മായാത്ത പുഞ്ചിരിയോടെ പദ്മരാജൻ

1982ൽ ചാത്തന്നൂരിൽനിന്ന് വിജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന - ഫിഷറീസ് മന്ത്രിയായി
Memories of CV Padmarajan

മായാത്ത പുഞ്ചിരിയോടെ പദ്മരാജൻ

Updated on

നവതി പിന്നിട്ട സി.വി. പദ്മരാജൻ വിടവാങ്ങുമ്പോൾ കേരളത്തിലെ കോൺഗ്രസിന് നഷ്ടമാകുന്നത് എക്കാലവും പാർട്ടിക്കൊപ്പം നിന്ന മുതിർന്ന നേതാവിനെയാണ്. സജീവപ്രവർത്തകനായിരിക്കുമ്പോഴും പിൻനിരയിലേക്കു മാറിയപ്പോഴും സൗമ്യനായിരുന്നു പദ്മരാജൻ. മായാത്ത പുഞ്ചിരിയായിരുന്നു മുഖമുദ്ര. ഏറെക്കാലമായി സജീവമായി രംഗത്തില്ലാത്തപ്പോഴും നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന വാക്കുകളൊന്നും പദ്മരാജനിൽ നിന്നുണ്ടായില്ല. താൻ അധ്യക്ഷനായിരുന്ന കാലത്തെ നേട്ടങ്ങളെക്കുറിച്ച് അവകാശവാദങ്ങളുമുന്നയിച്ചില്ല.

പദ്മരാജന്‍ പാര്‍ട്ടി അധ്യക്ഷനായിരുന്നപ്പോഴാണ് ഇന്നു കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലംവാങ്ങിയത്‌. കൊല്ലം ജില്ലയിലെ പരവൂരില്‍ കെ.വേലു വൈദ്യന്‍റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാഥി കോണ്‍ഗ്രസിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. കോട്ടപ്പുറം പ്രൈമറി സ്കൂൾ, എസ്എൻവി സ്കൂൾ, കോട്ടപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. ചങ്ങനാശേരി എസ്ബി, തിരുവനന്തപുരം എംജി കോളെജിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയശേഷം കോട്ടപ്പുറം സ്‌കൂളിൽ മൂന്നു വർഷം അധ്യാപകനായി. എറണാകുളം ലോ കോളെജിലും തിരുവനന്തപുരം ലോ കോളെജിലുമായിട്ടായിരുന്നു നിയമപഠനം.

1982ൽ ചാത്തന്നൂരിൽനിന്ന് വിജയിച്ച് കെ. കരുണാകരൻ മന്ത്രിസഭയിൽ ഗ്രാമവികസന - ഫിഷറീസ് മന്ത്രിയായി. പിന്നീട് മന്ത്രിപദം രാജിവച്ചു കെപിസിസി പ്രസിഡന്‍റായി. 87ൽ തോറ്റെങ്കിലും 91ൽ വീണ്ടും വിജയം. വൈദ്യുതി- കയർ മന്ത്രിയും പിന്നീട് വൈദ്യുതി മന്ത്രിയുമായി. ഇക്കാലത്താണ്, 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത്. കെ.കരുണാകരൻ അപകടത്തിൽപ്പെട്ട് യുഎസിൽ ചികിത്സയ്ക്ക് പോയപ്പോൾ ആക്‌റ്റിങ് മുഖ്യമന്ത്രിയായി.

1994 ൽ എ.കെ ആന്‍റണി മന്ത്രിസഭയിൽ ധനം-കയർ- ദേവസ്വം മന്ത്രിയായിരുന്നു. പ്ലാനിങ് ബോർഡ് വൈസ് ചെയർമാനുമായിട്ടുണ്ട്. കൊല്ലം ജില്ലാ സഹകരണ ബാങ്കിന്‍റെ ആക്‌ടിങ് പ്രസിഡന്‍റായിരുന്നു. ചാത്തന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്ന പദ്മരാജന്‍ കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡന്‍റും പ്രസിഡന്‍റുമായി പ്രവര്‍ത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com