സ്മരണകളുടെ യവനിക വീഴാതെ...

സിരകളില്‍ നാടകത്തിന്‍റെ ലഹരി നിറഞ്ഞു നില്‍ക്കുന്നു. നാടകം വിളിക്കുന്നു. തിരിച്ചു പോരാതിരിക്കുന്നതെങ്ങനെ
മരട് ജോസഫ്
മരട് ജോസഫ്

#അനൂപ് കെ. മോഹൻ

അരനൂറ്റാണ്ടിലധികം നീണ്ട അഭിനയജീവിതത്തിന്‍റെ യവനിക വീഴുന്നു. മൂന്നു ബെല്ലുകൾക്കപ്പുറം നാടകമെന്ന ആവേശമില്ല. ജീവിതത്തിന്‍റെ സ്പോട്ട്‌ലൈറ്റിൽ നിന്നും ആ മുഖം മായുന്നു, മരട് ജോസഫ്. തൊണ്ണൂറ്റിനാലാം വയസിൽ മരട് ജോസഫ് ജീവിതത്തിന്‍റെ അരങ്ങൊഴിയുമ്പോൾ നിരവധി ഭൂതകാലനാടകരാവുകൾ സ്മരണകളുടെ യവനിക ഉയർത്തി തന്നെ നിൽക്കുന്നുണ്ട്.

മരടിലെ മാലാഖ

മരട് അഞ്ചുതൈക്കല്‍ സേവ്യറിന്‍റേയും ഏലീശ്വയുടേയും മകനു പാട്ടിലായിരുന്നു കമ്പം. വീടിനടുത്തെ ഇംപീരിയല്‍ ടാക്കീസില്‍ മുഴങ്ങിയ പഴയകാല തമിഴ്പാട്ടുകള്‍ ആവേശമായി. സെന്‍റ് മേരീസ് സ്കൂളില്‍ പഠിക്കുന്ന കാലത്താണ് അരങ്ങിലെത്തുന്നത്. സ്കൂളില്‍ മെത്രാന്‍ വരുന്ന ചടങ്ങ്. വിശിഷ്ടവ്യക്തികള്‍ വരുമ്പോള്‍ കുട്ടികളെ എന്തെങ്കിലുമൊക്കെ വേഷം കെട്ടിക്കുന്ന പതിവുണ്ടായിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ അമ്മയുടെ വീട്ടില്‍ നിന്നു ലഭിച്ച വെള്ള വെല്‍വെറ്റ് തുണിയൊക്കെ സ്വന്തമായി ഉള്ളതിനാല്‍ ജോസഫിനു കിട്ടിയതു മാലാഖയുടെ വേഷം. മെത്രാന്‍ വേദിയിലെത്തുമ്പോള്‍ മുകളില്‍ നിന്നു മാലാഖ പറന്നിറങ്ങി മംഗളപത്രം സമര്‍പ്പിക്കും. മരടിലെ മാലാഖ ചരടില്‍ താഴേക്കു പതുക്കെ പറന്നിറങ്ങിത്തുടങ്ങി. താഴെയെത്തുമ്പോള്‍ പടക്കം പൊട്ടുമെന്ന കാര്യം മാത്രം മാലാഖയോട് ആരും പറഞ്ഞിരുന്നില്ല. റിഹേഴ്സല്‍ സമയത്ത് അതൊട്ട് ഉണ്ടായിരുന്നുമില്ല. നല്ല ശബ്ദത്തില്‍ പടക്കം പൊട്ടി. മാലാഖ നടുങ്ങി. തൂങ്ങിയിറങ്ങിയ കയറൊക്കെ പിരിഞ്ഞു വല്ലാത്ത അവസ്ഥ. എങ്ങനെയൊക്കയോ മെത്രാനു മംഗളപത്രം സമര്‍പ്പിച്ച് ആദ്യ അരങ്ങ് വിജയകരമാക്കി. പിന്നെ ഒരുപാട് സ്കൂള്‍ നാടകങ്ങള്‍.

നാടകം വിട്ടു, നാടും വിട്ടു

നാടകം ഭ്രമമായി വളരുകയായിരുന്നു ജോസഫിന്‍റെ മനസില്‍. അക്കാലത്താണ് ആലപ്പി ചന്ദ്രമോഹന്‍ എഴുതിയ പിന്‍ഗാമി എന്ന നാടകത്തിന്‍റെ സ്ക്രിപ്റ്റ് കിട്ടി. കൂട്ടുകാരനായ മാനുവല്‍ അതു നാടകമാക്കാമെന്ന നിര്‍ദ്ദേശം വച്ചു. പാട്ടുപാടാന്‍ അറിയാവുന്നതു കൊണ്ടു നായകന്‍ ജോസഫ് തന്നെ. മരട് കാളാത്തറ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നാടകം അരങ്ങേറി. എല്ലാം കഴിഞ്ഞപ്പോള്‍ പക്കമേളക്കാര്‍ക്കും കസേര, കര്‍ട്ടന്‍ എന്നിവയുടെ വാടകയിനത്തിലും പണം കൊടുക്കണം. കഴുത്തില്‍ക്കിടന്ന മാല വിറ്റു കാശു കൊടുത്തു. ശേഷം നാടുവിടല്‍. സുല്‍ത്താന്‍ ബത്തേരിയിലെ പാമ്പ്ര എസ്റ്റേറ്റിലേക്ക്. അവിടെ മാനുവലിന്‍റെ ചേട്ടന്‍റെയൊപ്പം. ഒരു കടയില്‍ സഹായിയായി. പക്ഷേ സിരകളില്‍ നാടകത്തിന്‍റെ ലഹരി നിറഞ്ഞു നില്‍ക്കുന്നു. നാടകം വിളിക്കുന്നു. തിരിച്ചു പോരാതിരിക്കുന്നതെങ്ങനെ.

ആത്മസഖിയാവുന്നു

തേവര കോളെജില്‍ പി. ജെ ആന്‍റണിയുടെ നാടകം കാണാന്‍ പോയി. ഒരു പ്രസിദ്ധ ഹിന്ദിപാട്ടിന്‍റെ അതേ ഈണത്തിലൊരു ഗാനം ഉണ്ടായിരുന്നു നാടകത്തില്‍. പാടിയപ്പോള്‍ ഒരു വരിയിലെ ഈണവ്യത്യാസം ജോസഫിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നാടകം കഴിഞ്ഞപ്പോള്‍ ഗ്രീന്‍ റൂമിലെത്തി അത് അറിയിച്ചപ്പോള്‍ ശരിയായി പാടിക്കേള്‍ക്കട്ടേ എന്നായി ആന്‍റണി. ജോസഫ് പാടി. ആന്‍റണിക്കു ബോധിച്ചു. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അന്വേഷിച്ച് ആളെത്തി. പച്ചാളത്തു നാടകം. പാട്ട് പാടണം. ഹാര്‍മോണിയവും ഉണ്ടാകും. സ്ഥലത്തെത്തി, പാട്ടു പാടി. ആത്മസഖീ... എന്നു തുടങ്ങുന്ന പാട്ടിനു നല്ല കൈയടി കിട്ടി. ഇന്നു മുതല്‍ നിന്‍റെ പേര് ആത്മസഖീ എന്നായിരിക്കുമെന്നു പ്രഖ്യാപിച്ചു ആന്‍റണി. അങ്ങനെ ജീവിതത്തിലെ ആദ്യത്തെ പേരുമാറ്റം. എ. എക്സ് ജോസഫ് ആത്മസഖിയായി.

എംജി റോഡില്‍ വയര്‍ലെസ് ടെലഗ്രാഫി പഠിക്കാനെത്തിയത് ഇക്കാലത്താണ്. രണ്ടു മണിക്കൂര്‍ പഠനത്തിനുശേഷം മേനക ടാക്കീസിലെത്തി സിനിമ കാണും. കച്ചേരിപ്പടിയിലെ ടാന്‍സന്‍ ആര്‍ട്സ് ക്ലബ്ബിലും സ്ഥിരം സന്ദര്‍ശകന്‍. കൊച്ചിയിലെ കലാകാരന്മാരുടെ താവളമായിരുന്നു ടാന്‍സന്‍ ആര്‍ട്സ് ക്ലബ്ബ്. ആയിടയ്ക്കു ചെറായി. ജി എഴുതിയ വഴിത്താര എന്ന നാടകത്തിലും അഭിനയിച്ചതോടെ പേര് ഒന്നു കൂടി മാറി. മരട് ജോസഫ് എന്നാക്കിയതു ചെറായി. ജി.

അതിനിടയില്‍ പി. ജെ. ആന്‍റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബ്ബിലെത്തി. അവിടുത്തെ സ്ഥിരം അംഗമായി. ഇന്‍ക്വിലാബിന്‍റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റെക്കോഡ് ചെയ്തു. ഒഎന്‍വിയുടെ വരിയില്‍ ദേവരാജന്‍റെ സംഗീതം

കൂരകള്‍ക്കുള്ളില്‍ തുടിക്കും

ജീവനാളം കരിന്തിരി കത്തി

നീറിപ്പുകയും കരളില്‍ നിന്നു

നീളെ പുകച്ചുരുള്‍ പൊങ്ങി...

ഒപ്പം വെണ്ണിലാവേ വെണ്ണിലാവേ, പാതിരാവിന്‍ പനിനീരേ എന്നൊരു പാട്ടു കൂടി പാടി റെക്കോഡ് ചെയ്തു. അഭിനയം പ്രഗത്ഭര്‍ക്കൊപ്പമായിരുന്നു. ശങ്കരാടി, മണവാളന്‍ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പന്‍, എഡ്ഡി മാസ്റ്റര്‍.

നാടകം തുടരുന്നു, ജീവിതവും

തുടര്‍ച്ചയായി നാടകമില്ല. ജീവിക്കാന്‍ മറ്റു വഴി തേടിയ കാലം. അരങ്ങില്ലെങ്കില്‍ വീടു പണിക്കുള്ള കമ്പി വളയ്ക്കാന്‍ പോകുമായിരുന്നു ജോസഫ്. ഒരിക്കല്‍ കോട്ടയം ജില്ലാ കോടതിയില്‍ താഴികക്കുടം വാര്‍ക്കുന്ന ജോലിക്കിടയില്‍ പൊന്‍കുന്നം വര്‍ക്കി കാണാന്‍ വന്നു. പക്ഷേ മുഖം കൊടുത്തില്ല. ഞാന്‍ വന്നേക്കാം എന്നു പറഞ്ഞ് ആളിനെ വിട്ടു. പൊരിവെയിലത്തു നിന്നു വിയര്‍ത്തൊലിച്ചു അദ്ദേഹത്തിന്‍റെ മുന്നില്‍ ചെല്ലാന്‍ താത്പര്യമില്ലാത്തതു കൊണ്ടായിരുന്നു. വൈകിട്ട് മെട്രോ ലോഡ്ജില്‍ ചെന്നു. ദിവസങ്ങളോളം വെയിലത്ത്. കഠിനമായ ജോലി. മരട് ജോസഫിനെ കണ്ടപ്പോള്‍ ഇതല്ല മരട് ജോസഫ് എന്നായി പൊന്‍കുന്നം വര്‍ക്കി. കൂരകള്‍ക്കുള്ളില്‍ തുടിക്കും എന്ന പാട്ടു പാടാന്‍ പറഞ്ഞു. അതു പാടിയപ്പോഴാണ് ഇതു ജോസഫ് തന്നെ എന്നു വര്‍ക്കി ഉറപ്പു വരുത്തിയത്.

നാളെ മുതല്‍ പണിക്കു പോകണ്ട നാടകത്തില്‍ വേണം, വര്‍ക്കി ആജ്ഞാപിക്കുകയായിരുന്നു. അങ്ങനെ അദ്ദേഹത്തിന്‍റെ കേരള തിയെറ്റേഴ്സില്‍. നാടകം സ്വര്‍ഗം നാണിക്കുന്നു. പിന്നീടു നിരവധി ട്രൂപ്പുകള്‍. കൊച്ചിന്‍ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയെറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയെറ്റേഴ്സ്, ആലപ്പി തിയെറ്റേഴ്സ്. എന്‍. എന്‍ പിള്ളയുടെ പ്രേതലോകം, വൈന്‍ഗ്ലാസ്, വിഷമവൃത്തം, കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍ തുടങ്ങിയ നാടകങ്ങളിലും കെ. ടി മുഹമ്മദിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു. എന്‍. ഗോവിന്ദന്‍കുട്ടി, സെയ്ത്താന്‍ ജോസഫ്, നോബര്‍ട്ട് പാവന....മരട് ജോസഫ് ജീവന്‍ നല്‍കിയ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളില്‍ മലയാളത്തിലെ പ്രശസ്തരായ എത്രയോ നാടകകൃത്തുക്കള്‍. എം. ടി വാസുദേവന്‍ നായരുടെ ഒരേയൊരു നാടകം ഗോപുരനടയില്‍ അരങ്ങിലെത്തിയപ്പോള്‍ അതിലെ കഥാപാത്രത്തിനു ജീവന്‍ നല്‍കാനും ഭാഗ്യമുണ്ടായി.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

സെയ്ത്താന്‍ ജോസഫിന്‍റെ മലനാടിന്‍റെ മക്കളില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണു സംവിധായകന്‍ ഫാസിലും ജിജോയും വന്നു നാടകം കാണുന്നതും, സിനിമയിലേക്കു ക്ഷണിക്കുന്നതും. ആ ചിത്രത്തിൽ അഭിനയിച്ചു. നടന്‍ പ്രതാപചന്ദ്രന്‍റെ കാര്യസ്ഥന്‍റെ വേഷമായിരുന്നു ജോസഫിന്. അഭ്രപാളിയിലെ ആദ്യ അഭിനയത്തിന്‍റെ കുളിരുള്ള നാളുകള്‍ കഴിഞ്ഞു. ജോസഫ് നാടകവേദിയിലെ താരമായി അഭിനയജീവിതം തുടരുകയും ചെയ്തു. അന്ന് ആ ചിത്രത്തില്‍ അഭിനയിച്ചവരില്‍ പലരും വെള്ളിത്തിരയിലെ നിറസാന്നിധ്യങ്ങളായി.

വർഷങ്ങൾക്ക് ശേഷം ഒരു ദിവസം

വഴിയരികിലൂടെ നടന്നു പോകുകയായിരുന്നു മരട് ജോസഫ്. ഒരു വാഹനം പെട്ടെന്നു ബ്രേക്കിട്ടു നിര്‍ത്തി. പുറകിലത്തെ ഡോര്‍ തുറന്ന് വാഹനത്തിന്‍റെ ഉള്ളിലേക്കു ജോസഫിനെ വലിച്ചു കയറ്റി, യാത്ര തുടര്‍ന്നു. ഒരു തട്ടിക്കൊണ്ടു പോകല്‍ രംഗത്തിന്‍റെ എല്ലാ ഛായയും ഉണ്ടായിരുന്നെങ്കിലും, അതൊരു സൗഹൃദം പുതുക്കലായിരുന്നു. സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാളെ വഴിയരികില്‍ കണ്ടതിന്‍റെ സന്തോഷം പങ്കുവയ്ക്കലായിരുന്നു. ജോസഫിനൊപ്പം സിനിമയില്‍ അരങ്ങേറ്റം കുറിച്ചയാളായിരുന്നു ആ വാഹനത്തില്‍. തൃപ്പൂണിത്തുറ മുതല്‍ വൈക്കം വരെ സംസാരിച്ചു.

വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയതും സൗഹൃദം പങ്കുവച്ചതും അന്ന് അഭിനയിച്ച സിനിമയിലെ ഒരു പുതുമുഖവില്ലനാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ..

ഒരു ചെറിയ വാനിന്‍റെ അകത്തളത്തില്‍, മനസില്‍ നാടകവും അരങ്ങു നിറച്ചു പാഞ്ഞ ഭൂതകാലം എന്നും ആവേശം കൊള്ളിച്ചിരുന്നു ജോസഫിനെ. തഴപ്പായ കെട്ടിത്തിരിച്ച വേദിയുടെ സമീപത്തു നിന്ന്, അങ്ങകലെ വലിയ ബോര്‍ഡിലെ അക്ഷരങ്ങളുമായി നാടകവണ്ടി എത്തുന്നതു നോക്കിനിന്ന തലമുറയ്ക്കറിയാം, മലയാള നാടകരംഗത്തു മരട് ജോസഫിന്‍റെ സ്ഥാനം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com