അമൂല്യമായ അംഗീകാരം

"ഈ പുരസ്കാരത്തിന്‍റെ യഥാർഥ അവകാശികൾ അസംഖ്യം യോഗം പ്രവർത്തകരാണ്"- വെള്ളാപ്പള്ളി നടേശൻ
Vellappally Natesan

വെള്ളാപ്പള്ളി നടേശൻ

file photo

Updated on

ഒപ്പം നിന്ന ലക്ഷക്കണക്കിനു സാധാരണക്കാരാണ് ഇത് സാധ്യമാക്കിയത്. ഈ പുരസ്കാരത്തിന്‍റെ യഥാർഥ അവകാശികൾ അസംഖ്യം യോഗം പ്രവർത്തകരാണ്. രാജ്യം നൽകുന്ന ഈ പദ്മഭൂഷൺ ബഹുമതി ശ്രീനാരായണ ഗുരുദേവന്‍റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു.

വെള്ളാപ്പള്ളി നടേശൻ,

ജനറൽ സെക്രട്ടറി,

എസ്എൻഡിപി യോഗം

ഇന്ത്യാ മഹാരാജ്യത്തിന്‍റെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ബഹുമതിയായ പദ്മഭൂഷൺ എന്നെ തേടിയെത്തിയിരിക്കുന്നു. തികച്ചും അപ്രതീക്ഷിതമായി വന്ന അംഗീകാരം 140 കോടി ജനങ്ങളുടെ അംഗീകാരമാണെന്ന് തിരിച്ചറിയുന്നുണ്ട്. ശ്രീനാരായണ ഗുരുദേവന്‍റെ അനുഗ്രഹം.

നവതിയുടെ പടിവാതിൽക്കലെത്തി നിൽക്കുകയാണ് ഈ ജീവിതം. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയുണ്ട്. 62 വർഷം മുമ്പ് ചേർത്തല കണിച്ചുകുളങ്ങര ദേവസ്വത്തിന്‍റെയും 29 വർഷം മുമ്പ് എസ്എൻഡിപി യോഗത്തിന്‍റെയും എസ്എൻ ട്രസ്റ്റിന്‍റെയും സാരഥ്യം ഏറ്റെടുക്കുമ്പോൾ രണ്ടു ദൗത്യങ്ങളും വെല്ലുവിളികളാണെന്നു തിരിച്ചറിഞ്ഞിരുന്നു. കണിച്ചുകുളങ്ങര ക്ഷേത്രം ഇന്നൊരു മഹാക്ഷേത്രമാണ്. ഒരു നാടിന്‍റെ ഐശ്വര്യമാണ്.

എസ്എൻഡിപി യോഗം കേരളത്തിലെ അവഗണിക്കാനാകാത്ത പ്രസ്ഥാനമായി മാറി. രണ്ടു വിജയങ്ങൾക്കും പിന്നിൽ ഒരു ജനതയുടെ കൂട്ടായ്മയുടെ കരുത്താണ്. അതു സംയോജിപ്പിക്കാനായി എന്നതു മാത്രമാണു വ്യക്തിയെന്ന നിലയിൽ ഞാൻ ചെയ്തത്. അതിനാൽത്തന്നെ ഈ പുരസ്കാരത്തിന്‍റെ യഥാർഥ അവകാശികൾ അസംഖ്യം പ്രവർത്തകരാണ്, അവരുടെ സ്നേഹവിശ്വാസമാണ്.

സാമൂഹികമായും സാമ്പത്തികമായും തളർന്നു കിടന്ന ഒരു ജനവിഭാഗത്തിന്‍റെ ഉന്നതിക്കു വേണ്ടിയാണ് കഴിഞ്ഞുപോയ മൂന്നു പതിറ്റാണ്ട് ഈ ജീവിതം സമർപ്പിച്ചത്. അതു പാഴായില്ലെന്നാണു വിശ്വാസം. ശ്രീനാരായണ ഗുരുദേവനും ഡോ. പി. പല്പുവും കുമാരനാശാനും ഏറ്റെടുത്ത ദൗത്യത്തിന്‍റെ ഏറ്റവും അറ്റത്തുള്ള കണ്ണിയാണു ഞാൻ. അതിന്‍റെ അഭിമാനത്തിന് അതിരുകളില്ല.

ആ മഹാരഥന്മാർ നേരിട്ട വെല്ലുവിളികൾക്കും കൈവരിച്ച നേട്ടങ്ങൾക്കും സമർപ്പണത്തിനും മുന്നിൽ ഇക്കാലയളവ് ഒന്നുമല്ലെന്ന് അറിയാം. എസ്എൻഡിപി യോഗത്തിന്‍റെ 24ാമത്തെ ജനറൽ സെക്രട്ടറിയായി 1996ൽ ചുമതലയേറ്റത് ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി ശാശ്വതീകാനന്ദയുടെയും മറ്റും സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങിയായിരുന്നു. അക്കാലത്ത് ശിവഗിരി മഠത്തിനു മേൽ വീണ കരിനിഴലിന്‍റെ പശ്ചാത്തലത്തിലായിരുന്നു സ്ഥാനാരോഹണം.

യോഗം ജനറൽ സെക്രട്ടറി പദം പൂമെത്തയായിരുന്നില്ല. അക്ഷരാർഥത്തിൽ പോരാട്ടമായിരുന്നു. സംഘടിത വോട്ടു ബാങ്ക് രാഷ്‌ട്രീയത്തിനു മുന്നിൽ കേരളം അടിയറവു പറഞ്ഞ കാലഘട്ടം. പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് നിഷേധിക്കപ്പെടുന്ന അവകാശങ്ങൾക്കും ആവശ്യങ്ങൾക്കും അർഹമായ പൊതുസമ്പത്തിനും പദവികൾക്കും വേണ്ടി പോരാടേണ്ടി വന്നു. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞപ്പോൾ പലർക്കും അനഭിമതനായി.

എന്നെപ്പോലെ കേരളീയ സമൂഹത്തിന് മുന്നിൽ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നു സംശയമാണ്. ആക്ഷേപങ്ങളും ആരോപണങ്ങളും കേസുകളും ദിനചര്യ പോലെയായി. ചില മാധ്യമങ്ങൾ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. അസത്യങ്ങളും അർധസത്യങ്ങളും കൊണ്ട് വിചാരണകൾ നടത്തി. അതിനു മുന്നിൽ നിന്ന് നയിച്ചതും ഇന്ധനം പകർന്നതും സ്വസമുദായത്തിലെ കുലംകുത്തികളായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ സംഘടിത, സാമ്പത്തിക ശേഷിക്കു മുന്നിൽ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങൾക്ക് ഇരയാകുകയും ചെയ്യുന്നുവെന്ന സാമൂഹ്യ യാഥാർഥ്യം വിളിച്ചുപറഞ്ഞതിനാണ് കക്ഷിരാഷ്‌ട്രീയ ഭേദമന്യേ എന്നെ വർഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മുഖ്യമന്ത്രിയുടെ കാറിൽ കയറിയതിന്‍റെ പേരിൽ വരെ അടുത്തിടെ നേരിട്ട ആക്ഷേപങ്ങൾ ഇതിന്‍റെയൊക്കെ ഭാഗമാണ്.

പ്രതിബന്ധങ്ങൾ എന്താണെങ്കിലും അതിനു മുന്നിൽ തളരില്ലെന്നതാണ് അന്നും ഇന്നും എന്‍റെ നയം. ഭീഷണികൾക്കും തന്ത്രങ്ങൾക്കും മുന്നിൽ ഒരു കാലത്തും നട്ടെല്ല് വളച്ചിട്ടില്ല. വെല്ലുവിളികളെ അതേ നാണയത്തിൽ തന്നെ നേരിടും. നേരിട്ടിട്ടുമുണ്ട്. പിൻബലമായി ഒരു വലിയ സമൂഹം ഒപ്പമുണ്ടെന്ന ബോധ്യം ആത്മവിശ്വാസം വർധിപ്പിക്കുന്നു. എസ്എൻഡിപി യോഗത്തെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ജീവിതത്തിന്‍റെ ഭാഗമാക്കാൻ കഴിഞ്ഞുവെന്നതാണ് ഏറ്റവും വലിയ നേട്ടമായി കരുതുന്നത്.

ഒരു യോഗം പ്രവർത്തകന് എവിടെയും അന്തസോടെ കയറിച്ചെല്ലാമെന്ന നിലയിലേക്ക് പ്രവർത്തനം സജീവമാക്കാനായി. കുടുംബ യൂണിറ്റുകളും മൈക്രോ, സ്വയംസഹായസംഘങ്ങളും സജീവമായതോടെ സാമ്പത്തികമായ നേട്ടങ്ങൾക്കുപരി ഗുരുദർശനവും അവരിലേക്ക് അവരറിയാതെ എത്തപ്പെട്ടു. ദിനവും സംസ്ഥാനമെമ്പാടും പതിനായിരക്കണക്കിന് ചെറുതും വലുതുമായ ഗുരുദേവ പ്രാർഥനാ യോഗങ്ങൾ നടക്കുന്നു എന്നത് അവിശ്വസനീയമായി തോന്നാം.

കേരളത്തിലെ മൂന്നിലൊന്നു വരുന്ന ഒരു സമൂഹത്തിന്‍റെ പ്രതിനിധിയാണ് ഞാൻ. ആ സമൂഹത്തിന്‍റെ വേദന വിളിച്ചുപറയാൻ ചുമതലപ്പെട്ടവൻ. മൂന്നു പതിറ്റാണ്ടായി അതു നിർവഹിക്കാത്ത ദിനങ്ങൾ അപൂർവമാണ്. മനുഷ്യന്‍റെ വേദനയും സന്തോഷവും ഒരുപോലെയാണ്. ജാതിക്കും മതത്തിനും അക്കാര്യത്തിൽ ഭേദമില്ല. പക്ഷേ ആ തിരിച്ചറിവ് ഇവിടത്തെ പലർക്കും ഇല്ലാതായതാണു കേരളത്തിന്‍റെ ദുര്യോഗം.

എസ്എൻഡിപി യോഗം ഇന്നൊരു സമര സംഘടന കൂടിയാണ്. കേരളത്തിലെ സാമൂഹ്യ സാഹചര്യവും മാറിക്കഴിഞ്ഞു. ഏറെക്കാലമായി ഭൂരിപക്ഷ ജനവിഭാഗം ഇവിടെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. മതന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതി പറഞ്ഞു പോരടിച്ചു നിന്നാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്കു പോവുകയേയുള്ളൂ.

അത്തരമാരു ദുരവസ്ഥ സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങൾ വീണ്ടും തുടങ്ങിവച്ചത്. സമാന ചിന്താഗതിയുള്ള എല്ലാവരും ജാതി, മത വ്യത്യാസമില്ലാതെ ഈ നീക്കത്തിന്‍റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണു പ്രതീക്ഷ. സമുദായ പ്രവർത്തനവും മൈക്രോ ഫിനാൻസ് ഉൾപ്പടെയുള്ള സാമൂഹ്യ ഇടപെടലുകളും മറ്റും പദ്മഭൂഷൺ പുരസ്കാരത്തിന് പരിഗണിച്ചിട്ടുണ്ടാകാം.

ഒപ്പം നിന്ന ലക്ഷക്കണക്കിനു സാധാരണക്കാരാണ് ഇത് സാധ്യമാക്കിയത്. അഭിനന്ദന പ്രവാഹങ്ങളിൽ നിന്ന് അവരുടെ സ്നേഹത്തിന്‍റെ ആഴമറിയുന്നുണ്ട്. രാജ്യം നൽകുന്ന ഈ ബഹുമതി ശ്രീനാരായണ ഗുരുദേവന്‍റെ പാദാരവിന്ദങ്ങളിൽ സമർപ്പിക്കുന്നു. സാഷ്ടാംഗം പ്രണമിക്കുന്നു. നന്ദി...

(എസ്എൻഡിപി യോഗം മുഖമാസികയായ "യോഗനാദ'ത്തിന്‍റെ മാനെജിങ് എഡിറ്റർ കൂടിയായ ലേഖകൻ 2026 ഫെബ്രുവരി 1 ലക്കത്തിൽ എഴുതിയ എഡിറ്റോറിയൽ).

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com