സ്വന്തം കല്ലറ പണിത രണ്ടു പേർ; അവിടെ വിശ്രമിക്കാൻ 'ഭാഗ്യം' കിട്ടാതെ അവരിലൊരാൾ...

രണ്ടു പേരും എരുമേലി ഗ്രാമ പഞ്ചായത്തുകാർ. ആദ്യത്തെയാൾക്ക് സ്വന്തമായി നിർമിച്ച കല്ലറയിൽ അന്ത്യവിശ്രമം കൊള്ളാൻ സാധിച്ചെങ്കിൽ, രണ്ടാമന്‍റെ ആഗ്രഹം സഫലമായില്ല.
mathai chetan, patmanabhan self made grave
സ്വന്തം കല്ലറ പണിത രണ്ടു പേർ; അവിടെ വിശ്രമിക്കാൻ 'ഭാഗ്യം' കിട്ടാതെ അവരിലൊരാൾ...Representative image - Freepik.com
Updated on

റീന വർഗീസ് കണ്ണിമല

മരണം നമുക്കു ഭയമാണു നൽകുക.എങ്കിലും അപൂർവം ചിലർ മരണത്തെ മുന്നിൽ കണ്ട് ദശാബ്ദങ്ങൾക്കു മുമ്പേ ഒരുങ്ങാറുണ്ട്. അത്തരമൊരു ഒരുക്കം ഞാനാദ്യം കണ്ടത് കണ്ണിമലയിലെ എന്‍റെ അയൽവാസിയായ പഴൂർ വടക്കേടത്ത് മത്തായി ചേട്ടനിലായിരുന്നു. കേവലമൊരു യുപി സ്കൂൾ വിദ്യാർഥിയായിരിക്കെയാണ് അന്ന് ഉഷാറോടെ പള്ളിയിൽ വരുന്ന മത്തായി ചേട്ടൻ അദ്ദേഹത്തിന്‍റെ മരണശേഷം അന്ത്യനിദ്രയ്ക്കായി കണ്ണിമല സെമിത്തേരിയിൽ കല്ലറ പണിതിട്ടത്.

കണ്ണിമലയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ പ്രമാണിയായിരുന്നു പഴൂർ വടക്കേടത്ത് മത്തായിച്ചേട്ടൻ. പള്ളി കാര്യങ്ങളിലും നാട്ടിലെ കാര്യങ്ങളിലുമെല്ലാം സജീവമായിരുന്നു അദ്ദേഹം.

Pazhoor Vadakkedath Mathai
പഴൂർ വടക്കേടത്ത് മത്തായി

തന്‍റെ മരണം കൊണ്ടു പോലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന ചിന്തയായിരുന്നു എഴുപതാം വയസിൽ കണ്ണിമല പള്ളിയിൽ കല്ലറ പണിതിടാൻ മത്തായിച്ചേട്ടനെ പ്രേരിപ്പിച്ചത്.

എന്നാൽ, ആ കല്ലറ ഉപയോഗിക്കാൻ അദ്ദേഹത്തിന് ഇരുപതു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു. അതു വരെ ആരെയും അടക്കം ചെയ്യാതെ ആ കല്ലറ ദശാബ്ദങ്ങളോളം കിടന്നു. അതിനു ശേഷമാണ് മത്തായിച്ചേട്ടൻ അന്ത്യനിദ്രയിലാണ്ടതും അതേ കല്ലറയിൽ കുടുംബം അദ്ദേഹത്തെ അടക്കം ചെയ്തതും. മത്തായിച്ചേട്ടന് താൻ പണിതിട്ട കല്ലറയിൽ അന്ത്യവിശ്രമം കൊള്ളാൻ 'ഭാഗ്യ'മുണ്ടായി.

ഇപ്പോൾ ഇങ്ങനെയൊരു 'ഭാഗ്യം' പ്രതീക്ഷിച്ച് നടക്കാതെ പോയ കഥയാണ് അയൽപക്കമായ ഇരുമ്പൂന്നിക്കര സ്വദേശിയായ പത്മനാഭന്‍റേതാ. ഇരുമ്പൂന്നിക്കര ആശാന്‍ കോളനി ഭാഗത്ത് താമസിച്ചിരുന്ന രണ്ടാംകളത്തില്‍ പദ്മനാഭൻ (95) കാല്‍നൂറ്റാണ്ട് മുമ്പാണ് തന്‍റെ സംസ്‌കാരത്തിനായി സ്വന്തമായി കുഴിമാടം നിർമിച്ചത്. താന്‍ മരിച്ചാല്‍ ഈ കല്ലറയില്‍ അടക്കം ചെയ്യണമെന്ന് പദ്മനാഭൻ ബന്ധുക്കളോട് പറഞ്ഞിരുന്നു.

രണ്ടാംകളത്തില്‍ പദ്മനാഭൻ
രണ്ടാംകളത്തില്‍ പദ്മനാഭൻ

ആറടി നീളത്തിലും വീതിയിലും കുഴിയെടുത്തു സ്വന്തമായി ഒരുക്കിയ കുഴിമാടത്തില്‍ ചെന്ന് മരണത്തെ കാത്തിരുന്ന സംഭവം അക്കാലത്ത് വലിയ വാർത്തയായിരുന്നു. തന്‍റെ മരണാനന്തര ചടങ്ങുകൾ എങ്ങനെ വേണമെന്നു വരെ അദ്ദേഹം വിശദമാക്കിയിരുന്നു.

ജീവിച്ചിരിക്കെ സ്വന്തം കുഴിമാടം നിർമിച്ച പദ്മനാഭനെ കാണാൻ നിരവധി പേർ അക്കാലത്ത് എത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഭാര്യ രാജമ്മ മരിച്ചത്. ഇരുമ്പൂന്നിക്കര എസ്എന്‍ഡിപി ശാഖ യോഗത്തിന്‍റെ മുന്‍ പ്രസിഡന്‍റ് കൂടിയായിരുന്നു പദ്മനാഭൻ. ഇരുമ്പൂന്നിക്കരയില്‍ നിന്നും ശാഖാ ഭാരവാഹികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തൊടുപുഴയിലെത്തി പദ്മനാഭന് ആദരാഞ്ജലികൾ അര്‍പ്പിച്ചു.

എന്നാൽ, സ്വന്തമായുണ്ടാക്കിയ കുഴിമാടത്തിൽ അന്ത്യവിശ്രമം കൊള്ളണമെന്നുള്ള പദ്മനാഭന്‍റെ ആഗ്രഹം മാത്രം സഫലമായില്ല. ഏതാനും വർഷം മുമ്പ് കുഴിമാടം ഉൾപ്പടുന്ന വീടും സ്ഥലവും വിറ്റ് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇവിടെ വച്ചായിരുന്നു പദ്മനാഭന്‍റെ മരണം. സംസ്കാരം കഴിഞ്ഞ ദിവസം തൊടുപുഴയിലുള്ള പൊതു ശ്മശാനത്തിലാണ് നടത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com