
പ്രിയപ്പെട്ടെ ബുദ്ധിജീവികളേ! നിങ്ങൾ എവിടെയാണ്?
വിവാദങ്ങൾ പൂക്കുന്ന ഏതു വൃക്ഷത്തിലാണ് നിങ്ങൾ ചേക്കേറിയിരിക്കുന്നത്?
"മാളികപ്പുറം' എന്ന ഒരു സാധാരണ സിനിമയ്ക്കു നേരേ കുതിരകയറാൻ നിങ്ങൾ ഇതുവരെ വരാത്തതെന്താണ്? പണവും ഗുണവും കിട്ടുമെങ്കിൽ ഏതു പുരപ്പുറത്തും കയറി എന്തും വിളിച്ചു പറയുന്ന നിങ്ങൾക്കു മാളികപ്പുറത്തു കയറാൻ അത്ര താത്പര്യമില്ലേ?
എടുപ്പു കുതിരകളുടെ അകമ്പടിയും വലിയ പബ്ലിസിറ്റിയും ഒന്നുമില്ലാതെ എത്തിയ ഈ ചിത്രത്തിന് ഇത്ര വലിയ സ്കോപ്പും ഡിമാൻഡും ഉണ്ടാകുമെന്ന് നിങ്ങൾ സ്വപ്നത്തിൽപ്പോലും കരുതിയില്ല, അല്ലേ?
അവഗണിച്ചു തള്ളാവുന്ന ഒരു കുട്ടിക്കളിയാണ് ഈ സിനിമ എന്നാവും വിചാരിച്ചിരുന്നത്. എന്നാൽ, സംഗതികൾ നിങ്ങളുടെ കൈയിൽ നിന്നു പിടിവിട്ടു പോയി. ബുദ്ധിപരമായ നാട്യങ്ങളില്ലാത്ത സാധാരണക്കാർ ഈ സിനിമയെ സ്നേഹത്തോടെ സ്വീകരിച്ചു. ചിത്രം നല്ല വിജയം നേടി. മറ്റു ഭാഷകളിൽ മൊഴിമാറ്റം ചെയ്യപ്പെട്ടു.
ഇത്രയൊക്കെയായ സ്ഥിതിക്ക് അവഗണനയാണ് നല്ലതെന്ന് നിങ്ങൾ, ബുജികൾ ഇപ്പോൾ കരുതുന്നുണ്ടാവും. തികച്ചും ബുദ്ധിപരമായ തീരുമാനമാണ് അത്!
സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും തങ്ങൾക്കിഷ്ടമില്ലാത്തവരെ അവഗണിച്ചു സംഹരിക്കുന്നത് നിങ്ങളുടെ സ്ഥിരം രീതിയാണല്ലോ.
പിന്നെ, ഹിഡൻ അജൻഡകളുമായി സമർഥന്മാരായ നിങ്ങളുടെ സൈബർ പോരാളിപ്പുലികൾ അവരുടെ പണി കൃത്യമായി നിർവഹിക്കുന്നുമുണ്ടല്ലോ! ചിത്രം റിലീസായി ഇത്രയും നാൾ കഴിഞ്ഞിട്ടും റഷ്യ -യുക്രെയ്ൻ യുദ്ധം പോലെ പോരു തുടരുകയാണ്!
മികച്ച കഥയുടെ കരുത്തിൽ ചിത്രം വിജയം കൊയ്യുകയാണെന്നു മനസിലായതോടെയാണ് ഇത്തരം സൈബർ ആക്രമണങ്ങൾ തുടങ്ങിയത്. സിനിമയിലെ കഥാപാത്രമായി അഭിനയിച്ച ഉണ്ണി മുകുന്ദൻ എന്ന നടൻ ഒരു താരമായി ഉയർന്നുവരുന്നു എന്ന അപകടവും ചിലർ മുമ്പിൽ കണ്ടു.
ഈ അയ്യപ്പൻ വെറും മനുഷ്യനാണ്!
ഒരു കലാസൃഷ്ടിയെന്ന നിലയിൽ "മാളികപ്പുറം' വലിയ സംഭവമല്ല. സമ്മതിക്കുന്നു. പക്ഷെ, അതിന്റെ അണിയറ പ്രവർത്തകർ വളരെ തന്ത്രപരമായി ഈ പ്രമേയം കൈകാര്യം ചെയ്തു എന്നതാണ് സിനിമയുടെ വിജയത്തിനു കാരണം. ഈ സിനിമയിലെ മുഖ്യ കഥാപാത്രം ശബരിമലയിലെ അയ്യപ്പനല്ല, പച്ച മനുഷ്യനായ ഒരു പൊലീസ് ഓഫിസറാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഈ ആംഗിളിൽ നടത്തിയ ട്രീറ്റ്മെന്റാണു പ്രേക്ഷകരെ വശീകരിച്ചതും ബുദ്ധിജീവികളുടെ തലമണ്ട തകർത്തതും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ഈ കരുതൽ തികച്ചും അഭിനന്ദനം അർഹിക്കുന്നു.
സാക്ഷാൽ അയ്യപ്പൻ തന്നെയാണ് മാളികപ്പുറമായ പെൺകുട്ടിക്ക് കരുത്തും തണലും പകർന്നതെന്ന് പച്ചയായി പറഞ്ഞിരുന്നെങ്കിൽ അന്ധവിശ്വാസത്തിന്റെ പേരു പറഞ്ഞ് നമ്മുടെ ബുദ്ധിജീവികൾ ഈ ചിത്രത്തെ പിച്ചിച്ചീന്തി രക്തം കുടിക്കുമായിരുന്നു. ജന്മനാ സംശയാലുക്കളും അവിശ്വാസികളുമായ ഒരു വിഭാഗം മലയാളികളും ഈ സിനിമയെ അപഹസിച്ച് അറമാദിക്കുമായിരുന്നു.
നിർഭാഗ്യവശാൽ അതിന് ആർക്കും അവസരം കിട്ടിയില്ല! ഒരു സാധാരണ വിഷയം ഈ സിനിമയിലൂടെ യുക്തിഭദ്രമായി അവതരിപ്പിച്ചു. അത് നാട്ടുകാർ സ്വീകരിച്ചു. അത്രമാത്രം!
പക്ഷെ, വിമർശകർക്ക് നാനാ തരം ലക്ഷ്യങ്ങളുണ്ട്!
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുണ്ട്!
പ്രതിപാത്രം പക്ഷഭേദമുണ്ട്!
മാളികപ്പുറത്തിന്റെ ഇക്കണോമിക്സ്
കലയുടെ മാനദണ്ഡങ്ങൾ അനുസരിച്ചു വീക്ഷിച്ചാൽ ഈ ചിത്രത്തെ അവഗണിക്കുകയാവും നല്ലത്. പക്ഷേ, ഈ സിനിമയോട് ചിലർ ഗൂഢലക്ഷ്യങ്ങളോടെ പെരുമാറുന്നതു കാണുമ്പോഴാണ് ചില സംശയങ്ങൾ ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ ചെറിയൊരു വിലയിരുത്തൽ അനിവാര്യമാകുന്നു. അങ്ങനെ നോക്കുമ്പോൾ, ഈ ചലച്ചിത്രത്തിന് ഒരു സാമൂഹിക ശാസ്ത്രവും ഇക്കണോമിക്സും ഉണ്ടെന്നു കാണാൻ സാധിക്കും.
മധ്യ തിരുവിതാംകൂറിലെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് മാളികപ്പുറമായ പെൺകുട്ടി. അമ്മൂമ്മ പറഞ്ഞു കൊടുത്ത കഥകളിലൂടെ അയ്യപ്പനെക്കുറിച്ച് മനസിലാക്കിയ ആ കുട്ടിക്കു ശബരിമലയ്ക്കു പോകാൻ കടുത്ത ആഗ്രഹമുണ്ട്. എങ്കിലും വീടിനടുത്തു നിന്ന് ഏതാനും മലകൾക്കപ്പുറമുള്ള അയ്യപ്പ സന്നിധിയിലേക്ക് അവളെ കൊണ്ടുപോകാൻ അവളുടെ അച്ഛനു സാമ്പത്തിക പരാധീനതകൾ മൂലം സാധിക്കുന്നില്ല. നാട്ടിലെ ബ്ലേഡു കമ്പനിക്കാരുടെ ഭീഷണി മൂലം ഒടുവിൽ അയാൾ ജീവനൊടുക്കുന്നു.
മധ്യതിരുവിതാംകൂറിലെ ഏറ്റവും സാധാരണക്കാരായ കുടുംബത്തിന്റെ ജീവിതമാണ് സിനിമയിലൂടെ അനാവൃതമാകുന്നത്. വലിയ വീടോ, കാറോ, റബർ തോട്ടങ്ങളോ ബംഗ്ലാവുകളോ ചിത്രത്തിന് പശ്ചാത്തലമാവുന്നില്ല. പഴയ പ്രൈമറി സ്കൂൾ, ചെറിയ പീടികകൾ, ട്രാൻസ്പോർട്ട് ബസ്, എരുമേലി പേട്ട തുള്ളൽ, പമ്പ തുടങ്ങിയ സർവസാധാരണമായ കാഴ്ചകളിലൂടെ കഥ പുരോഗമിക്കുന്നു.
ശബരിമലയിൽ പോകാൻ പണമില്ല!
പലവിധ തീർഥാടനങ്ങളുടെ പേരു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ മുടക്കി മറ്റു രാജ്യങ്ങളിലേക്ക് വിമാനങ്ങളിൽ പോയി വരുന്ന സമ്പന്ന സമൂഹങ്ങൾ നിലനിൽക്കുന്ന ഒരു പ്രദേശത്തു ജീവിക്കുന്ന ഒരച്ഛന്, തന്റെ മകളുമായി അധികം അകലെയല്ലാത്ത ശബരിമലയിലേക്ക് പോകാൻ പോലും പണമില്ലാതെ കഷ്ടപ്പെടേണ്ട അവസ്ഥയാണെന്ന സത്യം ഈ സിനിമ കാട്ടിത്തരുന്നു.
ഈ ഗ്യാപ്പ് ഒരു മുറിവ് സൃഷ്ടിക്കുന്നുണ്ട്!
നവകേരളത്തിന്റെ ഒരു നല്ല ലക്ഷണമാണിത്.
അയ്യപ്പനെ അകമഴിഞ്ഞ് ആരാധിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയെ ഇത്തരം സാധാരണവും സരളവുമായ ഗൃഹാന്തരീക്ഷത്തിൽ മാത്രമല്ലേ കാണാനാവുകയുള്ളൂ! നാട്യപ്രധാനമായ ഈ നാട്ടിൽ അവളുടെ നിഷ്കളങ്കമായ ഭക്തിയെ സിനിമയിലെ മറ്റ് കഥാപാത്രങ്ങൾ പോലും തെല്ല് അവിശ്വസനീയതയോടെയാണ് വീക്ഷിക്കുന്നത്. ഉപാധികളില്ലാതെ നമുക്ക് ആരെയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയുന്നില്ല എന്നതാണ് വാസ്തവം!
അയ്യപ്പനും മലയാളിയും
അയ്യപ്പനെ കേരളൻ എന്നാണ് വിളിക്കുന്നതെങ്കിലും ഉപരിവർഗ മലയാളി സമൂഹം ശബരിമലയെ തഴഞ്ഞു തുടങ്ങിയിട്ട് നാളുകൾ കുറെയായി. ശബരിമലയിലെ വരുമാനത്തിൽ ഏതാണ്ട് 80 ശതമാനവും അന്യനാട്ടുകാർ തരുന്നതാണെന്നും ഓർക്കേണ്ടതുണ്ട്.
പിന്നെയുള്ള ശരിയായ മലയാളി ഭക്തർ ആരാണ്? അവർ മറ്റാരുമല്ല, ഈ സിനിമയിലെ കഥാപാത്രങ്ങൾക്ക് ചെത്തും ചൂരും പകർന്ന മധ്യവർഗത്തിൽപ്പെട്ട ആളുകളാണ്. ഈ ഇടത്തരക്കാരാവട്ടെ, പൊതുവേ പലവിധ കാരണങ്ങൾ കൊണ്ട് നിസ്സഹായരും അന്നത്തെ അന്നത്തിന് വഴി തേടുന്നവരുമാണ്. അയ്യപ്പന്റെ ഡിഎൻഎ അന്വേഷിച്ച ശേഷമല്ല ഇവർ ശബരിമലയിൽ പോകുന്നത് . അവരോട് അയ്യപ്പൻ ബുദ്ധനാണെന്നും ജൈനനാണെന്നുമൊക്കെ പറഞ്ഞ് കുത്തിത്തിരിപ്പുണ്ടാക്കിയിട്ട് ഒരു കാര്യവുമില്ല.
നമ്മളുടെ ബുദ്ധിജീവികളും ചിന്തകരും ശബരിമലയിൽ നിന്ന് വിട്ടുനിൽക്കുന്നതിന്റെ കാരണവും ഇതാവാം. കൃത്യമായ മേൽവിലാസമില്ലാത്ത മധ്യവർഗ സമൂഹത്തിന്റെ ശരണം വിളികളിൽ ഇടപെട്ടിട്ട് ബുജികൾക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ല.
ഞാനും ഒരു തുള്ളി മുതലയാണ്!
ഇങ്ങനെയൊക്കെയാണെങ്കിലും ശബരിമലയുടെ വരുമാനം കൃത്യമായി പങ്കിട്ടെടുക്കുന്നതിനും, അതിന്റെ കണക്കു പുറത്തു പറയാതിരിക്കുന്നതിനും, നട തുറക്കുമ്പോൾ തൊഴാതിരിക്കുന്നതിനും മറ്റും നമ്മൾ ശ്രദ്ധ കാട്ടുന്നുണ്ട്!
ഇതൊക്കെ കാണുമ്പോൾ "തത്ത്വമസി' എന്നു പറയാൻ തോന്നുന്നുണ്ടെങ്കിലും അതിനുള്ള ഉദ്ദേശം തത്കാലമില്ല!
ഞാനും ഒരു ചെറിയ ബുദ്ധിജീവിയാണല്ലോ!
പല്ലി എന്നാൽ ഒരു തുള്ളി മുതലയാണെന്നല്ലേ, അറിവുള്ളവർ പറഞ്ഞിട്ടുള്ളത്!
Krpramodmenon@gmail.com
9447809631