തലൈക്കൂത്തലല്ല, വേണ്ടത് തായ് തണലിടങ്ങൾ

വയ്യാതായ അമ്മയ്ക്ക് അവൻ മോക്ഷം നൽകുകയാണ്. അതാണ് നാട്ടു നടപ്പ്. തലൈക്കൂത്തൽ എന്ന 'ദയാവധം'.
Matricide mercy killing in Tamil Nadu
തലൈക്കൂത്തലല്ല, വേണ്ടത് തായ് തണലിടങ്ങൾRepresentative image

റീന വർഗീസ് കണ്ണിമല

പുള്ളയ്ക്ക് അമ്മിഞ്ഞപ്പാൽ ആവോളം പകർന്നു നൽകി, തുണിത്തൊട്ടിലിൽ കെട്ടിയുറക്കിയിട്ടാണ് ചെല്ലത്തായ് ഞാറു നടാൻ ഇറങ്ങിയിരുന്നത്. അൻപുടയ പുള്ളയെക്കാൾ അവർക്ക് മറ്റൊന്നുമുണ്ടായിരുന്നില്ല. പാണ്ടി എന്നു പേരിട്ട പുള്ള വളർന്നു, ചെല്ലത്തായിയെക്കാൾ. പത്താം ക്ലാസ് പൂർത്തിയാക്കും മുൻപേ അവനും പണിക്കിറങ്ങി. ആണ്ടിപ്പട്ടിയിലെ സകല നാട്ടുകാർക്കും പ്രിയങ്കരനായി.

പാണ്ടിയുടെ കല്യാണം ചെല്ലത്തായ് ഗംഭീരമായി നടത്തി. കനകാംബരി മിടുക്കിയാണ്. അമ്മയില്ലാത്ത അവൾ ചെല്ലത്തായിയെ നന്നായി നോക്കും. പെൺമക്കളില്ലാത്ത ചെല്ലത്തായിക്കാകട്ടെ കനകാംബരി മകൾ തന്നെയാണ്. അവൾക്കു മല്ലികപ്പൂ വാങ്ങി വരാൻ പാണ്ടിയെ ഓർമിപ്പിക്കുന്നതും അവളെ പുതുശാന പുടവ ചുറ്റിച്ച് കോയിലിൽ കൊണ്ടുപോകാൻ പാണ്ടിയോടു ശണ്ഠ കൂടുന്നതും ചെല്ലത്തായി തന്നെ. ആണ്ടിപ്പട്ടിയിലെ കോയിലിൽ പോക്കും വല്ലപ്പോഴും പാണ്ടിയുടെ കൂടെ അമ്മ ചെല്ലത്തായിയുടെ നിർബന്ധപ്രകാരം ഉള്ള സിനിമാ കാണാൻ പോക്കുമാണ് കനകാംബരിയുടെ ആകെ പുറംലോകക്കാഴ്ചകൾ.

കാലം ഒരുപാട് കടന്നുപോയി. അങ്ങനെയിരിക്കെയാണ് ചെല്ലത്തായി തലകറങ്ങി വീണത്. ആ വീഴ്ചയിൽ ഇടുപ്പെല്ലു പൊട്ടി. വേഗം തന്നെ കനകാംബരി പാണ്ടിയെ വിളിച്ച് അമ്മയെ തേനി ആശുപത്രിയിലെത്തിച്ചു. ഒരാഴ്ച ആശുപത്രിയിലായിരുന്നു ചെല്ലത്തായി.

അമ്മയ്ക്ക് അറ്റാക്കുണ്ടായതാണത്രെ. ഒരു നഴ്സാണ് കനകാംബരിയോട് അതു പറഞ്ഞത്. അവളാകെ സങ്കടത്തിലായി. പാണ്ടിയെയും കനകാംബരിയെയും കഴിഞ്ഞ് ഈ ലോകത്തു മറ്റാരുമില്ലെന്നു കരുതുന്ന ചെല്ലത്തായി എന്ന അമ്മയെക്കുറിച്ച് അവളേറെ സങ്കടപ്പെട്ടു. അമ്മയുടെ സ്നേഹം തനിക്കു വാരിത്തന്ന മാമിയാരാണ്. പൊന്നു പോലെ നോക്കണം.

പക്ഷേ, കാര്യങ്ങൾ വേഗമാണ് മാറി മറിഞ്ഞത്. പാണ്ടിയെ ഡോക്റ്റർ വിളിച്ച് കാര്യമായി ഒന്നുപദേശിച്ചതിനു ശേഷമായിരുന്നു അത്. അമ്മ പറയുന്നതെന്തും വേദവാക്യമായിരുന്ന പാണ്ടിയിൽ പിന്നീടു കണ്ട വ്യത്യാസം അവളെ ഭയപ്പെടുത്തി.

രണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ അവളുടെ വീട്ടിൽ അടുത്ത ബന്ധുക്കളെല്ലാമെത്തി. അന്നു വരെ അൻപ് നിറഞ്ഞ മിഴികളോടെ അവൾ കണ്ട അമ്മ ചെല്ലത്തായിയുടെ കണ്ണുകളിൽ അന്നാദ്യമായി അവൾ ഭയപ്പാടു കണ്ടു. അപരിചിതരായ കുറച്ചു പേരെത്തി, അമ്മയെ കുത്തി വയ്ക്കുന്നതിനും അവൾ ദൃക്സാക്ഷിയായി. കുത്തി വച്ച അന്നു രാത്രിയാണ് മറ്റൊരു ദുരന്തം അവൾ കണ്ടത്.... സ്നേഹമയിയായ ആ അമ്മയെ ആ അപരിചിതർ പാണ്ടിയുടെ നിർദേശപ്രകാരം പാൽ കുടിപ്പിക്കുന്നു, എങ്ങനെയെന്നല്ലേ, മൂക്കടച്ചു പിടിപ്പിച്ച് വായിൽ നിറയെ പാലൊഴിച്ചു കൊടുക്കുന്നു. എൻ പുള്ള..., എൻ പുള്ള... എന്നു മാത്രം ഉരുവിട്ടു ജീവിച്ച ആ അമ്മയുടെ കണ്ണീരിറ്റു വീഴുന്ന മിഴികൾ പ്രാണവേദനയോടെ ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ ഏക മകന്‍റെ മുഖത്തേയ്ക്ക് ജീവരക്ഷയ്ക്കായി കേഴുന്നു. ഇല്ല, പാണ്ടിക്കു തെല്ലും ദയയില്ല. വയ്യാതായ അമ്മയ്ക്ക് അവൻ മോക്ഷം നൽകുകയാണ്. അതാണ് നാട്ടു നടപ്പ്. തലൈക്കൂത്തൽ എന്ന 'ദയാവധം'. ശ്വാസം കിട്ടാതെ പിടഞ്ഞ് പാൽ ശ്വാസകോശത്തിൽ കയറി ചെല്ലത്തായ് ഈ ലോകത്തോട് വിട പറഞ്ഞു, എന്നേയ്ക്കുമായി. കനകാംബരി കരഞ്ഞു, ഒച്ചയില്ലാതെ. അവൾക്കതേ ആവുമായിരുന്നുള്ളൂ. നാളെ താനും ഇങ്ങനെ കൊല്ലപ്പെടേണ്ടവളാണ് എന്ന ചിന്ത അവളെ ആഴത്തിൽ മഥിച്ചു കൊണ്ടിരുന്നു.

തലൈക്കൂത്തലല്ല, വേണ്ടത് തായ് തണലിടങ്ങൾ
Matricide mercy killing in Tamil Naduപ്രതീകാത്മക ചിത്രം

മാതൃദിനം നമ്മളാചരിക്കുമ്പോൾ തമിഴ്നാട്ടിലെ പട്ടിണി ഗ്രാമങ്ങളിലെ നാട്ടുനടപ്പാണിത്. ഇന്നും രഹസ്യമായി മധുര, വിരുദുനഗർ, ആണ്ടിപ്പട്ടി, തേനി തുടങ്ങിയ സ്ഥലങ്ങളിലെ ഉൾഗ്രാമങ്ങളിൽ ഈ ദുഷിച്ച ദയാവധം നടക്കുന്നുണ്ട്. ചോദിക്കാനും പറയാനും ആരോരുമില്ലാത്തവരാണ് ഇതിനിരയാകുന്നത് എന്നതു കൊണ്ട് പൊലീസ് പോലും ഇടപെടാറില്ല. കുടുംബാംഗങ്ങൾ ആലോചിച്ച് ഉറപ്പിച്ചു നടത്തുന്ന ഈ നരഹത്യ ഭയന്ന് വൃദ്ധരായ സ്ത്രീകൾ ചന്തകളിലും കവലകളിലുമെല്ലാം തങ്ങളാലാവുന്ന പണിയെടുത്ത് ജീവിക്കുന്നതു കാണാം. ഒന്നിനും പറ്റാത്ത ചില വൃദ്ധസ്ത്രീകൾ കേരളത്തിലെ അമ്പലങ്ങളുടെ പരിസരങ്ങളിലും മറ്റും ഭിക്ഷ യാചിച്ചു ജീവിക്കുന്നുമുണ്ട്. ജീവനിൽ കൊതിയുള്ളതു കൊണ്ടു മാത്രം ഇങ്ങനെയൊക്കെയായി പോകുന്ന മാതാക്കൾ.

ഒരു കാലത്ത് നല്ല ഭക്ഷണവും വിദ്യാഭ്യാസവും സ്വന്തം ജീവിതവും പകർന്നു നൽകി വളർത്തിയ മക്കളുടെ കൈയിൽ നിന്ന് ജീവനും കൈയിലെടുത്തുകൊണ്ട് ഓടി രക്ഷപെടുന്നവർ... ഇവരും മാതാക്കളാണ്..., മാനിക്കപ്പെടേണ്ടവരാണ്. ഇവർക്കും വേണം തണലിടങ്ങൾ... തായ് തണലിടങ്ങൾ....

Trending

No stories found.

Latest News

No stories found.