അദൃശ്യനായി അനുഗ്രഹം ചൊരിയുന്ന മന്നം

കേരളത്തിലെ ഒരു ജനനേതാവിനും ലഭിച്ചിട്ടില്ലാത്ത - ഇന്ത്യയിലെതന്നെ ചുരുക്കം ചില മഹാന്മാർക്കു മാത്രം അപൂർവം ലഭിച്ചിട്ടുള്ള - ആദരാഞ്ജലികളാണ് മന്നത്തിന് ലഭിച്ചത്. ആ ചിതയൊരുക്കിയ സ്ഥലത്താണ് ഇന്ന് മന്നം സമാധി
mannam jayanthi special story
മന്നത്തുപത്മനാഭൻ
Updated on

ജി. സുകുമാരൻ നായർ,ജനറൽ സെക്രട്ടറി

''അഭിവന്ദ്യ സമുദായാചാര്യൻ ശ്രീ മന്നത്തുപത്മനാഭൻ 1970 ഫെബ്രുവരി 25-ന് ബുധനാഴ്ച രാവിലെ 11.45-ന് ഇഹലോകവാസം വെടിഞ്ഞ വിവരം അതീവ വ്യസനപൂർവം ബഹുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. നായർ സർവീസ് സൊസൈറ്റിയുടെ വിവിധ പ്രവർത്തകർ, അംഗങ്ങൾ, കരയോഗപ്രവർത്തകർ, യൂണിയൻ പ്രവർത്തകർ, സമുദായാചാര്യന്‍റെ സഹപ്രവർത്തകർ, ആരാധകർ എന്നിങ്ങനെ ആയിരക്കണക്കായ എല്ലാ മഹത്തുക്കളേയും ഈ വ്യസനവാർത്ത കത്തുകളും കമ്പികളുംമൂലം ഉടനടി അറിയിക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് ഈ അറിയിപ്പ് പ്രസിദ്ധീകരിക്കുന്നത്.

പുണ്യശ്ലോകനായ ശ്രീ മന്നത്തുപത്മനാഭന്‍റെ ഭൗതികശരീരം 27-ന് വെള്ളിയാഴ്ച നാലുമണിക്ക് എൻഎസ്എസ് ഹെഡ്ക്വാർട്ടേഴ്‌സ് മൈതാനത്ത് സംസ്‌കരിക്കുന്നതാണ്. മൃതശരീരത്തിൽ കോടിവസ്ത്രങ്ങൾ ഇടുന്ന ആചാരത്തിനു പകരമായി ചിതയിൽ ചന്ദനമുട്ടികൾ അർപ്പിക്കുന്നതായിരിക്കും കൂടുതൽ അഭിലഷണീയമായിട്ടുള്ളതെന്നും അറിയിച്ചുകൊള്ളട്ടെ.'' - ഇത് ശ്രീ മന്നത്തുപത്മനാഭന്‍റെ നിര്യാണത്തോടനുബന്ധിച്ച് പത്രമാധ്യമങ്ങളിലൂടെ വന്ന ചരമവാർത്തയാണ്. ഈ ചരമഅറിയിപ്പ് പുറത്തുവന്നതോടുകൂടി നാടാകെ ദുഃഖംകൊണ്ട് സ്തംഭനാവസ്ഥയിലായി.

രാഷ്ട്രപതി വി.വി. ഗിരി, പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, ആഭ്യന്തരമന്ത്രി ചവാൻ, കോൺഗ്രസ് പ്രസിഡന്‍റ് നിജലിംഗപ്പ എന്നിവർ അനുശോചനസന്ദേശം എത്തിച്ചു. കേരളത്തിന്‍റെ സാമൂഹികനവോത്ഥാനത്തിനും രാഷ്ട്രീയപുരോഗതിക്കും കാര്യമായ സംഭാവനകൾ നല്കിയിട്ടുള്ള മന്നത്തു പത്മനാഭന്‍റെ നിര്യാണവാർത്ത തന്നെ ദുഃഖത്തിലാഴ്ത്തിയെന്ന് രാഷ്ട്രപതി വി.വി. ഗിരി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ഒരു സാമൂഹികപരിഷ്‌കർത്താവ് എന്ന നിലയിൽ മന്നത്തു പത്മനാഭൻ തന്‍റെ ദൈർഘ്യമേറിയ ജീവിതം അനീതിക്കും വിവേചനത്തിനും എതിരെ പോരാടുന്നതിനും വിദ്യാഭ്യാസപുരോഗതിയും സമത്വവും കൈവരുത്തുന്നതിനും വേണ്ടി ചെലവഴിച്ചു എന്ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രസ്താവിച്ചു.

കേരളത്തിലെ സാമൂഹികവും സാമ്പത്തികവുമായ അനീതികൾക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത മന്നത്തു പത്മനാഭന്‍റെ നാമധേയം ഭാവിതലമുറ വിസ്മരിക്കില്ല എന്ന് കേന്ദ്രആഭ്യന്തരമന്ത്രി ചവാൻ പറഞ്ഞു. കേരളരാഷ്ട്രീയത്തിലെ ഒരു മഹാശക്തിയായിരുന്നു മന്നത്തുപത്മനാഭൻ.

അദ്ദേഹത്തോട് പല കാര്യങ്ങളിലും യോജിക്കാൻ സാധിക്കാത്തവർപോലും ഈ സത്യം നിഷേധിക്കുകയില്ല. ഇന്നാട്ടിലെ സാമൂഹികപരിഷ്‌കരണപ്രസ്ഥാനത്തിൽ അവിസ്മരണീയമായ അദ്ധ്യായം എഴുതിച്ചേർത്ത മഹാനാണ് അദ്ദേഹം എന്ന് മുഖ്യമന്ത്രി സി. അച്യുതമേനോൻ അനുസ്മരിച്ചു.കൂടാതെ, കേരളത്തിലെ മത-സാമുദായികപ്രമുഖരും സാമൂഹിക-രാഷ്ട്രീയനേതാക്കളും ഭരണകർത്താക്കളും ആ മഹാനുഭാവനെ ഒരുനോക്കു കാണാൻ എത്തി, ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ജനസഹസ്രങ്ങൾ പെരുന്നയിലേക്ക് ഒരു പ്രവാഹമെന്നപോലെ ഒഴുകിവന്നുകൊണ്ടേയിരുന്നു. പിറ്റേന്ന് വൈകിട്ട് എൻ.എസ്.എസ്.ഹെഡ്ക്വാർട്ടേസ് മൈതാനത്ത് പ്രത്യേകം കെട്ടിയുയർത്തിയ വേദിയിൽ ചന്ദനമുട്ടികൾ, രാമച്ചം, സാമ്പ്രാണി, കർപ്പൂരം, കുന്തിരിക്കം, നെയ്യ് എന്നിവ ഉപയോഗിച്ചാണ് ചിത ഒരുക്കിയിരുന്നത്.

സാമൂഹ്യാചാരങ്ങളിൽ ചിലതെല്ലാം ഉല്ലംഘിച്ച ക്രമപരിപാടികളാണ് സംസ്‌കാരച്ചടങ്ങിന് ഉണ്ടായിരുത്. മന്നം ജീവിച്ചിരുന്ന കാലത്ത് അഭിപ്രായപ്പെട്ടിരുന്ന ചടങ്ങുകളാണ് അവിടെ സ്വീകരിച്ചത്. കേരളത്തിലെ ഒരു ജനനേതാവിനും ലഭിച്ചിട്ടില്ലാത്ത - ഇന്ത്യയിലെതന്നെ ചുരുക്കം ചില മഹാന്മാർക്കു മാത്രം അപൂർവം ലഭിച്ചിട്ടുള്ള - ആദരാഞ്ജലികളാണ് മന്നത്തിന് ലഭിച്ചത്. ആ ചിതയൊരുക്കിയ സ്ഥലത്താണ് ഇന്ന് മന്നം സമാധിമണ്ഡപവും സമുച്ചയവും സ്ഥിതിചെയ്യുന്നത്.

അതിനെ നായർ സർവീസ് സൊസൈറ്റി ക്ഷേത്രതുല്യം പരിപാലിക്കുന്നു. അദ്ദേഹത്തെ ആരാധിക്കാനും പുഷ്പം അർപ്പിക്കുവാനും നിത്യേന ജനങ്ങൾ അവിടെ എത്താറുണ്ട്. എൻ.എസ്.എസിന്‍റെ ഏതു തീരുമാനത്തിനും തുടക്കം കുറിക്കുന്നത് അവിടെനിന്നാണ്. അദൃശ്യനായി നിന്നുകൊണ്ട് ഇന്നും അദ്ദേഹം നമുക്ക് അനുഗ്രഹം ചൊരിയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com