
മഞ്ചണൻ പാട്ടൻ
കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ വാരിയം ഗോത്ര വർഗ ഉന്നതിയിൽ ആദ്യമായി ജീപ്പ് എത്തിച്ച മഞ്ചണൻ പാട്ടൻ (75) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ രോഗത്തെ ത്തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. സമ്പന്നതയുടെ ഉന്നതിയിൽ നിന്ന് ഇല്ലായ്മകളിലേക്ക് വഴുതിവീണ കഥ കൂടിയാണു മഞ്ചണൻ പാട്ടന്‍റേത്. കുട്ടമ്പുഴ പഞ്ചായത്തിലെ ഏറ്റവും അകലെയുള്ള ഉന്നതിയാണ് വാരിയം. അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും എത്തിച്ചേരാത്ത ഉന്നതിയിൽ വർഷങ്ങളോളം തനിക്കു കഴിയാവുന്ന സൗകര്യങ്ങൾ ഒരുക്കാൻ പാട്ടനു കഴിഞ്ഞു. കാട്ടിൽ ഏക്കർ കണക്കിന് ഏലവും, കുരുമുളകും കൃഷി ചെയ്താണു വരുമാനം കണ്ടത്തിയത്. കൂടാതെ ഉന്നതിയിൽ പലചരക്കുകടയും തുടങ്ങി.
കുട്ടമ്പുഴയിൽ നിന്നു 30 കി ലോമീറ്റർ അകലെയാണ് വാരിയം. നാട്ടുകാർ നടത്തുന്ന ജീപ്പ് സർവീസ് മാത്രമാണ് ഉന്നതികളിലെത്താനുള്ള യാത്രാമാർഗം. തൊണ്ണൂറുകളിൽ അടിമാലിയിൽ മകളുടെ വീട്ടിൽ പോയി മടങ്ങാൻ നേരം മഞ്ചണൻ പാട്ടൻ ജീപ്പ് ഓട്ടം വിളിച്ചെങ്കിലും ആരും വരാൻ തയാറായില്ല. അവിടെവച്ചു തന്നെ ജീപ്പ് മേടിച്ചു ഡ്രൈവറെയും നിയമിച്ചായിരുന്നു അദ്ദേഹം മടങ്ങിയത്. കോതമംഗലം നഗരത്തിലെ സ്വർണക്കടയിലെത്തി ഏറ്റവും വലിയ സ്വർണ മാല സ്വന്തമാക്കിയ കഥയും പ്രശസ്തമാണ്. പാട്ടൻ സ്വർണ ക്കടയിലെത്തി മാല ആവശ്യപ്പെട്ടു. 10 പവൻ വരുന്ന മാല കാണിച്ചു കൊടുത്ത് വില പറഞ്ഞപ്പോൾ തലയിൽ കെട്ടിയ മുണ്ട് അഴിച്ച് നോട്ടുകൾ എണ്ണിയെടുക്കാൻ വ്യാപാരിയോട് ആവശ്യപ്പെടുകയായിരുന്നു. കാട്ടിലെ ഏലം, കുരുമുളക് കൃഷികൾ അനധികൃതമാണെന്ന് കാട്ടി വനംവകുപ്പ് ഇവ നശിപ്പിച്ചതോടെ പാട്ടന്‍റെ പ്രധാന വരുമാന മാർഗം നിലച്ചു. കച്ചവട സ്ഥാപനവും നഷ്ടമായി.
ഭാര്യ: കുളന്തായി. മക്കൾ: മഞ്ചണൻ ഉടയാർ, കൊളന്തായി മഞ്ചണൻ, നാഗരാജ് മഞ്ചണൻ, ആനന്ദൻ മഞ്ചണൻ, ശോഭ ഷൺമുഖം, മനോജ് മഞ്ചണൻ.