മാർക്വിസ്..., നമ്മൾ ഓഗസ്റ്റിൽ വീണ്ടും കണ്ടുമുട്ടും...

ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്‍റെ മാജിക് റിയലിസം അവസാനിക്കുന്നില്ല. ലാറ്റിനമേരിക്കയെ ആഗോള ആസ്വാദകവൃന്ദത്തിന്‍റെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച എഴുത്തുകാരന്‍റെ വെളിച്ചം കാണാത്ത കൃതി മരണാനന്തരം പ്രസിദ്ധീകരണത്തിന്.
മാർക്വിസ്..., നമ്മൾ ഓഗസ്റ്റിൽ വീണ്ടും കണ്ടുമുട്ടും...
Updated on

ന്യൂയോർക്ക്: മലയാളികളായ സാഹിത്യ ആസ്വാദകർക്ക് ഖസാക്കിന്‍റെ ഇതിഹാസമോ രണ്ടാമൂഴമോ മയ്യഴിപ്പുഴയുടെ തീരങ്ങളോ ഒക്കെപ്പോലെ പ്രിയങ്കരമാണ് ഏകാന്തതയുടെ നൂറു വർഷങ്ങളും കോളറാകാലത്തെ പ്രണവുമൊക്കെ. ഒ.വി. വിജയനും എം. മുകുന്ദനും എം.ടി. വാസുദേവൻ നായർക്കുമെല്ലാമൊപ്പം കൊളംബിയക്കാരനായ ഗബ്രിയേൽ ഗാർഷ്യ മാർക്വിസിനെ കാണുന്നവർ ഏറെ.

ഏകാന്തതയുടെ നൂറു വർഷമോ കോളറാ കാലത്തെ പ്രണയമോ മാർക്വിസിന്‍റെ ക്ലാസിക് മാസ്റ്റർപീസ് എന്ന തർക്കമൊക്കെ പിന്നിലവഗണിച്ച് അദ്ദേഹം ലോകത്തോടു വിടപറഞ്ഞിട്ട് വർഷം ഒമ്പത് പിന്നിട്ടിരിക്കുന്നു. എങ്കിൽ ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ ഒരു നോവൽ കൂടി പുറത്തിറങ്ങാൻ പോകുന്നു.

എൻ അഗോസ്റ്റോ നോസ് വെമോസ് (നമ്മൾ ഓഗസ്റ്റിൽ കണ്ടുമുട്ടും) എന്നാണ് അടുത്ത വർഷം പ്രസിദ്ധീകരിക്കുന്ന നോവലിന്‍റെ പേര്. മാർക്വിസിന്‍റെ മരണശേഷം യുഎസിലെ ടെക്സസ് സർവകലാശാല സൂക്ഷിച്ചു വച്ചിരുന്ന അദ്ദേഹത്തിന്‍റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നതാണ് ഇനിയും വെളിച്ചം കാണാത്ത ഈ നോവൽ. പ്രസിദ്ധീകരിച്ച കൃതികളും ടൈപ്പ് റൈറ്ററുകളും പോലുള്ള വസ്തുക്കൾക്കിടയിൽ നിന്ന് പ്രസിദ്ധീകരിക്കാത്ത ഈ നോവലിന്‍റെ കൈയെഴുത്തു പ്രതി കണ്ടെടുത്തത് പട്രീഷ്യ ലാറ സാലിവ് എന്ന മാധ്യമ പ്രവർത്തകയാണ്.

വിവരം അന്നു തന്നെ മാർക്വിസിന്‍റെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാൽ, മരണശേഷം അദ്ദേഹത്തിന്‍റെ ഒരു കൃതി വിൽപ്പനച്ചരക്കാക്കാനുള്ള താത്പര്യക്കുറവാണ് കുടുംബം അന്നു പ്രകടിപ്പിച്ചത്. പക്ഷേ, അനുവാചകർക്ക് മാർക്വിസിന്‍റെ ഒരു കൃതി കൂടി ആസ്വദിക്കുന്നതു നിഷേധിക്കാൻ പാടില്ലെന്ന ചിന്തയിൽ കുടുംബം തീരുമാനം മാറ്റുകയായിരുന്നു.

ഇതോടെ, പ്രസിദ്ധീകരണാവകാശം പെൻഗ്വിൻ റാൻഡം ഹൗസ് ഏറ്റെടുത്തു. അടുത്ത വർഷം പുസ്തകം വായനക്കാരുടെ കൈകളിലെത്തും.

ബൃഹത്തായ മാർക്വിസ് ക്ലാസിക്കുകളിൽ നിന്നു വ്യത്യസ്തമായി150 പേജ് മാത്രം ചെറുനോവലാണിതെന്ന് സൂചന. അമ്മയുടെ കല്ലറയിൽ പുഷ്പങ്ങളർപ്പിക്കാൻ ഉഷ്ണമേഖലാ പ്രദേശത്തെ ഒരു ദ്വീപിലെത്തുന്ന സ്ത്രീയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സ്പാനിഷ് ഭാഷയിലാണ് പുസ്തകം ആദ്യമെത്തുക. പതിവുപോലെ പിന്നാലെ ഇംഗ്ലീഷ് പരിഭാഷയും പ്രതീക്ഷിക്കുന്നു.

യഥാർഥത്തിൽ മാർക്വിസിന്‍റേതായി 1999ൽ പുറത്തുവന്ന ഒരു ചെറുകഥയുടെ വിപുലമായ രൂപമാണ് ഈ നോവൽ എന്നാണ് ലഭ്യമായ വിവരം. അന മഗ്ദലീന ബാക് എന്ന മധ്യവയസ്കയാണ് ഈ ചെറുകഥയിലെ നായിക. ഇതേ അനയാണ് ഓഗസ്റ്റിൽ കണ്ടുമുട്ടാൻ പോകുന്ന നോവൽ നായികയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com