ട്രംപിന്‍റെ ഭീഷണിക്ക് മോദിയുടെ മറുപടി, 'മെയ്ക്ക് ഇൻ ഇന്ത്യ'

പെട്ടെന്നുള്ള പ്രതികരണത്തിനപ്പുറത്ത് യുഎസിനു മേൽ ദീർഘകാല പ്രത്യാഘാതങ്ങൾക്കു സാധ്യതയുള്ള ചില നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്.
Make in India, Modi's answer to Trump tariff war

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി, വ്ളാദിമിർ പുടിൻ.

Updated on

പ്രത്യേക ലേഖകൻ

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നടപടിയോട് പ്രതികാരമൊന്നുമില്ലെന്നാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക നിലപാട്. ട്രംപിന്‍റെ നികുതിക്കു പകരമായി യുഎസ് ഉത്പന്നങ്ങൾക്കു മേൽ അധിക തീരുവ ചുമത്താനോ, ധാരണയിലെത്തിയ കരാറുകളിൽനിന്നു പിന്മാറാനോ ഇന്ത്യ ഉദ്ദേശിക്കുന്നില്ലെന്നും ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.‌

എന്നാൽ, ഇതിനിടയിലും പെട്ടെന്നുള്ള പ്രതികരണത്തിനപ്പുറത്ത് യുഎസിനു മേൽ ദീർഘകാല പ്രത്യാഘാതങ്ങൾക്കു സാധ്യതയുള്ള ചില നീക്കങ്ങൾ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമുണ്ട്. വിദേശ വസ്തുക്കൾക്കു പകരം ഇന്ത്യയിൽ നിർമിച്ച സാധനങ്ങൾ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു നടത്തിയ ആഹ്വാനം ഇതിനൊരുദാഹരണമാണ്. ഒപ്പം, റഷ്യയിൽനിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തണമെന്ന യുഎസിന്‍റെ ആവശ്യം ഇന്ത്യ കേട്ടതായി പോലും ഭാവിച്ചിട്ടുമില്ല.

ബ്രിക്സ് (ബ്രസീൽ - റഷ്യ - ഇന്ത്യ - ചൈന - സൗത്ത് ആഫ്രിക്ക) സഖ്യത്തിന്‍റെ പുരോഗതിയും യുഎസിനെ പ്രകോപിപ്പിക്കുന്നുണ്ട്. ''ബ്രിക്സ് രാജ്യങ്ങൾക്കെല്ലാം കൂടി അവരുടെ ചത്ത സമ്പദ് വ്യവസ്ഥകളെ ഒരുമിച്ച് കുഴിച്ചുമൂടാം'' എന്ന ട്രംപിന്‍റെ വാക്കുകൾ ഈ അസ്വസ്ഥതയുടെ പ്രകടമായ പ്രതിഫലനമായിരുന്നു. ലോകത്ത് ഏറ്റവും വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളിൽ ഉൾപ്പെടുന്നവയാണ് ബ്രിക്സ് രാജ്യങ്ങൾ എന്ന വസ്തുതയ്ക്കു നേരേ കണ്ണടച്ചുകൊണ്ടുള്ള ട്രംപിന്‍റെ പ്രസ്താവന പരിഹാസ്യമാവുകയും ചെയ്തു.

നരേന്ദ്ര മോദി ഇതിനു നേരിട്ടു മറുപടി പറഞ്ഞിട്ടില്ലെങ്കിലും, ''ആഗോള സമ്പദ് വ്യവസ്ഥ പല പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്, അന്തരീക്ഷം അസ്ഥിരമാണ്'' എന്ന് അദ്ദേഹം ഉത്തർ പ്രദേശിലെ ഒരു റാലിയിൽ പ്രസംഗിച്ചത് ട്രംപിനുള്ള പരോക്ഷ മറുപടിയായും വിലയിരുത്തപ്പെടുന്നുണ്ട്.

ഇന്ത്യ വളരെ മുൻപേ പ്രഖ്യാപിച്ച 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിക്ക് അനുസൃതമായി രാജ്യത്തെ ഉത്പാദനവും സ്വദേശി ഉത്പന്നങ്ങളുടെ ഉപഭോഗവും വർധിപ്പിക്കുക എന്ന പ്രഖ്യാപിത നയമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഈ നീക്കം വിജയം കണ്ടാൽ, യുഎസ് ഉത്പന്നങ്ങൾക്കു മേലുള്ള തീരുവ വർധിപ്പിക്കുന്നതിനെക്കാൾ ഗുരുതരമായ ദീർഘകാല പ്രത്യാഘാതമായിരിക്കും യുഎസ് കമ്പനികൾക്ക് ഇന്ത്യൻ വിപണിയിൽ നേരിടേണ്ടി വരുക. ലോകത്തെ തന്നെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിൽ തങ്ങളുടെ ഉത്പന്നങ്ങൾക്കു ഡിമാൻഡ് കുറയുന്നത് ലോകത്തെ ഏതു വ്യാവസായിക രാജ്യത്തിനും കനത്ത തിരിച്ചടിയായിരിക്കും.

ട്രംപിന്‍റെ ഭീഷണി അവഗണിച്ച് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതു തുടരാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനമെന്ന് ന്യൂയോർക്ക് ടൈംസ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ഒരു എണ്ണ സംസ്കരണശാലയ്ക്കും ഏതു രാജ്യത്തുനിന്ന് എണ്ണ വാങ്ങണമെന്നതു സംബന്ധിച്ച് ഒരു നിയന്ത്രണവും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടില്ല. ഓരോ റിഫൈനറിക്കും അവർക്കു ലാഭകരമായ രീതിയിൽ ഏതു രാജ്യത്തു നിന്നും എണ്ണ വാങ്ങാം. നിലവിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് അസംസ്കൃത എണ്ണ കിട്ടുന്നത് റഷ്യയിൽനിന്നാണ്. ഇപ്പോൾ ഇന്ത്യയിലെത്തുന്ന ക്രൂഡ് ഓയിലിന്‍റെ മൂന്നിലൊന്നും റഷ്യയിൽനിന്നു വാങ്ങുന്നതുമാണ്.

ശീതയുദ്ധ കാലം മുതൽ ഇന്ത്യക്ക് നിർണായക ആയുധങ്ങൾ നൽകിവരുന്ന റഷ്യയുമായുള്ള ബന്ധത്തിൽ പോറലുണ്ടാക്കുന്ന ഒരു നിലപാടും ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ സ്വീകരിച്ചിട്ടില്ല. ചൈനയാകട്ടെ, റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക - നയതന്ത്ര പങ്കാളിയായി തുടരുകയും ചെയ്യുന്നു. റഷ്യയുമായി ഇന്ത്യയും ചൈനയും തുടരുന്ന സഹകരണം അവസാനിപ്പിക്കാതെ, റഷ്യയെ ദുർബലമാക്കാനുള്ള യുഎസ് - യൂറോപ്യൻ ചേരിയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ബുദ്ധിമുട്ടാണ്. ഇതിനു വേണ്ടിയുള്ള സമ്മർദമാണ് റഷ്യൻ എണ്ണ വാങ്ങുന്നതു നിർത്തണമെന്ന യുഎസ് ഭീഷണി. എന്നാൽ, ഇന്ത്യക്ക് ഏതെങ്കിലും രാജ്യവുമായുള്ള നയതന്ത്രബന്ധം എങ്ങനെ വേണമെന്നു നിർദേശിക്കാൻ മറ്റൊരു രാജ്യത്തിനും അവകാശമില്ലെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പരമ്പരാഗതമായി ഇന്ത്യ - റഷ്യ ബന്ധം അംഗീകരിക്കുന്ന നിലപാടാണ് യുഎസ് സ്വീകരിച്ചുപോന്നിട്ടുള്ളത്. മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കാതെ നിയന്ത്രിച്ചു നിർത്താൻ ഇന്ത്യയെ തന്ത്രപരമായ പങ്കാളിയായി കണക്കാക്കുന്നതു കാരണമാണ് ഇങ്ങനെയൊരു നയം യുഎസ് പിന്തുടർന്നത്. എന്നാൽ, ഈ സന്തുലനം ഇല്ലാതാക്കാനും തയാറാണെന്ന മട്ടിലാണ് ഡോണൾഡ് ട്രംപ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. യുക്രെയ്നുമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനു മേൽ പരമാവധി സമ്മർദം ചെലുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഇപ്പോൾ ട്രംപിനുള്ളത്.

സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, ഇന്ത്യ - യുഎസ് സ്വതന്ത്ര വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ നിർത്തിവച്ചിട്ടുമില്ല. ഓഗസ്റ്റ് അവസാനം തുടർ ചർച്ചകൾക്കായി യുഎസ് സംഘം ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ക്ഷീര മേഖല അടക്കമുള്ള കാർഷിക വിപണിയിൽ യുഎസ് സ്ഥാപനങ്ങളുടെ സാന്നിധ്യം അനുവദിക്കാത്ത രീതിയിലുള്ള കരാറിനു വേണ്ടിയാണ് ഇന്ത്യ വാദിക്കുന്നത്. രാഷ്ട്രീയവും മതപരവുമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. എന്നാൽ, കാർഷിക മേഖലയിൽ ഇന്ത്യ സബ്സിഡി നൽകുന്നതു പോലും നിർത്തണമെന്ന ആവശ്യം യുഎസ് പതിറ്റാണ്ടുകളായി ഉന്നയിക്കുന്നതുമാണ്. അതുകൊണ്ടു തന്നെ ഈ വിഷയത്തിൽ സമവായമുണ്ടാകാതെ ഇന്ത്യ - യുഎസ് വ്യാപാര ചർച്ച വിജയിപ്പിക്കാൻ സാധിക്കില്ല.

കാർഷിക മേഖലയിൽ അനിയന്ത്രിതമായ വിദേശ സാന്നിധ്യം അനുവദിച്ചുകൊണ്ടുള്ള വ്യാപാര കരാർ കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് രാഷ്ട്രീയമായി കനത്ത തിരിച്ചടികൾക്കു കാരണമാകും. അതുകൊണ്ടു തന്നെ അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്ക് ഇന്ത്യയും തയാറാകില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം പ്രസക്തമാകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com