
പണ്ട്, വിശ്രുതനായ ഒരു എഴുത്തുകാരൻ ഒരു യുവതിയെ പ്രേമിച്ച് കല്യാണം കഴിക്കാൻ തീരുമാനിച്ചു. ആദ്യ ഭാര്യ ജീവിച്ചിരിക്കുമ്പോൾ തന്നെ അദ്ദേഹം നടത്തുന്ന രണ്ടാം വിവാഹമായിരുന്നു ഇത്. ഈ ധീരകൃത്യത്തിന് ഒരുമ്പെടുമ്പോൾ മൂപ്പർക്ക് 54 വയസായിരുന്നു. വരനും വധുവും തമ്മിൽ മുപ്പത്താറു വയസിന്‍റെ വ്യത്യാസം മാത്രം!
കല്യാണം ഭംഗിയായി നടന്നു. പക്ഷെ, ഈ സംഭവം ചെറിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ശത്രുക്കളുടെ പലവിധത്തിലുള്ള ചരടുവലികൾ മൂലം നമ്മുടെ എഴുത്തുകാരന് ജോലി വിടേണ്ടിവന്നു. നാട്ടിലെ മിക്ക എഴുത്തുകാരും കലാകാരന്മാരും സുഹൃത്തുക്കളും ധൈര്യം പകർന്ന് അദ്ദേഹത്തിന്‍റെ കൂടെ ഉറച്ചുനിന്നതിനാൽ അന്തരീക്ഷം മെല്ലെ ശാന്തമായി. നവദമ്പതികൾ പുതിയ ജീവിതം തുടങ്ങി. നാട്ടുകാർ അവരുടെ പാടുനോക്കിപ്പോയി. ആലുവാപ്പുഴ പിന്നെയുമൊഴുകി.
അന്നങ്ങനെ, ഇന്നിങ്ങനെ!
അക്കാലത്ത് ടിവി ചാനലുകളും സോഷ്യൽ മീഡിയയുമൊന്നും ഇല്ലാതിരുന്നത് ഭാഗ്യം! അല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു എഴുത്തുകാരന്‍റെയും ഭാര്യയുടെയും അവസ്ഥ! അപവാദവും അസൂയയും പരദൂഷണ ഭാഷണങ്ങളും ടെലികാസ്റ്റ് ചെയ്യുന്നതിൽ മത്സരിക്കുന്ന ന്യൂസ് ചാനലുകളും യൂട്യൂബിലെ മത്തുപിടിച്ച ആങ്കർമാരുമൊക്കെച്ചേർന്ന് ഈരേഴു പതിനാലു ലോകങ്ങളിലും എത്രമാത്രം വിഷം പരത്തുമായിരുന്നു! എത്രമാത്രം അസഭ്യങ്ങൾ മികച്ച കമന്‍റുകളായി അവതരിക്കുമായിരുന്നു!
എന്തായിലും അക്കാലത്തെ മലയാളി സമൂഹം ഇന്നത്തേതു പോലെ അത്ര പുരോഗമിച്ചിരുന്നില്ല. നവോത്ഥാനപ്പെരുമ്പാമ്പും സാക്ഷരതാ സർപ്പവും നമ്മളെ നിഷ്ഠൂരം കൊത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ അന്നത്തെ എഴുത്തുകാരനും നവഭാര്യയ്ക്കും കാര്യമായി പരുക്കേറ്റതുമില്ല. അവർ സസുഖം ജീവിതം ആലോഷിച്ചു.
തലനരച്ച വരനും നരയ്ക്കാത്ത വധുവും
ഇപ്പോഴത്തെ അവസ്ഥ അതൊന്നുമല്ല. അഹങ്കാരവും അജ്ഞതയും അസഹിഷ്ണുതയും ആഭരണങ്ങളാക്കി മേനിനടിക്കുന്ന മികച്ച തലമുറയാണ് ഇവിടെ വളർന്നു പന്തലിച്ചു പൂതലിച്ചു വരുന്നത്. ചില വിശേഷാവസരങ്ങളിൽ അവരുടെ മനോഗുണവും തമോഗുണവും സൈബറിടങ്ങളിലെ മായക്കണ്ണാടികളിൽ തെളിഞ്ഞു കാണുന്നുണ്ട്. ടെലിവിഷൻ താരങ്ങളായ രണ്ടു പേർ വിവാഹിതരായപ്പോൾ അടുത്തയിടെയുണ്ടായ പുകിലുകൾ തന്നെ ഉദാഹരണം. ഈ വിവാഹത്തിനു പിന്നാലെ ദമ്പതികൾക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണം ഹമ്മോ!, പെറ്റതള്ള സഹിക്കുമോ എന്നു സംശയം!
ബന്ധുക്കളെല്ലാം ചേർന്നു നടത്തിയ ഈ വിവാഹച്ചടങ്ങ് വൈറലായപ്പോൾ പലർക്കും ഹാലിളകാൻ കാരണം വരന്‍റെ നരച്ച താടിയും മുടിയുമാണെന്നു ഡിഎൻഎ വിദ്വാന്മാർ ചൂണ്ടിക്കാട്ടുന്നു. മധ്യവയസു മാത്രമുള്ള വരൻ നമ്മുടെ സൂപ്പർ സ്റ്റാറുകളെപ്പോലെ തലയിലും താടിയിലും കറുത്ത ഭസ്മക്കുഴമ്പ് പൂശിയില്ല എന്നതാണ് സൈബർ പോരാളികളുടെ തെറ്റിദ്ധാരണയ്ക്ക് ഹേതു. ദേഹമാസകലം കറുത്ത ചായം വാരിത്തേച്ച ഒരു എഴുപതുകാരനായ തിരുമാലിയായിരുന്നു കല്യാണച്ചെക്കൻ എന്നു കരുതുക - അപ്പോൾ കമന്‍റുകൾ മറ്റൊരു വിധത്തിലാകുമായിരുന്നു.
പരമ്പരാഗത രീതിയിൽ സംഘടിപ്പിച്ച ഒരു വിവാഹച്ചടങ്ങിനെക്കുറിച്ച് വഷളത്തം പറഞ്ഞ് വധൂവരന്മാരെ കൊന്നു കൊലവിളിക്കുന്ന ഈ നിഷാദവർഗ പ്രബുദ്ധരിലെ ചിലർ സനാതന ധർമത്തെയും വെറുതെ വിടുന്നില്ല! നിഷ്‌കരുണമായ ധർമ വിചാരണയ്ക്കു ശേഷം അവർ അശ്ലീല സാഹിത്യസദ്യയും പലവട്ടം നടത്തുകയാണ്! ഈ സദ്യയാണ് നവോത്ഥാന പന്തിഭോജനം! സ്ത്രീപുരുഷബന്ധം, വിവാഹം, ലംൈഗികത, കുടുബം, മാനവികത എന്നിവയെക്കുറിച്ചൊക്കെ ഘോരവും ബുദ്ധിപരവുമായ ദുർവിചാരങ്ങൾ കാത്തുസൂക്ഷിക്കുന്ന മേൽപ്പറഞ്ഞ ധീരന്മാർ സദ്യമാത്രമല്ല, എതിരാളികളുടെ (ഇരകളുടെ) പതിനാറടിയന്തിരവും ആഘോഷിക്കാൻ സുസജ്ജരും ശക്തരുമാണെന്ന് പറയേണ്ടതില്ലല്ലോ.
ശരീരങ്ങളുടെ ശലഭോത്സവം
സത്യൻ, ശാരദ, അടൂര്‍ ഭാസി, ജയഭാരതി മുതലായവരഭിനയിച്ച "കളിയല്ല കല്യാണം' എന്ന ചലച്ചിത്രം അരനൂറ്റാണ്ടിനു മുമ്പാണ് പുറത്തിറങ്ങിയത്. കല്യാണം വെറും കുട്ടിക്കളിയല്ലെന്ന പഴഞ്ചൊല്ലിൽ നിന്ന് ഈ സിനിമാപ്പേര് കണ്ടെത്തുകയായിരുന്നു.
പ്രേമവും വിവാഹവും ലംൈഗികതയുമൊക്കെ ആത്മസാക്ഷാത്കാരത്തിന്‍റെ ഭാഗമായാണ് നമ്മളുടെ കാരണവന്മാർ കണ്ടിരുന്നത്. ഇവിടുത്തെ രതിശിൽപ്പങ്ങളും അർധനാരീശ്വര - കൃഷ്ണ സങ്കൽപ്പങ്ങളുമൊക്കെ അതിനു തെളിവാണുതാനും.
പക്ഷെ, വിവാഹമെന്നത് ഇപ്പോൾ പലർക്കും തമാശയും മാംസനിബദ്ധമായ ഒരു താത്കാലിക ഒത്തുതീർപ്പും മാത്രമാണെന്നതാണ് വസ്തുത. ഈ പ്രായോഗിക വിചാരം ഇവിടെ ശക്തമാകുന്നതിന്‍റെ നിദർശനമാണ് പണമൊഴുക്കി നടത്തിവരുന്ന കല്യാണപ്പേക്കൂത്തുകൾ. ശരീരത്തിന്‍റെ ബാലിശമായ ആഘോഷങ്ങൾക്കു മാത്രമാണ് ഇവിടെ പ്രാധാന്യം.
പുറംമോടിയിലും ബാഹ്യസൗന്ദര്യത്തിലും പ്രാധാന്യം കാണുന്ന, മനഃശുദ്ധിയിലും കർമശുദ്ധിയിലും വിശ്വാസമില്ലാത്ത ചുണക്കുട്ടികൾ നിറഞ്ഞ കൺസ്യൂമർസൊസൈറ്റിക്ക് മാത്രമേ ഇത്തരത്തിലൊക്കെ ധീരവും ദയാരഹിതവുമായി ചിന്തിക്കാൻ കഴിയുകയുള്ളൂ. കൺസ്യൂമറിസത്തിൽ പായ്ക്കിങ്ങിനാണ് പ്രാധാന്യം. മാർക്കറ്റിങ്ങാണ് പരമമായ ലക്ഷ്യം. നാട്ടിലെ സൂപ്പർ സ്റ്റാറുകളും രാഷ്ട്രീയ നേതാക്കളും ആചന്ദ്രതാരം വിളങ്ങുന്നത് പായ്ക്കിങ്ങിന്‍റെ വിശേഷം കൊണ്ടാണെന്ന് ഏതു ബുദ്ധിജീവിക്കു പോലും അറിയാം.
കലക്കി കട്ടിലൊടിച്ചു മക്കളെ!
പാശ്ചാത്യ അധിനിവേശവും കൺസ്യൂമറിസവും പകർന്നുതരുന്ന മറ്റുചില കന്മഷമുദ്രകൾ കൂടി സമൂഹ ശരീരത്തിൽ പതിഞ്ഞിട്ടുണ്ട്. രക്തക്കൊതി പൂണ്ട ആസുരമായ ഭക്ഷണ രീതികളും പുതിയ വസ്ത്രസങ്കല്പങ്ങളും സങ്കുചിത വിശ്വാസങ്ങളും എരിവുംപുളിയും കലർന്ന ഭാഷാപ്രയോഗങ്ങളും ഇതിൽപ്പെടുന്നു.
"മരണമാസ് ', "കൊലമാസ് ', "അഡാർ', "പിതൃശൂന്യൻ', "സ്വകാര്യ അഹങ്കാരം', "പണ്ടാരമടങ്ങി', "അടിച്ചുപൊളിച്ചു', "കിടിലൻ', "മലര്', "തേച്ചു' തുടങ്ങിയ അർഥഗാംഭീര്യമുള്ള വിശേഷണങ്ങളും പുതുപുത്തൻ നീലച്ചടയൻ ദ്വയാർഥ, നിഷേധ പ്രയോഗങ്ങളും മഹനീയമായ നവകേരളത്തിന്‍റെ എല്ലുറപ്പിനെയും കരളുറപ്പിനെയും കഴുത്തറപ്പിനെയും ദ്യോതിപ്പിക്കുകയാണ്. അന്ധകാരത്തിന്‍റെ ആണധികാരികളായി സൈബറിടങ്ങളിലും പൊതുവേദികളിലും ഈ വിധം കാളകൂടമൊഴുക്കി മുക്രയിടുന്ന ജനസഞ്ചയത്തെ നോക്കി "കലക്കി കട്ടിലൊടിച്ചു മക്കളേ!' എന്ന് സാഭിമാനം അഭിനന്ദനം ചൊരിയാൻ മാത്രമേ ഏഴകളായ നമ്മൾക്ക് തോന്നുന്നുള്ളൂ.
(ലേഖകന്റെ ഫോൺ: 947809631)