പൊന്മലകയറ്റത്തിന്‍റെ പുണ്യത്തിലേക്ക്

വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി പീഢാനുഭവസ്മരണ പുതുക്കി ജനസഹസ്രങ്ങൾ പുണ്യമലയുടെ ഉയരങ്ങളിലേക്ക് എത്തുകയാണ്
പൊന്മലകയറ്റത്തിന്‍റെ പുണ്യത്തിലേക്ക്

പാപങ്ങളുടെ ആണ്ടറുതിയിൽ അഹങ്കാരത്തിന്‍റെ മെതിയടികൾ അഴിച്ചുവച്ച് പാറക്കൂട്ടങ്ങളും, പ്രാർഥനാക്കൂട്ടങ്ങളും താണ്ടിയൊരു യാത്ര. വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി പീഢാനുഭവസ്മരണ പുതുക്കി ജനസഹസ്രങ്ങൾ പുണ്യമലയുടെ ഉയരങ്ങളിലേക്ക് എത്തുകയാണ്.

അവന്‍ സ്വയം കുരിശും ചുമന്നുകൊണ്ട് തലയോടിടം – ഹെബ്രായ ഭാഷയില്‍ ഗൊല്‍ഗോഥാ – എന്നു വിളിക്കപ്പെടുന്ന സ്ഥലത്തേക്കു പോയി. അവിടെ അവര്‍ അവനെ ക്രൂശിച്ചു.

യോഹന്നാന്‍റെ സുവിശേഷത്തിലെ ഈ വാക്യങ്ങള്‍ക്കപ്പോൾ പെരിയാറിന്‍റെ ശോകതാളമുണ്ടായിരുന്നു. താഴത്തെ പള്ളിയുടെ താഴ്‌വരയില്‍ പുഴ കടന്നു വരുന്ന കാറ്റേറ്റു വിശ്രമിക്കുമ്പോള്‍ മലയാറ്റൂര്‍ മുത്തപ്പനെ വണങ്ങാന്‍ കാതങ്ങള്‍ താണ്ടി കാല്‍നടയായി വിശ്വാസികള്‍ പ്രവഹിച്ചുകൊണ്ടേയിരുന്നു. ക്യാപ്സൂൾ തീർഥാടനത്തിന്‍റെ കനിവ് തേടുന്നവർ, വലിയ മരക്കുരിശുമേന്തി ദൂരങ്ങൾ താണ്ടിയെത്തിയവർ, കാഷായവസ്ത്രത്തിൽ കാൽവരിക്കുന്നിലേക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്നവർ...... ലക്ഷ്യമൊന്നാണെങ്കിലും തീർഥാടനത്തിന്‍റെ കാഴ്ചകളങ്ങനെ മാറിക്കൊണ്ടേയിരുന്നു.

പൊന്നിൻകുരിശു മുത്തപ്പാ, പൊന്മല കയറ്റം....

പെരിയാറിന്‍റെ തണുപ്പില്‍ കാലും മുഖവുമൊക്കെ കഴുകി. നിത്യജീവിതത്തിന്‍റെ സമതലങ്ങളിൽ നിന്നും തീർഥാടനത്തിന്‍റെ അടിവാരത്തേക്ക്. ശേഷം അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയുടെ പുണ്യത്തിലേക്ക്. ആദിശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയില്‍ നിന്നു കിലോമീറ്ററുകള്‍ അകലെയാണു മലയാറ്റൂര്‍. വേരുകള്‍ തേടിച്ചെന്ന സാഹിത്യകാരനേയും വിശ്വാസത്തിന്‍റെ പുണ്യമലയേയും പ്രകൃതിമനോഹരമായ ദൃശ്യങ്ങളേയും ചേർത്തുവച്ചിരിക്കുന്നയിടം.

പ്രാര്‍ഥനയുടെ പ്രതിധ്വനികള്‍ മലകയറിത്തുടങ്ങുന്നു. മലകയറ്റത്തിന്‍റെ ആദ്യ ആവേശത്തിനു മീതേ കിതപ്പിന്‍റെ തളര്‍ച്ച. പാതയ്ക്കരികില്‍ ജീവിതത്തിന്‍റെ വിളികള്‍, യാചനയായും ക്ഷീണമകറ്റാനുള്ള കുടിനീരായും കളിപ്പാട്ടങ്ങളിലേക്കുള്ള പ്രലോഭനങ്ങളായും...

മലകയറ്റത്തിന്‍റെ കാഠിന്യമറിഞ്ഞുതുടങ്ങുമ്പോള്‍ പ്രാര്‍ഥനകളും ശരണം വിളികളും ഉച്ചസ്ഥായിയിലെത്തുന്നു. ആത്മശാന്തി തേടി ആയിരങ്ങള്‍ കല്ലും പാറക്കൂട്ടങ്ങളും താണ്ടി മുകളിലേക്ക്. ക്രിസ്തുവിന്‍റെ പീഡാനുഭവയാത്രയെ അനുസ്മരിപ്പിക്കുന്ന പതിനാലു സ്ഥലങ്ങള്‍ താണ്ടിയാല്‍ മലയാറ്റൂര്‍ കുരിശുമലയുടെ മുകളിലെത്താം. പാറക്കെട്ടുകള്‍ നിറഞ്ഞ, കുത്തനെയുള്ള കഠിനപാതയാണു മലകയറ്റത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രദേശം. എങ്കിലും വിശ്വാസത്തിന്‍റെ ശരണമന്ത്രങ്ങള്‍ ഉയരുമ്പോള്‍, പാതയിലെ കാഠിന്യം വഴിമാറുമെന്നു വിശ്വാസം. ആ മന്ത്രങ്ങള്‍ വാനിലുയര്‍ന്നുകൊണ്ടേയിരുന്നു. പൊന്നിന്‍കുരിശു മുത്തപ്പാ… പൊന്‍മലകയറ്റം.

ലോകത്തിൻ വിനകൾ ചുമന്നിടുന്നു

വിശ്രമിക്കാതെ വയ്യ. അല്‍പ്പനേരമിരുന്നു. ചെറുപ്പത്തിന്‍റെ മുഖത്തേക്കു വാര്‍ധക്യത്തിന്‍റെ വെല്ലുവിളി നിറഞ്ഞ പുഞ്ചിരി എറിഞ്ഞൊരാള്‍ കടന്നു പോയി. അപ്പോള്‍ ഓര്‍ത്തതു നൂറ്റാണ്ടുകള്‍ക്കു മുമ്പ്, മനുഷ്യയാത്രയുടെ കാലടിപ്പാടുകള്‍ ആ മലയുടെ മുകളിലേക്കു പ്രവഹിക്കും മുമ്പ്, വഴിതെളിക്കാനൊരു മുന്‍ഗാമി എത്തുംമുമ്പ്, ആദ്യമായി കയറിയ ഒരു വിശുദ്ധനെക്കുറിച്ചാണ്. ക്രിസ്തുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ തോമാസ്ലീഹയെക്കുറിച്ച്…

എ.ഡി 52. കൊടുങ്ങല്ലൂരില്‍ വന്നിറങ്ങിയ തോമാസ്ലീഹ ഏകാന്തധ്യാനത്തിനിടം തേടി മലയാറ്റൂര്‍ മലമുകളിലെത്തി. പശ്ചിമഘട്ടത്തിലെ മലയിലേക്കാണു തോമാസ്ലീഹാ എത്തിയത്. വന്യമൃഗങ്ങള്‍ സ്വസ്ഥമായി മേയുന്ന കൊടുങ്കാട്, പകലും രാത്രിയും പ്രാര്‍ഥനയുടെ പുണ്യവുമായി തോമാസ്ലീഹ പാറപ്പരപ്പില്‍ ധ്യാനനിരതനായി. മുട്ടുകാലില്‍ നിന്ന് ആകാശത്തേക്കു നോക്കി മനസുരുകി പ്രാര്‍ഥിച്ചു. പാറയുടെ പുറത്തു കുരിശടയാളം വരച്ചു ചുംബിച്ചു. പെട്ടെന്നാണ് ആ അത്ഭുതം സംഭവിച്ചത്.

ഇങ്ങനെ ഇരുന്നാല്‍ കയറ്റം ബുദ്ധിമുട്ടാകും, മുകളിലെത്തും വരെ പതുക്കെ ആണെങ്കിലും നടന്നുകൊണ്ടിരിക്കണം. ഒരു പരിചിതതീര്‍ഥാടകന്‍റെ ഉപദേശത്തിന്‍റെ കരുത്തില്‍ പതുക്കെ നടന്നു തുടങ്ങി, തോമാസ്ലീഹ ദര്‍ശിച്ച ആ അത്ഭുതം സംഭവിച്ച ഇടം കാണാനുള്ള വ്യഗ്രത മനസില്‍. കുറച്ചകലെ ഒന്നാം സ്ഥലത്തിന്‍റെ തിരിനാളങ്ങള്‍. ക്രിസ്തുവിനെ കുരിശുമരണത്തിനു വിധിക്കുന്ന പീലാത്തോസ്. സഹനത്തിന്‍റെ നിശബ്ദതയില്‍ യേശു നില്‍ക്കുന്ന രംഗം ആലേഖനം ചെയ്തിരിക്കുന്ന ഒന്നാം ഇടം. പ്രാര്‍ഥനകളെ പിന്നിലാക്കി യാത്ര തുടര്‍ന്നു.

''കുരിശു ചുമന്നിടുന്നു ലോകത്തിന്‍

വിനകള്‍ ചുമന്നിടുന്നു

നീങ്ങുന്നു ദിവ്യനാഥന്‍ നിന്ദനം

നിറയും നിരത്തിലൂടെ ”

വിശ്വാസത്തിന്‍റെ ഊന്നുവടികളുമേന്തി

സഹായിക്കാന്‍ ആരുമില്ലാതെ, ആശ്വാസത്തിനാരുമില്ലാതെ ക്രിസ്തു കുരിശും ചുമന്നു നടന്ന വഴികളുടെ സ്മരണയില്‍ പ്രാര്‍ഥനകള്‍ ഉയരുന്നു. നടക്കുന്നതു പതുക്കെയാണെങ്കിലും കഠിനപാതയുടെ തളര്‍ച്ച കാലുകളിലേക്കു വേദനയായെത്തുന്നു. ജീവിതത്തിന്‍റെ നിരപ്പായ വഴികളില്‍ നിന്നൊരു തിരിവു വരുമ്പോള്‍ തളരുന്നതു പോലെ. ഇവിടെയും കൈപിടിച്ചു നടത്താന്‍ വിശ്വാസത്തിന്‍റെ കൂട്ടുണ്ട്, മുന്‍പേ പോയവര്‍ തെളിച്ച സഞ്ചാരപാതകളും.

ക്രിസ്തു കുരിശു ചുമക്കുന്ന രംഗം ആലേഖനം ചെയ്ത രണ്ടാം സ്ഥലം. ഇവിടെയും പ്രാര്‍ഥന നല്‍കുന്ന വിശ്രമത്തിനായി കുറച്ചു നിമിഷങ്ങള്‍. പാതയ്ക്കരികിലെ തണലില്‍ വീണ്ടുമിരുന്നു. കുരിശുമുടിയിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും തലച്ചുമടായി താഴെ നിന്നു കൊണ്ടു പോകുന്നതാണ്. ഭാരം ചുമക്കുന്ന യാത്ര.

കുരിശിന്‍ കനത്ത ഭാരം താങ്ങുവാന്‍

കഴിയാതെ ലോകനാഥന്‍

പാദങ്ങള്‍ പതറിവീണു കല്ലുകള്‍

നിറയും പെരുവഴിയില്‍ ”

ഭാരമേറ്റി പൊന്‍മലയുടെ മുകളിലേക്കു പോകുന്നവരുടെ കാല്‍ ഇടറുന്നില്ല. അന്നന്നത്തെ അപ്പത്തിനായുള്ള മലകയറ്റം. കാല്‍വരിക്കുന്നിലേക്കുള്ള യാത്രയില്‍ പാദങ്ങള്‍ ഇടറിവീണ നാഥന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ തുണയുണ്ട് അവര്‍ക്ക്. നല്ല ജീവിതത്തിന്‍റെ തുരുത്തുകളില്‍ ചേക്കേറാന്‍ കഴിയുന്ന വിധമൊരു അത്ഭുതം സംഭവിക്കുമെന്നു സ്വപ്നം കാണുന്നു, അവര്‍.

പാറയുടെ പുറത്തു കുരിശടയാളം വരച്ച തോമാസ്ലീഹയ്ക്കു മുന്നില്‍ സംഭവിച്ച ആ അത്ഭുതം. പരിശുദ്ധമാതാവ് ഉണ്ണിയുമായി പെട്ടെന്നു പ്രത്യക്ഷപ്പെടുകയായിരുന്നെന്ന് ഐതിഹ്യം. അനുഗ്രഹം ചൊരിഞ്ഞു. അദ്ദേഹത്തിനു വിശ്വാസത്തിന്‍റെ കരുത്തു പകര്‍ന്നു ആ സാന്നിധ്യം. പിന്നീടു മദ്രാസിലെ മൈലാപ്പൂരില്‍ വച്ചു തോമാസ്ലീഹ കുന്തത്താലുള്ള കുത്തേറ്റു രക്തസാക്ഷിത്വം വഹിച്ചെന്ന് ഐതിഹ്യം.

പക്ഷേ മലയാറ്റൂര്‍ പൊന്‍മലയില്‍ മറ്റൊരു ആശ്ചര്യസംഭവം അരങ്ങേറി. ആ സംഭവം നടക്കുന്നതു തോമാസ്ലീഹ വന്നുപോയി ഒരുപാടു കാലങ്ങള്‍ക്കു ശേഷം. രാത്രി, കണ്ണില്‍ക്കുത്തിയാലും കാണാന്‍ കഴിയാത്തവിധം ഇരുട്ട്. നായാട്ടിനായി മലമുകളില്‍ എത്തിയതായിരുന്നു മലവേടന്മാര്‍. പണ്ടു തോമാസ്ലീഹ ധ്യാനിച്ചിരുന്ന പാറപ്പുറത്തെത്തിയ അവര്‍ അമ്പരന്നു പോയി.

ആ അമ്പരപ്പിന്‍റെ വിശദീകരണത്തിലേക്കു മനസെത്തും മുമ്പ് മുന്നില്‍ മൂന്നാം സ്ഥലം. ക്രിസ്തു ആദ്യം വീഴുന്ന രംഗം. പ്രായമേറിയ ഒരു അമ്മയുടെ കണ്ണു നിറയുന്നു. ആ അമ്മയുടെ പ്രാര്‍ഥനയ്ക്കു ശേഷം അമ്മയെ കൈപിടിച്ചു മകന്‍ നടത്തി, മുകളില്‍ നാലാം സ്ഥലത്തേക്ക്…

'' വഴിയില്‍ക്കരഞ്ഞു വന്നോരമ്മയെ

തനയന്‍ തിരിഞ്ഞു നോക്കി

സ്വര്‍ഗ്ഗീയകാന്തി ചിന്തും മിഴികളില്‍

കൂരമ്പു താണിറങ്ങി ”

ഐതിഹ്യത്തിന്‍റെ പ്രതിധ്വനികൾ

വലിയ മരക്കുരിശുമേന്തി കാഷായധാരികള്‍ മുകളിലേക്കു വരുന്നു. ഒരുപാടു ദൂരങ്ങളില്‍ നിന്നു കാല്‍നടയായി എത്തുന്നവര്‍. ദിവസങ്ങള്‍ക്കു മുമ്പേ നടന്നു തുടങ്ങുന്നവര്‍. പാപപരിഹാരത്തിനായി കല്ലു തലയില്‍ വച്ചാണു ചിലരുടെ മലകയറ്റം. ഓരോ സ്ഥലങ്ങളിലും പ്രാര്‍ഥന അര്‍പ്പിച്ചു പൊന്‍മല ചവിട്ടുന്നു. ശരണമന്ത്രങ്ങള്‍ ഉരുവിടുന്നു, കൂടെയുള്ളവര്‍ ഏറ്റുവിളിക്കുന്നു. കഠിനമായ പാതയിലെ തടസങ്ങളൊന്നും അവരെ പിന്നോട്ടു വലിക്കുന്നേയില്ല.

ഈ കാട്ടില്‍ മൃഗങ്ങളുണ്ടോ….? മകനെ തോളത്തേറ്റി വരുന്ന അച്ഛനോടു മകന്‍റെ സംശയം. ഇപ്പോ മൃഗമൊന്നും കാണില്ല. പണ്ടുണ്ടായിരുന്നുവെന്ന മറുപടി. ആ മൃഗങ്ങളെ വേട്ടയാടാന്‍ എത്തിയ മലവേടന്മാരായിരുന്നല്ലോ മലമുകളിലെ അത്ഭുതം നാട്ടുകാരെ അറിയിച്ചതും, മലയാറ്റൂര്‍ എന്ന പൊന്‍മലയുടെ വിസ്മയത്തെക്കുറിച്ചു ലോകം അറിയാന്‍ ഇടയാക്കിയതും.

മലവേടന്മാര്‍ ഇരുന്ന പാറയില്‍ പ്രകാശം പരക്കുന്നു. അവര്‍ ഭയന്നു. ഒടുവില്‍ ധൈര്യം സംഭരിച്ച് പ്രകാശത്തില്‍ ആയുധം കൊണ്ടു തട്ടി. ചോരപ്പാടുകള്‍ തെളിഞ്ഞു. പെട്ടെന്ന് അവിടെ നിന്നൊരു പൊന്‍കുരിശുയര്‍ന്നു. തൊട്ടടുത്തു തന്നെ കാല്‍പ്പാടുകളുടേയും കാല്‍മുട്ടുകളുടേയും മുദ്രയും തെളിഞ്ഞു. മലയിറങ്ങിയ വേടന്മാര്‍ ഈ സംഭവം അടിവാരത്തെ നാട്ടുകാരെ അറിയിച്ചു. അവരെത്തി ആരാധന ആരംഭിച്ചു.

മലയാറ്റൂര്‍ പൊന്‍മലയിലേക്കുള്ള തീര്‍ഥാടനത്തിന്‍റെ തുടക്കം. കഥയും ഐതിഹ്യവും കേട്ടുകേള്‍വികളും പ്രതിധ്വനിക്കുന്ന മലയാറ്റൂര്‍ പൊന്‍മല ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു. കുരിശിന്‍റെ വഴിയിലെ ഏറ്റവും വികാരനിര്‍ഭരമായ രംഗമായ നാലാം സ്ഥലത്തെത്തിയിരിക്കുന്നു. ക്രിസ്തു വഴിയില്‍ വച്ചു തന്‍റെ മാതാവിനെ കാണുന്നു. അമ്മയും മകനും തമ്മില്‍ സംസാരിക്കുന്നില്ല. നിശബ്ദമായൊഴുകുന്ന മാതൃസ്നേഹം. അമ്മയുടെ വേദന മകനെ അഗാധമായി ദു: ഖിപ്പിക്കുന്നു.

മനസുരുകി മലകയറ്റം

വെയിലിന്‍റെ ചൂടേറി വരുന്നു. യാത്രയുടെ ദുരിതങ്ങളും. മലയിറങ്ങി വരുന്നവരും ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ വിളിക്കുന്നുണ്ട്, പൊന്‍കുരിശു മുത്തപ്പാ പൊന്‍മല ഇറക്കം. ഇനി കുറച്ചുദൂരമേയുള്ളൂ എന്നാരോ പറഞ്ഞു. കുരിശു ചുമക്കാന്‍ ക്രിസ്തുവിനെ ശിമയോന്‍ സഹായിക്കുന്ന അഞ്ചാം സ്ഥലവും, വെറോനിക്ക മുഖം തുടയ്ക്കുന്ന ആറാം സ്ഥലവും, രണ്ടാം പ്രാവശ്യം വീഴുന്ന ഏഴാം സ്ഥലവും ഓര്‍ശ്ലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്ന ഏട്ടാം സ്ഥലവും മൂന്നാം പ്രാവശ്യം വീഴുന്ന ഒമ്പതാം സ്ഥലവും ക്രിസ്തുവിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്ന പത്താം സ്ഥലവും പിന്നിട്ടു.

വെറുതെ തിരിഞ്ഞുനോക്കി, പാപമോചനത്തിനായി വിശ്വാസത്തിന്‍റെ ഊന്നുവടികളേന്തി നിരവധിപേര്‍ മലകയറി വരുന്നു. എല്ലാ ഇടങ്ങളിലും മെഴുകുതിരിനാളങ്ങള്‍ തെളിയിച്ച്, മനസുരുകി പ്രാര്‍ഥിച്ച്… വൈകല്യങ്ങളും ശാരീരിക അവശതകളും മറന്നാണു മലകയറ്റം.

ഇനി കുറച്ചു ദൂരം കൂടിയേ കുരിശുമുടിയിലേക്കു ബാക്കിയുള്ളൂ. താഴെ തെളിഞ്ഞു കാണുന്ന നദിയുടെ നേര്‍രേഖയെ പശ്ചാത്തലമാക്കി, ഫോട്ടൊ എടുക്കുന്ന ഒരു സംഘം, പ്രാര്‍ഥന മാത്രമായി മല കയറുന്നവര്‍, കുടുംബവുമൊത്തു പ്രാര്‍ഥിക്കാനും വെറുതെയൊരു യാത്രയ്ക്കായും ഇറങ്ങിത്തിരിച്ചവര്‍, ഏകാന്തതീര്‍ഥാടകര്‍, കൈയിലൊരു ക്യാമറയുമേന്തി കാഴ്ച പകര്‍ത്താനിറങ്ങിയവര്‍, കച്ചവടക്കാര്‍…… ഇതു ജീവിതവീഥികളിലൂടെയുള്ള തീര്‍ഥാടനമാകുന്നു.

തീർഥാടനത്തിന്‍റെ ഉയരങ്ങളിലേക്ക്

ക്രിസ്തുവിനെ കുരിശില്‍ തറയ്ക്കുന്ന പതിനൊന്നാം സ്ഥലം. ലോകരക്ഷകന്‍ വേദനയില്‍ അമരുന്നതു നിശ്ചലമായ നിറഞ്ഞമിഴികളില്‍ നോക്കിനില്‍ക്കുന്നു, ഒരാള്‍. പ്രാര്‍ഥനയില്‍ വാക്കുകള്‍ ഇടറുന്നു.

ക്രിസ്തു കുരിശില്‍ മരണം വരിക്കുന്ന പന്ത്രണ്ടാം സ്ഥലവും പിന്നിട്ടു. ആ മൃതദേഹം മാതാവിന്‍റെ മടിയില്‍ കിടത്തിയിരിക്കുന്ന പതിമൂന്നാം സ്ഥലം. പ്രശസ്തമായ പിയാത്ത ചിത്രത്തിന്‍റെ സ്മരണ. വിശ്വപ്രസിദ്ധമായ ഒരു കലാരൂപത്തിനു പ്രചോദനമായ രംഗം. ഇനി ഒരു സ്ഥലം മാത്രം, മൃതദേഹം കല്ലറയില്‍ സംസ്‌കരിക്കുന്ന പതിനാലാം ഇടം. കുരിശുമല തീര്‍ഥാടനത്തിന്റെ ഉയരങ്ങളിലേക്കെത്തുകയാണ്.

വിശ്രമിച്ചും വിസ്മയിച്ചും കഥകളറിഞ്ഞും തുടര്‍ന്ന തീര്‍ഥാടനത്തിന്‍റെ പുണ്യത്തിലേക്ക്. മലയാറ്റൂര്‍ കുരിശുമുടിയുടെ ഉയരത്തിലെത്തുമ്പോള്‍ വേനല്‍സൂര്യന്‍ കത്തിനിന്നു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ പ്രാര്‍ഥനയുടെ ശകലങ്ങള്‍ ആ മലമുകളില്‍ നിരന്തരം പ്രതിധ്വനിച്ചു കൊണ്ടിരുന്നു. തോമാസ്ലീഹയുടെ രൂപവും തിരുശേഷിപ്പും സ്ഥാപിച്ചിരിക്കുന്ന മാര്‍ത്തോമാ മണ്ഡപത്തിലും പള്ളിയിലും വിശ്വാസികളുടെ പ്രാര്‍ഥന.

കഥകളുടെ കൈപിടിച്ച്

കഥയും ഐതിഹ്യവും അത്ഭുതവും നിറയുന്ന നിരവധി സാന്നിധ്യങ്ങളുണ്ട്, മലയാറ്റൂര്‍ കുരിശുമുടിയില്‍. ഏറ്റവും ശ്രദ്ധേയമാണ് ആന കുത്തിയ പള്ളി. കാലം രേഖപ്പെടുത്തിയത് അനുസരിച്ചു 1595 മുതല്‍ 1968 വരെ കുരിശുമുടി ഘോരവനമായിരുന്നു. ധാരാളം വന്യമൃഗങ്ങള്‍ സ്വസ്ഥമായി വാണിരുന്ന കൊടുങ്കാട്. അക്കാലത്ത് ആനകള്‍ കപ്പേള ആക്രമിച്ചു. അങ്ങനെ ആന കുത്തിയ പള്ളി എന്ന പേരു കിട്ടി. കപ്പേളയുടെ പുറകിലെ ചുവരില്‍ ആന കുത്തിയ പാട് ഇപ്പോഴും ചില്ലിട്ടു സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നു. ഒപ്പം ഐതിഹ്യങ്ങളില്‍ മലവേടന്മാര്‍ അമ്പരന്നു പോയ കാല്‍പ്പാടുകളും ഇവിടെയുണ്ട്. തോമാസ്ലീഹയുടേതെന്നു വിശ്വസിക്കപ്പെടുന്ന കാല്‍പ്പാദം. വിശ്വാസികളുടെ നേര്‍ച്ചപ്പണം കാരണം വ്യക്തമായി കാണാന്‍ കഴിയില്ലെന്നു മാത്രം. പൊന്‍കുരിശു കണ്ടുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തു തങ്കം പൂശിയ പതിനാറടി ഉയരമുള്ള കുരിശു സ്ഥാപിച്ചിരിക്കുന്നു. മലമുകളില്‍ നിന്നു കുറച്ചുതാഴെയാണ് അത്ഭുതഉറവ. തണുത്ത തെളിനീരൂറുന്ന ഉറവയ്ക്കും ഐതിഹ്യത്തിന്‍റെ കുളിര്. തോമാസ്ലീഹ മലയില്‍ ധ്യാനിച്ചിരുന്നപ്പോള്‍ വെള്ളത്തിനായി പാറയില്‍ കുത്തിയെന്നും, അവിടെ നിന്നും ജലം പ്രവഹിച്ചുവെന്നും. കടുത്ത വേനലില്‍പ്പോലും വറ്റാതെ വെള്ളം നല്‍കുന്ന ഉറവ പലര്‍ക്കും അത്ഭുതം.

അത്ഭുതങ്ങളുടേയും ഐതിഹ്യങ്ങളുടേയും കഥകളുടെയും കൈപിടിച്ചു തുടങ്ങിയ തീര്‍ഥാടനം അവസാനിക്കുന്നു. ഇനി കാത്തിരിക്കുന്നതു മലമുകളില്‍ നിന്നുള്ള താഴ്‌വാരത്തിന്‍റെ ഒരിക്കലും മറക്കാനാകാത്ത കാഴ്ച. ചുറ്റുപാടും പച്ചപ്പിന്‍റെ മേലാപ്പ്. പേരറിയാത്ത ഗ്രാമത്തിന്‍റെ മേല്‍ക്കൂരകള്‍. മലയാറ്റൂര്‍ പള്ളിയിലെ പെരുന്നാളു കൂടി ആലുവ ശിവരാത്രി മണപ്പുറത്തേക്ക് ഒഴുകുന്ന പെരിയാര്‍ ഒരു ചെറിയ നീര്‍ച്ചാലു പോലെ… തിരികെയിറങ്ങുമ്പോള്‍ മനസിലുണ്ടായിരുന്നു, ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നൊഴുകിയ ഒരു പുഴ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com