ജീവിതം ശ്രുതിമധുരമായ സംഗീതമാക്കാം: മാതാ അമൃതാനന്ദമയി

ഇടപ്പളളി ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തോടനുബന്ധിച്ച് മാതാ അമൃതാനന്ദമയി നടത്തിയ സത്സംഗത്തിന്‍റെ സംക്ഷിപ്ത രൂപം
Mata Amritanandamayi satsang

അമൃതാനന്ദ മയി

Updated on

ജീവിതത്തിനു പലരും പലതരത്തിലുള്ള അർഥവും വ്യാഖ്യാനവും നൽകിയിട്ടുണ്ട്. 'കടലുപോലെയാണു ജീവിതം.' 'കവിത പോലെയാണു ജീവിതം.' 'നദീ പ്രവാഹം പോലെയാണു ജീവിതം.' 'ഒരു നീണ്ട യാത്രയാണു ജീവിതം.' 'ഒരു സ്വപ്‌നം പേലെയാണു ജീവിതം.' ഇങ്ങനെ പലതിനോടും നമ്മൾ ജീവിതത്തെ ഉപമിക്കാറുണ്ട്. എന്നാൽ, 'വിനയമാണു ജീവിതം, ക്ഷമയാണു ജീവിതം, സഹനമാണു ജീവിതം, വിശാല മനസ്‌കതയാണു ജീവിതം, ത്യാഗമാണു ജീവിതം' എന്നൊക്കെ പറയുന്നത് അപൂർവമായി മാത്രമേ നമ്മൾ കേൾക്കാറുള്ളു. എന്തായാലും ഒരു കാര്യം വ്യക്തം. മനുഷ്യന്‍റെ ചെറിയ ബുദ്ധികൊണ്ട് അളക്കാൻ സാധിക്കാത്ത ഒരു നിഗൂഢതയാണു ജീവിതം. ആ വൻകടൽ നീന്തിക്കടക്കാൻ നമ്മുടെ ഇത്തിരിപ്പോന്ന രണ്ടു കൈകളും കാലുകളും ചെറിയ ശരീരവും പോരാതെ വരും.

യഥാർഥത്തിൽ ജീവിതം അനന്തമാണ്. മനസിന് എത്തിപ്പെടാൻ കഴിയാത്ത ആ അനന്തതയാണു ജീവിതത്തിന്‍റെ യഥാർഥ്യം. അതുമായി ശ്രുതി ചേർക്കാനും പൊരുത്തപ്പെടാനും കഴിയുമ്പോഴാണ്, ജീവിതത്തിനു സഫലത കൈവരുന്നത്. അധ്യാത്മികതയാണെങ്കിലും ഭൗതികതയാണെങ്കിലും ലോകജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ ഈ ശ്രുതിചേർക്കൽ ആവശ്യമാണ്.

അതിനെന്താണു മാർഗം? അഹന്തയുടെ ഭാരം കുറയ്ക്കുക. എളിമ ശീലിക്കുക. സ്‌നേഹം എടുക്കാനും പിടിച്ചുപറ്റാനും മാത്രമാണു ജീവിതം എന്നുള്ള ചിന്താഗതി മാറ്റുക. പകരം, ഉള്ളിലെ സ്‌നേഹത്തിന്‍റെ ഉറവ കണ്ടെത്താൻ ശ്രമിക്കുക. അതു മറ്റുള്ളവർക്കു പകർന്നു നൽകാൻ ശീലിക്കുക. ത്യാഗവും നിസ്വാർഥതയും പരിശീലിക്കുക. ഈ വിധത്തിൽ ജീവിതം ചിട്ടപ്പെടുത്തുമ്പോൾ, നാം അറിയാതെ നമ്മുടെ ഉള്ളിൽ ആ ശ്രുതിചേർക്കൽ നടക്കും. ഉള്ളിലൊരു സ്‌നേഹപ്രവാഹം ഉടലെടുക്കും. സുന്ദരവും ശ്രുതിമധുരവുമായ സംഗീതം പോലെ ജീവിതം നമുക്കും മറ്റുള്ളവർക്കും സുഖകരമായൊരു അനുഭവമായി തീരും.

നദിയിൽ ധാരളം വെള്ളമുണ്ട്. പക്ഷേ, അതു കുടിക്കണമെങ്കിലും കുളിക്കമെങ്കിലും നല്ലവണ്ണം കുനിയണം. നമുക്കു താങ്ങും തണലുമായി നിൽക്കുന്നത് ഈ പ്രപഞ്ചമാണ്. നമ്മുടെ ജീവന്‍റെയും ജീവിതത്തിന്‍റെയും സ്രോതസും അതുതന്നെയാണ്. അതിന്‍റെ മുൻപിൽ തലകുനിച്ചാലേ, ആ ശക്തിയും ഊർജ്ജവും നമ്മിലേക്കൊഴുകി എത്തുകയുള്ളൂ.

അതിനു തടസമാകുന്നത് അഹന്തയാണ്. ഇന്ന് നമ്മുടെ അവസ്ഥയെന്താണ്? പ്രകൃതിയുടെ മുമ്പിലാകട്ടെ, സഹജീവികളുടെ മുമ്പിലാകട്ടെ, നമ്മൾ ആരുടെയും മുമ്പിൽ തല കുനിക്കാൻ തയാറല്ല. ഇതു കാരണം മറ്റുള്ളവരെക്കാൾ, നമുക്കാണ് നഷ്ടം.

അഹങ്കാരത്തെയാണു മനുഷ്യനിപ്പോൾ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവായി കാണുന്നത്. നമ്മുടെ എല്ലാ ശ്രമങ്ങളും അതിനെ ശക്തിപ്പെടുത്താൻ വേണ്ടിയിട്ടുള്ളതാണ്. എന്നാൽ, ഈശ്വരനെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദുവാക്കുമ്പോൾ, നമ്മൾ അവിടുത്തെ നിഴലായി മാറുന്നു. നമ്മുടെ കർമങ്ങളിൽ കർതൃത്വഭാവം ഇല്ലാതാകുന്നു. 'ഞാൻ ചെയ്യുന്നു' എന്ന ഭാവത്തിൽ നിന്നും 'എന്നിലൂടെ ഈശ്വരശക്തി പ്രകടമാകുന്നു' എന്ന ഭാവം കൈവരുന്നു.

Mata Amritanandamayi satsang

കർതൃത്വഭാവം വെടിയുക എന്നുവെച്ചാൽ, കർമം ചെയ്യാതിരിക്കുക എന്നല്ല അർഥം. കർമത്തിന്‍റെ ഫലത്തെ കുറിച്ചു വേവലാതി പെട്ട്, നമ്മുടെ ശക്തിയും ബുദ്ധിയും വിവേകവും നഷ്ടപ്പെടുത്താരിക്കുക എന്നാണ്. ഈ മനോഭാവത്തോടെ പ്രവൃത്തിയിൽ ഏർപ്പെട്ടാൽ, ചെയ്യുന്ന കർമം പൂർണമാകും. എന്നുമാത്രമല്ല, ഫലത്തെ കുറിച്ചുള്ള ചിന്ത നമ്മെ ആവശ്യമില്ലാതെ അലട്ടുകയുമില്ല.

കർമത്തിന്‍റെ മാനദണ്ഡം ധർമാധർമമാണ്. റോഡിനൊരു ധർമമുള്ളതുപോലെ, കർമത്തിനു ഒരു ധർമമുണ്ട്. റോഡ് ഉണ്ടാക്കിയിരിക്കുന്നത് വണ്ടി ഓടിക്കാൻ വേണ്ടിയാണ്. ഈ നീയമങ്ങൾ പാലിക്കുന്ന തുകൊണ്ടാണ് നമുക്ക് സുരക്ഷിത്ത്വം കിട്ടുന്നത്. അവയെ പാലിച്ചില്ലെങ്കിലോ? അതു നമുക്കും മറ്റുള്ളവർക്കും അപകടമായി തീരും. ഇതുപോലെ, ഓരോ കർമത്തിനു ഒരു ധർമമുണ്ട്. അധർമത്തെ ചൂണ്ടുന്നത് ധർമം തന്നെയാണ്.

അറിവിനും കഴിവിനും ഉപരി സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാനുള്ള കഴിവാണ് ഒരുവൻെ വലിയവനാക്കുന്നത്. ക്ഷമയാണ് നമ്മൾ വളർത്തിയെടുക്കേണ്ടത്.

Mata Amritanandamayi satsang

ജീവിതത്തിൽ നമുക്ക് രണ്ടു രീതിയിൽ വളരാം. ഒന്ന് വയസ്സു കൊണ്ടുള്ള വളർച്ച, രണ്ടാമത്തേത് പക്വതയുടെ വളർച്ച. പ്രായം കൊണ്ടു വളരാൻ പ്രത്യേകിച്ചൊരു ശ്രമത്തിന്‍റെ ആവശ്യമില്ല. അതു സ്വാഭാവികമായി നടക്കുന്നതാണ്. മനുഷ്യനും മൃഗങ്ങളും ജീവനുള്ള മറ്റെല്ലാ വസ്തുക്കളും ഇങ്ങനെ വളരുന്നു. എന്നാൽ പക്വതയുടെ വളർച്ച മനുഷ്യനു മാത്രമുള്ള ഗുണമാണ്. പ്രായം കൊണ്ടു വളരുക എന്നാൽ അത് മരണത്തിലേയ്ക്കുള്ള യാത്രയാണ്. എന്നാൽ പക്വതയിലൂടെ വളരുകയെന്നത് അമരത്വത്തിലേയ്ക്കുള്ള യാത്രയാണ്. അതു നമ്മുടെ ഉള്ളിൽ നടക്കുന്നൊരു പ്രക്രിയയാണ്. അദ്ധ്യാത്മികമായ അറിവാണ് ഈ യാത്രയ്ക്ക് പാതതെളിയിക്കുന്നത്.

ജീവിതത്തിന്‍റെ നഷ്ടങ്ങളെക്കുറിച്ച് മാത്രം ഓർത്തു വിലപിക്കുന്നു നമ്മൾ. എന്നാൾ ഈ ജീവിതം കൊണ്ട് നേടാൻ കഴിയുന്ന സ്നേഹമാകുന്ന വലിയ ലാഭത്തെക്കുറിച്ച് ഓർക്കുന്നില്ല. ബിസ്സിനസ്സ്ചെയ്യുന്ന വരുടെ ഏറ്റവും വലിയ ലക്ഷ്യം എത്രയും പണം സമ്പാദിക്കുക എന്നാണ്. എന്നാൽ ബിസ്സിനസ്സ് തകർന്ന് പാപ്പരാകുക എന്നത് ബിസ്സിനസ്സിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ നഷ്ടമാണ്. ഇതുപോലെ നമ്മളുടെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ടം സ്നേഹമില്ലായ്മയാണ്. കാരണം ജീവിതത്തിൻെറ മൂലധനമാണ് സ്നേഹം. അത് നഷ്ടമായാൽ പിന്നെ പൂർണമായും നമ്മൾ പാപ്പരാകും. സ്നേഹമാകുന്ന ലാഭം കൂടുതൽ കൊയ്തെടുത്ത് ഹൃദയത്തിൻെറ നിലവറ നിറയ്ക്കാൻ നമ്മൾ ശ്രമിക്കണം.

നമ്മുടെ ഹൃദയം ഒരു പാരച്യൂട്ട് പോലെയാണെന്നു പറയും. അതു തുറന്നില്ലെങ്കിൽ വലിയ അപകടമാണ്. നമ്മുടെ ഹൃദയത്തിൽ മറ്റുള്ളവർക്കുമായി അല്പം ഇടം ഒഴിച്ചിടണം. ആ ഇടമാണ് നമുക്ക് ഇരുന്നു വിശ്രമിക്കാനുള്ള കസേര. സമൂഹത്തിന്‍റെ യഥാർഥ വളർച്ച പങ്കുവയ്ക്കലിലൂടെ മാത്രമേ സംഭവിക്കുയുള്ളൂ.

Mata Amritanandamayi satsang

'സംസ്കാരം' എന്ന വാക്കിന് ഇംഗ്ലീഷിൽ 'കൾച്ചർ' എന്നാണു പറയുന്നത്. നമ്മുടെ രക്തം കഫം മുതലായവയുടെ ഒരംശം സാമ്പിളായിട്ട് എടുത്തു നമ്മൾ അതു ലബോറട്ടറികളിൽ കൾച്ചർ ചെയ്യാൻ കൊടുത്തയ്ക്കാറുണ്ട്. കൾച്ചർ ചെയ്യുക' എന്നു പറഞ്ഞാൽ എന്താണ്? നമ്മൾ കൊടുക്കുന്ന സാമ്പിളുകളിലെ കോശങ്ങളിൽ ചില ബാക്റ്റീരിയകൾ വളരാൻ തക്കവണ്ണമുള്ള അന്തരീക്ഷം ലാബിലുണ്ട്, അതുപോലെ, സംസ്കാരം ഒരു ആന്തരികമായ വളർച്ചയാണ്. അതു സംഭവിക്കണമെനിൽ ആദ്യം അതിനുള്ള അന്തരീക്ഷം നമ്മൾ വീടുകളിലും, തുടർന്ന് സ്കൂളുകളിലും സൃഷ്ടിയ്ക്കണം.

ഒരു പുഷ്പത്തിന്‍റെ സുഗന്ധം കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് സഞ്ചരിക്കും. എന്നാൽ നന്മയുടെ സുഗന്ധം എല്ലാ ദിക്കിലും ഒരേ പോലെ പടരും. ലോകത്ത് എല്ലാവരെയും നമുക്ക് സഹായിക്കാൻ കഴിഞ്ഞു എന്നുവരില്ല. എന്നാൽ നമ്മുടെ ചുറ്റുള്ളവരോട് എങ്കിലും കാരുണ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു സൃംഖലപോലെ പടരും. എല്ലാവർക്കും ഈയൊരു വിശാല മനസുകിട്ടിയാൽ ഈ ഭൂമിയെ സ്വർഗമാക്കാൻ മറ്റെന്തുവേണം.

logo
Metro Vaartha
www.metrovaartha.com