത്തായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളമുള്ള 12 ജ്യോതിര്‍ലിംഗങ്ങളെക്കുറിച്ചു ദ്വാദശ ജ്യോതിര്‍ലിംഗ സ്‌തോത്രം പരാമര്‍ശിക്കുന്നുണ്ട്. ""സൗരാഷ്‌ട്രേ സോമനാഥം ച'' എന്നു തുടങ്ങുന്ന സ്‌തോത്രം, പ്രഥമ ജ്യോതിര്‍ലിംഗമെന്ന നിലയില്‍ സോമനാഥിന്‍റെ സാംസ്‌കാരിക- ആത്മീയ പ്രാധാന്യത്തെ അടയാളപ്പെടുത്തുന്നു.

""സോമലിംഗം നരോ ദൃഷ്ട്വാ

സർവപാപൈ പ്രമുച്യതേ

ലഭതേ ഫൽ മനോവാഞ്ഛിത്

മൃതഃ സ്വർഗ സമാശ്രയേത്''.

ഇങ്ങനെയും പറയാറുണ്ട്.

സോമനാഥ ശിവലിംഗം ദര്‍ശിക്കുന്നതിലൂടെ മാത്രം ഒരു വ്യക്തി പാപമുക്തി നേടുകയും, തന്‍റെ നീതിയുക്തമായ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുകയും, മരണശേഷം സ്വര്‍ഗം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനര്‍ഥം.

ദുഃഖകരമെന്നു പറയട്ടെ, ദശലക്ഷക്കണക്കിനു പേരുടെ ഭക്തിക്കും പ്രാര്‍ഥനയ്ക്കും പാത്രമായ ഈ സോമനാഥ ക്ഷേത്രം, വൈദേശിക അധിനിവേശത്താല്‍ ആക്രമിക്കപ്പെട്ടു. ഭക്തിയല്ല; മറിച്ച്, തകര്‍ക്കലായിരുന്നു അവരുടെ ലക്ഷ്യം.

2026 എന്ന വര്‍ഷം സോമനാഥ ക്ഷേത്രത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ്. ഈ മഹാക്ഷേത്രത്തിനു നേര്‍ക്കു നടന്ന ആദ്യ ആക്രമണത്തിന് 1,000 വര്‍ഷം തികയുകയാണ്. 1026 ജനുവരിയിലാണു ഗസ്‌നിയിലെ മഹമൂദ് ഈ ക്ഷേത്രം ആക്രമിച്ചത്. അക്രമാസക്തവും കിരാതവുമായ അധിനിവേശത്തിലൂടെ വിശ്വാസത്തിന്‍റെയും സംസ്‌കാരത്തിന്‍റെയും മഹത്തായ പ്രതീകം തകര്‍ക്കുക എന്നതായിരുന്നു മഹമൂദ് ഗസ്നിയുടെ ലക്ഷ്യം.

എങ്കിലും, സോമനാഥിന്‍റെ പ്രതാപം വീണ്ടെടുക്കാനായി നടന്ന നിരവധി ശ്രമങ്ങളുടെ ഫലമായി, 1,000 വര്‍ഷങ്ങള്‍ക്കിപ്പുറവും ക്ഷേത്രം മുമ്പത്തെപ്പോലെ പ്രതാപത്തോടെ നിലകൊള്ളുന്നു. അത്തരത്തിലൊരു നാഴികക്കല്ല് 2026ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 1951 മെയ് 11ന് അന്നത്തെ രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് പുനര്‍നിര്‍മിച്ച സോമനാഥ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു നല്‍കിയത്.

1,000 വര്‍ഷങ്ങള്‍ക്കുമുമ്പ് 1026ല്‍ സോമനാഥില്‍ നടന്ന ആദ്യ ആക്രമണവും, അവിടത്തെ ജനങ്ങള്‍ക്കു നേര്‍ക്കുണ്ടായ ക്രൂരതകളും, ക്ഷേത്രത്തിനു വരുത്തിയ നാശനഷ്ടങ്ങളും വിവിധ ചരിത്ര രേഖകളില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അവ വായിക്കുമ്പോള്‍ നമ്മുടെ ഹൃദയം നുറുങ്ങും. അതിലെ ഓരോ വരിയും ദുഃഖത്തിന്‍റെയും ക്രൂരതയുടെയും കാലം മായ്ക്കാത്ത സങ്കടത്തിന്‍റെയും ഭാരം പേറുന്നവയാണ്.

ഇന്ത്യയിലും ജനങ്ങളുടെ ആത്മവീര്യത്തിലും ആ സംഭവം എത്രത്തോളം ആഘാതമേല്‍പ്പിച്ചിട്ടുണ്ടാകും എന്നു ചിന്തിച്ചുനോക്കൂ. സോമനാഥത്തിന് അത്രമേല്‍ വലിയ ആത്മീയ പ്രാധാന്യമുണ്ടായിരുന്നു. തീരദേശത്തു സ്ഥിതിചെയ്തിരുന്ന ഈ ക്ഷേത്രം വലിയ സാമ്പത്തിക ശക്തിയുള്ള സമൂഹത്തിനു കരുത്തു പകര്‍ന്നിരുന്നു. കടല്‍ കടന്നു വ്യാപാരം നടത്തിയിരുന്നവരും നാവികരും ഈ ക്ഷേത്രത്തിന്‍റെ പ്രതാപത്തെക്കുറിച്ചുള്ള കഥകള്‍ ദൂരദേശങ്ങളില്‍ എത്തിച്ചിരുന്നു.

എന്നിരുന്നാലും, ആദ്യത്തെ ആക്രമണത്തിന് 1,000 വര്‍ഷങ്ങള്‍ക്കിപ്പുറവും, സോമനാഥിന്‍റെ ഗാഥ നാശത്തിന്‍റെ കഥയല്ലെന്ന് അസന്ദിഗ്ധമായി പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭാരതമാതാവിന്‍റെ കോടിക്കണക്കിനു മക്കളുടെ അചഞ്ചലമായ ധീരതയാലാണ് ആ ചരിത്രം നിര്‍വചിക്കപ്പെടുന്നത്.

1,000 വര്‍ഷങ്ങള്‍ക്കുമുമ്പ് 1026ല്‍ ആരംഭിച്ച ആ മധ്യകാല കിരാതത്വം, സോമനാഥിനെ ആവര്‍ത്തിച്ച് ആക്രമിക്കാന്‍ മറ്റുള്ളവര്‍ക്കും "പ്രേരണ'യേകി. നമ്മുടെ ജനതയെയും സംസ്‌കാരത്തെയും അടിമപ്പെടുത്താനുള്ള ശ്രമത്തിന്‍റെ തുടക്കമായിരുന്നു അത്. എന്നാല്‍, ഓരോ തവണ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോഴും, അതിനെ സംരക്ഷിക്കാന്‍ ധീരരായ സ്ത്രീപുരുഷന്മാര്‍ മുന്നോട്ടുവരികയും ആത്യന്തിക ത്യാഗം പോലും വരിക്കുകയും ചെയ്തു. ഓരോ തലമുറയിലും, നമ്മുടെ മഹത്തായ സംസ്‌കാരത്തിലെ ജനങ്ങള്‍ തളരാതെ നിലകൊള്ളുകയും ക്ഷേത്രം പുനര്‍നിര്‍മിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഭക്തര്‍ക്കു സോമനാഥില്‍ പ്രാര്‍ഥിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഉദാത്ത പരിശ്രമം നടത്തിയ അഹല്യ ഭായ് ഹോള്‍ക്കറെപ്പോലുള്ള മഹദ് വ്യക്തികളെ വളര്‍ത്തിയെടുത്ത അതേ മണ്ണില്‍ ജനിക്കാന്‍ കഴിഞ്ഞതു നമ്മുടെ ഭാഗ്യമാണ്.

സ്വാമി വിവേകാനന്ദന്‍ 1890കളില്‍ സോമനാഥ് സന്ദര്‍ശിക്കുകയുണ്ടായി. ആ അനുഭവം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1897ല്‍ ചെന്നൈയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം തന്‍റെ വികാരങ്ങള്‍ പ്രകടിപ്പിച്ചത് ഇങ്ങനെയാണ്:

""ദക്ഷിണേന്ത്യയിലെ ചില പഴയ ക്ഷേത്രങ്ങളും ഗുജറാത്തിലെ സോമനാഥും നിങ്ങളെ അറിവിന്‍റെ വലിയ പാഠങ്ങള്‍ പഠിപ്പിക്കും. നമ്മുടെ വംശത്തിന്‍റെ ചരിത്രത്തെക്കുറിച്ച് ഏതൊരു പുസ്തകത്തേക്കാളും ആഴത്തിലുള്ള ഉള്‍ക്കാഴ്ച നല്‍കും. നൂറുകണക്കിന് ആക്രമണങ്ങളുടെയും നൂറുകണക്കിനു പുനര്‍ജന്മങ്ങളുടെയും അടയാളങ്ങള്‍ ഈ ക്ഷേത്രങ്ങള്‍ എങ്ങനെ വഹിക്കുന്നു എന്നു നോക്കൂ; നിരന്തരം നശിപ്പിക്കപ്പെട്ടിട്ടും അവശിഷ്ടങ്ങളില്‍നിന്നു നിരന്തരം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണത്; മുമ്പത്തേക്കാളും കരുത്തോടെ! അതാണു ദേശീയ വികാരം, അതാണു ദേശീയ ജീവപ്രവാഹം. അതിനെ പിന്തുടരുക, അതു നിങ്ങളെ മഹത്വത്തിലേക്കു നയിക്കും. അതിനെ ഉപേക്ഷിച്ചാല്‍ നിങ്ങള്‍ മരിക്കും; ആ ജീവപ്രവാഹത്തിനു പുറത്തേക്കു കടക്കുന്ന നിമിഷം മരണം മാത്രമായിരിക്കും ഫലം; വിനാശം മാത്രമായിരിക്കും അനന്തരഫലം''.

സ്വാതന്ത്ര്യാനന്തരം സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിക്കുക എന്ന പവിത്രമായ ദൗത്യം ഉരുക്കു മനുഷ്യൻ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ കരുത്തുറ്റ കൈകളിലെത്തി. 1947ലെ ദീപാവലി വേളയിലെ സന്ദര്‍ശനം അദ്ദേഹത്തെ അത്രത്തോളം സ്വാധീനിച്ചതിനാല്‍, ക്ഷേത്രം അവിടെത്തന്നെ പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവില്‍, 1951 മെയ് 11നു സോമനാഥിലെ ഗംഭീരമായ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തു, രാഷ്‌ട്രപതി ഡോ. രാജേന്ദ്ര പ്രസാദ് ആ ചടങ്ങില്‍ സന്നിഹിതനായിരുന്നു. ആ ചരിത്ര ദിനം കാണാന്‍ മഹാനായ സര്‍ദാര്‍ സാഹിബ് ജീവിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്‍റെ സ്വപ്ന സാക്ഷാത്കാരം രാജ്യത്തിനു മുന്നില്‍ തലയുയര്‍ത്തി നിന്നു.

അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു ഈ സംഭവവികാസങ്ങളില്‍ വലിയ താത്പര്യം കാട്ടിയിരുന്നില്ല. രാഷ്‌ട്രപതിയോ മന്ത്രിമാരോ ഈ സവിശേഷ അവസരത്തില്‍ സഹകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. ഈ സംഭവം ഇന്ത്യയെക്കുറിച്ചു മോശം പ്രതിച്ഛായ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഡോ. രാജേന്ദ്ര പ്രസാദ് തന്‍റെ നിലപാടില്‍ ഉറച്ചുനിന്നു. ബാക്കിയെല്ലാം ചരിത്രമാണ്. സര്‍ദാര്‍ പട്ടേലിനെ വളരെ ശക്തമായി പിന്തുണച്ച സാഹിത്യകാരനും രാഷ്‌ട്രതന്ത്രജ്ഞനും ഭരണഘടനാ ശിൽപികളിലൊരാളുമായ ഡോ. കെ.എം. മുന്‍ഷിയുടെ ശ്രമങ്ങള്‍ അനുസ്മരിക്കാതെ സോമനാഥിനെക്കുറിച്ചുള്ള ആഖ്യാനമേതും പൂര്‍ണമാകില്ല. "Somanatha: The Shrine Eternal' എന്ന പുസ്തകം ഉള്‍പ്പെടെ സോമനാഥിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കൃതികള്‍ അങ്ങേയറ്റം വിവരദായകവും വിജ്ഞാനപ്രദവുമാണ്.

മുന്‍ഷിജിയുടെ പുസ്തകത്തിന്‍റെ പേരു സൂചിപ്പിക്കുന്നതുപോലെ, തീര്‍ച്ചയായും, ആശയങ്ങളുടെയും ആത്മചൈതന്യത്തിന്‍റെയും അനശ്വരതയില്‍ ഉറച്ചുവിശ്വസിക്കുന്ന സംസ്‌കാരമാണു നമ്മുടേത്. ഭഗവദ് ഗീതയിലെ പ്രസിദ്ധ ശ്ലോകമായ ""നൈനം ഛിന്ദന്തി ശസ്ത്രാണി'' എന്ന വരികളില്‍ വിവരിക്കുന്നതു പോലെ, ശാശ്വതമായ ഒന്നിനെ നശിപ്പിക്കാന്‍ കഴിയില്ലെന്നു നാം ഉറച്ചു വിശ്വസിക്കുന്നു. പ്രതിസന്ധികളെയും പോരാട്ടങ്ങളെയും അതിജീവിച്ച് പ്രതാപത്തോടെ നിലകൊള്ളുന്ന സോമനാഥിനേക്കാള്‍ മികച്ച മറ്റൊരുദാഹരണം നമ്മുടെ സംസ്‌കാരത്തിന്‍റെ അജയ്യമായ കരുത്തിന് നല്‍കാനില്ല.

നൂറ്റാണ്ടുകള്‍ നീണ്ട അധിനിവേശങ്ങളെയും കോളനി വാഴ്ചയുടെ കൊള്ളകളെയും അതിജീവിച്ച്, ഇന്ന് ആഗോള വളര്‍ച്ചയുടെ ഏറ്റവും തിളക്കമുള്ള ഇടങ്ങളിലൊന്നായി മാറിയ നമ്മുടെ രാജ്യത്തും ഇതേ ആവേശമാണു ദൃശ്യമാകുന്നത്. നമ്മുടെ മൂല്യബോധവും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യവുമാണ് ഇന്ന് ഇന്ത്യയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയത്. ലോകം ഇന്നു പ്രത്യാശയോടെയും ശുഭാപ്തി വിശ്വാസത്തോടെയുമാണു നമ്മുടെ നാടിനെ കാണുന്നത്. നൂതനാശയ ഉപജ്ഞാതാക്കളായ നമ്മുടെ യുവാക്കളില്‍ നിക്ഷേപം നടത്താന്‍ ലോകം ആഗ്രഹിക്കുന്നു. നമ്മുടെ കലയും സംസ്‌കാരവും സംഗീതവും വിവിധ ഉത്സവങ്ങളും ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നു. യോഗയും ആയുര്‍വേദവും ലോകമെമ്പാടും സ്വാധീനം ചെലുത്തുകയും ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ലോകം നേരിടുന്ന ഏറ്റവും സങ്കീര്‍ണമായ വെല്ലുവിളികള്‍ക്കുള്ള പ്രതിവിധികള്‍ ഇന്ന് ഇന്ത്യയില്‍നിന്നാണ് ഉയിര്‍കൊള്ളുന്നത്.

അനാദികാലം മുതലേ, ജീവിതത്തിന്‍റെ നാനാതുറകളിലുള്ള ജനങ്ങളെ സോമനാഥ് ഒന്നിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കു മുമ്പ്, ആദരണീയനായ ജൈന സന്ന്യാസി കലികാല്‍ സര്‍വജ്ഞ ഹേമചന്ദ്രാചാര്യ സോമനാഥില്‍ വന്നിരുന്നു. അവിടെ പ്രാര്‍ഥിച്ചശേഷം അദ്ദേഹം ഇപ്രകാരം ശ്ലോകം ചൊല്ലിയതായി പറയപ്പെടുന്നു:

""ഭവബീജാസ്കുരജനന രാഗാധ്യഃ

ക്ഷയമുപഗതാ യസ്യ''.

""ഭൗതികമായ ജനനത്തിന്‍റെ വിത്തുകള്‍ നശിപ്പിക്കപ്പെട്ടവനും, ആസക്തികളും സകല ക്ലേശങ്ങളും ഇല്ലാതായവനുമായ ആ പരമപുരുഷനു പ്രണാമം'' എന്നാണ് ഇതിനര്‍ഥം. മനസിനും ആത്മാവിനും ഉള്ളില്‍ അഗാധമായ ഏതോ ചൈതന്യം ഉണര്‍ത്താനുള്ള അതേ കഴിവ്, സോമനാഥ് ഇന്നും നിലനിര്‍ത്തുന്നു.

1026ലെ ആദ്യ ആക്രമണത്തിന് 1,000 വര്‍ഷങ്ങള്‍ക്കു ശേഷവും, സോമനാഥിലെ കടല്‍ അന്നത്തെ അതേ തീവ്രതയോടെ ഇന്നും ഗര്‍ജിക്കുന്നു. സോമനാഥിന്‍റെ തീരങ്ങളെ തഴുകുന്ന ആ തിരമാലകള്‍ ഒരു കഥ പറയുന്നുണ്ട്. എന്തു സംഭവിച്ചാലും, ആ തിരമാലകളെപ്പോലെ അതു വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടേയിരുന്നു.

പഴയ കാലത്തെ ആക്രമണകാരികള്‍ ഇന്നു മണ്ണടിഞ്ഞു പോയി. അവരുടെ പേരുകള്‍ വിനാശത്തിന്‍റെ പര്യായങ്ങളായി മാറി. ചരിത്രത്താളുകളില്‍ അവര്‍ വെറും അടിക്കുറിപ്പുകള്‍ മാത്രമാണ്. എന്നാല്‍ സോമനാഥ്, 1026ലെ ആക്രമണത്തില്‍ മങ്ങാതെ നിലനിന്ന ശാശ്വത ചൈതന്യത്തെ ഓര്‍മിപ്പിച്ച്, ചക്രവാളങ്ങള്‍ക്കുമപ്പുറം പ്രഭ ചൊരിഞ്ഞ് ഉജ്വലമായി നിലകൊള്ളുന്നു. വെറുപ്പിനും മതഭ്രാന്തിനും ഒരു നിമിഷത്തേക്കു നശിപ്പിക്കാനുള്ള ശക്തിയുണ്ടായേക്കാം. എന്നാല്‍, നന്മയുടെ കരുത്തിലുള്ള വിശ്വാസത്തിനും ദൃഢനിശ്ചയത്തിനും നിത്യതയ്ക്കായി സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നു സോമനാഥ് എന്ന പ്രത്യാശയുടെ ഗീതം നമ്മോടു പറയുന്നു.

1,000 വര്‍ഷങ്ങള്‍ക്കു മുമ്പ് ആക്രമിക്കപ്പെടുകയും അതിനുശേഷം നിരന്തരമായ ആക്രമണങ്ങള്‍ നേരിടുകയും ചെയ്ത സോമനാഥ ക്ഷേത്രത്തിനു വീണ്ടും വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിഞ്ഞുവെങ്കില്‍, അധിനിവേശങ്ങള്‍ക്കു മുമ്പ് 1,000 വര്‍ഷം മുമ്പുണ്ടായിരുന്ന അതേ പ്രതാപത്തിലേക്കു നമ്മുടെ മഹത്തായ രാഷ്‌ട്രത്തെ വീണ്ടെടുക്കാന്‍ തീര്‍ച്ചയായും നമുക്കു സാധിക്കും. ശ്രീ സോമനാഥ മഹാദേവന്‍റെ അനുഗ്രഹത്തോടെ, വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള പുതുക്കിയ ദൃഢനിശ്ചയവുമായി നാം മുന്നോട്ടു നീങ്ങുകയാണ്. അവിടെ, ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനായി നമ്മെ നയിക്കാന്‍ നമ്മുടെ നാഗരിക വിജ്ഞാനവും ഒപ്പമുണ്ട്.

ജയ് സോമനാഥ്!

(ശ്രീ സോമനാഥ് ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണു പ്രധാനമന്ത്രി നരേന്ദ്ര മോദി)

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com