
അമിതാഭ് കാന്ത്
ഏറ്റവും വലിയ ആഗോള ആത്മീയ സംഗമങ്ങളിലൊന്നായ കുംഭമേള മനുഷ്യരാശിയും ഈശ്വരനും തമ്മിലുള്ള കാലാതിവർത്തിയായ താദാത്മ്യത്തിന്‍റയും വിശ്വാസം, ഐക്യം എന്നിവയുടെയും പ്രതീകമായി നിലകൊള്ളുന്നു. പ്രപഞ്ചത്തിൽ സൂര്യൻ, ചന്ദ്രൻ, വ്യാഴം എന്നിവയുടെ സവിശേഷ ആകാശ വിന്യാസത്താൽ നിർണയിക്കപ്പെടുന്ന പൗരാണിക പ്രാധാന്യമേറെയുള്ള കുംഭമേള പ്രയാഗ്‌രാജ്, ഹരിദ്വാർ, ഉജ്ജെയിൻ, നാസിക് എന്നീ 4 പുണ്യസ്ഥലങ്ങളിൽ അമർത്യതയുടെ അമൃതം ചൊരിഞ്ഞതിന്‍റെ ഓർമയ്ക്കായാണ് ആഘോഷിക്കുന്നത്. ആത്മശുദ്ധീകരണവും മോക്ഷവും തേടി കോടിക്കണക്കിന് തീർഥാടകർ 12 വർഷത്തിലൊരിക്കൽ പുണ്യസ്നാനത്തിനായി ഒത്തുകൂടുന്നു.
മാനവകുലത്തിന്‍റെ അതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ സമാധാനപരമായ ഒത്തുചേരലിന് 2019 ഫെബ്രുവരി 4ലെ കുംഭമേളാ ദിനം സാക്ഷ്യം വഹിച്ചു. ആത്മീയത ആഴത്തിൽ വേരൂന്നിയ അനിതര സാധാരണമായ ഈ സംഭവം വിശ്വാസം, ജനപഥം, വാണിജ്യം എന്നിവയുടെ ആഘോഷമാണ്. മേളകൾ, വിദ്യാഭ്യാസ പരിപാടികൾ, ആത്മീയ പ്രഭാഷണങ്ങൾ, സന്യാസി കൂട്ടായ്മകൾ, വൈവിധ്യ വിനോദങ്ങൾ എന്നിവയാൽ കുംഭമേള ഇന്ത്യൻ സമൂഹത്തിന്‍റെ ഊർജസ്വലമായ ധാർമികതയെ പ്രതീകവത്കരിക്കുന്നു.
2019ലെ പ്രയാഗ്‌രാജ് കുംഭമേള സവിശേഷ ശ്രദ്ധയാകർഷിച്ചു. ഏതാണ്ട് 24 കോടി തീർഥാടകർ 50 ദിവസങ്ങളിലായി ഇതിൽ പങ്കെടുത്തു. ഫെബ്രുവരി 4ന് മാത്രം 3 കോടി സന്ദർശകരുണ്ടായിരുന്നു. ഇതിഹാസ വാഹിനികളായ ഗംഗ, യമുന നദികളുടെയും അദൃശ്യയായ സരസ്വതിയുടെയും സംഗമ സ്ഥാനത്തു നടന്ന ഒരുക്കങ്ങളുടെ ഭാഗമായി 440 കിലോമീറ്റർ താത്കാലിക റോഡുകൾ, 22 പോണ്ടൂൺ പാലങ്ങൾ, അരലക്ഷം എൽഇഡി തെരുവുവിളക്കുകൾ, ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾക്കൊള്ളുന്ന ഒരു ടെന്‍റ് സിറ്റി 3,200 ഹെക്റ്ററിൽ രൂപപ്പെട്ടു.
കുംഭമേളയെ ആഗോള വിജയമാക്കിത്തീർത്ത സംഘാടകരോടും തൊഴിലാളിളോടുമുള്ള നന്ദി സൂചകമായിരുന്നു 2019ലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേളാ സന്ദർശനം. അന്ന് ശുചിത്വ തൊഴിലാളികളുടെ പാദങ്ങൾ കഴുകി അദ്ദേഹം അവരെ ആദരിച്ചു, സ്വച്ഛ് ഭാരത് ദൗത്യത്തിന്‍റെ ആത്മാവിനെ ശക്തിപ്പെടുത്തി.
2019ലെ കുംഭമേള ശുചീകരണത്തിലും പൊതുശുചിത്വത്തിലും ഉന്നത മാനദണ്ഡങ്ങളിൽ സൃഷ്ടിച്ചു. 2013ലെ വെറും 5,000 സാമൂഹിക ശൗചാലയങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2019ൽ 1,22,500 ശൗചാലയങ്ങൾ സജ്ജമായിരുന്നു. 20,000 ചവറു വീപ്പകളും മാലിന്യ നീക്കത്തിനായുള്ള 160 വാഹനങ്ങളും അതിൽ ഉൾപ്പെടുന്നു. ശുചീകരണത്തിന് വാട്ടർ ജെറ്റ് സ്പ്രേ മെഷീനുകൾ പോലുള്ള നൂതന സംവിധാനങ്ങൾ ജലനഷ്ടം ഗണ്യമായി കുറച്ചു, ജോലിഭാരം ലഘൂകരിച്ചു.
ശൗചാലയങ്ങൾ ഫലപ്രദവും സൗകര്യപ്രദവുമായ സ്ഥലങ്ങളിൽ സ്ഥാപിച്ചു. ലിംഗഭേദം അടിസ്ഥാനമാക്കിയും ഭിന്നശേഷി സൗഹൃദപരമായും ആയിരുന്നു അവയുടെ രൂപകല്പന. വനിതകൾക്കായി, വനിതാ ജീവനക്കാരുടെ സേവനം ലഭ്യമായ പിങ്ക് ശൗചാലയങ്ങൾ അവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചു. പ്രായമായവർക്കായുള്ള ശൗചാലയങ്ങൾ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായി. അണുവിമുക്തമായ മലിനജല ടാങ്കുകൾ അവതരിപ്പിച്ചത് നദീ മലിനീകരണ സാധ്യത ഇല്ലാതാക്കി.
2018ലെ മാഘമേളയിൽ ആദ്യമായി പരീക്ഷിക്കുകയും 2019ലെ കുംഭമേളയ്ക്കായി വിപുലമായി ഉപയോഗിക്കുകയും ചെയ്യുന്ന ദുർഗന്ധ നിവാരണ പരിഹാരമായിരുന്നു ശ്രദ്ധേയമായ കണ്ടുപിടുത്തങ്ങളിലൊന്ന്. വിദ്യാർഥി ഗവേഷകരുടെ കണ്ടെത്തലായ ഈ ലായനി, ഏകദേശം 65,000 ലിറ്റർ പ്രതിദിനം നിർമിക്കുന്നു. സ്വച്ഛഗ്രാഹികൾ എന്നറിയപ്പെടുന്ന സന്നദ്ധ പ്രവർത്തകർ ശുചിത്വം നിലനിർത്തുന്നതിലും ശൗചാലയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നു. ഇന്‍റർനെറ്റ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഈ സന്നദ്ധ പ്രവർത്തകർ വിശാലമായ മൈതാനങ്ങളിലുടനീളമുള്ള 60,000 ശൗചാലയങ്ങൾ നിരീക്ഷിക്കുകയും തത്സമയ പ്രശ്‌ന പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു. ഈ സംരംഭം പ്രവർത്തനക്ഷമത വർധിപ്പിക്കുക മാത്രമല്ല, യുവാക്കളും വനിതകളുമായ സന്നദ്ധ സേവകർക്ക് സഹായകമാവുകയും ചെയ്തു.
2017ൽ കുംഭമേളയെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃക പട്ടികയിൽ യുനെസ്കോ ഉൾപ്പെടുത്തി. 2019ലെ പതിപ്പ് ഈ ബഹുമതിയെ സാധൂകരിക്കും വിധമുള്ള പ്രകടനം കാഴ്ച്ച വച്ചു. സമാനതകളില്ലാത്ത ആഴത്തിലും പരപ്പിലും പരിപാടികൾ സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി പ്രകടമാക്കി.
ഇപ്പോൾ പ്രയാഗ്‌രാജിൽ ആരംഭിച്ചിരിക്കുന്ന മഹാകുംഭമേളയിൽ ലോകമെമ്പാടുമുള്ള 30 കോടിയിലത്തിലധികം തീർഥാടകർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഒരുക്കങ്ങളുടെ വ്യാപ്തിയും പ്രതീക്ഷകളും അഭൂതപൂർവമാണ്. മഹാകുംഭത്തിന്‍റെ പവിത്രത സംരക്ഷിക്കുന്നതിനൊപ്പം ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അചഞ്ചലം. "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം' എന്നതിന്‍റെ ആത്മാവ് ഉൾക്കൊള്ളുന്ന ഒരു പരിപാടിയാക്കി കുംഭമേളയെ മാറ്റുന്നതിൽ അവിഭാജ്യ പങ്ക് വഹിക്കാൻ പ്രാദേശിക കരകൗശല വിദഗ്ധരെയും സാംസ്കാരിക ഗ്രൂപ്പുകളെയും സന്നദ്ധ പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്നതിനും മുഖ്യമന്ത്രി ഊന്നൽ നൽകുന്നു. 2019ലെ പരിവർത്തനോന്മുഖ മേളയുടെ വിജയത്താൽ നയിക്കപ്പെടുന്ന ഇത്തവണത്തെ പതിപ്പും സമർപ്പണം, സാങ്കേതികവിദ്യ, സുസ്ഥിരത എന്നിവയുടെ സുഗമമായ സമന്വയം വാഗ്ദാനം ചെയ്യുന്നു, ഇത് പുതിയ ആഗോള മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു.
കുംഭമേളയുടെ വേദി വികസിപ്പിക്കുന്നതിലും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിലുമാണ് പ്രധാന ശ്രദ്ധ. തിരക്ക് നിയന്ത്രിക്കാൻ നൂതനമായ ജനസഞ്ചയ മാനെജ്മെന്‍റ് സാങ്കേതിക വിദ്യകളുടെ പിന്തുണയുണ്ട്. തിരക്കേറിയ ദിവസങ്ങളിൽ പോലും സുരക്ഷിതമായും ചിട്ടയോടെയും സ്നാനം സാധ്യമാക്കാൻ ഘാട്ടുകളുടെ എണ്ണം ഗണ്യമായി വർധിപ്പിച്ചു. പ്രയാഗ്‌രാജിനെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രെയ്‌നുകളും മെച്ചപ്പെട്ട റെയ്‌ൽ സേവനവും ഉൾപ്പെടെ ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. വാഹനങ്ങളുടെ പ്രവാഹം നിയന്ത്രിക്കാൻ മൾട്ടി- ലെയ്ൻ ഹൈവേകൾ, നവീകരിച്ച കവലകൾ, വലിയ പാർക്കിങ് സ്ഥലങ്ങൾ എന്നിവ വികസിപ്പിച്ചു. ഒഴുകിയെത്തുന്ന യാത്രക്കാരെ കൈകാര്യം ചെയ്യാൻ പ്രയാഗ്‌രാജ് വിമാനത്താവളം അതിവേഗം വികസിപ്പിക്കുന്നു. അന്താരാഷ്‌ട്ര തീർഥാടകർക്കായി ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കി.
കോടിക്കണക്കിന് തീർഥാടകരുടെ ആവശ്യങ്ങൾ നിറവേറ്റും വിധം പൊതു സൗകര്യങ്ങൾ അഭൂതപൂർവമായ തോതിൽ നവീകരിച്ചു. 50,000ത്തിലധികം പരിസ്ഥിതി സൗഹൃദ ശൗചാലയങ്ങളും പോർട്ടബിൾ സാനിറ്റേഷൻ യൂണിറ്റുകളും ശുചിത്വവും സൗകര്യവും ഉറപ്പാക്കും. ശുദ്ധമായ കുടിവെള്ള സൗകര്യങ്ങൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിളക്കുകൾ, വിശാലമായ താത്കാലിക മന്ദിരങ്ങൾ എന്നിവ വികസിപ്പിച്ചു. 2025ലെ മഹാകുംഭമേളയുടെ പരിവർത്തനാത്മക അനുഭവങ്ങളിൽ സാങ്കേതികവിദ്യയും നിർണായക പങ്ക് വഹിക്കുന്നു.
തിരക്ക് കൈകാര്യം ചെയ്യാൻ ഡ്രോണുകളുടെ പിന്തുണയോടെ നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ ജനസാന്ദ്രത തത്സമയം നിരീക്ഷിക്കും. റൂട്ടുകൾ, ഘാട്ട് സമയങ്ങൾ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, അടിയന്തര സേവനങ്ങൾ എന്നിവ സംബന്ധിച്ച തത്സമയ വിവരങ്ങൾ തീർഥാടകർക്ക് ലഭ്യമാക്കുന്ന സമർപ്പിത മൊബൈൽ ആപ്പുകൾ സജ്ജമാണ്. ഡിജിറ്റൽ പേയ്‌മെന്‍റ് സംവിധാനങ്ങളിലൂടെ പണരഹിത സമ്പദ്‌വ്യവസ്ഥ പ്രോത്സാഹിപ്പിക്കും. കച്ചവടക്കാരുടെയും തീർഥാടകരുടെയും ഇടപാടുകൾ ലളിതമാക്കും.
ഹരിത സംരംഭങ്ങളെ അടിസ്ഥാനമാക്കി 2019ൽ അവതരിപ്പിച്ച സുസ്ഥിരത 2025 മേളയുടെ നാഴികക്കല്ലായി മാറും. വിപുലമായ പുനരുപയോഗ സംവിധാനങ്ങളും കമ്പോസ്റ്റിങ് സൗകര്യങ്ങളും നടപ്പിലാക്കിക്കൊണ്ട്, പൂജ്യം മാലിന്യ നയം പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കും. പ്ലാസ്റ്റിക് ഉപയോഗം കർശനമായി നിയന്ത്രിക്കും. പാക്കേജിങ് ഉൾപ്പെടയുള്ള അവശ്യവസ്തുക്കളിൽ ജീർണിക്കുന്ന പ്ലാസ്റ്റിക് ഇതര ബദലുകൾ പ്രോത്സാഹിപ്പിക്കും. ഗംഗ, യമുന നദികളുടെ പവിത്രത ഉറപ്പാക്കാൻ നൂതന ജലശുദ്ധീകരണ പ്ലാന്‍റുകളും തത്സമയ ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളും സഹായകമാകും. നദീതീരങ്ങളിലെ വൻതോതിലുള്ള വനവത്ക്കരണ പ്രവർത്തനങ്ങൾ മണ്ണൊലിപ്പ് തടയാനും ജല വിതാനം മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നു. സോളാർ പാനലുകൾ, ജൈവ - ഊർജ സംവിധാനങ്ങൾ തുടങ്ങിയ പുനരുപയോഗ ഊർജ സ്രോതസുകൾ മേളയ്ക്ക് ആവശ്യമായ ഊർജം സംഭാവന ചെയ്യും. ഇത് കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കും.
ഇത്രയും ബൃഹത്തായ ഒരു മേളയ്ക്ക് സുരക്ഷയും സംരക്ഷണവും ഒരുക്കുകയെന്നത് പ്രധാനമാണ്. നിർമിത ബുദ്ധി (എഐ) അധിഷ്ഠിത മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുള്ള 10,000ത്തിലധികം സിസിടിവി ക്യാമറകൾ പരിസരം നിരീക്ഷിക്കുന്നു. പാരാമെഡിക്കൽ, ഫയർ സർവീസ്, ദുരന്ത പ്രതികരണ സംഘങ്ങൾ എന്നിവയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥർ സദാ സജ്ജരാണ്. വിപുലമായ മെഡിക്കൽ സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നതും ടെലിമെഡിസിൻ സേവനങ്ങളുടെ പിന്തുണയുള്ള താത്കാലിക ആശുപത്രികളും ക്ലിനിക്കുകളും സമയബന്ധിതമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും.
സാംസ്കാരിക തനിമയുടെയും ആത്മീയയുടെയും പ്രദർശനശാലയായിരിക്കും ഈ മഹാകുംഭമേള. രാജ്യത്തുടനീളമുള്ള പരമ്പരാഗത സംഗീതം, നൃത്തം, കല എന്നിവ വിവിധ പവലിയനുകളിൽ പ്രദർശിപ്പിക്കും. കുംഭമേളയുടെ ചരിത്രത്തെയും ശാസ്ത്രത്തെയും കുറിച്ചുള്ള പ്രദർശനങ്ങളുണ്ട്. ലോകപ്രശസ്ത ആത്മീയ നേതാക്കളും പണ്ഡിതരും ഉൾപ്പെടുന്ന സംഭാഷണങ്ങൾ വൈവിധ്യമാർന്ന വിശ്വാസങ്ങൾക്കിടയിൽ ഐക്യവും ധാരണയും വളർത്തും. ശില്പശാലകൾ, ശുചീകരണ യജ്ഞങ്ങൾ, സന്നദ്ധ സേവനങ്ങൾ എന്നിവയുൾപ്പെടെ യുവാക്കൾക്കായുള്ള പ്രത്യേക പരിപാടികൾ ഉത്തരവാദിത്തബോധവും ആത്മീയ വളർച്ചയും പകർന്നുനൽകാൻ ലക്ഷ്യമിടുന്നു.
ആഗോള ആകർഷണം വർധിപ്പിക്കുന്നതിനായുള്ള ബഹുഭാഷാ വിവര കേന്ദ്രങ്ങൾ, ഗൈഡഡ് ടൂറുകൾ തുടങ്ങിയ വിനോദസഞ്ചാര സൗഹൃദ സംരംഭങ്ങൾ വിദേശ സന്ദർശകരെ സഹായിക്കും. ഹെറിറ്റേജ് വോക്ക് ഉൾപ്പെടെയുള്ള ആത്മീയ വിനോദസഞ്ചാര പാക്കെജുകൾ നാടിന്‍റെ സമ്പന്നമായ ചരിത്രത്തെ ഉയർത്തിക്കാട്ടും. വീൽചെയർ സൗഹൃദ മേഖലകൾ, വ്യക്തിഗത സഹായം എന്നിവയുൾപ്പെടെ ഭിന്നശേഷിക്കാർക്കായി പ്രത്യേക വ്യവസ്ഥകളുണ്ട്.
ഈ മഹാകുംഭമേള ആത്മീയതലത്തിലും ലോജിസ്റ്റിക് തലത്തിലും ഒരു മഹാത്ഭുതമായി മാറാൻ ഒരുങ്ങുകയാണ്. ആത്മീയത, നൂതനത്വം, സുസ്ഥിരത എന്നിവയുടെ അഭൂതപൂർവമായ ഏകീകരണമാണിത്. ആധുനിക മുന്നേറ്റങ്ങളെ സ്വീകരിക്കുന്നതിനൊപ്പം പുരാതന പാരമ്പര്യങ്ങളെ ആദരിക്കാനുമുള്ള ഇന്ത്യയുടെ പ്രത്യുൽപ്പന്നമതിത്വത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് തീർഥാടകർക്ക് അവാച്യമായ അനുഭവം മഹാകുംഭമേള പകർന്നു നൽകും.
(ജി20 യിലെ ഇന്ത്യൻ ഷെർപ്പയും നിതി ആയോഗ് മുൻ സിഇഒയുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം. കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അമിതാഭ് കോഴിക്കോട് കലക്റ്റർ, സംസ്ഥാന ടൂറിസം സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. "കേരളം: ദൈവത്തിന്‍റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം ജനകീയമാക്കി. അതിനു ശേഷം ടൂറിസം മന്ത്രാലയത്തിൽ ജോയിന്‍റ് സെക്രട്ടറിയായിരിക്കെ "ഇൻക്രെഡിബിൾ ഇന്ത്യ', "അതിഥി ദേവോ ഭവഃ' എന്നീ ക്യാംപെയ്‌നുകൾ നടത്തി. "മേയ്ക്ക് ഇൻ ഇന്ത്യ', "സ്റ്റാർട്ട് അപ്പ് ഇന്ത്യ', "ഈസ് ഓഫ് ഡൂയിങ് ബിസിനസ്' തുടങ്ങിയ സംരംഭങ്ങൾക്കും പിന്നീടു നേതൃത്വം നൽകി).