

ശ്രീനിവാസൻ
അനൂപ് മോഹൻ
'പ്രിയപ്പെട്ട മനശാസ്ത്ര ഡോക്ടര്‍ക്ക്,
ആദ്യമായി ഡോക്ടറോട് ഒരു നഗ്നസത്യം തുറന്നു പറയട്ടേ. ഞാനൊരു സുന്ദരനേയല്ല ഡോക്ടര്‍. കറുത്തിട്ടാണ്. ഉയരവും വളരെ കമ്മിയാണ്. അതുകൊണ്ട് ഭാര്യയാകാന്‍ പോകുന്ന സുന്ദരിയെ മനശാസ്ത്രപരമായ ഒരു സമീപനത്തിലൂടെ മാത്രമേ കീഴ്‌പ്പെടുത്താന്‍ പറ്റൂ. അവളുടെ ഹൃദയത്തിലൊരു സ്ഥാനം നേടാന്‍ പറ്റൂ. ആദ്യരാത്രിയില്‍ തന്നെ എനിക്കതു സാധിക്കണം.
എന്‍റെയൊരു മൂത്ത ചേട്ടനോടെന്ന പോലെ ഞാന്‍ ചോദിക്കുകയാണ് ഡോക്ടര്‍. ഉയരം വയ്ക്കാന്‍ വല്ല വിദ്യകളുമുണ്ടോ. മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള ഉപായങ്ങള്‍ എന്തൊക്കെയാണ്. വീക്കോ ടര്‍മറിക്കിനെപ്പറ്റി എന്താണ് അഭിപ്രായം. അതു തേച്ചാല്‍ വെളുക്കുമോ.'
അതിതീവ്ര അപകര്‍ഷതാബോധമുള്ള ഒരു കഥാപാത്രത്തെ മലയാളിയുടെ മനസിലേക്കു വളരെ ലളിതമായും, ശക്തമായും പതിപ്പിക്കുകയായിരുന്നു, മനശാസ്ത്രഡോക്ടര്‍ക്ക് എഴുതുന്ന ഈ കത്തിലൂടെ. വാരികകളിലെ മനശാസ്ത്രജ്ഞന്മാരുടെ നിര്‍ദേശമനുസരിച്ചേ ഞാനിന്നു വരെ ജീവിച്ചിട്ടുളളൂ എന്ന അവകാശപ്പെടുന്ന തളത്തില്‍ ദിനേശന്‍. അതുവരെ നടനായും, സാഹചര്യങ്ങളാല്‍ തിരക്കഥാകൃത്തായും നിറഞ്ഞു നിന്ന ശ്രീനിവാസന്‍ സംവിധായകക്കുപ്പായത്തില്‍ എത്തിയപ്പോള്‍, മലയാളിക്കു ചിരിക്കാനും ചിന്തിക്കാനും ചിലര്‍ക്കെങ്കിലും സ്വയം തിരിച്ചറിയാനുമൊരു കഥാപാത്രത്തെ വരച്ചിടുകയായിരുന്നു വടക്കുനോക്കിയന്ത്രത്തിലെ ദിനേശനിലൂടെ. അങ്ങനെ, ഭാര്യയെ സംശയമുള്ള പ്രസുടമയുടെ ജീവിതസന്ദര്‍ഭങ്ങള്‍, എണ്‍പതുകളുടെ അവസാനം മുതല്‍ ഇപ്പോള്‍വരെ മലയാളിയുടെ നിത്യജീവിത മുഹൂര്‍ത്തങ്ങളോട് സംഭാഷണത്തിലൂടെയും രംഗങ്ങളുടെയും ചേര്‍ന്നു നില്‍ക്കുന്നു. വടക്കുനോക്കിയന്ത്രം പോലെ, കാലത്തിനും മായ്ക്കാനാവാത്ത അസാമാന്യമായ കരവിരുതിന്റെ, പ്രതിഭയുടെ സ്പര്‍ശം ശ്രീനിവാസന്റെ എല്ലാ സിനിമകളിലും കഥാപാത്രങ്ങളിലും കാണാന്‍ സാധിക്കും.
വെളുപ്പും കറുപ്പും രണ്ടു നിറങ്ങളല്ല, വെളുപ്പിന്റെ വിപരീതമാണ് കറുപ്പെന്ന് ഉറപ്പിച്ച ഒരു സമൂഹത്തിനു മുന്നിലേക്കാണ് ശ്രീനിവാസന്‍ കറുത്തനിറത്തെയും പൊക്കക്കുറവിനെയുമൊക്കെ ആഘോഷമാക്കിയത്. സ്വയം പരിഹസിച്ച് കാണികളെ ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെ ശ്രീനിവാസന്റെ എല്ല സൃഷ്ടികളും കാണാന്‍ സാധിക്കും. പ്രേംനസീറിനു സൗന്ദര്യം പോരേ, അദ്ദേഹത്തിന്റെ വേലക്കാരന്റെ കഥാപാത്രം ചെയ്യുന്നയാള്‍ക്ക് സൗന്ദര്യത്തിന്റെ ആവശ്യമില്ലല്ലോ എന്ന സിനിമയിലല്ലാത്ത സ്‌റ്റേറ്റ്‌മെന്റ് തന്നെയാണ് അദ്ദേഹം സിനിമയിലും രസകരമായി പ്രയോഗിച്ചതെന്നു കാണാന്‍ കഴിയും. സാഹിത്യത്തിലെ ബേപ്പുര്‍ സുല്‍ത്താനു തുല്യമായ ഒരു ആഖ്യാനരീതിയാണു ശ്രീനിവാസന്‍ അഭ്രപാളിയില്‍ പ്രയോഗിച്ചത്.
ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിനൊരു പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞത്, ഈ കഥ ഞാന്‍ മോഷ്ടിച്ചതാണെന്നാണ്. തുടര്‍ന്നൊരു വിശദീകരണവും നല്‍കി, ഈ കഥ നിങ്ങളില്‍ നിന്നു തന്നെയാണ് ഞാന്‍ മോഷ്ടിച്ചതെന്ന്. വിജയന്‍ മാഷിനെയും ശ്യാമളയെയും നാം നിരവധിയിടങ്ങളില്‍ കണ്ടിട്ടുണ്ട്. നിരവധി പേരില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സിനിമയില്‍ ഇത്തരം കഥാപാത്രങ്ങളെ തിരിച്ചറിഞ്ഞതു ശ്രീനിവാസനിലൂടെയാണെന്നു മാത്രം. ഇത്തരത്തില്‍ നാം കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കഥയും കഥാപാത്രങ്ങളും തന്നെയാണ് ശ്രീനിവാസന്റെ തൂലികയിലൂടെ എക്കാലത്തും പിറന്നത്. തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളുടെയും കഥയുണ്ടാകാന്‍ കാരണം, കേരളത്തില്‍ ജീവിച്ചതു കൊണ്ടു മാത്രമാണെന്നു ശ്രീനിവാസന്‍ ഉറപ്പിച്ചു പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത്രയേറെ വൈവിധ്യ സ്വഭാവ സവിശേഷതകളുള്ള ജീവിതങ്ങള്‍ മറ്റെവിടെ കാണാന്‍ കഴിയും.
തിരക്കിട്ട് എഴുതുന്നതാണു തിരക്കഥയെന്ന വിശദീകരണം ശ്രീനിവാസന്‍ പലപ്പോഴും നല്‍കിയിട്ടുണ്ടെങ്കിലും, ആ കഥയും കഥാപാത്രങ്ങളും ഉരുവം കൊള്ളാനുളള നിരീക്ഷണപാടവം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ജീവിതാനുഭവങ്ങള്‍ ഉണ്ടായിരുന്നു. നമുക്കിടയിലുള്ള ഒരാളെയാണ് ആക്ഷേപഹാസ്യത്തിന്റെ വരമ്പിലൂടെ അദ്ദേഹം കൈപിടിച്ചു നടത്തിയതും, മലയാളിയുടെ മനസിലൊരു കസേരയിട്ട് ഇരുത്തിയതും. സാധാരണക്കാരിയായ ശ്യാമളയെ ചിന്താവിഷ്ടയാക്കാനും, അസാമാന്യ ധൈര്യത്തോടെ ജീവിതത്തെ നേരിടാനും പാകപ്പെടുത്താനും ശ്രീനിവാസനെ കഴിയൂ. എല്ലാ കല്ലിലും ശില്‍പമുണ്ടെന്നും, ആ ശില്‍പത്തെ വേര്‍തിരിച്ചെടുക്കുമ്പോഴാണ് ശില്‍പമായി മാറുന്നതെന്നും ചിന്താവിഷ്ടയായ ശ്യാമളയുടെ ക്ലൈമാക്‌സില്‍ പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. ശ്രീനിവാസന്റെ പാത്രസൃഷ്ടിയിലും ഈ വേര്‍തിരിച്ചെടുക്കല്‍ കാണാം. ഓരോ മനുഷ്യനിലെ കഥയെയും കഥാപാത്രത്തെയും അത്ര തന്മയത്വത്തോടെ തന്നെ ശ്രീനിവാസന്‍ വേര്‍തിരിച്ചെടുത്ത് ദൃശ്യഭാഷ്യം നല്‍കുകയായിരുന്നു ഇക്കാലമത്രയും.
ശ്രീനിവാസന്‍റെ മരണത്തില്‍ ആദരവോടെയുള്ള സ്റ്റാറ്റസുകളില്‍ കണ്ട ഒരു വാചകത്തില്‍ തന്നെ അവസാനിപ്പിക്കാം, നിങ്ങളായിരുന്നു സര്‍, സിനിമ എന്തെന്ന്, തമാശ എന്തെന്ന് മനസിലാക്കി തന്നത്. വില്‍ മിസ് യു എ ലോട്ട്, പോളണ്ടിനെക്കുറിച്ചിനി ഒരക്ഷരം മിണ്ടില്ല, ശോഭ ചിരിക്കില്ല.