"സ്മാർട്ടാ'കട്ടെ, തദ്ദേശ സർക്കാരുകളും...

കഴിഞ്ഞ ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച "കെ സ്മാർട്ടി'ലൂടെ നഗരസഭകളിൽ ഡിസംബർ 31 വൈകിട്ട് 5 മണി വരെ 27.7 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു
make local government smart
"സ്മാർട്ടാ'കട്ടെ, തദ്ദേശ സർക്കാരുകളും...
Updated on

എം.ബി.സന്തോഷ്

നഗരസഭകളിലും പഞ്ചായത്ത് ഓഫിസുകളിലും വിവിധ സർട്ടിഫിക്കറ്റുകൾക്കായി പോയി ചെരുപ്പ് തേഞ്ഞവരുടെ എണ്ണം ചെറുതല്ല. നികുതി ഒടുക്കാൻ ക്യൂ നിന്ന് അത് വാങ്ങുന്നതിന് തൊട്ടു മുമ്പ് ഉദ്യോഗസ്ഥ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയത് ഈ ലേഖകന്‍റെയും അനുഭവമാണ്. അതോടെ, ആ ക്യൂവിൽ നിന്നവർ അറ്റം കാണാൻ ബുദ്ധിമുട്ടുള്ള അടുത്ത ക്യൂവിന്‍റെ പിന്നറ്റം തേടി പോകേണ്ട ഗതികേടിലായി. നമ്മുടെ തലസ്ഥാനത്തെ സ്വന്തം കോർപ്പറേഷനിലാണത്. ഇത്തരക്കാരുടെ "അഹങ്കാരം' കാരണം സർക്കാരിന് കിട്ടേണ്ട പണം പോലും അടയ്ക്കാതിരിക്കുന്ന ഒരുപാടു പേരെ കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോൾ അതിനൊന്നും തദ്ദേശ സ്ഥാപന ഓഫിസുകൾ കയറിയിറങ്ങേണ്ട പൊല്ലാപ്പില്ല എന്നത് പകരുന്ന ആശ്വാസം ചില്ലറയല്ല. മാത്രമല്ല, അപേക്ഷ ലഭിച്ച് ഒരു മണിക്കൂറിനുള്ളിൽ സേവനം നൽകിയത് 5 ലക്ഷത്തോളം ഫയലുകളിലാണെന്നത് ഈ പുതിയ വർഷത്തിൽ പകരുന്ന ആശ്വാസം വലുതാണ്.

കഴിഞ്ഞ ജനുവരി ഒന്നു മുതൽ സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ച "കെ സ്മാർട്ടി'ലൂടെ നഗരസഭകളിൽ ഡിസംബർ 31 വൈകിട്ട് 5 മണി വരെ 27.7 ലക്ഷം ഫയലുകളാണ് പ്രോസസ് ചെയ്തതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. അതിൽ 22.8 ലക്ഷം ഫയലുകളും തീർപ്പാക്കി- 82.31 ശതമാനം. അവധി ദിവസങ്ങളിൽ ജീവനക്കാർ തീർപ്പാക്കിയത് 1.5 ലക്ഷം ഫയലുകളാണ്. 7.25 ലക്ഷം ഫയലുകൾ ഓഫിസ് സമയം കഴിഞ്ഞ ശേഷം തീർപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.

"കെ സ്മാർട്ട്' നഗരസഭകളിൽ വന്നപ്പോൾ അതിനെ അട്ടിമറിക്കാൻ വലിയ ശ്രമമുണ്ടായിരുന്നു. കെട്ടിട നിർമാണം ഉദ്യോഗസ്ഥർക്ക് എല്ലാക്കാലത്തും ചാകരയാണ്. ഇപ്പോഴും അതിലൊന്നും വലിയ മാറ്റങ്ങൾ വന്നിട്ടില്ലെന്നാണ് അനുഭവസ്ഥർ പറയുന്നത്. എങ്കിലും വിവിധ സർട്ടിഫിക്കറ്റ്, പെർമിറ്റ്, നികുതി ഒടുക്കൽ എന്നിവയ്ക്കൊക്കെ ഓൺലൈനിലൂടെ അവസരമുണ്ടാകുന്നത് ചെറിയ കാര്യമല്ല. നഗരസഭകളിൽ നടപ്പാക്കി ഏകദേശം വിജയമായത് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. നഗരസഭകളിലേതു പോലെ പഞ്ചായത്തുകളിലും അത് അട്ടിമറിക്കാൻ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഉണ്ടാകുമെന്നുറപ്പാണ്. അഴിമതിയുടെ രുചി പിടിച്ചുപോയ ഉദ്യോഗസ്ഥർ എന്തും ചെയ്യുമല്ലോ. അവരെ മറികടന്ന് ഈ സമ്പ്രദായം വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുക്കുക തന്നെ വേണം.

കെ- സ്മാർട്ട് പഞ്ചായത്തുകളിലും വിന്യസിക്കുന്നതോടെ ഇ- ഗവേണൻസ് രംഗത്ത് കേരളത്തിന്‍റെ കുതിച്ചുചാട്ടമാകും ദൃശ്യമാവുക എന്ന എം.ബി രാജേഷിന്‍റെ പ്രത്യാശ യാഥാർഥ്യമാവട്ടെ. ഓഫിസുകളിലെത്താതെ ഓൺലൈനിൽ എല്ലാ സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കുന്ന സംവിധാനം ജനങ്ങൾക്ക് ഏറെ പ്രയോജനപ്രദമാകും. ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്ക്കാനും കെ- സ്മാർട്ടിന് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കെ- സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനെജിങ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. കെ- സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് അപേക്ഷകന്‍റെ ലോഗിനിലും വാട്സ്ആപ്പിലും ഇ- മെയിലിലും ലഭ്യമാകുന്ന ഇന്‍റഗ്രേറ്റഡ് മെസേജിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും അവ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെയും 35 മോഡ്യൂളുകളായി തിരിച്ച് അവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുകയാണ് കെ- സ്മാർട്ട്. വെബ് പോർട്ടലിൽ സ്വന്തം ലോഗിൻ ഉപയോഗിച്ച് അതാത് മൊഡ്യൂളുകളിലെത്തി ആവശ്യമായ വിവരങ്ങൾ നൽകി സേവനം ലഭ്യമാക്കാം. ജനന - മരണ - വിവാഹ രജിസ്ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ, വസ്തു നികുതി, യൂസർ മാനെജ്മെന്‍റ്, ഫയൽ മാനെജ്മെന്‍റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിങ് പെർമിഷൻ മൊഡ്യൂൾ, പരാതി പരിഹാരം എന്നീ സേവനങ്ങളായിരിക്കും കെ- സ്മാർട്ടിലൂടെ ലഭ്യമാവുക. കെ- സ്മാർട്ട് യാഥാർഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. ലോഗിൻ ഐഡി ഉപയോഗിച്ച് വീഡിയൊ കെവൈസിയും പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്നു തന്നെ ചെയ്യാം. കെ- സ്മാർട്ട് മൊബൈൽ ആപ്പിലുടെയും ഈ സേവനങ്ങൾ ഓൺലൈനായി ലഭ്യമാകും.

ജിഐഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയാറാക്കുന്നതിലൂടെ ഏറ്റവും വേഗം കെട്ടിട നിർമാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നാണ് വാഗ്ദാനം. കെ-സ്മാർട്ടിലെ നോ യുവർ ലാൻഡ് എന്ന ഫീച്ചറിലൂടെ ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങളാണ് നിർമിക്കാൻ കഴിയുക എന്ന വിവരം അറിയാം. കെട്ടിട നിർമാണത്തിനായി സമർപ്പിക്കുന്ന പ്ലാനുകൾ ചട്ടങ്ങൾ പ്രകാരമാണ് തയാറാക്കിയിട്ടുള്ളത് എന്ന് സോഫ്റ്റ്‌വെയർ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനാൽ ഫീൽഡ് പരിശോധനകൾ ലഘൂകരിക്കപ്പെടുകയും നിർമാണ പെർമിറ്റ് വേഗം ലഭ്യമാവുകയും ചെയ്യും.

സേവനം വൈകുന്നുവെന്നും ഓഫിസുകൾ കയറിയിറങ്ങി മടുക്കുന്നുവെന്നുമുള്ള സ്ഥിരം പരാതികൾ ഈ സംവിധാനത്തിലൂടെ പരിഹരിക്കാം. നിലവിൽ ഒരു ബിൽഡിങ് പെർമിറ്റ് നൽകണമെങ്കിൽ ഓവർസിയർ, എൻജിനീയർ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, എക്‌സിക്യൂട്ടീവ് എൻജിനീയർ, സൂപ്രണ്ടിങ് എൻജിനീയർ, സെക്രട്ടറി എന്നിവർ കണ്ടാണ് നൽകുന്നത്. കെ- സ്മാർട്ടിൽ 3 തട്ടുകളിൽ ഈ സേവനം ലഭ്യമാക്കും. തട്ടുകൾ കുറയുന്നതോടെ അഴിമതിയും കുറയുമെന്നുറപ്പാണ്.

ഇതിനർഥം, കെ സ്മാർട്ട് നടപ്പാക്കിയപ്പോൾ പ്രശ്നങ്ങൾ ഉണ്ടായില്ല എന്നല്ല. വലിയ പ്രശ്നങ്ങൾ ഉണ്ടായി. തടസം നേരിട്ടതോടെ കളമശേരി മുനിസിപ്പാലിറ്റി പഴയ "സങ്കേതം' സോഫ്‌റ്റ്‌വെയറിലേക്ക് തിരിച്ചുപോയതു പോലെയുള്ള സംഭവങ്ങൾ നേരിടേണ്ടിവന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷിച്ചാല്‍ സമയത്ത് കാര്യം നടക്കാത്തതോടൊപ്പം, അപേക്ഷകള്‍ വ്യാപകമായി നിരസിക്കുകയും ചെയ്യുന്നു എന്ന പരാതി ഉണ്ടായി. അപേക്ഷിക്കുമ്പോള്‍ നല്കുന്ന പല വിവരങ്ങളും പെര്‍മിറ്റില്‍ ഉള്‍പ്പെടാതെ പോയി. കെട്ടിടത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതിലും അപാകം. നികുതി ഒടുക്കാന്‍ സാധിച്ചില്ല. മുമ്പ് അടച്ച നികുതിയുടെ വിവരങ്ങളും ലഭ്യമായില്ല. ഇതൊക്കെ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

എന്തായാലും, കെ- സ്മാർട്ട് വ്യാപകമായി സ്വീകരിക്കപ്പെടുകയാണ്. സർട്ടിഫിക്കറ്റുകൾ, നികുതി ഒടുക്കൽ എന്നിവയ്ക്കൊക്കെ പലവട്ടം ഓഫിസുകൾ കയറിയിറക്കിയ ഉദ്യോഗസ്ഥ ധാർഷ്ട്യം നേരിൽ കാണാതെ പെട്ടെന്നു തന്നെ ആവശ്യങ്ങൾ നിറവേറ്റാനാവുന്നു എന്നത് നിസാരമല്ല. അതിനെ ജനങ്ങൾ പിന്തുണച്ചപ്പോൾ കെ- സ്മാർട്ടിന്‍റെ ഖ്യാതി മറ്റുള്ളിടങ്ങളിലേക്കും കടന്നു. അതിന്‍റെ ഫലം: കെ- സ്മാർട്ട് സോഫ്റ്റ്‌വെയർ കർണാടകത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. അതിനായി അവിടത്തെ വകുപ്പധികൃതർ കെ- സ്മാർട്ടിന്‍റെ ചുമതലയുള്ള ഇൻഫർമേഷൻ കേരള മിഷനുമായി ധാരണാപത്രം ഒപ്പുവച്ചു കഴിഞ്ഞു.

കണ്ണൂർ കോർപ്പറേഷനിൽ കെ- സ്മാർട്ട് നടപ്പാക്കിയ ശേഷം ഫയൽ നീക്കത്തിൽ മെല്ലെപ്പോക്കുണ്ടായത് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ ഒരുമിച്ച് കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയത് മെയ് മാസത്തിലാണ്, പരിഷ്കാരം നടപ്പാക്കി 5 മാസത്തിനു ശേഷം. സോണൽ ഓഫിസുകളിൽ ഫയൽ നീക്കത്തിൽ ഓവർസിയർമാർ അനാസ്ഥ കാണിക്കുകയാണെന്ന് ഭരണ- പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. ഫയലുകൾ ഉദ്യോഗസ്ഥരുടെ കംപ്യൂട്ടറിൽ 3 മാസം വരെ കെട്ടിക്കിടക്കുകയാണെന്നാണ് പ്രതിപക്ഷത്തിൽനിന്ന്‌ എസ്. ഷഹീദ ചൂണ്ടിക്കാട്ടി. ഫയൽ നീക്കം വൈകുന്നുവെന്ന ആക്ഷേപം കോർപ്പറേഷൻ ഭരണസമിതിക്ക് കേൾക്കേണ്ട അവസ്ഥയാണുള്ളതെന്ന് മുൻ മേയർ ടി.ഒ. മോഹനൻ പറഞ്ഞു. ഫയൽ നീക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരേ നടപടിയെടുക്കണമെന്ന് സ്ഥിരംസമിതി അംഗം പി.കെ. രാഗേഷ് ആവശ്യപ്പെട്ടു. സോണൽ ഓഫിസുകളിലെ അനാസ്ഥ കാട്ടുന്ന ഓവർസിയർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു. കെ- സ്മാർട്ട് നല്ല പദ്ധതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

"ഞാൻ കൊച്ചി കോർപ്പറേഷനിൽ നവംബർ അവസാന ആഴ്ച ആണ് അപേക്ഷ സമർപ്പിച്ചത്. ഡിസംബർ 9ന് ക്ലർക്കിന്‍റെ പക്കൽ അപേക്ഷ എത്തിയതായാണ് അപ്ഡേറ്റിൽ കാണിക്കുന്നത്. ഇത്രയും ദിവസം വൈകുന്നത് സ്വാഭാവികമാണോ?'- ഇന്നലെ ഒരു ഫെയ്സ്ബുക് പോസ്റ്റിൽ കണ്ടതാണ്. ഈ സംവിധാനം അട്ടിമറിക്കാൻ താല്പര്യമുള്ളവർ ഒട്ടും കുറവല്ല. അതുകൊണ്ടുതന്നെ ഇത്തരം പരാതികളിൽ കൃത്യമായ വിശദീകരണം നൽകുന്നതിന് സംവിധാനം വേണം. കെ- സ്മാർട്ടിൽ സമർപ്പിച്ച അപേക്ഷകളിൽ ഓരോന്നിനും എത്ര ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും അങ്ങനെ ഉണ്ടായില്ലെങ്കിൽ ആരെ സമീപിക്കണമെന്നും അപേക്ഷ സമർപ്പിക്കുമ്പോൾ തന്നെ അറിയിക്കുന്ന സംവിധാനം ഉണ്ടായാൽ നന്നായിരിക്കും.

ജനന സർട്ടിഫിക്കറ്റ് ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിൽ നിന്ന് 6.45 മിനിറ്റിലും മരണ സർട്ടിഫിക്കറ്റ് തിരുവനന്തപുരം കോർപറേഷനിൽ നിന്ന് 8.54 മിനിറ്റിലുംവിവാഹ സർട്ടിഫിക്കറ്റ് ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ നിന്ന് 23.56 മിനിറ്റിലുംലഭിച്ചത് നല്ല കാര്യം. ഇ- ഗവേണൻസിന്‍റെ ഗുണഫലം അങ്ങനെ സാധാരണക്കാർക്ക് ഒരു സ്വാധീനവുമില്ലാതെ കിട്ടുമെങ്കിൽ, തീർച്ചയായും അതിനെ സ്വാഗതം ചെയ്യാം. ഒരുപാട് മേഖല‌കളിൽ മികവു കാട്ടിയ കേരളം തദ്ദേശ സ്ഥാപന സേവനങ്ങളിലും സ്മാർട്ടാകട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com