ജനകീയം ആ കഥാപാത്രങ്ങൾ

ജീവിതത്തിലെന്ന പോലെ ഏറെ ജനകീയ കഥാപാത്രങ്ങളിലൂടെയാണു മാമുക്കോയ കളം നിറഞ്ഞു നിന്നത്
ജനകീയം ആ കഥാപാത്രങ്ങൾ
Updated on

നാൽപതു വർഷത്തിലധികം നീളുന്ന അഭിനയജീവിതം. കഥാപാത്രമേതായാലും അഭിനയമികവിലൂടെയും സംഭാഷണശൈലിയിലൂടെയും മാമുക്കോയ എന്നും ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അഭിനയമെന്നു തോന്നാത്തവിധം അഭ്രപാളിയിൽ പെരുമാറിയാണു മാമുക്കോയ എന്ന നടൻ മലയാളിയുടെ ഇഷ്ടം നേടിയത്. പുതുതലമുറയുടെ തഗ്ഗ് താരമായി മാമുക്കോയ മാറുന്നതു പോലും തൊണ്ണൂറുകളിലെ മലയാളസിനിമകളിലെ കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളിലൂടെയാണ്.

ജീവിതത്തിലെന്ന പോലെ ഏറെ ജനകീയ കഥാപാത്രങ്ങളിലൂടെയാണു മാമുക്കോയ കളം നിറഞ്ഞു നിന്നത്. എത്രയോ സിനിമകളിൽ ചായക്കടക്കാരനായും വിവാഹദല്ലാളായും പ്രായമേറിയ പൊലീസുകാരനായും അദ്ദേഹം നിറഞ്ഞു. നിത്യജീവിതത്തിൽ കാണുന്ന ഏതൊരു കഥാപാത്രത്തിനും അദ്ദേഹത്തിന്‍റെ മുഖഛായയോട് സാദൃശ്യം തോന്നുന്ന വിധത്തിൽ കഥാപാത്രവൈവിധ്യം വളർന്നു.

ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്ന സിനിമയിലെ അറബി മാഷ് മുതൽ ശ്രദ്ധ പിടിച്ചു പറ്റി തുടങ്ങിയതാണ്. സന്മനസുള്ളവർക്ക് സമാധാനത്തിലെ അയൽക്കാരനും, നാടോടിക്കാറ്റിലെ ഗഫൂർക്കയും സന്ദേശത്തിലെ കെ ജി പൊതുവാളുമൊക്കെ ഇപ്പോഴും ഓർമിക്കപ്പെടുന്നത് ആ അഭിനയമികവിന്‍റെ കരുത്തിൽ തന്നെയാണ്. എത്രയെത്ര ആവർത്തിച്ചു വന്നാലും, സ്ഥിരം ശൈലിയെന്ന അഭിപ്രായം കേട്ടാലും, ആ കഥാപാത്രം മാമുക്കോയയുടെ കൈയിലെത്തുമ്പോൾ തനതായ എന്തെങ്കിലും ശേഷിപ്പിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണു കാലങ്ങൾക്കിപ്പുറവും ആ കഥാപാത്രങ്ങൾ ചിരി പടർത്തുന്നത്.

തലയണമന്ത്രത്തിലെ മേസ്തിരിയുടെ പ്രകടനങ്ങൾ മലയാളി മറന്നിട്ടില്ല. ഒരാൾ അപകടം പറ്റി കിടക്കുമ്പോഴല്ല ചെറ്റവർത്തമാനം പറയുന്നതെന്ന സംഭാഷണങ്ങൾ ഇന്നും ടെലിവിഷനിലെ ആക്ഷേപഹാസ്യ പരിപാടിയിൽ നിറയുന്നുണ്ട്. ഒപ്പം സിനിമയിലെ നിഷ്കളങ്കനായ സെക്യൂരിറ്റിക്കാരൻ എത്രയോ വട്ടം ചിരി പടർത്തിയിരിക്കുന്നു. പുതിയ കാലത്തിന്‍റെ ആശയവിനിമയസങ്കേതങ്ങളിൽ മീമായും സ്റ്റിക്കാറായും നിരവധി പരിചിത മാമുക്കോയകഥാപാത്രങ്ങൾ നിറഞ്ഞു നിൽക്കുന്നു.

ഗൗരവ കഥാപാത്രങ്ങളും ആ കൈകളിൽ ഭദ്രമാണെന്നു കാലം തെളിയിച്ചു. പെരുമഴക്കാലം പോലുള്ള ചിത്രങ്ങളിൽ മാമുക്കോയയുടെ അസാമാന്യ പ്രകടനാണു കണ്ടത്. കുരുതിയിലെ കഥാപാത്രവും ആ അഭിനയജീവിതത്തിൽ രേഖപ്പെടുത്തേണ്ടതു തന്നെ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com