
അതീതം | എം.ബി. സന്തോഷ്
ആ സിനിമയുടെ പ്രദർശനം നിശ്ചയിച്ചിരുന്നത് രാത്രി 7.30ന്. ഉച്ച കഴിഞ്ഞപ്പോൾ മുതലുള്ള ക്യൂവിൽ ഏറെയും ചെറുപ്പക്കാർ. അതിനിടെ പല തവണ മഴ കോരിച്ചൊരിഞ്ഞു. കുട ചൂടിയും മഴ നനഞ്ഞും അവർ ക്ഷമയോടെ കാത്തുനിന്നു. മഴ കനത്തിട്ടും ക്യൂവിന്റെ നീളം കൂടുന്നതേയുള്ളൂ.
കേരളീയം മേളയോടനുബന്ധിച്ച് തിരുവനന്തപുരത്തെ കൈരളി തിയെറ്ററിനു മുന്നിലുള്ള ഈ കാത്തുനിൽപ്പ് പുതിയ ഏതെങ്കിലും സിനിമ കാണാനായിരുന്നില്ല. പുതിയ ബഹുഭാഷാ തരംഗങ്ങളായ വിജയിന്റെ "ലിയോ'യ്ക്കും രജനീകാന്തിന്റെ "ജയിലറി'നും കിട്ടാത്തതിനേക്കാൾ വലിയ വരവേൽപ്പ് മൂന്നു പതിറ്റാണ്ടിനു മുമ്പ് മലയാള സിനിമയിൽ പുതുതരംഗം തീർത്ത "മണിച്ചിത്രത്താഴ്'സിനിമ വീണ്ടും കാണാനായിരുന്നു!
കേരളീയം മേളയുടെ മൂന്നാം ദിവസം പ്രദര്‍ശിപ്പിച്ച ചിത്രത്തിന് 443 സീറ്റുള്ള കൈരളി നിറഞ്ഞതോടെ നിശ്ചയിച്ചതിനും അരമണിക്കൂര്‍ നേരത്തെ പ്രദര്‍ശനം തുടങ്ങേണ്ടിവന്നു. സീറ്റു കിട്ടിയതിന്റെ അത്രയും പേരെങ്കിലും നിലത്തിരുന്നാണ് സിനിമ കണ്ടത്. ഇതേസമയം ഗേറ്റിനു പുറത്ത് മഴ വകവയ്ക്കാതെ ആയിരത്തിലേറെപ്പേര്‍ കാത്തുനിന്നു. ഈ സാഹചര്യത്തില്‍ മൂന്ന് അധിക പ്രദര്‍ശനങ്ങൾക്ക് അധികൃതർ നിർബന്ധിതരായി.
മണിച്ചിത്രത്താഴിലെ ഓരോ രംഗവും പലർക്കും കാണാപ്പാഠമാണെങ്കിലും ആദ്യമായി ഒരു ചിത്രം കാണുന്നതുപോലെയാണ് അവരത് വീണ്ടും ആസ്വദിച്ചത്. 30ാം പിറന്നാളിനും തരംഗമായത് 1993 ഡിസംബർ 24ന് റിലീസ് ചെയ്ത ചിത്രമാണ്. അതു കാണാനെത്തിവയരിലേറെയും ആ ചിത്രം റിലീസ് ചെയ്തപ്പോൾ ജനിച്ചിട്ടുപോലുമില്ലാത്തവർ..!
ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ ചിത്രമായ "മണിച്ചിത്രത്താഴ്' ജനപ്രിയ ചിത്രത്തിനും മികച്ച നടിക്കുമുള്ള അക്കൊല്ലത്തെ സംസ്ഥാന- ദേശീയ അവാർഡുകൾ നേടിയിരുന്നു. 19ാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിൽ ആലപ്പുഴ ജില്ലയിലെ മുട്ടത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരക്കഥാകൃത്തായ മധു മുട്ടം അക്കാലത്തുതന്നെ വെളിപ്പെടുത്തിയിരുന്നു. പ്രമുഖ സംവിധായകരായ സിദ്ദിഖ്- ലാൽ, പ്രിയദർശൻ, സിബി മലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു എന്നത് അക്കാലത്തെ സിനിമാരംഗത്തെ സൗഹൃദത്തിന്റെ വിളംബരവുമായിരുന്നു.
ഈ ചിത്രത്തിന്റെ തകർപ്പൻ ജയം ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമിക്കാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്. എല്ലാ ചിത്രങ്ങളും വൻ വിജയം നേടി. മലയാളത്തിൽ മോഹൻലാലിന്റെ ഡോ. സണ്ണിയുടെ കഥാപാത്രത്തെ കന്നഡയിൽ ഡോ. വിജയ് ആയി വിഷ്ണുവർധനും തമിഴ്, തെലുഗു ഭാഷകളിൽ ഡോ. ഈശ്വർ ആയി രജനീകാന്തും ബംഗാളിയിൽ ഡോ. അഗ്നിയായി പ്രോസഞ്ജിത് ചാറ്റർജിയും ഹിന്ദിയിൽ ഡോ. ആദിത്യ ശ്രീവാസ്തവ് ആയി അക്ഷയ് കുമാറും പ്രത്യക്ഷപ്പെട്ടു. ശോഭനയുടെ ഗംഗ എന്ന കഥാപാത്രമായി സൗന്ദര്യ, ജ്യോതിക, അനു ചൗധരി, വിദ്യാ ബാലൻ എന്നിവരാണ് ഇതരഭാഷകളിൽ വേഷമിട്ടത്. സുരേഷ് ഗോപിയുടെ നകുലനായി രമേഷ് അരവിന്ദ്, പ്രഭു, അഭിഷേക് ചാറ്റർജി, ഷിനി അഹുജ എന്നിവർ മറ്റ് ഭാഷകളിൽ അഭിനയിച്ചു.
പഴഞ്ചൻ ചിന്താഗതിക്കാരനായ അമ്മാവന്റെ (നെടുമുടി വേണു) വാക്കിനെ അവഗണിച്ച് യുവദമ്പതികളായ നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന) തങ്ങളുടെ തറവാട്ടിലേക്ക് പ്രവേശിക്കുന്നതോടെ ചില അതീന്ദ്രിയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരുന്നു. തറവാട്ടിലെ അല്ലി എന്ന യുവതിക്കു നേരേയും നകുലനു നേരേയും അജ്ഞാതമായ വധശ്രമങ്ങൾ ഉണ്ടാകുന്നു. മനഃശാസ്ത്ര വിദഗ്ധനും നകുലന്റെ ഉറ്റ സുഹൃത്തുമായ ഡോ. സണ്ണി ജോസഫ് ഇതിന്റെ കുരുക്കഴിക്കുകയാണ്. ദ്വന്ദ്വവ്യക്തിത്വം അഥവാ അപരവ്യക്തിത്വം എന്ന രോഗം ശാസ്ത്രീയമായി ചർച്ച ചെയ്ത സിനിമയായിരുന്നു ഇത്. എന്നാൽ, മന്ത്രവാദം ഉൾപ്പെടെയുള്ളവയെ അശാസ്ത്രീയം എന്നു വിളിച്ച് തള്ളിക്കളയുന്നുമില്ല. പുല്ലാറ്റുപുറം ബ്രഹ്മദത്തൻ നമ്പൂതിരിയായി വരുന്ന തിലകന്റെ കഥാപാത്രത്തെ പുതിയ കാലത്തുള്ളവരും അത്ഭുതത്തോടെയാണ് തിരിച്ചറിയുന്നത്.
ഈ സിനിമ ഇറങ്ങിയതു മുതൽ ഇന്നും ഹിറ്റായി തുടരുന്നതാണ് ഇതിലെ പാട്ടുകൾ. ബിച്ചു തിരുമല, മധു മുട്ടം, വാലി എന്നിവരെഴുതിയ പാട്ടുകൾ സിനിമയ്ക്കു ചേരുംവിധം ചിട്ടപ്പെടുത്തിയത് എം.ജി. രാധാകൃഷ്ണനാണ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഗണേശ് കുമാർ, സുധീഷ്, ശ്രീധർ, വിനയ പ്രസാദ്, രുദ്ര എന്നിവരുടെ അഭിനയത്തിന് പുതിയ തലമുറയും അതിശയത്തോടെ കൈയടിക്കുമ്പോൾ നെടുമുടി വേണു, തിലകൻ, ഇന്നസെന്റ്, കുതിരവട്ടം പപ്പു, കെപിഎസി ലളിത എന്നിവർക്കു പകരക്കാരെ കണ്ടെത്താനാവില്ലെന്നു സമ്മതിക്കാനും അവർക്ക് മടിയില്ല.
"ചെങ്കണ്ണർ കണ്ടതു ഫ്യൂഡൽ പഴങ്കാവി. പെൺകണ്ണർ കണ്ടതു പെൺകലി. വലങ്കണ്ണുകാർ തലകുത്തിയ ചെമപ്പ്. മനോരോഗം കണ്ട മനസിന്റെ ഭിഷക്കുകൾ ഊഴംവച്ചു വഴക്കു പറഞ്ഞു- രോഗപ്പേരിന്റെ സ്പെല്ലിങ് മിസ്റ്റേക്കിന് ' - സിനിമ ഇറങ്ങിയ കാലത്തെ "പഴി'കളെക്കുറിച്ച് കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ മധു മുട്ടം രേഖപ്പെടുത്തിയതിങ്ങനെയാണ്.
"ചാത്തനേറ് ' എന്ന ഒറ്റ ആശയത്തിൽ തുടങ്ങിയതാണ് സിനിമയെ കുറിച്ചുള്ള ആലോചന. പതിയെ പതിയെ അത് മാനസികരോഗമുള്ള ഗംഗയിലേക്കും നകുലനിലേക്കും സണ്ണിയിലേക്കുമെത്തി. മാസങ്ങൾ പിന്നിട്ടപ്പോഴേക്ക് കാരണവരിലേക്കും തഞ്ചാവൂരിൽ നിന്ന് വന്ന നാഗവല്ലിയിലേക്കും കാമുകൻ രാമനാഥനിലേക്കുമെല്ലാം അത് വ്യാപിച്ചു. അങ്ങനെ ആലോചിച്ചുറപ്പിച്ച് എഴുതിയ സിനിമ വലിയൊരു കൂട്ടായ്മയുടെ ബലത്തിൽ മികച്ച അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും ഒത്തുചേർന്നപ്പോൾ നാടൻ ഭാഷയിൽ പറഞ്ഞാൽ "പപ്പും പൂടയും പോലും കളയാനില്ലാത്ത' രസികൻ സിനിമയായി.
അന്നത്തെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഡോ. ദേവദാസ് മോനോൻ മനുഷ്യന്റെ അന്തരംഗം ഇന്നും ഒരു മണിച്ചിത്രത്താഴിട്ടു പൂട്ടിക്കിടക്കുക തന്നെയാണെന്ന് വ്യക്തമാക്കിയത് സിനിമയ്ക്കുള്ള അംഗീകാരവുമായി.
മാടമ്പള്ളി മേട സിനിമ കണ്ട ഓരോരുത്തരുടെയും ബോധമനസായി പരിണമിപ്പിക്കാൻ തുടക്കത്തിലേ സംവിധായകന് സാധിച്ചു. ഉണ്ണിത്താൻ പൂട്ടിയിട്ടും എടുക്കാൻ മറന്നുപോയ ആ താക്കോൽ... അത് വീണ്ടെടുക്കാൻ ചെല്ലുമ്പോഴേക്കും വൈകിയിരുന്നു. ആ മേട കാണികൾക്കായി തുറന്നുകിടന്നു. പിന്നീടൊരിക്കലും ആ വാതിൽ പൂട്ടപ്പെട്ടില്ല. അവിടേക്കു വന്ന ഗംഗ പുതിയ കാഴ്ചകളും നിറങ്ങളും പരിചയപ്പെടുത്തി. അപ്രതീക്ഷിതമായി പുതിയ വഴിത്തിരിവൊരുക്കി കാവിവസ്ത്രങ്ങളും കാവിത്തലക്കെട്ടുമണിഞ്ഞ് ഡോ. സണ്ണി എത്തുമ്പോൾ ആ വഴിയേ അറിയാതെ പോവുകയാണ്, കാണികളോരോരുത്തരും. "പിന്നേയ്... ഞങ്ങളീ ക്രിസ്ത്യാനികൾക്ക് ചൊവ്വാ ദോഷമൊന്നുമില്ല...! ഞാനെന്റെ അമ്മച്ചിയെ... കേട്ടോ...!' എന്നു പറയുന്നതു വരെ കാഴ്ചക്കാർ ആ ലഹരിയിലായിരുന്നുവല്ലോ. "പടത്തിനവിടെ ഫുൾ സ്റ്റോപ്പിടുന്നതായിരുന്നു ഭംഗി' എന്ന് പ്രമുഖനായ നിരൂപകൻ കോഴിക്കോടൻ എഴുതിയത് ഓർമ വരുന്നു.
വിവിധ ഭാഷകളിൽ മണിച്ചിത്രത്താഴ് ഇറങ്ങി എന്നു മാത്രമല്ല, അവിടങ്ങളിൽ പുതിയ ഭാഗങ്ങൾ ഇറങ്ങാനും പോവുന്നു. നാടകങ്ങളിലും ചിത്രകലയിലും കഥയിലും നോവലിലും ഒക്കെയായി എത്രയെത്ര സാധ്യതകളാണ് 30 വർഷത്തിനുശേഷവും ആ സിനിമ തുറന്നിടുന്നത്! ആ സിനിമ ഇറങ്ങിയ കാലത്ത് ജനിക്കാത്തവർ 30 വർഷത്തിനു ശേഷം കുടുംബസമേതം മഴയത്ത് മണിക്കൂറുകളോളം കാത്തുനിൽക്കുന്നുണ്ടെങ്കിൽ "മണിച്ചിത്രത്താഴ്' അതിന്റെ ഏറ്റവും വലിയ ലക്ഷ്യം കൈവരിച്ച മികച്ച സിനിമയാണെന്ന് പറയാൻ എന്തിന് മടിക്കണം?