പച്ച്മഡിയിലെ ഒരു ആഡംബര റിസോർട്ട്.
വി.കെ. സഞ്ജു
വിവാഹം സ്വർഗത്തിൽ വച്ചു നടക്കുന്നു എന്നു പറയാറുണ്ട്. വിവാഹത്തിനു വേദിയൊരുക്കാൻ ഭൂമിയിലെ സ്വർഗങ്ങൾ തേടുന്നവരും ഏറെയാണ്. ജീവിതത്തിലെ അപൂർവ നിമിഷങ്ങളുടെ മനോഹാരിത അനശ്വരമാക്കുന്ന വെഡ്ഡിങ് ഡെസ്റ്റിനേഷനുകൾ ധാരാളമുണ്ടിപ്പോൾ. രാജസ്ഥാൻ അടക്കം ഇന്ത്യയിലെ പ്രമുഖ ഡെസ്റ്റിനേഷൻ വെഡ്ഡിങ് സെന്‍ററുകളുമായി മത്സരിക്കാനുള്ള തയാറെടുപ്പിലാണ് മധ്യപ്രദേശ്.
വിനോദസഞ്ചാര മേഖലയിൽ പുതിയൊരു കുതിപ്പിനു തയാറെടുക്കുന്ന സംസ്ഥാനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്, ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ രാജ്യത്തെ പ്രധാന ആകർഷണ കേന്ദ്രമായി മാറുക എന്നത്. ഇതിനൊപ്പം, ഉയർന്ന വരുമാനം നൽകുന്ന MICE (Meetings, Incentives, Conferences, and Exhibitions) ഇവന്‍റുകൾക്ക് ഏറ്റവും അനുയോജ്യമായ സൗകര്യങ്ങളൊരുക്കുക എന്നതും സംസ്ഥാനത്തിന്‍റെ പുതിയ ടൂറിസം നയത്തിന്‍റെ ഭാഗമാണ്. ചരിത്രപരമായ പ്രൗഢിയും രാജ്യത്തിന്‍റെ മധ്യത്തിലുള്ള തന്ത്രപ്രധാനമായ സ്ഥാനവുമാണ് ഈ ശ്രമങ്ങൾക്കു കരുത്ത് പകരുന്നത്.
രാജ്യത്തെ പ്രധാന മെട്രൊ നഗരങ്ങളുമായി റോഡ്, റെയിൽ, വായു മാർഗങ്ങളിലൂടെയുള്ള തടസമില്ലാത്ത കണക്റ്റിവിറ്റിയാണ് മധ്യപ്രദേശിന്‍റെ പ്രധാന ആകർഷണം. ടൂറിസം, സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശിവ് ശേഖർ ശുക്ല അടിവരയിടുന്നതുപോലെ, അത്യാധുനിക കൺവെൻഷൻ സെന്‍ററുകൾ, ആഡംബര ഹോട്ടലുകൾ, പ്രകൃതി സൗന്ദര്യം, ചരിത്രപരമായ സ്മാരകങ്ങൾ എന്നിവയുടെ സവിശേഷമായ സംയോജനമാണ് ഇവിടെയുള്ളത്. സമ്മേളനങ്ങൾക്ക് ലോജിസ്റ്റിക് സൗകര്യവും വിവാഹങ്ങൾക്ക് റൊമാന്‍റിക് പശ്ചാത്തലവും ഒരുമിച്ചൊരുക്കാൻ മധ്യപ്രദേശിനു കഴിയും. ഈ ഹൈ-യീൽഡ് ടൂറിസം പദ്ധതിയിലൂടെ സംസ്ഥാനത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലവസരങ്ങൾക്കും വലിയ ഉത്തേജനം പകരാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
രാജ്യത്തിന്‍റെ ഡെസ്റ്റിനേഷൻ വെഡ്ഡിങ് വിപണിയിൽ ശക്തമായ സാന്നിധ്യമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ അന്താരാഷ്ട്ര നിലവാരമുള്ള വേദികളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് സംസ്ഥാനം. അടിയന്തര പ്രാധാന്യത്തോടെ വികസിപ്പിക്കുന്ന ഉദ്ദേശിക്കുന്ന പ്രധാന കേന്ദ്രങ്ങൾ ഇവയാണ്:
ഖജുരാഹോയിലെ ക്ഷേത്രനഗരി
മാണ്ഡുവിലെ റൊമാന്‍റിക് അവശിഷ്ടങ്ങൾ
ഓർച്ചയിലെ പുരാതന നഗരം
മഹേശ്വറിലെ ശാന്തമായ ഘാട്ടുകൾ
പച്മഡിയിലെ പ്രകൃതിദത്തമായ റിട്രീറ്റുകൾ
ആധുനിക സൗകര്യങ്ങളുള്ള ഭോപ്പാൽ
രാജസ്ഥാനുമായുള്ള മത്സരത്തിൽ മുൻതൂക്കം നേടാൻ, തനിമയുള്ള വേദികൾ വികസിപ്പിക്കാനാണ് മധ്യപ്രദേശ് ശ്രമിക്കേണ്ടതെന്ന് വ്യവസായരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഉയർന്ന നിലവാരമുള്ള ആതിഥ്യവും തിരക്കേറിയ സീസണിൽ സുതാര്യമായ നിരക്ക് നിശ്ചയിക്കുന്നതിനുള്ള കൂടിയാലോചനകളും ഉറപ്പാക്കണമെന്നുമുള്ള നിർദേശങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
പച്ച്മഡിയിലെ ബീ ഫോൾസ് എന്ന വെള്ളച്ചാട്ടത്തിനടുത്തുനിന്നുള്ള ദൃശ്യം.
രാജ്യത്തെ ട്രേഡ് ഫെയർ, എക്‌സിബിഷൻ വ്യവസായം ഏകദേശം 40% വളർച്ച നേടി വികസനക്കുതിപ്പ് തന്നെയാണ് നടത്തുന്നത്. ഈ വളർച്ചയുടെ സാധ്യതകൾ പരമാവധി മുതലെടുക്കാൻ മധ്യപ്രദേശും ഒരുങ്ങുകയാണ്. ബിസിനസിനും ടൂറിസത്തിനും ഒരുപോലെ ഉത്തേജനമാകുന്ന രീതിയിൽ ഇതിനെ സമീപിക്കുന്ന നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ഫാൽക്കൺ എക്സിബിഷൻസിലെ സൂരജ് ധവാൻ പറയുന്നതനുസരിച്ച്, MICE ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. ഭോപ്പാലിലെ കുശാഭാവു താക്കറെ അന്താരാഷ്ട്ര കൺവെൻഷൻ സെന്‍റർ പോലുള്ള ലോകോത്തര വേദികളും സംസ്ഥാനത്തിന്‍റെ മികച്ച കണക്റ്റിവിറ്റിയും ഈ ലക്ഷ്യത്തിന് അടിത്തറയാകുന്നു.
ആഗോളരംഗത്ത് നേട്ടം ഉറപ്പാക്കാൻ വ്യവസായ ലോകത്തിന്‍റെ പ്രതിനിധികൾ മധ്യപ്രദേശ് സർക്കാരിന് ഒരു വിവിധോദ്ദേശ്യ പട്ടിക തന്നെ സമർപ്പിച്ചിട്ടുണ്ട്. വലിയ ഇവന്‍റുകൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിനായി ഏകജാലക സംവിധാനം ഏർപ്പെടുത്തണം എന്നതാണ് അതിൽ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. അന്താരാഷ്ട്ര സംഘാടകർക്ക് സംസ്ഥാനത്തോടുള്ള വിശ്വാസം വളർത്താനും, അവരുടെ സംഘാടനത്തിന് ഗതിവേഗം പകരാനും ഇതാവശ്യമാണെന്ന് വിക്രംജീത് ശർമ അഭിപ്രായപ്പെട്ടു.
മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. അതുപോലെ, സംസ്ഥാനത്തിന്‍റെ സവിശേഷതകൾ ആധുനിക മാർഗങ്ങളിലൂടെ ഫലപ്രദമായി പ്രചരിപ്പിക്കണമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ മാധ്യമ പ്രവർത്തകർ അഭിപ്രായപ്പെട്ടു. ഈ വെല്ലുവിളികളെ നേരിടാൻ പ്രധാന ഹോട്ടൽ ബ്രാൻഡുകൾ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറായതോടെ, ലോകോത്തര ടൂറിസം അന്തരീക്ഷം ഒരുക്കാനുള്ള ഏകീകൃത ശ്രമവുമായാണ് മധ്യപ്രദേശ് മുന്നോട്ടു പോകുന്നത്.